കഴിഞ്ഞ നവംബറില്‍ (2015) ഒരു ദിവസം വൈക്കം ഗോപകുമാര്‍ ഫോണില്‍ വിളിച്ച് അടിയന്തരാവസ്ഥാ പീഡിതസമിതിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും തുടര്‍ന്നു നടത്താനുള്ള കാര്യങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള്‍ അറിയിച്ചു. വളരെ ചെറുപ്പത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഘട്ടത്തിലായിരുന്നപ്പോള്‍ത്തന്നെ അദ്ദേഹത്തേയും സഹോദരങ്ങളേയും അച്ഛനമ്മമാരേയും അടുത്തു പരിചയമുണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ സംഭാഷണം കുറിപ്പെട്ട വിഷയങ്ങള്‍ക്കുമപ്പുറം പോകുക പതിവാണ്. അദ്ദേഹം ആദ്യം പ്രചാരകനായി വന്നതു തൊടുപുഴ ആയതിനാലും അന്ന് എന്റെ അച്ഛന്‍ അവിടെ സംഘചാലകനായിരുന്നതിനാലും വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു കഴിഞ്ഞത്. വീട്ടില്‍ എല്ലാവര്‍ക്കും അദ്ദേഹത്തോട് വാത്സല്യവുമുണ്ടായിരുന്നു.
പല വിഷയങ്ങളും സംസാരിക്കുന്നതിനിടെ കുചേലദിനമാഘോഷിക്കുന്ന കാര്യം പരാമര്‍ശിക്കപ്പെട്ടു. മിക്കവാറും ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ കുചേലദിനാചരണവും അവില്‍ നിവേദ്യവും നടക്കാറുണ്ടല്ലൊ. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അത് സുദാമാദിനമായി ആഘോഷിക്കാനും അവിടെ എം.എ. കൃഷ്ണനെ ആദരിക്കാന്‍ അവസരമുണ്ടാക്കുന്നതിനെയും കുറിച്ചും സംസാരിച്ചു. ആലപ്പുഴ കേന്ദ്രമാക്കി എംഎ സാര്‍ പ്രചാരകനായി പ്രവര്‍ത്തിച്ച ഏതാനും കൊല്ലത്തിലാണ് അവിടത്തെ സംഘപ്രവര്‍ത്തനത്തിനു നവചൈതന്യം ഉണ്ടായതും ധാരാളം കിശോര തരുണ സ്വയംസേവകര്‍ സൃഷ്ടിക്കപ്പെട്ടതും.
ഗോപകുമാറും അക്കൂട്ടത്തില്‍ പെട്ടിരുന്നു. പിന്നീട് സമുന്നതമായ സംഘചുമതലകള്‍ വഹിച്ച ഒട്ടേറെപ്പേര്‍ ആ നിലയില്‍ എം.എ. സാറിന്റെ ‘ശിഷ്യ’രാണ്. അക്കാലത്തൊരിക്കല്‍, ഗുരുവായൂരില്‍ പ്രചാരകനായിരുന്ന എന്നെയും അദ്ദേഹം ആലപ്പുഴയില്‍ വരുത്തി ഒരു രക്ഷാബന്ധന്‍ ഉത്സവത്തില്‍ പങ്കെടുപ്പിച്ചിരുന്നു. ഒരു ബൗദ്ധിക് നല്‍കാനുള്ള ആദ്യ അവസരം അന്ന് തിരുവമ്പാടി ശാഖയില്‍ ലഭിച്ചു. ആ വരവില്‍, എറണാകുളം മുതല്‍ ആലപ്പുഴ വരെ ബോട്ടില്‍ യാത്ര ചെയ്തതും പരമേശ്വര്‍ജിയുടെ അഭിവന്ദ്യപിതാവിനോടൊപ്പം ചെലവഴിച്ചതും മുന്‍പ് ഈ പംക്തികളില്‍ എഴുതിയിരുന്നു.
ആലപ്പുഴയില്‍ പ്രചാരകനായിരിക്കെയായിരുന്നല്ലൊ ഗോപകുമാര്‍ അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ പിടിയിലായതും. അതിഭീകരമായ മര്‍ദ്ദനത്തിനിരയായതും. ഗോപകുമാറിന്റെ ക്ഷണം കിട്ടിയപ്പോള്‍ ആ സുദാമാദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ മോഹമുണ്ടായി. എന്നാല്‍ യാത്രക്കുള്ള സാഹചര്യങ്ങള്‍ക്കു ഒരുക്കാനുണ്ടായിരുന്ന പ്രയാസങ്ങള്‍ മൂലം അത് ഒഴിവാക്കുകയായിരുന്നു.
രണ്ടാഴ്ച മുന്‍പ് സുദാമാദിനാഘോഷ സമിതി കണ്‍വീനറും മുതിര്‍ന്ന സ്വയംസേവകനുമായ പി. പ്രേംകുമാര്‍, സുദാമാവിനെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം അയച്ചുതരികയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തു. പ്രശസ്ത ചിത്രകാരനായ ശിവന്റെ രേഖാ ചിത്രങ്ങളടങ്ങുന്ന അത് വ്യത്യസ്തമായൊരു പ്രസിദ്ധീകരണമാണ്. അമ്പലപ്പുഴ ഗോപകുമാറിന്റെ അവതാരികയുമുണ്ട്. ശ്രീകൃഷ്ണ-സുദാമാ ബന്ധത്തെക്കുറിച്ചുള്ള പുതിയൊരു കാഴ്ചപ്പാടിലുടെയാണ് അതെഴുതിയിരിക്കുന്നത്.
സതീര്‍ത്ഥ്യര്‍ക്കിടയിലുള്ള ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ ആഴങ്ങളുടെ അളവില്ലായ്മയാണല്ലൊ കൃഷ്ണ-സുദാമാ ബന്ധത്തിലുള്ളത്. അതിനെ മലയാള സാഹിത്യത്തില്‍ അതിമനോഹമായി രാമപുരത്തുവാര്യരും കുഞ്ചന്‍ നമ്പ്യാരും ചെറുശ്ശേരിയും വിവരിച്ചിട്ടുണ്ട്. അവയില്‍നിന്ന് രണ്ടു വരികളോ ശ്ലോകങ്ങളോ മനഃപാഠമാക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. ഇന്നത്തെ ഉത്തരാത്യന്താധുനിക സാഹിത്യകാരന്മാരെയും അതിന്റെ ആസ്വാദക തലമുറകളെയും അതില്‍നിന്ന് ഒഴിവാക്കുകയാണ്. ഏതാനും ദശകങ്ങള്‍ക്ക് മുന്‍പ് ഭക്തകുചേല, കൃഷ്ണകുചേല എന്ന രണ്ടു മലയാള ചലച്ചിത്രങ്ങള്‍ കേരളീയ സമൂഹത്തില്‍ ഉയര്‍ത്തിയ തരംഗങ്ങള്‍ മുതിര്‍ന്ന തലമുറക്കാര്‍ ഓര്‍ക്കുന്നുണ്ടാവും.
മലയാളത്തില്‍ കുചേലന്‍ എന്ന പേരാണ് സുദാമാ എന്നതിനേക്കാള്‍ പ്രചാരത്തില്‍ വന്നത്. അതിനു കാരണമെന്തെന്നറിയില്ല. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചയാള്‍ എന്നാണ് പ്രൈമറി ക്ലാസുകളില്‍നിന്നു മനസ്സിലാക്കിയ അര്‍ത്ഥം. കുബേര കുചേലഭേദമില്ലാതെ എന്ന ശൈലിയുമുണ്ടല്ലൊ. മറ്റെല്ലായിടങ്ങളിലും സുദാമാ എന്നുതന്നെയാണ് പേര്.
കൃഷ്ണനും സുദാമാവും സതീര്‍ത്ഥ്യരായിരുന്നത് അവന്തികാ രാജ്യത്ത് ഉജ്ജൈനിക്കടുത്തുള്ള സാന്ദീപനി മഹര്‍ഷിയുടെ ഗുരുകുലത്തിലായിരുന്നു. കംസവധത്തിനുശേഷം മഥുരയിലെ രാജകുമാരന്മാരായ കൃഷ്ണനെയും ബലരാമനെയും ഉഗ്രസേന രാജാവ് ആ ഗുരുകുലത്തില്‍ വിദ്യാഭ്യാസത്തിനയച്ചു. അപ്പോള്‍ അവിടെ സൗരാഷ്‌ട്രയിലെ ഭൃഗുകച്ഛത്തിനടുത്തുനിന്ന് സുദാമാവും അന്തേവാസിയായുണ്ടായിരുന്നു. ദാരിദ്ര്യംമൂലം പഠനത്തേക്കാള്‍ ആശ്രമത്തിലെ മറ്റു ജോലികള്‍ക്കായിരുന്നു കൂടുതലായി ആ ബ്രഹ്മചാരി നിയോഗിക്കപ്പെട്ടത്. അവിടെ കൃഷ്ണനും സുദാമാവും കൂട്ടുകാരാകുകയും എല്ലാ ജോലികളും പങ്കിടുകയും ചെയ്തു. കഥകളിലും വഞ്ചിപ്പാട്ടിലും കൃഷ്ണഗാഥയിലും മണിപ്രവാളത്തിലും ഭാഗവതത്തിലും ശ്രീകൃഷ്ണകര്‍ണാമൃതത്തിലുമൊക്കെ ആ ചരിത്രങ്ങളുണ്ട്.
ഗുരുകുലവാസത്തിനുശേഷം കൃഷ്ണന്‍ മഥുരയിലേക്കും സുദാമാവ് ഭൃഗുകച്ഛത്തിലേക്കും പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞ് കൃഷ്ണന്‍ ജരാസന്ധന്റേയും ആശ്രിതരുടേയും നിരന്തരമായ ശല്യത്തില്‍നിന്നൊഴിവാകാന്‍ ദ്വാരകയിലേക്ക് മാറി. രുഗ്മിണിയുടെ വിവാഹം ചേദി രാജാവായ ശിശുപാലനുമായി നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിലും രുഗ്മിണിയുടെ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് കൃഷ്ണനും ബലരാമനും അവിടെയെത്തി രാജകുമാരിയെ തന്ത്രത്തില്‍ അപഹരിച്ചുകൊണ്ടുപോയി. ശിശുപാലന്റെ ചേദിരാജ്യവും ദ്വാരകയും സമീപരാജ്യങ്ങളായിരുന്നു. കൃഷ്ണനോടു കൂറുള്ളവരെയൊക്കെ ശിശുപാലന്‍ പീഡിപ്പിച്ചു. അതുമൂലം സുദാമാവിനും കുടുംബത്തിനും വലിയ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ആ ബ്രാഹ്മണ കുടുംബത്തിന് ഭിക്ഷയെടുത്തു ജീവിക്കാന്‍ പോലും ശിശുപാലചാരന്മാര്‍ അനുവദിച്ചില്ല. ”ഇല്ലങ്ങളില്‍ ചെന്നു നടന്നിരന്നാല്‍ ഇല്ലെന്നു ചൊല്ലുന്ന ജനങ്ങളേറും”, ”കിഴക്കുദിക്കും പൊഴുതാത്മജന്മാര്‍ കഴല്‍ക്കു കെട്ടിക്കരയുന്നു കാന്താ” മുതലായ മണിപ്രവാള ശകലങ്ങള്‍ അതിന്റെ ദൃഷ്ടാന്തമാണല്ലൊ.
നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ”മനക്കുരുന്നില്‍ കനിവുള്ള പഴയ സുഹൃത്ത് കൃഷ്ണനെ ചെന്നു കാണാന്‍ പത്‌നി അപേക്ഷിക്കുന്നത്.
സുദാമാവിന്റെ ദ്വാരക യാത്ര ഒരുപക്ഷേ മലയാള സാഹിത്യത്തിലെ ഏറ്റവും ഹൃദയാവര്‍ജകമായ തൂലികാ ചിത്രങ്ങളാണ് നല്‍കുന്നത്. ദ്വാരകയില്‍ അദ്ദേഹത്തിനു ലഭിച്ച രാജകീയ സ്വീകരണവും അവിടത്തെ താമസവും മടക്കയാത്രയും അതുപോലെ തന്നെ. തിരിച്ച് ഭൃഗുകച്ഛത്തിലെത്തിയ സുദാമാവിന് തന്റെ ഭവനമിരുന്ന സ്ഥലത്തുവന്ന മാറ്റവും ഉത്തുംഗസൗധങ്ങളും മണി പത്മരാഗം മുത്തുക്കള്‍ മിന്നും ഭവനങ്ങളും കണ്ട് അന്തംവിട്ടുപോയി. സതീര്‍ഥ്യന്മാര്‍ തമ്മിലുള്ള മാതൃകാപരമായ ബന്ധത്തിനുദാഹരണമായി ഈ സംഭവം പ്രകീര്‍ത്തിക്കപ്പെടുന്നു.
ചേദിയും ദ്വാരകയും തമ്മിലുണ്ടായിരുന്ന നയതന്ത്ര ബന്ധങ്ങളുടെയും ശീതയുദ്ധത്തിന്റെയും രംഗങ്ങള്‍ കൂടി നമുക്കവിടെ കാണാം. സുദാമാവിന്റെ പാണ്ഡിത്യത്തില്‍ അസൂയാലുക്കളായ ഇതര ഗ്രാമവാസികളും ദുരിതമയമാക്കിയതിനെ കൃഷ്ണന്റെ ചാര ചക്ഷുസ്സുകള്‍ തിരിച്ചറിഞ്ഞു നടത്തിയ ഒരു കവേര്‍ട്ട് ഓപ്പറേഷന്‍ കൂടിയാവാമിത്. സുദാമാവിന്റെ ദ്വാരകാവാസം ഒറ്റദിവസത്തേക്കേ ഉണ്ടായുള്ളൂവെന്ന് അദ്ദേഹത്തിന് തോന്നിയെങ്കിലും സുദാമാ പുരി നിര്‍മിക്കാന്‍ തക്കസമയം അതിനെടുത്തിരിക്കാം. ശിശുപാലന്റെ ക്രോധം വര്‍ധിച്ചു വര്‍ധിച്ച് ഒടുവില്‍ യുധിഷ്ഠിരന്റെ രാജസൂയ വേദിയില്‍ നടത്തിയ കൃഷ്ണാധിക്ഷേപവും ശിശുപാലവധത്തില്‍ കലാശിച്ചു. ആ അധിക്ഷേപം ഒരുപക്ഷേ ലോകസാഹിത്യത്തില്‍ തന്നെ കിടയറ്റതാണ്.
കൃഷ്ണ സുദാമാ ബന്ധത്തിനും ചരിത്രത്തിനും ഒട്ടനവധി മാനങ്ങളുണ്ട്. പ്രേംകുമാറിന്റെ പുസ്തകം വായിച്ചപ്പോള്‍ അവയിലേക്കുള്ള ചില വാതായനങ്ങല്‍ തുറന്നുവെന്നേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക