എംജിഎസും ഭാര്യയും
കോഴിക്കോട്: ”വയസ്സ് കൂട്ടുവാന്‍ വേണ്ടി വന്നെത്തും ജന്മതാരകം, വൈരിയാണോ, സുഹൃത്താണോ വളരെ സംശയിപ്പൂ ഞാന്‍” ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്റെ 84-ാം പിറന്നാളാണ് ശനിയാഴ്ച എന്ന് ആരോ ഓര്‍മ്മിപ്പിക്കുമ്പോള്‍ ചുറ്റുംകൂടിയ ശിഷ്യകളിലൊരാള്‍ കവിവാക്യം എംജിഎസിന്റെ ശ്രദ്ധയില്‍ പെടുത്തി.
ഇന്നലെ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ എംജിഎസിനെ ആദരിക്കാന്‍ ചേര്‍ന്ന ചടങ്ങിന്റെ ഇടവേളയിലാണ് എംജിഎസ് പിറന്നാള്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ”സാധാരണയായി പിറന്നാള്‍ ആഘോഷങ്ങള്‍ ഉണ്ടാകാറില്ല. അവ ഓര്‍മ്മിക്കാറില്ല എന്നതാണ് സത്യം. എന്നാല്‍ രാജീവ്ഗാന്ധിയുടെ ജന്മദിനം കൂടിയായതുകൊണ്ട് പത്രവാര്‍ത്തകളില്‍ നിന്ന് ജന്മദിനത്തെക്കുറിച്ച് ഓര്‍മ്മവരും”-അദ്ദേഹം പറഞ്ഞു.
ശതാഭിഷിക്തനാകുന്ന എംജിഎസിന് ആശംസകളര്‍പ്പിക്കാന്‍ എത്തുന്നവരുടെ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ചരിത്ര വിദ്യാര്‍ത്ഥികളും ശിഷ്യരും സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചാണ് ചരിത്രകാരന്റെ ശതാഭിഷേകം ആഘോഷിക്കുന്നത്. ഇന്നും പതിവുപോലെ എംജിഎസ് പങ്കെടുക്കുന്ന ചരിത്ര സെമിനാര്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ വെസ്റ്റ്ഹില്ലിലുള്ള പഴശ്ശിരാജ മ്യൂസിയത്തില്‍.
ഡോ. എം.ആര്‍. രാഘവവാര്യരാണ് ഉദ്ഘാടകന്‍.
വിരമിച്ചിട്ടും ചരിത്രകാരന് തിരക്കു തന്നെ. സെമിനാറുകള്‍, ശില്പശാലകള്‍, വീട്ടിലെത്തുന്നവരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കല്‍… ‘എനിക്ക് തിരക്കില്ല, അതുകൊണ്ട് സമ്മര്‍ദ്ദങ്ങളുമില്ല. ജീവിതം ആസ്വദിക്കുകയാണ് ഞാന്‍. വലിയ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍പ്പോലും സമ്മര്‍ദ്ദമനുഭവിച്ചില്ല. പക്ഷേ, ജപ്പാനിലെ ടോക്കിയോ സര്‍വ്വകലാശാലയില്‍ എത്തിയപ്പോഴാണ് കൃത്യനിഷ്ഠയുടെ കാഠിന്യം തിരിച്ചറിഞ്ഞത്.
സമയത്തെത്തിയില്ലെങ്കില്‍ പരിപാടികളുടെ ഉദ്ഘാടകനാണെങ്കില്‍പ്പോലും അവിടെ രക്ഷയില്ല, അദ്ദേഹം പറഞ്ഞു.
എന്നും ചരിത്രവിദ്യാര്‍ത്ഥിയാണെന്ന് അഭിമാനത്തോടെ പറയുന്ന അദ്ദേഹത്തിന് ശിഷ്യരെക്കുറിച്ച് ഏറെ അഭിമാനം. ”ഞാന്‍ ഏറ്റവും പഠിച്ചത് എന്റെ വിദ്യാര്‍ത്ഥികളില്‍ നിന്നാണ്. അവരുടെ ചോദ്യങ്ങളില്‍ നിന്ന് പുതിയ അറിവു ലഭിച്ചു. കുറച്ച് പുസ്തകങ്ങളേ വായിച്ചിട്ടുള്ളൂ. വായിച്ചതെല്ലാം മനസ്സിലുണ്ടാകും.”
ഇടത്-വലത് പക്ഷം പിടിക്കാതെ, എന്നും ഭരണപക്ഷത്തുനില്‍ക്കുന്ന സാംസ്‌കാരിക നായകന്മാര്‍ക്കും അക്കാദമിക-ബുദ്ധിജീവി വിഭാഗത്തില്‍ നിന്ന് വേറിട്ടുനില്‍ക്കുകയാണ് എംജിഎസ്. പ്രതിപക്ഷമാകാനാണ് താല്‍പ്പര്യം. ”എന്നെ വിമര്‍ശിക്കുന്നതിലാണ് എനിക്കിഷ്ടം. അപ്പോള്‍ എന്റെ രക്തപ്രവാഹം കൂടും. എന്റെ ചിന്തകള്‍ക്ക് തീപ്പിടിക്കും. അത് എന്നെ ഊര്‍ജസ്വലനാക്കും,” എംജിഎസ് പറയുന്നു.
1932 ആഗസ്റ്റ് 20ന് പൊന്നാനിയിലാണ് മുറ്റിയില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ എന്ന എംജിഎസ് നാരായണന്‍ ജനിച്ചത്.
എഡി 800 മുതല്‍ എഡി 1124 വരെയുള്ള കുലശേഖര സാമ്രാജ്യത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ സാഹചര്യം എന്ന വിഷയത്തിലാണ് എംജിഎസ് ഗവേഷണ ബിരുദം നേടിയത്. ചരിത്രാന്വേഷണത്തിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന എംജിഎസ് ചരിത്രത്തിലെ അബദ്ധധാരണകളെയാണ് തിരുത്തിക്കുറിച്ചത്. ചരിത്രം അടക്കിവാണ പാര്‍ട്ടി ചരിത്രകാരന്മാരുടെ അകം പൊള്ളയാണെന്നും അവര്‍ പറഞ്ഞത് പൊളിവചനങ്ങളാണെന്നും അക്കാദമിക സമൂഹം തിരിച്ചറിഞ്ഞത് എംജിഎസിലൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക