Categories: Entertainment

സജിന്‍ലാലിന് സിനിമ പങ്കുവെക്കലാണ്

Published by

ഒന്നിനു പിറകെ ഒന്നായി രണ്ടു ചിത്രങ്ങള്‍ റിലീസ് ചെയ്യുക. രണ്ടു ചിത്രങ്ങള്‍ക്കു കരാറാവുക. ഇങ്ങനെയൊരു സംവിധായകനെക്കുറിച്ച് എന്തായിരിക്കും പറയുക. അപൂര്‍വ സൗഭാഗ്യമെന്ന്. ശരിയാണ്. പക്ഷേ ദൈവാനുഗ്രഹമെന്നു പറഞ്ഞ് വിനയത്താല്‍ തലകുനിക്കുകയാണ് സജിന്‍ ലാല്‍. ആദ്യചിത്രം ക്രയോണ്‍സ് ഉടനെ റിലീസ് ചെയ്യും. തുടര്‍ന്ന് താങ്ക്യു വെരിമച്ച്.

കിട്ടുന്ന അനുഗ്രഹം മറ്റുള്ളവരോടൊപ്പം പങ്കുവെക്കുകകൂടി വേണമെന്നുണ്ട് സജിന്. അതുകൊണ്ടാണ് സാമൂഹ്യ പ്രസക്തിയുള്ള പ്രമേയവും പുതിയവരെ വിവിധ രംഗങ്ങളില്‍ പങ്കെടുപ്പിക്കുന്നതും. അഭിനയം,തിരക്കഥ, ഗാനരചന, സംഗീതം എന്നുവേണ്ട എല്ലാ മേഖലകളിലും പുതുമക്കാരെക്കൊണ്ട് സജീവമാണ് രണ്ടു സിനിമകളും.

ചിലപ്പോള്‍ ഒന്നു ചിരിച്ചാല്‍വതി ഒരു വസന്തം പൂക്കാനെന്നും ഒരു തലോടല്‍ മതി ജീവിക്കാനെന്നും സജിന്‍ ലാല്‍ പറയുന്നു. അര്‍ഹതപ്പെട്ട അംഗീകാരമോ പരിഗണനയോ ഇല്ലാതെ അവഗണിക്കപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതും വലിച്ചെറിയപ്പെട്ടതുമായ ജീവിതത്തിന്റെ നിസംഗതയുടെ ആഴങ്ങളിലേക്കിറങ്ങുകയാണ് രണ്ടു ചിത്രങ്ങളിലും സജിന്‍.

കിളിരാകുമ്പോള്‍തന്നെ പറിച്ചെറിയപ്പെട്ട ബാല്യങ്ങളും ജീവിതത്തിനിടയില്‍ വഴിതെറ്റിപ്പോയി ഒറ്റപ്പെട്ട മുതിര്‍ന്നവരുടെയും വ്യസന സമുച്ചയങ്ങളെ പരിചിത പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ഈ സംവിധായകന്‍. പ്രകൃതിയെ അനുസരിക്കാതെയുള്ള തകൃതിയില്‍ എല്ലാം തകരുമെന്ന സന്ദേശം സിനിമയില്‍ വായിച്ചെടുക്കാം.

തന്റെ രംഗത്ത് ഇരുപതു വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവുമായിട്ടാണ് സജിന്‍ ലാല്‍ സിനിമ ചെയ്തത്. സ്‌കൂള്‍, കോളേജ് കാലത്ത് നാടക-മോണോ ആക്ട് കമ്പമുണ്ടായിരുന്നു. നിരവധി അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍ പിന്നെ കലയില്‍ പിടിച്ചു നില്‍ക്കാമെന്നൊക്കെ ഒരു ബലമായി. വര്‍ഷങ്ങളോളം ദുബായ് മീഡിയ സിറ്റിയില്‍ ജോലി ചെയ്തു. സ്റ്റുഡിയോ സിറ്റിയില്‍ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു. ദൂരദര്‍ശന്‍ ഉള്‍പ്പെടെ പ്രമുഖ ചാനലില്‍ ഏഴോളം സീരിയലുകള്‍ ചെയ്തു. ജനം ടിവിയില്‍ അടുത്തിടെ ചെയ്ത സ്വാമി വിവേകാനന്ദന്‍ വന്‍ ജനപ്രീതി നേടി. ഇവന്റ് മാനേജ്‌മെന്റ് ഡയറക്ടറായി സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നൂറോളം പരിപാടികള്‍ ചെയ്തു.

എന്തിലും ചിലവുകുറച്ച് കാര്യങ്ങള്‍ നന്നാക്കുന്നതാണ് സജിന്‍ ലാലിന്റെ ശൈലി. സിനിമയും അങ്ങനെ തന്നെ. അതൊരു നിലനില്‍പ്പിന്റെ പ്രശ്‌നം മാത്രമല്ല, നിലവാരത്തിന്റെ അടയാളം കൂടിയാണ്. പണം മുടക്കുന്നവന്‍ നാളേയും ഉണ്ടാകണം. പുറത്തിറങ്ങുന്ന രണ്ടു ചിത്രങ്ങളും ഇത്തരത്തില്‍ വാര്‍ത്തെടുക്കപ്പെട്ടവയാണ്. ഗുരുവായ ഭരണിക്കാവ് ശിവകുമാര്‍ കാട്ടിത്തന്നതും ഇത്തരം നന്മകളുടെ എപ്പിസോഡുകളാണ്.

ഡോ.ഫയാസാണ് ക്രയോണ്‍സിന്റെ തിരക്കഥാകൃത്ത്. രവിശങ്കര്‍ ആദ്യമായി സംഗീതം പകരുന്നു. താങ്ക്യു വെരിമച്ചിന്റെ തിരക്കഥാകൃത്ത്് അജിത് കുമാറാണ്.

ലാമുല്‍ പിയുടേയും ജി.പി. ശാന്തകുമാരിയുടേയും മകനായ സജിന്‍ലാല്‍ തിരുവനന്തപുരത്ത് പാറ്റൂരില്‍ താമസിക്കുന്നു. ഭാര്യ ചന്ദ്രപ്രഭ ടീച്ചറാണ്. മകന്‍ ശബരീകൃഷ്ണന്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. രണ്ടു ചിത്രങ്ങളിലും ശബരി അഭിനയിച്ചിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by