മലയാള ഭാഷയുടെ പിതാവും കേരളത്തിന്റെ ആത്മീയാചാര്യനും തത്വചിന്തകനും ഋഷിതുല്യനും കേരളത്തിലെ ഭക്തി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും, ഉറക്കം തൂങ്ങുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് ഉണര്‍വ്വിന്റെ കാലത്തെ വിളിച്ചുണര്‍ത്തിയ മനുഷ്യസമത്വത്തിന്റെ ആദ്യത്തെ മഹാകവിയുമായ തുഞ്ചത്തെഴുത്തച്ഛന്റെ 460 -ാം സമാധി വാര്‍ഷികാചരണത്തിന് തുടക്കമായി. ധനുമാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് 51 മഹത് വ്യക്തികള്‍ 51 ദീപങ്ങള്‍ തെളിച്ച് തുഞ്ചന്‍ പ്രതിമയില്‍ ഉത്രം അക്ഷര പൂജ നടത്തി ഒരു വര്‍ഷം നീണ്ടു നില്‍കുന്ന തുഞ്ചന്‍ ദേശീയ മഹോത്സവത്തിന് തുടക്കം കുറിച്ചത്. കൊല്ലവര്‍ഷം 661 കര്‍ക്കടകം ആയില്യം നക്ഷത്രത്തില്‍ മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിന് സമീപം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ജനിക്കുകയും 732 ധനുമാസം ഉത്രം നക്ഷത്രത്തില്‍ പാലക്കാട്ട് ജില്ലയിലെ ചിറ്റൂര്‍ ശോകനാശിനി പുഴയുടെ തീരത്തെ തുഞ്ചന്‍മഠത്തില്‍ സമാധിയാവുകയും ചെയ്ത തുഞ്ചത്തെഴുത്തച്ഛന്റെ ആദ്യ പ്രതിമ 1191 കുഭമാസം ഭരണി നക്ഷത്രത്തില്‍ (2016 മാര്‍ച്ച് 13) ന് നെയ്യാറ്റിന്‍കര മണലുവിളയ്‌ക്കടുത്ത് റാച്ചക്കല്‍ തമ്പുരാന്‍കാവിന് സമീപത്തെ തുഞ്ചന്‍ ഗ്രാമത്തിലെ ചക്കാല ഭവനിലാണ് അനാവരണം ചെയ്തത്.
ശങ്കരാചാര്യര്‍ക്ക് ശേഷം കേരളം കണ്ട ഋഷിതുല്യനാണ് തുഞ്ചത്തെഴുത്തച്ഛന്‍, എഴുത്തച്ഛന്റെ കൃതികളെല്ലാം മലയാളത്തിലായതുകൊണ്ട് അദ്ദേഹത്തിന്റെ കീര്‍ത്തി കേരളത്തിന് പുറത്ത് കടന്നില്ല. മലയാളഭാഷയ്‌ക്കും കേരള സംസ്‌കാരത്തിനും അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയവരില്‍ പ്രമുഖനാണ് എഴുത്തച്ഛന്‍. സംസ്‌കൃതത്തിന്റേയും തമിഴിേെന്റയും അതിപ്രസരം മാറ്റി മലയാളഭാഷയ്‌ക്ക് പുതുജീവന്‍ നല്‍കിയത് എഴുത്തച്ഛനാണ്. മലയാള ഭാഷയുടെ ശുദ്ധിയും സ്വതന്ത്രതയും സമഗ്രശോഭയും ആദ്യം കണ്ടത് എഴുത്തച്ഛന്റെ കൃതികളിലൂടെയാണ്. മലയാളത്തെ വേദഭാഷയായ സംസ്‌കൃതത്തോടൊപ്പം ഉയര്‍ത്താന്‍ എഴുത്തച്ഛന് കഴിഞ്ഞു.
എഴുത്തച്ഛന് സ്വന്തമായ ജീവിത ദര്‍ശനമുണ്ടായിരുന്നു. ഈശ്വര ഭക്തിയില്‍ അടിയുറച്ച ആ ദര്‍ശനത്തെ തത്വചിന്തയുടെ പിന്‍തുണയോടെ ജനഹൃദയങ്ങളിലേക്ക്, അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍, അവര്‍ അറിഞ്ഞിരിക്കേണ്ട ജീവിത തത്വങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായിരുന്നു ആചാര്യന്റെ ബോധപൂര്‍വ്വമായ ശ്രമം. കേരളത്തില്‍ ഭാഷാ-സാഹിത്യ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ പുരോഗനാത്മകവും നൂതനവുമായ വിപ്ലവാശയങ്ങള്‍ക്ക് വിത്തുപാകിയത് എഴുത്തച്ഛനാണ്.
സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മനുഷ്യാവകാശങ്ങളെ ഭൗതീക തലത്തിലും ആത്മീയ തലത്തിലും കൈവരുത്തുന്നതിന് ക്രിയാത്മകവും പ്രായോഗികവുമായ രചനകളാണ് എഴുത്തച്ഛന്‍ ആവിഷ്‌കരിച്ചത്. കേരളം ദര്‍ശിച്ച ആദ്യത്തെ യഥാര്‍ത്ഥ വിപ്ലവകാരി എഴുത്തച്ഛനാണ്. കേരളീയ സമൂഹത്തില്‍ ജാതിക്കെതിരെ ആദ്യമുയര്‍ന്ന ആഹ്വാനം എഴുത്തച്ഛന്‍ കൃതികളിലൂടെയാണ്. ജാതി നാമാദികള്‍ക്കല്ല ഗുണഗണ-ഭേദമെന്നത്രേ ബുധന്മാരുടെ മതം മനുഷ്യകൃതമായ ജാതിഭേദത്തിന് യാതൊരു യുക്തിയും അടിസ്ഥാനവുമില്ലെന്നാണ് എഴുത്തച്ഛന്റെ പ്രഖ്യാപനം. ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങള്‍ സാധിച്ചു തരാന്‍ പര്യാപ്തമായ സാഹിത്യവിദ്യ മലയാളികളെ പഠിപ്പിച്ചു തരാന്‍ ശ്രമിച്ച ഗുരുവാണ് തുഞ്ചത്തെഴുത്തച്ഛന്‍. ഈശ്വര സന്നിധിയില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ആഢ്യനെന്നോ അധമനെന്നോ അധികാരിയെന്നോ ദരിദ്രനെന്നോ മൃഗമെന്നോ പക്ഷിയെന്നോ യാതൊരു ഭേദവുമില്ല എന്നുപറഞ്ഞു കൊണ്ടാണ് സാമൂഹ്യ അസമത്വത്തിനെതിരെ എഴുത്തച്ഛന്‍ പാടിയത്.
കേരളീയ സമൂഹത്തിലെ സാധാരണക്കാര്‍ക്ക് ഗഹനമായ ജീവിത തത്വങ്ങള്‍ പറഞ്ഞു കൊടുക്കുകയും ധാര്‍മ്മികതയുടെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയുമാണ് എഴുത്തച്ഛന്‍ രാമായണ-മഹാഭാരത-ഹരിനാമ കീര്‍ത്തനത്തിലൂടെ ചെയ്തത്.
‘ഋതുവായ പെണ്ണിനു മിരപ്പനും ദാഹകനും പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും ഹരിനാമ കീര്‍ത്തനമിതൊരു നാളുമാര്‍ക്കു മുടനരുതാത്തതല്ല ഹരി നാരായണായ നമ”:
മനുഷ്യ ജന്മത്തില്‍ ഈശ്വര ഭജനത്തിനും സത്യസാക്ഷാത്കാരത്തിനും ഏതൊരാള്‍ക്കും ഒരേ അര്‍ഹത തന്നെയാണെന്ന വിപ്ലവ പ്രഖ്യാപനമാണ് എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനത്തിലൂടെ നടത്തിയിരിക്കുന്നത്.
ഹൃദയം നിറഞ്ഞ ഭക്തിയും തെളിവുറ്റ ആത്മജ്ഞാനവും അചഞ്ചലമായ ധര്‍മ്മബോധവുമുള്ള മഹാത്മാവായിരുന്നു എഴുത്തച്ഛന്‍. അപരന് സുഖം നല്‍കുന്നത് ആത്മസുഖമായി കരുതിയ ആ വന്ദ്യപുരുഷന്‍ തന്റെ ജന്മസിദ്ധിയും കര്‍മ്മസിദ്ധിയും മറ്റുള്ളവരുടെ ജീവിതത്തെ ശുദ്ധീകരിക്കാന്‍ വിനിയോഗിച്ചു. തറവാട് പൊളിച്ച് പങ്കുവയ്‌ക്കാനും മക്കളില്‍ കയ്യൂക്കുള്ളവര്‍ ഏറിയ പങ്കും സ്വന്തമാക്കാനും ശ്രമിക്കുന്നൊരു കാലത്തെ മുതലെടുത്ത വിദേശശക്തികള്‍ കേരളീയരെ തമ്മില്‍ തല്ലിച്ച് നശിപ്പിക്കുക എന്ന ദുരന്തത്തിലേക്ക് നയിച്ചിരുന്ന കാലത്ത് കേരളത്തിലെ ജനതയെ മാനസികമായും സാംസ്‌കാരികമായും പുന:കേന്ദ്രീകരിച്ച് ഒരു ശക്തി ശ്രോതസ്സായിട്ടാണ് എഴുത്തച്ഛന്‍ കവിത അവതരിപ്പിച്ചത്. ഭക്തിമയസ്വരത്തിലെ കവിതകൊണ്ട് കേരളത്തെ ഏകീകരിച്ച നിസ്വനും പരമ സാത്വികനും ജഗത്സ്‌നേഹിതനുമായിരുന്നു ഈ ഭക്തകവി. മഹാഭാരതം കിളിപ്പാട്ടിന്റെ ഉല്‍കൃഷ്ടതയ്‌ക്ക് പ്രധാന കാരണം അതിലെ ഭക്തിരസം തുളുമ്പുന്ന ഭഗവത് സ്തുതികളാണ്. ഭക്തിയും ധര്‍മ്മവും ഇതില്‍ സമമായി സമ്മേളിക്കുന്നു.
ഭക്തിയും ജ്ഞാനവും സാഹിത്യ സൗന്ദര്യവും ത്രിവേണിയായി അദ്ധ്യാത്മ രാമായണത്തില്‍ കളിയാടുന്നു. മഹാവിഷ്ണുവിന്റെ രണ്ട് പ്രധാന അവതാരങ്ങളായ രാമന്റെയും കൃഷ്ണന്റെയും കഥകള്‍ കാവ്യങ്ങളായും ഗാനങ്ങളായും രചിക്കുകയും ആലപിക്കുകയും ചെയ്തുകൊണ്ട് ഈശ്വര സന്നിധിയില്‍ എല്ലാ മനുഷ്യരും സമന്മാരാണെന്ന സന്ദേശം എത്തിച്ചുകൊണ്ട് ഭക്തിപ്രസ്ഥാനം സ്ഥാപിച്ചു.
എഴുത്തച്ഛന്‍ ജന്മംകൊണ്ട് വേദാധികാരമില്ലാത്ത അവര്‍ണ്ണനായ ചക്കാല നായരായതുകൊണ്ട് ഉപരിവിദ്യാഭ്യാസത്തിന് ഗുരുവിനെ കിട്ടാഞ്ഞ്, തഞ്ചാവൂരിലെ നാരായണ ശാസ്ത്രികളുടെ ശിഷ്യത്വം സ്വീകരിച്ച് വേദങ്ങളും മറ്റു ഭാഷകളും പഠിച്ചതുകൊണ്ടാണ്, രാമായണവും മഹാഭാരതവും തര്‍ജ്ജമയ്‌ക്കായി തിരഞ്ഞെടുത്തത്. നാട്ടിലായിരുന്നെങ്കില്‍ സംസ്‌കൃത പഠനമോ ഭാരതീയ സംസ്‌കാരത്തിന്റെ ഉന്നത പരിശീലനമോ സാധിക്കുമായിരുന്നില്ല.
താണ ജാതിയില്‍ ജനിച്ചതിന്റെ പേരില്‍ നമ്പൂതിരിമാര്‍ അദ്ദേഹത്തിന്റെ മാഹാത്മ്യത്തില്‍ കളങ്കമേല്‍പിച്ചിരുന്നു. സുഭദ്രയെന്ന ചക്കാല സ്ത്രീയില്‍ ജനിച്ച ഈ ബാലനില്‍ ഉണ്ടാകുന്ന വിജ്ഞാനവികാസം കണ്ടു അസൂയാലുക്കളായ നമ്പൂതിരിമാര്‍ തുഞ്ചന്റെ ജാതിയെ പരിഹസിച്ച് ചോദിക്കുമായിരുന്നു. നിന്റെ ചക്കില്‍ എത്രയാട്ടും? ബാലന്‍ ഒട്ടും സങ്കോചമില്ലാതെ മറുപടി പറഞ്ഞു: നാലും ആറും ആട്ടും (നാലു വേദങ്ങളും ആറ് ശാസ്ത്രങ്ങളും).
ഒരിക്കല്‍ മാതാവിനോടൊപ്പം തുഞ്ചന്‍ പറമ്പിനടുത്തുള്ള തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തില്‍ തൊഴുതു നില്‍ക്കുമ്പോള്‍ നമ്പൂതിരിമാരുടെ തെറ്റായ വേദോച്ചാരണം കേട്ട് കുട്ടി കാട്, കാട് എന്ന് വിളിച്ചു പറഞ്ഞു. കാര്യം മനസ്സിലാക്കിയ നമ്പൂതിരിമാര്‍ മലരും പഴവും ജപിച്ച് കൊടുത്ത് കുട്ടിയുടെ ബുദ്ധി കെടുത്തി. ഇതറിഞ്ഞ് പിതാവ് നീലകണ്ഠന്‍ നമ്പൂതിരി പ്രതിവിധിയായി മരുന്ന് ജപിച്ചുകൊടുത്തു ബുദ്ധി വീണ്ടെടുത്തു. എണ്ണയാട്ടുന്നവന്‍ അക്ഷരം ആട്ടുന്നത് സഹിക്കാന്‍ വയ്യാത്ത ബ്രാഹ്മണര്‍ അദ്ദേഹത്തെ ആക്ഷേപിച്ചിരുന്നു.
പതിനാറാം നൂറ്റാണ്ടില്‍ ശിഥിലമായ മാനസിക ജീവിതത്തിലും വികലമായ ഭൗതിക ജീവിതത്തിലും ആണ്ടുകിടന്ന കേരള ജനതയെ സാമൂഹ്യ സാംസ്‌കാരിക ബോധത്തിലേക്കും പ്രത്യാശയിലേക്കും നയിച്ച തുഞ്ചത്ത് എഴുത്തച്ഛന് പ്രണാമം.
(ലേഖകന്‍ തുഞ്ചന്‍ ഭക്തി പ്രസ്ഥാന പഠന കേന്ദ്രം ജനറല്‍ സെക്രട്ടറിയാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക