Categories: Sports

രാജ്‌കോട്ടില്‍ അരങ്ങൊരുങ്ങി; ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ഇന്നു മുതല്‍

Published by

രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് ലോകം വീണ്ടും ടെസ്റ്റ് ക്രിക്കറ്റിന്റെ മനോഹാരിതയിലേക്ക്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഗുജറാത്തിലെ രാജ്‌കോട്ട് നഗരം ഒരുങ്ങി. സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ് മത്സരവുമാണിത്. ചേതേശ്വര്‍ പൂജാരയുടെയും രവീന്ദ്ര ജഡേജയുടെയും നാട്ടില്‍ ജയത്തോടെ തുടങ്ങുകയാകും വിരാടിന്റെ ലക്ഷ്യം.

ഐസിസി റാങ്കിങ്ങിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ഇംഗ്ലീഷ് കശാപ്പിനൊരുങ്ങുന്നു വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ആതിഥേയര്‍. രണ്ട് ദശകത്തിനു ശേഷം അഞ്ചു ടെസ്റ്റ് പരമ്പരയ്‌ക്ക് ഭാരതം അതിഥികളാകുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. വ്യക്തമായ മുന്‍തൂക്കമുണ്ട് ആതിഥേയര്‍ക്ക്. ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരിയെത്തുന്നു ടീം. വിരാട് നായകനായ ശേഷം നാട്ടിലും വിദേശത്തുമായി നടന്ന നാലു പരമ്പരകളില്‍ ഒന്നു പോലും തോറ്റിട്ടില്ല ടീം. 2012-13നു ശേഷം നാട്ടില്‍ ഒരു മത്സരത്തില്‍ പോലും കീഴടങ്ങിയിട്ടില്ല. അവസാനം തോറ്റത് ഇംഗ്ലണ്ടിനോടെന്നത് യാദൃശ്ചികം.

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍ എന്നിവരുടെ പരിക്കാണ് ഇന്ത്യയുടെ ആശങ്ക. എം. വിജയ്‌ക്കൊപ്പം ഗൗതം ഗംഭീര്‍ ഇന്നിങ്‌സ് തുറക്കും. നാട്ടിലെ സാഹചര്യങ്ങളില്‍ ഏറെ മികവു പുലര്‍ത്തും ഗംഭീര്‍. കിവികള്‍ക്കെതിരെ കൊല്‍ക്കത്തയില്‍ അതു തെളിയിച്ചു. പിന്നീടങ്ങോട്ട് ആശങ്കയ്‌ക്ക് വകയില്ല. ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ എന്നിവര്‍ ചേരുന്ന മധ്യനിര ശക്തം. ടെസ്റ്റില്‍ സ്ഥിരത പുലര്‍ത്തുന്ന അജിങ്ക്യയും തകര്‍പ്പന്‍ ഫോമിലുള്ള വിരാടും ഫോമില്‍ തിരിച്ചെത്തിയ ചേതേശ്വറും ഇന്ത്യയെ കാക്കും. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയുമുണ്ട്.

വിരാടിന് പ്രിയങ്കരമായ അഞ്ച് ബൗളര്‍ തിയറി പ്രാബല്യത്തിലായാല്‍ കരുണ്‍ നായര്‍ക്ക് അരങ്ങേറുള്ള അവസരം നഷ്ടമാകും. ഒരു ബാറ്റ്‌സമാനെ കൂടി ചേര്‍ക്കാന്‍ തീരുമാനിച്ചാലും കരുണിന് ഉറപ്പില്ല. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചേക്കാം. ആര്‍. അശ്വിന്റെ മികവാകും പരമ്പരയില്‍ ഇന്ത്യയെ മുന്നോട്ടു നയിക്കുക. കിവികള്‍ക്കെതിരെ 27 വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍, സമീപകാലത്ത് നാട്ടില്‍ നടന്ന പരമ്പരകളിലെല്ലാം ടീമിനെ ജയത്തിലേക്കു നയിച്ചു. രവീന്ദ്ര ജഡേജയാകും പങ്കാളി. കിവികള്‍ക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ലെഗ് സ്പിന്നര്‍ അമിത് മിശ്രയെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ എതിരാളികള്‍ വിയര്‍ക്കും. ഒരു പേസറുടെ റോള്‍ മുഹമ്മദ് ഷാമിക്ക്. ഇഷാന്ത് ശര്‍മയോ, ഉമേഷ് യാദവോ രണ്ടാമന്റെ റോള്‍ നിര്‍വഹിക്കും. നാലു ബൗളര്‍ തിയറിയും മൂന്നു സ്പിന്നറുമായാല്‍ ഷാമി മാത്രമാകും പേസര്‍.

2012-13ല്‍ ആദ്യ ടെസ്റ്റ് തോറ്റ ശേഷം തിരിച്ചെത്തി നാലു മത്സര പരമ്പര 2-1നു സ്വന്തമാക്കിയതിന്റെ മധുരിക്കുന്ന ഓര്‍മകളുണ്ടാകും ഇംഗ്ലണ്ടിന്. ഇത്തവണ അത്തരത്തിലൊരു നേട്ടം വന്യമായ സ്വപ്‌നങ്ങളില്‍ പോലുമുണ്ടാകില്ല. ഉപഭൂഖണ്ഡത്തിലെ സാഹചര്യത്തില്‍ പരിചയമുള്ളവര്‍ ടീമില്‍ നന്നേ കുറവ്. അന്ന് ഗ്രെയിം സ്വാന്‍, മോണ്ടി പനേസര്‍ എന്നീ സ്പിന്നര്‍മാരുടെ മികവിലാണ് അവര്‍ കളംകൈയടക്കിയത്. ഇപ്പോഴത്തെ ടീമില്‍ അത്തരം മികവുള്ള സ്പിന്നര്‍മാരില്ല.

ഇന്ത്യയിലെത്തും മുന്‍പ് പരിശീലനം ലക്ഷ്യമാക്കി ബംഗ്ലാദേശിലേക്കു പോയത് തിരിച്ചടിയായി. രണ്ടാം ടെസ്റ്റില്‍ തോറ്റ് പരമ്പര സമനിലയിലായി. ആദ്യ ടെസ്റ്റിലെ ജയവും അത്ര മികച്ചതായില്ല. സ്പിന്നിനെ നേരിടുന്നതിലെ പോരായ്മ മിര്‍പൂരിലെ രണ്ടാം ടെസ്റ്റില്‍ ശരിക്കും അറിഞ്ഞു ഇംഗ്ലണ്ട്. ഒരു സെഷനില്‍ പത്ത് വിക്കറ്റും നഷ്ടപ്പെടുത്തി തോല്‍വി വഴങ്ങി. അരങ്ങേറ്റക്കാരന്‍ ഓഫ് സ്പിന്നര്‍ മെഹദി ഹസന്‍ മിറാസിനു മുന്നിലാണ് തകര്‍ന്നത്. അശ്വിനെ പോലെ ചാമ്പ്യന്‍ സ്പിന്നറുള്ളപ്പോള്‍ ഇന്ത്യക്കെതിരെ വിയര്‍ക്കും.

പത്തൊമ്പത് വയസുള്ള ഹസീബ് ഹമീദ് എന്ന ഓപ്പണറുടെ അരങ്ങേറ്റത്തിന് രാജ്‌കോട്ട് സാക്ഷ്യം വഹിക്കും. ഇംഗ്ലണ്ടിനായി അരങ്ങേറുന്ന പ്രായം കുറഞ്ഞ ഓപ്പണര്‍ എന്ന ബഹുമതി ഇതോടെ ഇദ്ദേഹത്തിനു സ്വന്തമാകും. മൈക്ക് ആതര്‍ട്ടണിനു ശേഷം ലങ്കാഷയറില്‍ നിന്നുള്ള ഓപ്പണര്‍ കൂടിയാകും ഇദ്ദേഹം. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടുന്നതില്‍ മികവു കാണിക്കുന്നുവെന്നത് ഹസീബിന്റെ കരുത്ത്. ഓപ്പണര്‍ ഗാരി ബല്ലന്‍സ് പുറത്തിരിക്കും. ബെന്‍ഡക്കറ്റിനെ നാലാം നമ്പറിലേക്കിറങ്ങും, ജോ റൂട്ട് മൂന്നാം നമ്പറിലെത്തും. ഓപ്പണറും നായകനുമായ അലിസ്റ്റര്‍ കുക്കിന്റെ ഫോം തന്നെയാകും ഇംഗ്ലണ്ടിനെ തുണയ്‌ക്കുക.

ജയിംസ് ആന്‍ഡേഴ്‌സണിന്റെ അഭാവം ബൗളിങ് നിരയില്‍ നിഴലിക്കും. സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ് എന്നിവര്‍ പേസര്‍മാര്‍. മോയിന്‍ അലി, ആദില്‍ റഷീദ് എന്നീ സ്പിന്നര്‍മാര്‍ക്കൊപ്പം ഗാരത് ബാറ്റിയോ, സഫര്‍ അന്‍സാരിയോ ചേരും. മൂന്നു സ്പിന്നര്‍മാരുമായാകും കളിക്കുകയെന്ന് കുക്ക് വ്യക്തമാക്കി. ബൗളര്‍മാര്‍ ബാറ്റിങ്ങിലും മിടുക്കരെന്നത് ഇംഗ്ലീഷ് ടീമിന്റെ പ്രത്യേകത. ഒമ്പതാമനായെത്തുന്ന ബ്രോഡ് വരെ മികച്ച ബാറ്റിങ് ശേഷിയുള്ളവര്‍.

രാജ്‌കോട്ടിലെ പിച്ചില്‍ ടേണ്‍ ഉണ്ടാകുമെങ്കിലും, ആദ്യ ദിവസങ്ങളില്‍ ബാറ്റ്‌സ്മാന്മാര്‍ക്കും ബൗളര്‍മാര്‍ക്കും സഹായം ലഭിക്കും. നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ അത്ര നല്ല ഓര്‍മകളല്ല ഇവിടെ ഇന്ത്യക്ക്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by