പ്രസിദ്ധമായ എറണാകുളം ശിവക്ഷേത്രത്തില്‍ ഇന്ന് കൊടിയേറ്റ്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ കേരളത്തിലെ 108 ശിവ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളത്തപ്പന്‍ ക്ഷേത്രമെന്നാണ് ചരിത്രം. ഋഷിനാഗകുളത്തപ്പനാണ് എറണാകുളത്തപ്പനായി ഇന്നറിയപ്പെടുന്നത്.
ക്ഷേത്രോല്‍പ്പത്തിയെക്കുറിച്ചുളള ഐതിഹ്യം ഏറെച്ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെ: ദ്വാപരയുഗത്തില്‍, ഹിമാലയപ്രാന്തങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന കുലമുനിയുടെ മൂന്നു കുമാരന്മാരില്‍ ഒരാളായിരുന്നു ദേവലന്‍. ഹോമദ്രവ്യങ്ങള്‍ ശേഖരിയ്‌ക്കാന്‍ കാട്ടില്‍ പോയ ദേവലന്‍, തന്നെ ദംശിച്ച ഒരു പാമ്പിനെ കൊല്ലാനിടയായി.
ഈ ഹിംസയ്‌ക്ക് ദേവലനെ, പാമ്പിന്റെ ശിരസും മനുഷ്യന്റെ ഉടലുമുള്ള ഭീകരജീവിയാകട്ടെ എന്ന് ഗുരു ശപിച്ചു. ദേവലന്‍ നാഗര്‍ഷിയായി. പിന്നീട് ശാപമോക്ഷം കൊടുത്തു: കിഴക്ക് ദിക്കില്‍, മന്ഥര പര്‍വതത്തില്‍ ഇലഞ്ഞിമരച്ചുവട്ടില്‍ നാഗം പൂജ ചെയ്യുന്ന ശിവലിംഗം കണ്ടെത്തുക. ആ വിഗ്രഹം വാങ്ങി പൂജചെയ്യുക. ദക്ഷിണ ദിക്കിലേക്ക് സഞ്ചരിക്കുക. പൂജയ്‌ക്കിടെ എവിടെവെച്ച് പൂജാവിഗ്രഹം ഉറച്ചു പോകുന്നുവോ, അവിടെ നീ ശാപമോചിതനാകും.
ദക്ഷിണ ദിക്കിലേക്കു യാത്ര തിരിച്ച നാഗര്‍ഷി എറണാകുളത്തെത്തി. ഒരു വൃക്ഷത്തണലില്‍ വിഗ്രഹം വച്ച്, അടുത്തുളള കുളത്തിലിറങ്ങി കുളിച്ചു വന്ന് പൂജ ആരംഭിച്ചു. ചിലര്‍ കുളക്കടവില്‍ ഭീകരജീവിയെ കണ്ട് ഉപദ്രവിക്കാനാരംഭിച്ചു. നാഗര്‍ഷി വിഗ്രഹമെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിഗ്രഹം അവിടെ ഉറച്ചു പോയിരുന്നു.
ശിവലിംഗത്തിന് മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തിയ നാഗര്‍ഷി ശാപമോചിതനായി. ദേശാധിപനായ തൂശത്തുകൈമള്‍ വിവരങ്ങള്‍ അറിഞ്ഞ് ശിവലിംഗം ഇരുന്ന സ്ഥാനത്ത് പണിയിച്ച ക്ഷേത്രമാണ് എറണാകുളം മഹാശിവക്ഷേത്രം.
ക്ഷേത്രത്തിനു വടക്കുകിഴക്കെ ക്ഷേത്രക്കുളം ഋഷിനാഗകുളം എന്നാണ് അറിയപ്പെടുന്നത്. ഋഷിനാഗകുളം പിന്നീട് എറണാകുളമായെന്നും കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: