Categories: Kannur

കോഴിക്കോട് -ചെറുവത്തൂര്‍ റെയില്‍പാത വൈദ്യുതീകരണം പൂര്‍ത്തിയായി ഇലക്ട്രിക് ട്രെയിന്‍ സര്‍വ്വീസ് ഉടന്‍ ആരംഭിക്കും

Published by

കണ്ണൂര്‍: കോഴിക്കോട് മുതല്‍ ചെറുവത്തൂര്‍ വരെയുള്ള റെയില്‍പാത വൈദ്യുതീകരണം പൂര്‍ത്തിയായി. ട്രയല്‍ റണ്‍ നടത്താനുള്ള ഒരുക്കങ്ങള്‍ റെയില്‍വേ ആരംഭിച്ചു. ട്രെയിനിന്റെ എന്‍ജിന്‍ ഷൊര്‍ണൂരില്‍ നിന്ന് ലഭിച്ചാല്‍ ഉടന്‍ പരീക്ഷണ ഓട്ടം നടത്തും. കണ്ണൂര്‍ സൗത്തില്‍ ട്രാക്ഷന്‍ സബ് സ്‌റ്റേഷന്‍ നിര്‍മാണവും പൂത്തിയായിട്ടുണ്ട്. യാത്രക്കാരെയും കയറ്റിക്കൊണ്ടുള്ള വൈദ്യുത തീവണ്ടി സര്‍വീസിന് റെയില്‍വേയുടെ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. പരീക്ഷണ ഓട്ടത്തിനു മുന്നോടിയായി കണ്ണൂര്‍ മുതല്‍ ചെറുവത്തൂര്‍ വരെ ടവര്‍ കാര്‍ ഉപയോഗിച്ച് നടന്നുവരുന്ന റിലേ ടെസ്റ്റ് ഇന്നലേയും തുടര്‍ന്നു. ഇതിന്റെ ‘ഭാഗമായുളള സുരക്ഷാ മുന്നൊരുക്കങ്ങളും പരിശോധനകളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പരീക്ഷണ ഓട്ടത്തിനു ശേഷം റെയില്‍വേയുടെ സേഫ്റ്റി കമ്മീഷണര്‍ ഇക്കാര്യം പരിശോധിച്ച് അനുമതി നല്‍കിയാല്‍ അടുത്ത മാസം മുതല്‍ തന്നെ യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള ഇലക്ട്രിക് ട്രെയിനുകള്‍ ചെറുവത്തൂര്‍ വരെ ഓടിക്കാനാകുമെന്ന് റെയില്‍വെ ഇലട്രിഫിക്കേഷന്‍ ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ വി.കെ.മനോഹരന്‍ ജന്മഭൂമിയോട് പറഞ്ഞു. ചെറുവത്തൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള വൈദ്യുതീകരണം നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മംഗലാപുരം വരെയുള്ള വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ മാത്രമേ കണ്ണൂരിലൂടെ ഓടുന്ന എല്ലാ ട്രെയിനുകളും വൈദ്യതി ഉപയോഗിച്ചു കൊണ്ട് ഓടിക്കാന്‍ കഴിയുകയുള്ളൂ.

കോഴിക്കോട് മുതല്‍ ചെറുവത്തൂര്‍ വരെയുള്ള റെയില്‍വേ ലൈനില്‍ 25 കെ.വി വൈദ്യൂതിയാണ് കടത്തിവിടുന്നത്. അതിനാല്‍ യാത്രക്കാരും പരിസരവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടു മീറ്റര്‍ ചുറ്റളവില്‍ വരെ വൈദ്യൂതി പ്രവഹിക്കുന്നതിനാല്‍ ഷോക്കടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വൈദ്യുതി ലൈനില്‍ മരങ്ങളോ മരത്തിന്റെ ചില്ലകളോ മറ്റോ തട്ടുന്നുണ്ടെങ്കില്‍ ഉടന്‍തന്നെ റെയില്‍വെ അധികൃതരെ അറിയിക്കണം. മഴക്കാലങ്ങളില്‍ മരങ്ങളും ചില്ലകളും വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നില്‍ക്കാന്‍ സാധ്യതയുളളതിനാല്‍ ഈ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇവര്‍ പറഞ്ഞു. ചെറുവത്തൂര്‍ വരെ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതിനാല്‍ ഷൊര്‍ണൂര്‍ വരെ ഓടിയെത്തുന്ന വൈദ്യുത തീവണ്ടികള്‍ എന്‍ജിന്‍ മാറ്റുന്നതിനായി ഏറെ നേരം നിര്‍ത്തിയിടുന്നത് ഒഴിവാക്കാനാകും. വൈദ്യുതി ഉപയോഗിച്ച് ഓടുന്നതിനാല്‍ മെമു പോലുള്ള ഹ്രസ്വദൂര സര്‍വ്വീസുകള്‍ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ ആരംഭിക്കാനും സാധിക്കും. കൂടാതെ റെയില്‍പാത വൈദ്യുതീകരിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം വളരെയധികം കുറയ്‌ക്കാനാകും. ഭീമമായ തുകയ്‌ക്ക് എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കാനും ഇതിലൂടെ സാമ്പത്തികഭദ്രത കൂട്ടാനും വഴിയൊരുക്കും. വൈദ്യുതി ഉപയോഗിക്കുന്നതിലൂടെ തീവണ്ടിയുടെ വേഗത പെട്ടെന്ന് വര്‍ധിപ്പിക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ പെട്ടെന്ന് വേഗത കുറക്കാനും കഴിയും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by