ഉജ്ജയിനിയിലെ രാപ്പകലുകള്‍ ഇപ്പോള്‍ ഏറെ ഭക്തിഭരിതമാണ്. ഈശ്വരനിലേക്കെന്ന പോലെ ഏകമുഖമായി വിശ്വാസ മനസ്സുകള്‍ അങ്ങോട്ടൊഴുകുന്നു; സിംഹസ്ഥ കുഭമഹാപര്‍വ്വത്തില്‍ പങ്കാളികളാകാന്‍. ഭൂമിയിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളായ നാല് മഹാകുഭമേളകളിലൊന്ന്. ഭക്തി ലഹരിയില്‍ ദേഹവും ദേഹിയും ഭേദം മറന്ന്, സാധകനും സാധനയും സാധ്യവും ഒന്നായിത്തീരുന്ന വിശേഷാവസ്ഥ ഇവിടെ നിത്യകാഴ്ചയായി മാറുന്നു.
ഒരുപക്ഷേ സമാജോത്സവങ്ങളില്‍ മഹാകുഭമേളകളുടെ മാത്രം പ്രത്യേകതയുമാവാം ഇത്.
പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴാണ് സിംഹസ്ഥ കുംഭമേള നടക്കുന്നത്. ഒരുമാസത്തെ മേള ഏപ്രില്‍ 22 നാണ് തുടങ്ങിയത്. ഭാരതത്തില്‍ പ്രധാനമായും നാല് മഹാകുഭമേളകളാണ് നടക്കാറുള്ളത്. ഹരിദ്വാര്‍, പ്രയാഗ്, ഉജ്ജയിന്‍, നാസിക് എന്നിവിടങ്ങളില്‍ നടക്കാറുള്ള കുംഭമേളകളില്‍ കോടിക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കാറുള്ളത്.
ഐതിഹ്യത്തിലൂടെ
ചിത്ര ശുക്ല പൂര്‍ണിമയിലാണ് സംഹസ്ഥ കുംഭമേള നടക്കുന്നത്. സമുദ്രമഥനവുമായി ബന്ധപ്പെട്ടതാണ് കുംഭമേളയുടെ ഐതിഹ്യം. ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴിമഥനം നടത്തിയപ്പോള്‍ ലഭിച്ച അമൃത,് അസുരന്മാരില്‍ നിന്നും വീണ്ടെടുക്കുന്നതിനുള്ള പോരാട്ടത്തിനിടയില്‍ നാലിടങ്ങളില്‍ അമൃത് തുളുമ്പിവീണുവെന്നാണ് ഐതിഹ്യം. ഈ തുള്ളികള്‍ വീണ നാലിടങ്ങളിലാണ് മഹാകുംഭമേളകള്‍ നടക്കുന്നത്.
മധ്യപ്രദേശിലെ ഉജ്ജയിനിലൂടെ അമൃതപ്രവാഹവുമായി ഒഴുകുന്ന ക്ഷിപ്ര നദീതീരത്താണ് സിംഹസ്ഥമേള. ജ്യോതിശാസ്ത്രപരമായും സവിശേഷത അര്‍ഹിക്കുന്ന ഈ ദിവസങ്ങളില്‍ ക്ഷിപ്ര നദിയില്‍ നടത്തുന്ന പുണ്യസ്‌നാനത്തിലൂടെ എല്ലാ പാപങ്ങളും നീക്കിആത്മാവിനെ ശുദ്ധീകരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഏകദേശം അഞ്ച് കോടിയോളം ഭക്തരാണ് ഈ പുണ്യം തേടി ഇവിടേക്ക് പ്രവഹിക്കാറുള്ളത്. ഉജ്ജയിനിയില്‍ ഈ കുംഭമേള തുടങ്ങിയത് 18-ാം നൂറ്റാണ്ടിലാണ്.
സിംഹസ്ഥ കുംഭ മഹാപര്‍വം 2016
ആത്മാവിന്റെ ശുദ്ധീകരണത്തിനായി, ഈശ്വരനാമം ഉരുവിട്ട്, ലിംഗഭേദമില്ലാതെ വന്നെത്തുന്ന അനേകലക്ഷങ്ങള്‍. കാവി വസ്ത്രമണിഞ്ഞ് ദേഹം മുഴുവന്‍ ഭസ്മം ധരിച്ചവര്‍, വസ്ത്രമേ ധരിക്കാത്ത നാഗ സന്യാസിമാര്‍ എല്ലാവരും ഒത്തുചേരുമ്പോള്‍ ലൗകികതയുടെ ബാഹ്യമോടികള്‍ ഇവിടെ അപ്രസക്തമാകുന്നു. ഒരുമാസം നീളുന്ന കുംഭമേള 3,000 ത്തില്‍ അധികം ഹെക്ടറിലായാണ് നടക്കുക.
ആറ് മണ്ഡലങ്ങളായിട്ടാണ് ഓരോ പ്രദേശത്തേയും തിരിച്ചിരിക്കുന്നത്. മഹാകാല്‍, ദത്ത അഖാഡ, മംഗള്‍നാഥ്, കാലഭൈരവ , ത്രിവേണി , ചാമുണ്ഡ മാത എന്നിങ്ങനെ ആറ് മണ്ഡലങ്ങള്‍. കുംഭമേളയുടെ ഭാഗമായി വന്‍ സജ്ജീകരണങ്ങളാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. മെയ് 21 വരെയാണ് മേള.
ആറ് സാറ്റലൈറ്റ് ടൗണുകളാണ് ഇതോടനുബന്ധിച്ച് തയ്യാറാക്കിയത്. കലാപരിപാടികള്‍, സാംസ്‌കാരിക മേളകള്‍, പ്രദര്‍ശനങ്ങള്‍, കായിക മത്സരങ്ങള്‍ തുടങ്ങി നിരവധി പരിപാടികളാല്‍ സമ്പന്നവുമാണ് കുംഭമേള. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് മധ്യപ്രദേശ് സര്‍ക്കാരിന്റേത്. 51 പ്രത്യേക പോലീസ് സ്‌റ്റേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു.
പുണ്യസ്‌നാനത്തിന്റെ പ്രാധാന്യം
കുംഭമേള സമയത്ത് ക്ഷിപ്ര നദിയിലെ സ്‌നാനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വൈശാഖ, ശുക്ലപക്ഷത്തില്‍ വ്യാഴം മേടരാശിയിലും സൂര്യന്‍ സിംഹ രാശിയിലും (ചിങ്ങരാശി), ചന്ദ്രന്‍ തുലാം രാശിയിലും നില്‍ക്കുന്നത് അത്യന്തം ശുഭകരമാണെന്നാണ് വിശ്വാസം. വൈശാഖ കൃഷ്ണ അമാവാസി (മെയ് ആറ്), ശുക്ല ത്രിതീയ (മെയ് ഒമ്പത്), ശുക്ല പഞ്ചമി (മെയ് 11), പൂര്‍ണിമ (മെയ് 21) എന്നീ ദിവസങ്ങള്‍ പുണ്യസ്‌നാനത്തിന് ഉത്തമമെന്നാണ് വിശ്വാസം.
സ്‌കന്ദപുരാണത്തില്‍ കുംഭമേളയിലെ സ്‌നാനത്തിന്റെ പ്രാധാന്യം എന്തെന്ന് വിശദമാക്കുന്നുണ്ട്. നൂറ് മഹാസ്‌നാനങ്ങള്‍ക്കും നര്‍മദാ നദിയില്‍ നടത്തുന്ന കോടിക്കണക്കിന് സ്‌നാനത്തിനും തുല്യമാണെന്നും ആയിരം അശ്വമേധ യാഗം നടത്തുന്നതിന്റെ ഫലമാണ് ഇതിലൂടെ നേടാന്‍ സാധിക്കുന്നതെന്നും സ്‌കന്ദപുരാണത്തില്‍ പറയുന്നു.
മതപരമായ പ്രത്യേകതകള്‍ക്കുപുറമെ സാമൂഹിക പ്രാധാന്യവും കുംഭമേളയ്‌ക്കുണ്ട്. സന്യാസിമാരും പുരോഹിതരും മത മേധാവികളും ഇവിടെ ഒത്തുചേരുന്നു. സാധാരണക്കാര്‍ക്ക് ഇവരുടെ സാന്നിധ്യത്തിലൂടെ ലഭിക്കുന്ന ആത്മീയ ഉണര്‍വും വലുതായിരിക്കും.
സ്‌നാനഘട്ടുകള്‍
രാംഘട്ട്, ത്രിവേണി ഘട്ട്, ഗംഗാ ഘട്ട്, മംഗള്‍നാഥ് ഘട്ട്, ഗൗ ഘട്ട്, കബീര്‍ ഘട്ട്, സിദ്ധ്‌വാദ് ഘട്ട് തുടങ്ങി നിരവധി കടവുകളാണ് സ്‌നാനത്തിനായുള്ളത്. ആചാരങ്ങള്‍ക്കൊണ്ടും വിശ്വാസങ്ങള്‍ക്കൊണ്ടും വ്യത്യസ്തരായ സന്യാസി സമൂഹങ്ങളെല്ലാം ഇവിടെയെത്തുന്നത് ഒരേ ലക്ഷ്യം മനസ്സില്‍ കണ്ടുകൊണ്ടാണ്. ഇതില്‍ യോഗികളുണ്ട്, തന്ത്രവിദ്യ വശമാക്കിയവരുണ്ട്, തീര്‍ത്ഥാടകരുണ്ട്, വിനോദ സഞ്ചാരികളുണ്ട്. നാനാത്വത്തില്‍ നിന്നുകൊണ്ട് ഏകത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഭാരതീയ ദര്‍ശനമെന്തെന്ന് അനുഭവിക്കുവാനുള്ള അവസരമാണ് സിംഹസ്ഥ കുംഭമേള.
കുംഭമേളയും ടൂറിസവും
കോടിക്കണക്കിന് ആളുകള്‍ വന്നുചേരുന്ന സിംഹസ്ഥ മഹാകുംഭമേളയ്‌ക്കായി മികച്ച മുന്നൊരുക്കങ്ങളാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയ്‌ക്കുവേണ്ടി മാസങ്ങള്‍ക്കുമുന്നേതന്നെ സജ്ജീകരണങ്ങള്‍ തുടങ്ങിയിരുന്നു. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുവര്‍ഷം മുന്നേ തന്നെ വിവിധ രാജ്യങ്ങളുമായി സഹകരണം ആരംഭിച്ചിരുന്നു.
ഭാരതത്തിന്റെ സംസ്‌കാരത്തില്‍ ആകൃഷ്ടരായ നിരവധി വിദേശികള്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ ഉജ്ജയിനിയില്‍ എത്തും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അന്താരാഷ്‌ട്ര ശ്രദ്ധയും ഇതിനോടകം തന്നെ കുംഭമേളകള്‍ക്ക് ലഭിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ മധ്യപ്രദേശിന്റെ വിനോദസഞ്ചാരമേഖലയ്‌ക്കും പുത്തന്‍ ഉണര്‍വ് ലഭിക്കുമെന്ന പ്രതീക്ഷയും ഭരണാധികാരികള്‍ക്കുണ്ട്. ഭാരതത്തിലെത്തുന്ന വിദേശീയര്‍ക്ക് വൈദ്യസഹായവും ബാങ്കിങ് സേവനങ്ങളും മറ്റ് സുരക്ഷയും എല്ലാം ഒരുക്കുന്നതിന് മധ്യപ്രദേശ് ടൂറിസം വകുപ്പ് മികച്ച തയ്യാറെടുപ്പുകളുമാണ് നടത്തിയിട്ടുള്ളത്.
ഏകദേശം 3,500 കോടി രൂപയായിരുന്നു കുംഭമേളയ്‌ക്കായ് നീക്കിവച്ചിരുന്നതെങ്കിലും ഇത് 5,000 കോടിയിലെത്തി. 2004 ല്‍ സിംഹസ്ഥ കുംഭമേളയ്‌ക്കായി നീക്കിവച്ചിരുന്നതിന്റെ 10 ഇരട്ടിയിലധികം വര്‍ധനവാണ് ഇപ്പോഴുള്ളത്. കുംഭമേളയോട് അനുബന്ധിച്ച് വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് മധ്യപ്രദേശ് സാക്ഷ്യം വഹിക്കുന്നത്. 14 ഓളം പാലങ്ങളും റോഡുകളുമാണ് 362 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്നത്. കൂടാതെ 450 കിടക്കകളോട് കൂടിയ ആശുപത്രിയും നിര്‍മ്മിച്ചിട്ടുണ്ട്. 34,000 ത്തോളം ശൗചാലയങ്ങളുടെ നിര്‍മാണവും പൂര്‍ത്തിയായിക്കഴിഞ്ഞു.
സിംഹസ്ഥ കുംഭമേളയുടെ ആത്മീയ ഭാവം ഒപ്പിയെടുക്കുന്നതിനുള്ള പ്രോത്സാഹനവും മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതിനായി പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഏത് സംസ്ഥാനക്കാര്‍ക്കും രണ്ട് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. പ്രൊഫഷണല്‍, അമച്വര്‍ വിഭാഗങ്ങളിലായിട്ടാണ് മത്സരം. മെയ് 30 നകം http://www.simhasthujjain.in/photo-contest PhotoContest@ simhasthujjain.in.-
എന്ന വിലാസത്തിലാണ് ഫോട്ടോ അയയ്‌ക്കേണ്ടത്. ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.
അതെ, ലോകത്തിന്റെ കണ്ണുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭാരതത്തിലേക്കുതന്നെയാണ്. ഇവിടുത്തെ ആത്മീയതയും സംസ്‌കാരവും മറ്റൊരു ലോകത്തിനും അവകാശപ്പെടാനുമില്ല. നിരര്‍ത്ഥകമായ ലൗകിക ജീവിതത്തില്‍ നിന്നും ആത്മാനുഭൂതി തേടലാണ് യഥാര്‍ത്ഥ ലക്ഷ്യം എന്ന് പാശ്ചാത്യരും മനസ്സിലാക്കിവരുന്നു. ഇവിടെയാണ് കുംഭമേളകളുടെ പ്രസക്തി. അവിടെ ആത്മാനന്ദത്തില്‍ ലയിക്കുന്നവരെയാണ് കാണാന്‍ സാധിക്കുക. അവര്‍ ഒന്നും അവകാശപ്പെടുന്നില്ല. ആഗ്രഹിക്കുന്നുമില്ല, ആത്യന്തികമായ മോക്ഷപ്രാപ്തിയല്ലാതെ, അതു നേടുന്നതുവരെയുള്ള പാപമുക്തിയല്ലാതെ.
”നമ്മുടെ രാഷ്‌ട്രത്തിന്റെ ഒരു വിശേഷതയാണ് കുംഭമേള. കുംഭമേള വിനോദസഞ്ചാരത്തിന്റെയും ആകര്‍ഷണകേന്ദ്രമാകാവുന്നതാണ്. നദീതീരത്ത് കോടിക്കണക്കായുള്ള ജനങ്ങള്‍ ദിവസങ്ങളോളം വന്നുതങ്ങുന്നുവെന്ന വിവരം ലോകത്ത് കുറച്ചാളുകള്‍ക്ക് മാത്രം അറിയാവുന്ന കാര്യമാണ്. ശാന്തമനസ്‌ക്കരായി ശാന്തിപൂര്‍ണമായ അന്തരീക്ഷത്തില്‍ ഈ മഹോത്സവം സമ്പൂര്‍ണമാകുന്നു. ഇവിടുത്തെ കാര്യങ്ങള്‍ ഓര്‍ഗനൈസേഷന്റെ ദൃഷ്ടിയിലും ഇവന്റ്മാനേജ്‌മെന്റിന്റെ ദൃഷ്ടിയിലും ജനപങ്കാളിത്തത്തിന്റെ ദൃഷ്ടിയിലും വളരെ ഉന്നത മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നവ തന്നെയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വളരെയധികം ആളുകള്‍ സിംഹസ്ഥകുംഭചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തുവരുന്നുവെന്ന കാര്യം എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എനിയ്‌ക്ക് ഒരു ആഗ്രഹം തോന്നുന്നുണ്ട്, ഭാരത സര്‍ക്കാരിന്റെ വിനോദ സഞ്ചാരവകുപ്പും സംസ്ഥാന സര്‍ക്കാരിന്റെ വിനോദ സഞ്ചാരവകുപ്പും ഇതുമായി ബന്ധപ്പെട്ട് ഒരു ഫോട്ടോ മത്സരം സംഘടിപ്പിക്കണമെന്ന്. അതുപോലെതന്നെ ഒന്നിനൊന്ന് മെച്ചപ്പെട്ട ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനും ആവശ്യപ്പെടുക. കുംഭമേളവേദിയിലെ മുക്കിലും മൂലയിലും എത്രമാത്രം വൈവിധ്യപൂര്‍ണമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള അന്തരീക്ഷം സംജാതമാകുന്നതെന്നും ആളുകള്‍ക്ക് മനസ്സിലാകും. തീര്‍ച്ചയായും ഇത് ചെയ്യാനുള്ള കാര്യം തന്നെയാണ്.
മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യവേ അദ്ദേഹം പറയുകയുണ്ടായി, ഞങ്ങള്‍ ശുചിത്വത്തിന് പ്രത്യേകം ഊന്നല്‍ നല്കിയിട്ടുണ്ടെന്ന്. ശുചിത്വം മേളയില്‍ മാത്രമല്ല, ശുചിത്വസന്ദേശവുമായിട്ടായിരിക്കും മേളയില്‍ പങ്കെടുക്കുന്ന ഓരോ ആളും അവിടെ നിന്നും മടങ്ങുക. കുംഭമേള വാസ്തവത്തില്‍ ഒരു ആധ്യാത്മിക കാര്യമാണെങ്കിലും നമുക്ക് അതിനെ ഒരു സാമൂഹിക സാംസ്‌കാരിക സംരംഭം ആയിക്കൂടി മാറ്റാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു.
നല്ല നല്ല തീരുമാനങ്ങളും ശീലങ്ങളും സ്വീകരിച്ച് ഗ്രാമാന്തരങ്ങളില്‍വരെ അവ എത്തിക്കാനും കഴിയും. കുംഭമേളയിലൂടെ ജലത്തിനോടുള്ള ആഭിമുഖ്യം ജലത്തോടുള്ള പ്രതിപത്തി ജലസംഭരണത്തിനുള്ള താല്പര്യം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ഈ കുംഭമേളയിലൂടെ പ്രദാനം ചെയ്യാന്‍ കഴിയും. നാം അതൊക്കെ ചെയ്യുകതന്നെ വേണം.” ഏറ്റവും പുതിയ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: