Categories: Varadyam

മെഡിസിന്‍ ബാബ @ ഓങ്കാര്‍നാഥ് ശര്‍മ്മ

Published by

ഓങ്കാര്‍നാഥ് ശര്‍മ്മയ്‌ക്ക് ഇപ്പോള്‍ വയസ് 80. നടക്കാന്‍ തന്നെ വിഷമം. പക്ഷെ, നടന്നേ പറ്റൂ. കാരണം അനേകായിരം ആര്‍ത്തന്മാരും ആലംബഹീനരും അദ്ദേഹത്തെ കാത്തിരിക്കുന്നു. ഓങ്കാര്‍നാഥിന്റെ മാറാപ്പിലെ മരുന്ന് എത്തിയിട്ടുവേണം അവര്‍ക്ക് ജീവിതം തുടങ്ങാന്‍.

ദല്‍ഹി മംഗളപുരിയിലെ ഇരുമുറി വാടകവീട്ടില്‍ നിന്നാണ് ഓങ്കാര്‍നാഥ് ശര്‍മ്മയുടെ ഓരോ ദിവസവും ആരംഭിക്കുന്നത്. രാവിലെ ആറുമണിക്കാണ് തുടക്കം. ജോലി ഭിക്ഷയെടുക്കല്‍. പണമല്ല ശര്‍മ്മ യാചിക്കുക. മറിച്ച് മരുന്നാണ്. പണച്ചിലവ് ഓര്‍ത്ത് പലപ്പോഴും ബസ് യാത്രപോലും ഒഴിവാക്കുന്ന ഈ വൃദ്ധന്‍ തലസ്ഥാനത്തെ ഓരോ കോളനിയിലും അലഞ്ഞുതിരിയും. വീട്ടുവക്കില്‍ നിന്ന് വിളിച്ചു ചോദിക്കും-‘ ഉപയോഗം കഴിഞ്ഞ മരുന്നുണ്ടോ, മരുന്ന്’. നല്ല പഴുത്ത ഓറഞ്ചിന്റെ നിറമുള്ള കുര്‍ത്തയാണ് ശര്‍മ്മയുടെ സ്ഥിരം വേഷം. അതില്‍ വെളുത്ത അക്ഷരത്തില്‍ ഇങ്ങനെയൊരു എഴുത്തുണ്ടാകും- പാവപ്പെട്ട രോഗികള്‍ക്കുള്ള മൊബൈല്‍ മരുന്ന് ബാങ്ക്.

പിന്നെ തന്റെ മൊബൈല്‍ നമ്പറുകളും. ഓറഞ്ച് കുപ്പായം ദൂരെ കാണുമ്പോഴെ ആളുകള്‍ മന്ത്രിക്കും-‘ ദാ മെഡിസിന്‍ ബാബ വന്നു’. പിന്നെ തങ്ങളുടെ അലമാരയില്‍ ഉപേക്ഷിക്കാന്‍ വച്ചിരിക്കുന്ന ഉപയോഗം കഴിഞ്ഞ മരുന്നുകളത്രയും വാരിക്കൊണ്ടുവന്നു കൊടുക്കും. അവയോരൊന്നും പരിശോധിക്കുന്ന ബാബ, മരുന്ന് കാലാഹരണപ്പെട്ടതല്ലെന്നുറപ്പാക്കി മാത്രമേ സ്വീകരിക്കു.

മെഡിസിന്‍ ബാബ തന്റെ നന്മയുടെ തീര്‍ത്ഥയാത്ര തുടങ്ങിയത് 2008 ല്‍. അന്ന് കിഴക്കന്‍ ദല്‍ഹിയിലുണ്ടായ വലിയൊരപകടത്തിന് അദ്ദേഹം സാക്ഷിയായി. ആകാശത്തിലൂടെ പോകുന്ന മെട്രോ റെയിലിന്റെ ഒരു ട്രാക്ക് ഇടിഞ്ഞുതകര്‍ന്നു. നൂറുകണക്കിന് തൊഴിലാളികളാണ് അന്ന് മുറിവേറ്റ് പിടഞ്ഞത്. അവരെ ആശുപത്രിയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയവരില്‍ ഓങ്കാര്‍നാഥുമുണ്ടായിരുന്നു. ആശുപത്രിയില്‍ അത്യാവശ്യത്തിന് പോലും മരുന്നില്ല. വേദനാസംഹാരി ഗുളികകളും കമ്മി. പരിക്കേറ്റ പട്ടിണിപ്പാവങ്ങള്‍ക്ക് പുറത്തുനിന്ന് മരുന്ന് വാങ്ങാന്‍ പണവുമില്ല. നിന്ദിതരും പീഡിതരും അനുഭവിച്ച കഷ്ടപ്പാടിന്റെ ആ നേര്‍ക്കാഴ്ചയാണ് ശര്‍മ്മയുടെ ജീവിതം മാറ്റിമറിച്ചത്.

അങ്ങനെ ശര്‍മ്മ സ്വയമൊരു മെഡിസിന്‍ ബാങ്ക് തുടങ്ങി. ലോകത്താദ്യമായി രണ്ടുകാലില്‍ സഞ്ചരിക്കുന്ന മരുന്ന് ബാങ്ക്. ആവശ്യം കഴിഞ്ഞ് ആള്‍ക്കാര്‍ വെറുതെ കളയുന്ന മരുന്ന് ഭിക്ഷയായി സ്വീകരിക്കുക. അത് അര്‍ഹിക്കുന്നവര്‍ക്ക് എത്തിച്ചുകൊടുക്കുക. അത് വലിയൊരു മാനവസേവ തന്നെ. അതിനൊപ്പം രാസവസ്തുക്കള്‍ നിറഞ്ഞ മരുന്നുകള്‍ പ്രകൃതിയില്‍ വലിച്ചെറിയുന്നതുമൂലമുണ്ടാകുന്ന മലിനീകരണം തടയുക. പക്ഷെ അതിന് ശര്‍മ്മ നല്‍കേണ്ടുന്ന വില സ്വന്തം ജീവിതം തന്നെയാണ്. തൊഴിലില്ലാത്ത ഭാര്യ ഷീലയേയും മാറാത്ത മനോരോഗമുള്ള നാല്‍പത്തിയഞ്ചുകാരനായ മകന്‍ ജഗ്‌മോഹനേയും പുലര്‍ത്തേണ്ട സമയമാണ് ദുഖിതന്റെ കണ്ണീരൊപ്പാനായി ഈ അഭിനവ ഗൗതമ ബുദ്ധന്‍ മാറ്റിവയ്‌ക്കുന്നത്.

‘ ഈ ഭിക്ഷാടനം ഒരു മാനക്കേടായി ഞാനൊരിക്കലും കാണാറില്ല. കാരണം മരുന്ന് വിലയ്‌ക്ക് വാങ്ങാനാവാതെ വേദനകൊണ്ട് പിടയുന്ന ഒരുപാടുപേരെയാണ് ഞാന്‍ എന്നും കാണുന്നത്’. ഓങ്കാര്‍നാഥ് ശര്‍മ്മ പറയുന്നു. മാസം ആറുലക്ഷം രൂപയുടെ മരുന്ന് ഇദ്ദേഹം ഭിക്ഷയെടുത്ത് സമ്പാദിക്കാറുണ്ടത്രെ. ആയിരങ്ങള്‍ വിലവരുന്ന ഹ്യൂമന്‍ ആല്‍ബുമിനും മഞ്ഞപ്പിത്തത്തിനും കാന്‍സറിനും ഹൃദ്രോഗത്തിനും ഒക്കെ ഉപയോഗിക്കുന്ന മരുന്നുകള്‍ വരെ ശര്‍മ്മയ്‌ക്ക് ഭിക്ഷയായി ലഭിക്കുന്നു. ഉത്തരാഖണ്ഡില്‍ പ്രളയദുരന്തമുണ്ടായപ്പോള്‍ പോലും മെഡിസിന്‍ ബാബ ഏതാനും പെട്ടി മരുന്നുകള്‍ അയച്ചുകൊടുക്കുകയുണ്ടായി എന്നത് ചരിത്രം.

മംഗളപുരിയിലെ ഇരുമുറി വാടകവീട്ടിലെ ഒരു മുറി മുഴുവന്‍ വിവിധ മരുന്നുകള്‍ ശേഖരിച്ചിരിക്കുന്ന മെഡിക്കല്‍ സ്റ്റോറാണ്. കട്ടിലിലും മരുന്നുതന്നെ. അവ ഇനം തിരിക്കുന്നതിനും കാലഹരണദോഷം സംഭവിക്കാതെ സൂക്ഷിക്കുന്നതിനും കമ്പ്യൂട്ടറിന്റെ സഹായവുമുണ്ട്. ഒരുനേരം ആഹാരം കഴിച്ചില്ലെങ്കിലും ആലംബമില്ലാത്തവര്‍ക്ക് ആശ്വാസമേകാന്‍ മേഡിസിന്‍ ബാബ സദാ സന്നദ്ധനാണ്. ചില സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ചേരികളില്‍ വൈദ്യസഹായമെത്തിക്കാനും അദ്ദേഹം ശ്രമിച്ചുവരുന്നു. ഇന്ന് ചെറിയൊരു വെബ്‌സൈറ്റുമുണ്ട് ബാബയ്‌ക്ക്. www.medicinebaba.in. അതിലൂടെ മരുന്ന് നല്‍കി നമുക്കും നന്മയുടെ ഈ യാത്രയില്‍ പങ്കാളികളാകാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by