Categories: Kasargod

കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു മാലിന്യ സംസ്‌കരണ സംവിധാനമില്ല

Published by

കാഞ്ഞങ്ങാട്: മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്തതിനാല്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു. റെയില്‍വെ സ്റ്റേഷനില്‍ പ്രധാന പ്ലാറ്റ്‌ഫോമിന് സമീപമാണ് മാലിന്യങ്ങള്‍ കുന്നുകൂട്ടിയിരിക്കുന്നത്. കണ്ണൂര്‍ ഭാഗത്തേക്കുള്ള ഫഌറ്റ്‌ഫോമില്‍ കോച്ച് നമ്പര്‍ 12 നടുത്ത് സംരക്ഷണ വേലിക്ക് പുറത്തുള്ള വെള്ളക്കെട്ടിലേക്ക് ഫഌറ്റ്‌ഫോമില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് മാലിന്യമുള്ളത്.

യാത്രക്കാര്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും സ്റ്റേഷനിലുള്ള സ്റ്റാളുകളില്‍ കുന്നുകൂടുന്ന ഗ്ലാസുകളും സ്‌നാക്ക് ഫുഡിന്റെ കവറുമാണ് ഏറെയും. സ്റ്റേഷന്‍ ശുചീകരിക്കുന്ന സ്വീപ്പര്‍മാരാണ് നിത്യേനയുള്ള മാലിന്യം ഇവിടെ തള്ളുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ റെയില്‍വേ പാളത്തിലും പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്നത് ഇല്ലാതാക്കാന്‍ ഫഌറ്റ് ഫോമിന്റെ പലഭാഗത്തും മാലിന്യ നിക്ഷേപത്തിന് ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിറയുന്നവ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനമില്ലാത്തതാണ് ഇത്തരത്തില്‍ ചെയ്യാന്‍ കാരണമെന്നും പറയുന്നു.

യാത്രക്കാരോട് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ടെങ്കിലും റെയില്‍വെ അധികൃതര്‍ ഇക്കാര്യത്തില്‍ അലസരാണ്. മറ്റെവിടെയുമില്ലാത്തവിധമുളള കൊതുക് പ്രജനന കേന്ദ്രമാണ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെ പ്രധാന ഫഌറ്റ് ഫോമിന് സമീപമുള്ള വെള്ളക്കെട്ട്. മലിനജലമുള്ള ഇവിടെ പുറമെനിന്നുള്ള മലിന്യവും കൂടി നിക്ഷേപിക്കുന്നതിലൂടെ രോഗങ്ങളുടെ പ്രഭവ കേന്ദ്രമാക്കുകയാണ് ചെയ്യന്നത്. റെയില്‍വെ അധീനതയിലുള്ള സ്ഥലമായതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്ന് നഗരസഭ അധികൃതരും പറയുന്നു. ഇത്തരത്തില്‍ പറയുന്ന നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ തന്നെ ദിവസങ്ങള്‍ക്ക് മുമ്പ് ഈ വെള്ളക്കെട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്ന കാഴ്ചയും നാട്ടുകാര്‍ കണ്ടു. സ്റ്റേഷനിലെ വെള്ളക്കെട്ട് മണ്ണിട്ട് നികത്തിയാല്‍ വാഹന പാര്‍ക്കിങിനും മറ്റ് ആവശ്യങ്ങള്‍ക്കും ഈ സ്ഥലം ഉപയോഗിക്കാമെന്നിരിക്കെ കൂടുതല്‍ മാലിന്യം നിക്ഷേപിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതുമൂലം രാത്രികാലങ്ങളില്‍ തീവണ്ടി കാത്തുനില്‍ക്കുന്ന യാത്രക്കാരും കൊതുകു കടിയേറ്റ് രോഗവാഹകരായി മാറുന്നു. മാലിന്യം പ്രത്യേക കുഴികളില്‍ നിക്ഷേപിച്ച് സമയബന്ധിതമായി സംസ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയ നിലയില്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts