Categories: Varadyam

പ്രകൃതിയുടെ വൃക്കകള്‍ നശിക്കാതിരിക്കട്ടെ

Published by

നമ്മുടെ ശരീരത്തില്‍ ഊറിക്കൂടുന്ന മാലിന്യങ്ങളെ അരിച്ചുമാറ്റുന്നത് വൃക്കകളാണ്. വൃക്കകളെ സംരക്ഷിക്കുന്നതിന് നാം പ്രാധാന്യം നല്‍കുന്നു. ഊറിക്കൂടുന്ന മാലിന്യങ്ങളെ അരിച്ചുമാറ്റി ആവാസവ്യവസ്ഥയെ രക്ഷിക്കാനുമുണ്ട് അതുപോലൊരു സംവിധാനം. തണ്ണീര്‍ത്തടങ്ങള്‍. ചിലരിതിനെ ചതുപ്പ് നിലങ്ങളെന്ന് വിളിക്കുന്നു. പക്ഷെ, പ്രകൃതിയുടെ വൃക്കകളോട് ആര്‍ക്കുമില്ല കാരുണ്യം. അവഗണിക്കുകയോ നശിപ്പിക്കുയോ ചെയ്തു. അങ്ങനെ നാടെങ്ങുമുള്ള തണ്ണീര്‍ത്തടങ്ങളുടെ സിംഹഭാഗവും നശിച്ചു. പ്രകൃതിയുടെ ശുദ്ധീകരണ സംവിധാനം തകര്‍ന്നു.

തണ്ണീര്‍ത്തടങ്ങള്‍ എന്താണെന്ന് ചോദിക്കുന്നവര്‍ ഇന്നും ഏറെയാണ്. തണ്ണീര്‍ അഥവാ ജലം നിറഞ്ഞുനില്‍ക്കുന്ന ഭൂവിഭാഗങ്ങളൊക്കെ തണ്ണീര്‍തടങ്ങളാണ്. വെറുതെകിടക്കുന്ന ചതുപ്പുകളും പൊട്ടക്കുളങ്ങളും താമരപ്പൊയ്കകളും ഓലികളും നീര്‍ച്ചാലുമൊക്കെ തണ്ണീര്‍ത്തടങ്ങളാണ്. തടാകങ്ങളും കായലുകളും വയലുകളും കണ്ടല്‍ക്കാടുകളുമൊക്കെ നീര്‍ത്തടങ്ങളാണ്. നിറഞ്ഞുകവിഞ്ഞ ജലസമൃദ്ധിയും എണ്ണിയാലൊടുങ്ങാത്ത ജൈവവൈവിധ്യവുമാണവയുടെ പൊതുലക്ഷണം. കണ്ണുകള്‍ക്ക് കാണാനാവാത്ത സുക്ഷ്മ ജീവികള്‍ മുതല്‍ നാടന്‍ മീനുകളും പൂത്തുമ്പികളും തേന്‍കുരുവികളും വരെ നീളുന്ന ജീവികളും ബ്രഹ്മിയും ആമ്പലും മുതല്‍ ആറ്റുകൈതയും നീലക്കടമ്പും വരെ നീളുന്ന സസ്യങ്ങളും തണ്ണീര്‍ത്തടങ്ങളുടെ സമ്പാദ്യമത്രെ.

ഒരിക്കലും വറ്റാത്ത തണ്ണീര്‍ ശേഖരമൊരുക്കി അവിടത്തെ ആവാസവ്യവസ്ഥയെ പരിരക്ഷിക്കുക മാത്രമല്ല ചതുപ്പുകളുടെ ദൗത്യം. നിരവധി ജീവികള്‍ക്ക് ശല്യമില്ലാതെ മുട്ടയിടാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള സൗകര്യമൊരുക്കുന്നതും തണ്ണീര്‍ത്തടങ്ങളുടെ ദൗത്യമാണ്. കണ്ടലുകളുടെ വേരുപടലങ്ങള്‍ക്കിടയില്‍ത്തന്നെയുണ്ട് ജന്തുജാല ആവാസവ്യവസ്ഥ. വേനലില്‍ കുളിര്‍മ നിലനിര്‍ത്തുന്നതിനും പ്രാദേശിയ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും കുടിവെള്ളം ഉറപ്പാക്കുന്നതിനും തണ്ണീര്‍ത്തടങ്ങള്‍ സഹായിക്കുന്നു. നാടന്‍ ഔഷധങ്ങളുടെ ശേഖരമാണ് ചതുപ്പ് നിലങ്ങള്‍. പ്രാപ്പിടിയനും പരുന്തിനും ഉപ്പനുമൊക്കെ കൂടുകെട്ടി പ്രജനനം നടത്താനും തേനീച്ചകള്‍ക്ക് തേനറകള്‍ നിറയ്‌ക്കാനും ദേശാടനപക്ഷികള്‍ക്ക് വിശ്രമിക്കാനും വേദിയൊരുക്കി.

പ്രകൃതിയില്‍ ഊറിക്കൂടുന്ന മാലിന്യങ്ങളത്രയും അരിച്ചുമാറ്റാന്‍ കെല്‍പ്പുള്ള വമ്പന്‍ അരിപ്പകളാണ് തണ്ണീര്‍ത്തടങ്ങള്‍. ഒഴുകിയെത്തുന്ന മാലിന്യങ്ങളെയും ജൈവവസ്തുക്കളേയും നിഷ്‌ക്രിയമാക്കാന്‍ കരുത്തുള്ള ആവാസവ്യവസ്ഥയാണ് അവയിലേത്. പക്ഷെ, നമുക്കത് മനസ്സിലാക്കാനായില്ല. ചെളിവെള്ളം കെട്ടിക്കിടക്കുന്ന പാഴ്ഭൂമിയാണ് ചതുപ്പുകളെന്ന് കരുതി. അവിടെ കൂത്താടിയും കൊതുകും പെരുകുമെന്നും പാമ്പുകള്‍ മൊട്ടയിട്ട് പെരുകുമെന്നും വെറുതെ വിശ്വസിച്ചു. ആ വിശ്വാസത്തിന്റെ ബലത്തില്‍ ചതുപ്പ് നിലങ്ങള്‍ മണ്ണിട്ടുമൂടി. കെട്ടിടം കെട്ടി. അതിലും കേമന്മാര്‍ മാലിന്യമിടാനുള്ള കുപ്പത്തൊട്ടിയാക്കി. ഫാക്ടറി മുതലാളിമാര്‍ക്ക് രാസമാലിന്യം തള്ളാനുള്ള മാലിന്യക്കുഴിയായി തണ്ണീര്‍ത്തടാകം.

ക്രമേണ തണ്ണീര്‍ത്തടങ്ങള്‍ മണ്ണടിഞ്ഞു. നെല്‍വയലുകളുടെ വിസ്തീര്‍ണം പത്തിലൊന്നായി ചുരുങ്ങി. അനിയന്ത്രിതമായി ഒഴുകിയെത്തിയ രാസവിഷങ്ങളും മുനിസിപ്പല്‍ മാലിന്യങ്ങളും ചേര്‍ന്ന ചതുപ്പ് ആവാസവ്യവസ്ഥ വിഷമയമാക്കി. നാടന്‍ സസ്യങ്ങളും നാട്ടുചെടികളും അവയോട് വിടപറഞ്ഞു. ദേശാടനപ്പക്ഷികള്‍ പറന്നകന്നു.

നാട്ടിന്‍പുറത്തെ കിണറുകള്‍ വേനലെത്തും മുമ്പെ വറ്റി. അവയുടെ ജലനില താഴാതെ സൂക്ഷിച്ചിരുന്നത് തണ്ണീര്‍ത്തടങ്ങളായിരുന്നു. ഭൂഗര്‍ഭ ജലവിതാനം ഇടിഞ്ഞുതാഴുന്നത് മറ്റൊരു വാസ്തവം. തണ്ണീര്‍ത്തടങ്ങളില്‍ കെട്ടിക്കിടക്കുന്ന ജലമാത്രകളാണ് നെടുനാള്‍ കൊണ്ട് മണ്ണിലെ സുഷിരങ്ങളിലൂടെ അരിച്ചിറങ്ങി ഭൂഗര്‍ഭജലത്തെ പരിപോഷിപ്പിക്കുന്നത്. മണിക്കൂറുകള്‍ക്കൊണ്ട് വലിച്ചൂറ്റുന്ന കുഴല്‍ക്കിണര്‍വെള്ളം വീണ്ടും നിറയുന്നതിന് വേണ്ടിവരുന്നത് നൂറിലേറെ മണിക്കൂറാണെന്ന് മറക്കാതിരിക്കുക.

ഇത് നമ്മുടെ നാട്ടിലെമാത്രം അവസ്ഥയല്ല. ലോകമെമ്പാടുമുള്ള തണ്ണീര്‍ത്തടങ്ങളും ഭീഷണി നേരിടുന്നു. ചതുപ്പുകള്‍ വറ്റിവരണ്ടയിടങ്ങളിലെല്ലാം കൊടും വരള്‍ച്ചയും കൃഷിനാശവും സംഭവിച്ചുകഴിഞ്ഞു. പലസ്ഥലങ്ങളിലും ജനങ്ങള്‍ നാടുവിട്ട് ദേശാന്തരഗമനം നടത്തുന്നു. ഈ സാഹചര്യത്തിലെ ഇറാനിലെ റംസാര്‍ നഗരത്തില്‍ പ്രകൃതി സ്‌നേഹികള്‍ ഒന്നിച്ചത്. ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുചേരലില്‍ ബഹുഭൂരിപക്ഷം രാജ്യങ്ങള്‍ പങ്കെടുത്തു. തണ്ണീര്‍ത്തടങ്ങളെ നിര്‍വചിച്ചു, വിലയിരുത്തി. അവയുടെ സംരക്ഷണത്തിന് ആഗോളകരാറിന് രൂപം നല്‍കുകയും ചെയ്തു. കെട്ടിക്കിടക്കുന്നതും ഒഴുക്കുള്ളതുമായ എല്ലാത്തരം വെള്ളക്കെട്ടുകളും തടാകങ്ങളും റംസാര്‍ കരാറിന്റെ പരിധിയില്‍ വന്നു. കേരളത്തില്‍ വേമ്പനാട്ടുകായലാണ് റംസാര്‍ പട്ടികയില്‍ ഇടം നേടിയത്.

നെല്‍വയലുകളും കാവുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടതിലൂടെ തണ്ണീര്‍ത്തടങ്ങളും ഇല്ലാതായെന്നതാണ് കേരളത്തിന്റെ അവസ്ഥ. ഓരുജലതടാകമായ വേമ്പനാട്ട് കായലും ശുദ്ധജല തടാകങ്ങളായ പൂക്കോട്,മുരിയാട്, കാട്ടുകാമ്പല്‍, ഏനമാക്കല്‍, ശാസ്താകോട്ട, വെള്ളായണി എന്നിവ നാശത്തിന്റെ വക്കിലാണ്. മിക്കയിടത്തും ജൈവവൈവിധ്യം നശിച്ചു. വിദേശ ജീവജാതികള്‍ ആവാസവ്യവസ്ഥയില്‍ ഭീഷണിയുയര്‍ത്തുന്നു. വേളി, ആശ്രാമം, കുമരകം, അരൂര്‍, പുതുവൈപ്പിന്‍, കണ്ണമാലി, പനങ്ങാട്, ഇടപ്പള്ളി, ചേറ്റുവ, തിരൂര്‍, കടലുണ്ടി, കല്ലായ്, വടകര,കൊടുവള്ളി, കോട്ടായി, മാഹി, ഏഴിമല, തലശ്ശേരി, കാവ്വായ്, പഴയങ്ങാടി, കുഞ്ഞിമംഗലം, മുഴുപ്പിലങ്ങാട്, പാപ്പിനിശ്ശേരി, വളപട്ടണം, എടയ്‌ക്കാട്, നടക്കാവ്, ധര്‍മ്മടം, ചിറ്റാരി എന്നിവിടങ്ങളിലെ അല്‍പമാത്രമായ കണ്ടലുകളും നാശഭീഷണിയിലാണ്. അനിയന്ത്രിതമായ മലിനീകരണവും വാണിജ്യവല്‍കരണവും റോഡ്‌നിര്‍മണാവും കണ്ടലുകള്‍ക്ക് ഭീഷണിയാകുന്നു.

റംസാര്‍ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം തണ്ണീര്‍ത്തടങ്ങള്‍ക്ക് പലതരം വര്‍ഗീകരണങ്ങളുണ്ട്. ജലവിതാനത്തിന്റെയും ഓരുജലത്തിന്റെയും വേലിയേറ്റത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍. കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി-വനം മന്ത്രാലയമാവട്ടെ നീര്‍ത്തടങ്ങളെ തിരിച്ചിരിക്കുന്നത് രണ്ട് വിശാല വിഭാഗങ്ങളായിട്ടാണ്. തീരദേശ നീര്‍ത്തടങ്ങളും ഉള്‍നാടന്‍ നീര്‍ത്തടങ്ങളും. ആദ്യത്തെ വിഭാഗത്തില്‍ കായലുകളും അഴിമുഖങ്ങളും തീരദേശവെള്ളക്കെട്ടുകളും. രണ്ടാമത്തെ വിഭാഗത്തില്‍ ശുദ്ധജലാശയമാണ് വരുന്നത്.

പട്ടികയില്‍ പെടുത്തിയതുകൊണ്ടോ, സംരക്ഷണ അതോറിറ്റികള്‍ രൂപീകരിച്ചതുകൊണ്ടോ മാത്രം തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനാവില്ല. വേണ്ടത് ബോധവത്കരണവും കര്‍ശന നിയമങ്ങളുമാണ്. അത് കര്‍ശനമായി നടപ്പാക്കുകയും വേണം. നന്മയുടെ വരദാനമായ തണ്ണീര്‍ത്തടങ്ങള്‍ ഓര്‍മയിലെ കണ്ണീര്‍ചിത്രങ്ങളായി ശേഷിക്കാതിരിക്കട്ടെ!

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by