Categories: Malappuram

നിലമ്പൂര്‍ എംഎല്‍എ സിപിഎമ്മിന് ബാധ്യതയാകുന്നു

Published by

നിലമ്പൂര്‍: പി.വി.അന്‍വര്‍ വരുത്തിവെക്കുന്ന ഊരാക്കുടുക്കുകള്‍ നിലമ്പൂര്‍ പ്രാദേശിക നേതൃത്വത്തെയടക്കം പ്രതിരോധത്തിലാക്കുന്നു. എംഎല്‍എ പാര്‍ട്ടിക്ക് ബാധ്യതയാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു. സാധാരണ പ്രവര്‍ത്തകന്റെ ചെറിയ തെറ്റുകള്‍ പോലും അച്ചടക്ക നടപടിയെന്ന് പറയുന്ന നേതാക്കള്‍, വ്യവസായിയായ അന്‍വറിന് മുന്നില്‍ മുട്ടുമടക്കുകയാണെന്നാണ് ഇവരുടെ ആരോപണം. സ്വന്തം ബിസിനസ്സുകള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് എംഎല്‍എ സ്ഥാനം അന്‍വര്‍ ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്. അന്‍വറിനെ ചൊല്ലി ജില്ലാ കമ്മറ്റിയില്‍ വരെ വിഭാഗിയത രൂപപ്പെട്ട് കഴിഞ്ഞു.

നിലമ്പൂരിലെ കോണ്‍ഗ്രസിന്റെ അനൈക്യം മുതലെടുത്ത് പണം വാരിയെറിഞ്ഞാണ് അന്‍വര്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ വിജയിച്ചത്. കേരളത്തിലെ പാര്‍ട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായതുകൊണ്ട് സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. എന്നാല്‍ എംഎല്‍എയെ ഇനിയും കയറൂരിവിട്ടാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണമായിരിക്കുമെന്ന് ജില്ലാ മണ്ഡലം നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

ഭൂമി തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം മഞ്ചേരി കോടതി എംഎല്‍എക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതാണ് പ്രശ്‌നമായിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പും അന്‍വറിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു. അന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് അത് ഒഴിവാക്കി. അതേ കേസില്‍ അന്നത്തെ ഉറപ്പ് തെറ്റിച്ചതിനാണ് പുതിയ വാറണ്ട്.

നിലമ്പൂരിലെ പാര്‍ട്ടി നേതൃത്വവും എംഎല്‍എയും തമ്മില്‍ മുമ്പ് തന്നെ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. നേതാക്കളോട് ആലോചിക്കാതെ അന്‍വര്‍ വണ്‍മാന്‍ ഷോ നടത്തുകയാണെന്നാണ് പ്രദേശിക നേതൃത്വത്തിന്റെ പരാതി. വെറുതെ വലിയ വലിയ പ്രഖ്യാപനങ്ങള്‍ നടത്തി പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. ഒരു ജനകീയ സര്‍ക്കാരിന് സ്വപ്‌നം കാണാന്‍ കഴിയാത്ത വിധം സാമ്പത്തിക വാഗ്‌ദ്ധാനങ്ങളാണ് എംഎല്‍എ നല്‍കുന്നത്. പൊതുപ്രവര്‍ത്തനത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാതെ എംഎല്‍എ ചെയ്യുന്ന മണ്ടത്തരങ്ങള്‍ ബാധിക്കുന്നതാകട്ടെ സാധാരണക്കാരായ പ്രവര്‍ത്തകരെയും.

യൂത്ത് ക്ലബ്ബുകള്‍ക്കെല്ലാം ടിവി നല്‍കുമെന്നും, തൊഴില്‍രഹിതര്‍ക്ക് 1000 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്യുമെന്നും അതിന് സ്വന്തം പണം മുടക്കാന്‍ തയ്യാറാണെന്നും എംഎല്‍എ വീമ്പിളക്കിയിരുന്നു. പക്ഷേ ഒന്നും നടപ്പായില്ല. പ്രാദേശിക നേതാക്കള്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടാണ് എംഎല്‍എയുടെ പൊട്ടത്തരം സമ്മാനിക്കുന്നത്. ആര്യാടന്‍ മുഹമ്മദിന്റെ കുടുംബാധിപത്യം അവസാനിപ്പിച്ചല്ലോയെന്ന് സമാധാനിച്ച ജനങ്ങള്‍ക്ക് പുതിയ എംഎല്‍എ ഇപ്പോള്‍ തലവേദനയായിരിക്കുകയാണ്.

കോടതിവിധി ഏത് വിധത്തില്‍ നേരിടുമെന്ന ഭയത്തിലാണ് സിപിഎം നേതാക്കള്‍. മഞ്ചേരി നാലംകുളം വാഴത്തോട്ടില്‍ സി.പി.ജോസഫിന്റെ സ്ഥലം വാങ്ങിയതില്‍ കരാര്‍ പ്രകാരം പണം നല്‍കിയില്ലെന്നും കൂടുതല്‍ ഭൂമി തട്ടിയെടുത്തെന്നുമാണ് അന്‍വറിനെതിരെയുള്ള കേസ്. ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 10 ശതമാനം പലിശ സഹിതം അന്‍വര്‍ 21,22804 രൂപ നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം കോടതി വിധിച്ചിരുന്നു. പക്ഷേ അത് നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലും അന്‍വറിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

മഞ്ചേരിയില്‍ നൂറേക്കറോളം സ്ഥലത്ത് അന്‍വര്‍ മെട്രോ വില്ല ഹൗസിങ് കോംപ്ലക്‌സ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡിന് വേണ്ടിയാണ് ജോസഫിന്റെ 19 സെന്റ് ഭൂമിയും വാങ്ങിയത്. എന്നാല്‍ രാത്രി ജെസിബി ഉപയോഗിച്ച് റോഡ് നിരത്തിയപ്പോള്‍ നാല് സെന്റ് ഭൂമി കൂടുതല്‍ സ്വന്തമാക്കിയെന്നാണ് പരാതി. ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ ഈ തട്ടിപ്പ് വ്യക്തമാകുകയും ചെയ്തിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ജോസഫ് കോടതിയെ സമീപിച്ചത്.

ഭൂമി തട്ടിപ്പുകേസില്‍ പ്രതിയായിരിക്കെയാണ് അന്‍വര്‍ നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതും ജയിച്ച് എംഎല്‍എയായതും. എംഎല്‍എയായ ശേഷം നിലമ്പൂര്‍ പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്‍വറിനെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പോലീസ് കേസെടുത്തിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനെ തട്ടികൊണ്ടുപോയി സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എംഎല്‍എയുടെ സഹോദരനെതിരെ നിലമ്പൂര്‍ പോലീസും കേസെടുത്തിട്ടുണ്ട്.

അതിനിടെ ബദ്ധശത്രുക്കളായ ആര്യാടനായും മുസ്ലീം ലീഗായും എംഎല്‍എ രഹസ്യധാരണയിലാണെന്നും ആരോപണമുണ്ട്. മറ്റൊരു മഞ്ഞളാംകുഴി അലിയായി അന്‍വര്‍ മാറുകയാണെന്നും സിപിഎം പ്രാദേശിക നേതൃത്വത്തിന് ആശങ്കയുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts