കാളിയെക്കുറിച്ച് സജിത മഠത്തില്‍
നീയൊരു കാളിയാവരുത് എന്ന് ചെറുപ്പംതൊട്ടേ കേട്ടുവരുന്നതാണ്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്താല്‍ അവളെ കാളിയോടാവും സമൂഹം ഉപമിക്കുക. തിറയിലും തെയ്യത്തിലും മുടിയേറ്റിലും എല്ലാം കാളി നിറഞ്ഞുനില്‍ക്കുന്നു.
കാളിയെക്കുറിച്ച് ധാരാളം വായിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ആ കാളി സങ്കല്‍പത്തെ നിലവിലുള്ള സംഭവങ്ങളുമായി കൂട്ടിയിണക്കുകയായിരുന്നു. 2010 ല്‍ നാടകത്തിന്റെ രചന പൂര്‍ത്തിയാക്കിയിരുന്നു. കാലഘട്ടത്തിന്റെ ആവശ്യമെന്നപോലെ കാളിനാടകം അരങ്ങിലെത്താനും പിന്നീട് ആറ് വര്‍ഷം വേണ്ടിവന്നു.
നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അവസ്ഥകളുമായി കാളിയുടെ ഐതിഹ്യത്തെ ബന്ധിപ്പിക്കുകയാണ് ചെയ്തത്.
തെരുവിലും വീട്ടിന്നകത്തും പെണ്ണുടലുകള്‍ നിര്‍ദ്ദയം പിച്ചിച്ചീന്തപ്പെടുന്ന കാലഘട്ടത്തില്‍, അവളുടെ രക്ഷയ്‌ക്കുവേണ്ടി ഒരവതാരം ജന്മമെടുക്കും, അവളുടെ ഉള്ളില്‍ത്തന്നെ. കാളിയെന്ന് അവള്‍ക്ക് പേര്‍. സാധാരണ സ്ത്രീയില്‍ നിന്ന് ആ കാളിയിലേക്കുള്ള പരിണാമയാത്രയാണ് സജിത മഠത്തിലിന്റെ കാളിനാടകം. കളിയരങ്ങില്‍ അവര്‍ കാളിയാകുന്നു. ദാരികനിഗ്രഹമാണ് കാളിയുടെ അവതാരോദ്ദേശ്യം. ഭദ്രകാളിയുടെ ഐതിഹ്യവും സമകാലീന സംഭവങ്ങളും സമന്വയിപ്പിച്ച് അരങ്ങിലെത്തിച്ച ഈ നാടകത്തില്‍ ദാരികനും കാളിയും രണ്ട് പ്രതീകങ്ങളാണ്, നന്മയുടേയും തിന്മയുടേയും.
ഐതിഹ്യത്തില്‍, പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് പിറവികൊണ്ട ഭദ്രകാളിയുടെ ലക്ഷ്യം, തന്റെ ശക്തിയില്‍ മതിമറന്ന് അഹങ്കരിച്ച ദാരികനെ വധിക്കുകയെന്നതാണ്. സ്ത്രീയാല്‍ വധിക്കപ്പെടുമെന്ന ബ്രഹ്മാവിന്റെ വാക്ക് കാളിയിലൂടെ യാഥാര്‍ത്ഥ്യമാവുകയും കൃത്യം പൂര്‍ത്തിയാക്കിയിട്ടും കലിയടങ്ങാത്തവളുമാകുന്നു കാളി.
ദാരികനായി സുമേഷ് ചിറ്റൂരാന്‍
51 വര്‍ഷത്തിനുശേഷം വലിയന്നൂര്‍ കാവിന്റെ മുറ്റത്ത് കാളീപ്രീതിക്കായി നടത്തുന്ന കാളിനാടകത്തിലൂടെ അവതരിപ്പിക്കപ്പെടുന്നതത്രയും ഇന്നത്തെ സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളാണ്. അതിരുവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി സംസാരിക്കാന്‍, അവര്‍ക്ക് രക്ഷയാകുവാന്‍ മടികാട്ടുന്ന സമൂഹത്തിന് നേര്‍ക്കാണ് കാളിയുടെ ചോദ്യമത്രയും. അവളാവട്ടെ ചെറുമി കുലത്തില്‍ പിറന്നവളും. ആ ചോദ്യങ്ങളില്‍ തകര്‍ന്നടിയുന്ന ചില സാമൂഹിക വ്യവസ്ഥിതിയുണ്ട്. സ്ത്രീക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയാത്ത നീതിന്യായ വ്യവസ്ഥയ്‌ക്കും നിയമപരിപാലകര്‍ക്കും സമൂഹത്തിന്റെ നാലാംതൂണായി നിലകൊള്ളുന്നവര്‍ക്കുനേരെയുമാണ് ആ ചോദ്യശരങ്ങള്‍.
കാളിനാടകം വലിയന്നൂര്‍ കാവിന്റെ മുറ്റത്ത് അവതരിപ്പിക്കപ്പെടുമ്പോള്‍ കാളിയായി ഭദ്രകാളിപ്പാട്ടുകാരന്‍ ചാത്തന്റെ മകള്‍ കാളിതന്നെയാണ് അനുഷ്ഠാന ചിട്ടകളെല്ലാം പാലിച്ചുകൊണ്ട് കാളീവേഷം കെട്ടുന്നത്. പൗരപ്രമുഖരില്‍ ഒരാളായ രാമക്കുറുപ്പാണ് ദാരികനായി വേഷം കെട്ടുന്നത്. കാളിയെ, അവളുടെ ശക്തിയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തി ദാരികനിഗ്രഹത്തിനായി പ്രേരിപ്പിച്ചുകൊണ്ട് കൂളിയായി നീലിയും എത്തുന്നു. കാവിനുള്ളില്‍ വച്ച് രാമക്കുറുപ്പിനെ കാളി കൊല്ലുന്നു.
അയാളുടെ ദുഷ്ടതയ്‌ക്ക് ഉചിതമായ ശിക്ഷയെന്ന് ആശ്വസിക്കുന്നവര്‍ കാളിയുടെ മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുന്നു. പക്ഷെ, ഏതൊരു കൊലപാതകത്തിന്റേയും ചുരുളഴിയേണ്ടതുണ്ട്. അതിന് അന്വേഷണം വേണം. കലിയേറിയിരിക്കുന്ന കാളിക്കുമുന്നില്‍ ചോദ്യമെറിയുന്ന നിയമപാലകര്‍.
അനേകം വരങ്ങളുള്ള, അസുരലോകം ഭരിച്ച, 12,000 ആനകളുടെ ബലമുള്ള, ഭാനുമതിയുടെ മകന്‍ ദാരികന്‍. തിന്മപൂണ്ടവന്‍. ഈ വര്‍ത്തമാനകാലത്തുനിന്ന് ചിന്തിക്കുമ്പോള്‍ ദാരികവേഷം കെട്ടിയാടിയ രാമക്കുറുപ്പ് അധികാരത്തിന്റെ ബലത്തില്‍ അരുതായ്മകള്‍ ചെയ്തുകൂട്ടുന്നവരുടെയാകെ പ്രതീകമാകുന്നു. കാളി പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റേയും. നീലി തമ്പ്രാക്കന്മാരുടെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടവള്‍, നെറികെട്ടവളെന്ന് വിധിക്കപ്പെട്ടവള്‍, പുറമ്പോക്കില്‍ കഴിയാന്‍ വിധിക്കപ്പെട്ടവള്‍, അങ്ങനെ നീലിയ്‌ക്കും വിശേഷണങ്ങളേറെ. അവളുടെ നിലവിളി കേട്ടിട്ടും കാതുകൊട്ടിയടച്ച സമൂഹത്തിനുനേരെയും കാളി കലിയോടെ നോക്കുന്നു.
നീലിയുടെ ചോരവീണ മണ്ണും നാടും പിന്നെ അവളുടെ കോപത്തിന് പാത്രമായി. നീലിയുടെ കലിയടക്കാന്‍ അവര്‍ തറകെട്ടി. നീലി അനുഷ്ഠാനമായി. അവളിന്ന് നാടുകാക്കുന്ന പോതിയായി. തന്നെ അമ്മയെപോലെ സ്‌നേഹിച്ച നീലിയ്‌ക്കും, മറ്റനേകം നീലിമാര്‍ക്കും നീതി ലഭിക്കാന്‍ കാളി കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. അവള്‍ തിന്മയെ കൊയ്‌തെറിഞ്ഞു. പെണ്‍വര്‍ഗത്തെ ദോഷപ്പെടുത്തിയവനെ തമസ്സില്‍ നിന്ന് വെളിച്ചത്തിലേക്ക് വെട്ടിവീഴ്‌ത്തി. ജയിക്കുന്തോറും തോല്‍ക്കുമെന്നറിഞ്ഞിട്ടും…
കാളിനാടകത്തില്‍ കാളി ശിവന്റെ തൃക്കണ്ണില്‍ നിന്നും ജനിച്ചവളല്ല. ചാത്തന്റേയും കുങ്കിയുടേയും മകള്‍. കലി ബാധിച്ചവള്‍. അവളിലെ കലിയടക്കാന്‍ ഏറെ പണിപ്പെട്ടു. താലപ്പൊലിയെടുത്തും പടയണികെട്ടിയും കളമെഴുതിയും അവളിലെ മാതൃഭാവത്തെ ഉണര്‍ത്താന്‍ ശ്രമിച്ചും ഒടുവില്‍ വസൂരിവിത്തെറിഞ്ഞ് മുഖം പൊള്ളിച്ചും കലിയടക്കാന്‍ നോക്കിയവര്‍. എന്നിട്ടും കാളിയുടെ കലിയടങ്ങിയില്ല. കാരിരുമ്പാണ് അവളുടെ ശക്തി. തിന്മയെ നേരിടുന്നതും അതുകൊണ്ടാണ്. ആ ഇരുമ്പുതന്നെ പെണ്ണിന്റെ രഹസ്യഭാഗത്തുകൂടി കയറ്റിയിറക്കുന്ന ഈ കാലത്ത് കാളിയെങ്ങനെ കലിയടക്കും.
ദാരികന്റെ രക്തത്തില്‍ നിന്ന് ആയിരം ദാരികന്മാര്‍ കുമിളപൊട്ടിവരുന്ന കാലത്ത് കാളിയ്‌ക്കെങ്ങനെ കലിയടക്കാനാവും. അവളുടെ സഹനം ഇന്ന് പരിധിവിട്ടിരിക്കുന്നു. എല്ലാം സഹിക്കുന്നവളെയാണ് സമൂഹത്തിന് ആവശ്യം. പോരാടാനുറച്ചവള്‍ നിഷേധിയും കലിബാധിച്ചവളുമാകുന്ന കാലം.
പെണ്ണിന് രക്ഷയില്ലാത്ത, അവളെ സംരക്ഷിക്കാന്‍ ആരും ഇല്ലാത്ത കാലത്ത് അവള്‍ കാളിയായെ തീരു. കാളി ശക്തിയാണ്. കൊള്ളരുതായ്മകള്‍ക്കുനേരെ അടങ്ങാത്ത കലി കനലായി ഉള്ളിലെരിയണമെന്നത് ഒരുപക്ഷെ കെട്ടകാലത്തിന്റെ ആവശ്യകതയുമാവാം. കാരണം ആത്മാഭിമാനവും സ്വരക്ഷയും അവനവന്റെ മാത്രം ഉത്തരവാദിത്തമാകുമ്പോള്‍ പെണ്ണ് കലിബാധിച്ചവളാകും. മനസ്സില്‍ നിന്നും നന്മയറ്റുപോയ ദാരികന്മാരെ ഇല്ലായ്മചെയ്യാന്‍ പെണ്ണ് സ്വയം കാളിയായി മാറണം. ആ കാളിയ്‌ക്ക് നിങ്ങള്‍ മനസ്സില്‍ എന്തു സ്ഥാനം വേണമെങ്കിലും നിശ്ചയ്ച്ചുകൊള്ളുക. അതെ സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ. ഇരിക്കണമോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്.
സജിത മഠത്തില്‍ തന്നെയാണ് കാളിനാടകത്തിന്റെ എഴുത്തും നിര്‍വഹിച്ചിരിക്കുന്നത്. ലളിതവും സുന്ദരവുമാണ് സജിതയുടെ നാടക ഭാഷ. അവിടെ ആലങ്കാരികതകള്‍ ഒട്ടുമില്ല. നാട്ടുഭാഷയിലൂടെയും രംഗാവതരണത്തിലൂടെയും ആസ്വാദകരുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കാളിനാടകത്തിന് അനായാസം സാധിക്കുന്നു. ലോകധര്‍മിയുടെ സ്ഥാപകന്‍ പ്രൊഫ. ചന്ദ്രദാസനാണ് കാളിനാടകത്തിന്റെ സംവിധായകന്‍.
രൂപകല്‍പനയും അദ്ദേഹത്തിന്റേതുതന്നെ. നാടകത്തെ മനോജ്ഞമാക്കുന്നതിന് പിന്നില്‍ ഈ സംവിധായകന്റെ പൂര്‍ണമായ മനസ്സുണ്ട്. മുടിയേറ്റ്, കാളിയൂട്ട് പോലുള്ള അനുഷ്ഠാനകലകളുടെ പിന്തുണ കാളിനാടകത്തിന് കൂടുതല്‍ പൂര്‍ണത നല്‍കുന്നു. കാവിലെ ഉത്സവത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നതാണ് അരങ്ങിനോട് ശബ്ദവും വെളിച്ചവും ചേര്‍ന്നുപോകുന്നു.
രശ്മി സതീഷാണ് മുഖ്യഗായിക.
അഭിനേത്രികൂടിയായ രശ്മിതന്നെയാണ് കൂളിയെന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്. സംഗീതസംവിധാനം പാരിസ് ചന്ദ്രന്‍. മേക്കപ്പ് പട്ടണം റഷീദ്. ആര്‍ട്ട് ആന്‍ഡ് കോസ്റ്റിയൂം ഡിസൈനര്‍: ശോഭാ മേനോന്‍, വിഡിയോ ഡോക്യുമെന്റേഷന്‍ ആയില്യന്‍ കരുണാകരന്‍ തുടങ്ങി നീണ്ട നിരതന്നെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാളിയായി സജിതാ മഠത്തിലും കൂളിയായി രശ്മി സതീഷും അരങ്ങില്‍
സുമേഷ് ചിറ്റൂരാന്‍ ദാരികനായും സുധി പാനൂര്‍ എസ്‌ഐയായും രംഗത്തെത്തുന്നു. ശെല്‍വരാജ്, ജയചന്ദ്രന്‍ തകഴിക്കാരന്‍, ഗോപന്‍ മങ്ങാട്ട്, അജിത് തിരുവാങ്കുളം, അനുഗ്രഹ പോള്‍, ദേവിക ഹേമന്ത്, ഗോവിന്ദ് നമ്പ്യാര്‍, മിഥുലേഷ് ചോലയ്‌ക്കല്‍, വിഷ്ണു കെ. നായര്‍, നസറുദ്ദീന്‍ വലിയവീട്ടില്‍, മനോജ് ഭാനു, ചാതുരി മോഹന്‍, രാഹുല്‍ ശ്രീനിവാസന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ചെന്നൈ ഫിലിം ഫാക്ടറി നാടകം അരങ്ങിലെത്തിച്ചിരിക്കുന്നു. പെപ്പര്‍ ഹൗസിന്റേയും സിഎസിയുടേയും സഹകരണത്തോടെയാണ് അവതരണം. ഫോര്‍ട്ടുകൊച്ചി പെപ്പര്‍ ഹൗസിലെ തുറന്ന തിയേറ്ററിലാണ് കാളിനാടകം അരങ്ങേറുന്നത്. പെപ്പര്‍ ഹൗസിലെ അവതരണത്തിന് ഇന്ന് രാത്രി തിരശീല വീഴും. ഇനി മറ്റുവേദികളില്‍ കലിയടങ്ങാത്ത കാണാം.
ചിത്രം അരുണ്‍ പുനലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക