നമ്മുടെ നാട്ടില്‍ സ്റ്റുഡിയോയും ഫോട്ടോപിടുത്തക്കാരും നന്നേ കുറവായിരുന്ന ഒരുകാലമുണ്ടായിരുന്നു. മുത്തശ്ശിമാരുടെ വാക്ക് പോട്ടംപിടുത്തക്കാര്‍ എന്നായിരുന്നു. നാട്ടിന്‍പുറത്തൊന്നും ഒരു സ്റ്റുഡിയോ പോലും ഉണ്ടാവില്ല. ഫോട്ടോ എടുക്കണമെങ്കില്‍ ദൂരെയെവിടെയെങ്കിലും പോവണം. ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളായിരുന്നു ഏറെയും. വിവാഹ ആല്‍ബങ്ങളൊന്നും പ്രചുരപ്രചാരം നേടിയിട്ടുമില്ല. നവദമ്പതിമാരൊക്കെ സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുക്കുകയായിരുന്നു പതിവ്. അങ്ങനെ വല്ലപ്പോഴുമൊക്കെയെടുത്ത കുടുംബ ഫോട്ടോകളിലൂടെയാണ് നാം നമ്മുടെ പഴമക്കാരെ കണ്ടിരിക്കുന്നത്.
ഫോട്ടോഗ്രാഫര്‍ക്കുമുന്നില്‍ ഒരുതരം കൃത്രിമച്ചിരിയോടെ, മനസ്സില്ലാ മനസ്സോടെ നിന്നിരുന്ന കാലം. സ്‌മൈല്‍ പ്ലീസ് എന്ന് ക്യാമറയ്‌ക്കു പിന്നില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ പറയുമ്പോള്‍ കഷ്ടപ്പെട്ടു വിടരുന്ന ചിരിയ്‌ക്കൊപ്പം മിന്നിമറയുന്ന ഭാവം വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തില്‍ നടന്‍ ശ്രീനിവാസന്‍ ഭംഗിയായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കാവട്ടെ ഫോട്ടോ എടുക്കണം എന്നുപറയുമ്പോഴേ മുഖത്ത് നാണം തിങ്ങും. വേണോ വേണ്ടയോ എന്ന് ശങ്കിച്ച്, ഇവിടെ നോക്ക് എന്ന് ഫോട്ടോഗ്രാഫര്‍ പറയുമ്പോള്‍ പേടിച്ചരണ്ട മാനിനെപ്പോലെയാവും അവള്‍. പ്രധാനമായും കല്യാണ ആലോചനകള്‍ വരുമ്പോഴായിരിക്കും പലരും സ്റ്റുഡിയോയിലെത്തി ഫോട്ടോ എടുക്കാന്‍ തയ്യാറാവുക.
ഇതൊക്കെ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സ്ഥിതിയാണ്. എന്നാലിന്ന് കഥമാറി. എല്ലാവരും ഫോട്ടോഗ്രാഫര്‍മാരാണ്. കൈയിലിരിക്കുന്ന മൊബൈലാണ് ഇപ്പോള്‍ താരം. ആള്‍ക്കൂട്ടത്തിനിടയിലും കല്യാണവീട്ടിലും ഓഫീസിലും കോളേജിലും ബസിലും എന്തിനേറെ മരണവീട്ടില്‍പ്പോലും ഫോട്ടോ എടുപ്പുകാരാണ്. സെല്‍ഫി എന്ന ഓമനപ്പേരിട്ട് അവനവന് അവനവനെത്തന്നെ പ്രദര്‍ശിപ്പിക്കാനുള്ള തിടുക്കം. രണ്ട് വര്‍ഷം മുമ്പ് വേഡ് ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഒരുവാക്കുണ്ട്. അതാണ് സെല്‍ഫി. ഇന്ന് സമയ, സന്ദര്‍ഭ ഭേദമന്യേ സെല്‍ഫിയെടുക്കാനുള്ള ആവേശമാണ് പലര്‍ക്കും.
എന്താണ് സെല്‍ഫി
മൊബൈല്‍ ക്യാമറയോ ഡിജിറ്റല്‍ ക്യാമറയോ ഉപയോഗിച്ച് ഒരു വ്യക്തി അയാളുടെ സ്വന്തം ഫോട്ടോ എടുക്കുന്നതാണ് സെല്‍ഫി. സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ട്വിറ്ററും ഇപ്പോഴത്തെ ട്രെന്‍ഡ് ആയ വാട്‌സ് ആപ്പും എല്ലാം ജനപ്രിയമായതോടെയാണ് സെല്‍ഫിയ്‌ക്കും ഇത്രകണ്ട് സ്വീകാര്യത ലഭിച്ചുതുടങ്ങിയത്. എവിടെയെങ്കിലും നിന്ന് സ്വന്തം ഫോട്ടോ എടുക്കുന്നതുമാത്രമല്ല, ഗ്രൂപ്പ് സെല്‍ഫിയെടുക്കുന്നതും ആളുകള്‍ ഒരേപോലെ ഇഷ്ടപ്പെടുന്നു.
സെല്‍ഫിയുടെ ചരിത്രം
1839 ല്‍ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ റോബര്‍ട്ട് കോര്‍ണേലിയസ് ആണ് ക്യാമറില്‍ തന്നെത്തന്നെ സ്വയം പകര്‍ത്തിയത്. സെല്‍ഫിയുടെ ചരിത്രം ഇവിടെനിന്നാണ് ആരംഭിക്കുന്നത്. ഈ സെല്‍ഫി പുറത്തുവന്നിട്ടിമ്പോള്‍ 175 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. കോര്‍ണേലിയസിന് 30 വയസുള്ളപ്പോള്‍ തന്റെ പിതാവിന്റെ കടയുടെ പിറകില്‍വച്ചാണ് ഫോട്ടോ എടുത്തത്. ക്യാമറയുടെ ലെന്‍സ് ക്യാപ് മാറ്റി സമയം ക്രമീകരിച്ചശേഷം ഫ്രെയിമിലേക്ക് വന്ന് ഏകദേശം അഞ്ച് മിനിട്ടുനുശേഷമാണ് ഫോട്ടോ പിടിച്ചത്. സെല്‍ഫ് പോട്രേറ്റ് ഫോട്ടോഗ്രഫി എന്ന വാക്ക് ചുരുങ്ങിയാണ് സെല്‍ഫിയായത്. കണ്ണാടിയില്‍ തെളിഞ്ഞ സ്വന്തം രൂപം ക്യാമറയില്‍ ഒതുക്കുമ്പോള്‍ റഷ്യന്‍ രാജകുമാരി അനസ്‌ത്യേഷ്യ നികോള്‍വെനയുടെ പ്രായം 13. 1914 ലാണ് ഈ സംഭവം.
സമൂഹമാധ്യമങ്ങള്‍ സജീവമായ 2000ത്തിന്റെ തുടക്കത്തിലാണ് സെല്‍ഫിയെന്ന വാക്കും ജനകീയമാകുന്നത്. മൈ സ്‌പേസ് രംഗപ്രവേശം ചെയ്തതോടെ സെല്‍ഫിയും സര്‍വസാധാരണമായി. ഫേസ്ബുക്ക് മൈസ്‌പേസിനേക്കാള്‍ ഇടം നേടിയപ്പോള്‍ പ്രൊഫൈല്‍ പിക്ചറുകളായി സെല്‍ഫി ഫോട്ടോകള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങി.
ഭാരതത്തില്‍ സെല്‍ഫി എന്ന വാക്ക് ഏറ്റവും കൂടുതല്‍ കൂട്ടിവായിക്കപ്പെടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമാണ്. അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിന്റെ സെല്‍ഫി ചര്‍ച്ചയായി. സാധാരണക്കാര്‍ മുതല്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍വരെ മോദിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സരിച്ചു. അദ്ദേഹം സന്ദര്‍ശിക്കുന്ന രാജ്യങ്ങളില്‍ നിന്നെല്ലാമുള്ള മനോഹരമായ സെല്‍ഫികള്‍ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം പോസ്റ്റുചെയ്തു. നിരവധിപേരാണ് ആ ഫോട്ടോകള്‍ ലൈക്കും ഷെയറും ചെയ്തിരിക്കുന്നത്.
അതേസമയം സെല്‍ഫിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ ചീത്തപ്പേര് കേട്ട ജനനേതാവും മോദിതന്നെ. ജനങ്ങളില്‍ നിന്നും ഒരകലം പാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തന ശൈലി പിന്തുടര്‍ന്ന മുന്‍കാല പ്രധാനമന്ത്രിമാരുടെ ചരിത്രം തിരുത്തിക്കുറിക്കുവാനും മോദിക്ക് സാധിച്ചു. ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്തുകൊണ്ട് യാത്രക്കാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് കുശലം പറഞ്ഞു, മോദി. അന്നത്തെ ആ സെല്‍ഫികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. വിദേശയാത്രകളില്‍ സെല്‍ഫിയെടുക്കാനാണ് മോദി ഏറെ താല്‍പര്യം കാണിക്കുന്നതെന്ന് വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍പോലും ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടത്തിയ ദീപാവലി ആഘോഷത്തില്‍ മോദിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തിക്കും തിരക്കും കൂട്ടി.
സെല്‍ഫി വിത്ത് ഡോട്ടര്‍
രാജ്യത്തെ ജനത പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നു എന്ന് വിളിച്ചോതുന്നതായിരുന്നു സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന മോദിയുടെ ആഹ്വാനം. ജൂണില്‍ നടന്ന മന്‍ കി ബാത്ത് റേഡിയോ പരിപാടിയിലൂടെയാണ് പെണ്‍മക്കളുടെ ക്ഷേമത്തിനായി സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തുന്നതിന് അദ്ദേഹം ആഹ്വാനം നല്‍കിയത്. മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കള്‍ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. സെല്‍ഫി വിത്ത് ഡോട്ടര്‍ എന്നാണ് ഇതിന് നല്‍കിയ ഹാഷ് ടാഗ്.
ദേശീയ തലത്തില്‍ മാത്രമല്ല, അന്തര്‍ദേശീയ തലത്തിലും ഈ ആശയം ഹിറ്റാകുകയും പൂര്‍ണ പിന്തുണ നേടുകയും ചെയ്തു. മന്ത്രിമാരും ക്രിക്കറ്റ് താരങ്ങളായ സച്ചിനും ശിഖര്‍ ധവാനും പാര്‍ഥിവ് പട്ടേലും ഉള്‍പ്പടെയുള്ളവര്‍ സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന ആശയത്തിന് പിന്തുണ നല്‍കി മകളോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
പ്രശസ്തരും സെല്‍ഫിയും
സെല്‍ഫിയെടുക്കുന്ന കാര്യത്തില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്നവര്‍പോലും മോശമല്ല. അത്തരം സെല്‍ഫികള്‍ക്ക് നിമിഷനേരം കൊണ്ടാണ് ലൈക്കും ഷെയറുമെല്ലാം കിട്ടുന്നത്. പ്രശസ്തരെയെല്ലാ ഒട്ടും ഔപചാരികതയില്ലാതെ കാണം എന്നതാണ് ഇത്തരം സെല്‍ഫികളുടെ പ്രത്യേകത.
ചില സെല്‍ഫികള്‍ ചരിത്രത്തില്‍ ഇടം നേടിയ സംഭവങ്ങളുമുണ്ട്. 86-ാമത് ഓസ്‌കാര്‍ പുരസ്‌കാരവേദിയില്‍ വച്ച് അവതാരകയായിരുന്ന എലന്‍ ഡിജെനറസ് അവാര്‍ഡ് ജേതാക്കള്‍ക്കൊപ്പം നിന്നെടുത്ത് പോസ്റ്റ് ചെയ്ത സെല്‍ഫിയാണ് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടത്. നാല്‍പ്പത് മിനിട്ടുകൊണ്ടാണ് റെക്കോഡുകള്‍ തകര്‍ത്ത് ചിത്രം ഷെയര്‍ ചെയ്യപ്പെട്ടു. 2012 ല്‍ ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴത്തെ സെല്‍ഫിയായിരുന്നു അതിനുമുമ്പ് ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ട ചിത്രം.
രാഷ്‌ട്രീയത്തിലെ സെല്‍ഫി
രാഷ്‌ട്രീയക്കാരുടെ സെല്‍ഫികളും അനൗപചാരികതകൊണ്ടാണ് ശ്രദ്ധേയമാകുന്നത്. വിമര്‍ശനം ഏറ്റുവാങ്ങിയ സെല്‍ഫികളും ഇക്കൂട്ടത്തിലൂണ്ട്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം നെല്‍സണ്‍ മണ്ടേലയുടെ ശവസംസ്‌കാരം ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന സമയം. ലോകനേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങ്. അപ്പോഴാണ് ഡാനിഷ് പ്രധാനമന്ത്രി ഹെലെ ത്രോണിങ് ഷിമിത്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനേയും ഒബാമയേയും ഇടതും വലതും ഇരുത്തി സെല്‍ഫിയെടുത്തത്. ലോകം ആദരവോടെ കാണുന്ന മണ്ടേലയുടെ ശവസംസ്‌കാര ചടങ്ങിനിടയില്‍ ചിരിച്ചുല്ലസിച്ചുകൊണ്ട് എടുത്ത ആ സെല്‍ഫി ഏറെ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.
എടുക്കാം ഒരു വെല്‍ഫി
ഒരു സംഘം ആളുകള്‍ കൂട്ടം ചേര്‍ന്ന് എടുക്കുന്ന സെല്‍ഫിയാണ് വെല്‍ഫി. ഗ്രൂഫിയെന്നും പറയാറുണ്ട്. സുഹൃത്തുക്കള്‍ കൂട്ടമായും മറ്റും എടുക്കുന്നതാണ് ഇത്തരം വെല്‍ഫി. സെല്‍ഫികളെ എങ്ങനെ വ്യത്യസ്തമാക്കാം എന്നതാണ് ഇപ്പോഴത്തെ ചിന്തയും. അതിനായി പല വഴികളിലൂടെയും സഞ്ചരിക്കും. കമല്‍ഹാസനും സൂര്യയും വിജയും പ്രഭുവും ഷാരൂഖ് ഖാനും എ. ആര്‍. റഹ്മാനും എല്ലാവരുമൊന്നിച്ച ഒരു വെല്‍ഫി അടുത്തിടെ തരംഗമായിരുന്നു. പ്രമുഖര്‍ക്കാണെങ്കില്‍ വെല്‍ഫിയെടുക്കുന്നതായിരിക്കും കൂടുതല്‍ സൗകര്യം. സമയം ലാഭിക്കാമല്ലോ?.
ജീവനെടുക്കും സെല്‍ഫികള്‍
ഫേസ്ബുക്കില്‍ തന്റെ ചിത്രത്തിന് കൂടുതല്‍ ലൈക്കും കമന്റും കിട്ടുന്നതിനായി ആളുകളെ ഇംപ്രസ് ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യണം എന്ന് നിര്‍ബന്ധമുള്ളവരുണ്ട്. ഇതിനായി ഇവര്‍ എന്ത് സാഹസവും ചെയ്യും. ഫേസ്ബുക്കിലൂടെ കിട്ടുന്ന ലൈക്കുകളും കമന്റുകളും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. അതല്ല ആത്മരതി ആസ്വദിക്കലാണ് ഇതിലൂടെയെന്ന് പറയുന്നവരുമുണ്ട്. രണ്ടിലേതായാലും ഗുണവും ദോഷവുമുണ്ട്. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെടുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടിവരുന്നു.
ട്രെയിന്‍ ചീറിപ്പാഞ്ഞുവരുന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍പാളത്തില്‍ നിന്നും ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി മരിച്ചതും, ട്രെയിനിന് മുകളില്‍ കയറിനിന്ന് സെല്‍ഫിയെടുക്കവെ വൈദ്യുതാഘാതം ഏറ്റ് മരിച്ചതുമെല്ലാം വാര്‍ത്തയായിട്ട് അധികനാളായില്ല. അമേരിക്കയിലെ ഹൂസ്റ്റണില്‍ തോക്കുചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് കൊല്ലപ്പെട്ടതും സെല്‍ഫിയെടുക്കുന്നതിനിടെ നദിയില്‍ വീണ് മരിച്ച പോളണ്ടുകാരിയുമെല്ലാം സാഹസികതയ്‌ക്കുവേണ്ടി ജീവന്‍ പണയംവച്ചവരാണ്. വിഷപ്പാമ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് പാമ്പുകടിയേറ്റ അമേരിക്കക്കാരന് ചികിത്സയ്‌ക്കായി വേണ്ടി വന്നത് 1.5 ലക്ഷം ഡോളര്‍!. സെല്‍ഫിയെന്നത് ഒരേപോലെ പ്രിയങ്കരവും അപകടകരവുമായിരിക്കുന്നു ഇന്ന്.
രസകരമായ ചില സെല്‍ഫികള്‍
ഭാരതത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മംഗള്‍യാനൊപ്പം സെല്‍ഫിയെടുക്കാനും ഒരു ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്യുകയുണ്ടായി. ബംഗളൂരുവിലെ ഒരു സ്റ്റാര്‍ട്ട് അപ് സംരംഭമാണ് ഈ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. മംഗള്‍യാന്‍ പേടകം, പിഎസ്എല്‍വി റോക്കറ്റ് എന്നവയ്‌ക്കൊപ്പം സെല്‍ഫി ഫോട്ടോകള്‍ എടുക്കുന്നതിനാണ് സ്മാര്‍ട്ടര്‍ മംഗള്‍യാന്‍ എന്ന ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തത്. സ്വന്തം ഫോട്ടോ ഈ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയാല്‍ സെല്‍ഫിയാണെന്നേ പറയൂ.
കുറച്ചുനാളുകള്‍ക്ക് മുമ്പ് ഒരു കുരങ്ങനും എടുത്തു ഉഗ്രനൊരു സെല്‍ഫി. കണ്ടാല്‍ ചിരിക്കുകയാണെന്നേ തോന്നൂ. 2011ല്‍ വന്യജീവി ഫോട്ടോഗ്രാഫര്‍ ഡേവിഡ് ജെ. സ്ലേറ്റര്‍ സുലാവേസി ദ്വീപില്‍ ചിത്രമെടുക്കാന്‍ പോയപ്പോഴാണ് സംഭവം. കാട്ടില്‍ കുരങ്ങന്മാരുടെ ചിത്രമെടുക്കുന്നതിനിടെ ഒരു കുരങ്ങന്‍ സ്ലേറ്ററുടെ ക്യാമറ തട്ടിപ്പറിച്ചു. ആദ്യത്തെ കൗതുകത്തിന് ശേഷം കുരങ്ങന്‍ ഉപേക്ഷിച്ച ക്യാമറ പരിശോധിച്ചപ്പോഴാണ് കുരങ്ങെടുത്ത സെല്‍ഫികള്‍ കണ്ടത്. അങ്ങനെ കുരങ്ങന്‍ സോഷ്യല്‍ മാധ്യമങ്ങളിലൂടെ ഹിറ്റായി.
ഈ ചിത്രങ്ങള്‍ സ്‌ളേറ്ററുടെ അനുമതി ഇല്ലാതെ വിക്കിപീഡിയയുടെ വിഭാഗമായ വിക്കിമീഡിയ കോമണ്‍സ് വഴി ലോകം കാണുകയും ചെയ്തു. തുടര്‍ന്ന് പകര്‍പ്പവകാശത്തെച്ചൊല്ലി സ്ലേറ്ററും വിക്കിമീഡിയയും തമ്മില്‍ തര്‍ക്കമായതും തുടര്‍ക്കഥ. ചൊവ്വയില്‍ നിന്ന് നാസയുടെ ക്യൂരിയോസിറ്റിയും ഒന്നല്ല ഒരുപാട് സെല്‍ഫിയെടുത്ത് അയച്ചിരുന്നു. ക്യൂരിയോസിറ്റിയുടെ രണ്ടുമീറ്റര്‍ നീളമുള്ള സ്റ്റിക്ക് സെല്‍ഫിയെടുത്തത് ഒറ്റ ചിത്രമല്ല, 92 ദൃശ്യങ്ങളാണ്. ഇതെല്ലാം തുന്നിച്ചേര്‍ത്തതാണ് ഈ സെല്‍ഫി. ഗ്രഹപ്രതലത്തില്‍ മൗണ്ട് ഷാര്‍പ്പിലുള്ള മരിയാസ് പാസ് പ്രദേശത്ത് പാറ തുരക്കുന്നതിനിടയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സെല്‍ഫിയെടുക്കാനുമുണ്ടൊരു സ്റ്റിക്
ഒരു കൈയില്‍ സ്മാര്‍ട്ട് ഫോണും പിടിച്ച് മുഖത്തിനുനേരെ ക്യാമറ ഫോക്കസ് ചെയ്ത് ഫോട്ടോ എടുക്കുകയെന്നൊക്കെപ്പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഫോട്ടോ നല്ല കിടിലനായി കിട്ടണമെങ്കില്‍ കുറച്ച് പാടാണെ. മൊബൈല്‍ കൈയിലിരുന്ന് വിറയ്‌ക്കാതെ വേണ്ടേ ഫോട്ടോ എടുക്കാന്‍. ഈ പ്രശ്‌നത്തിനൊരു പരിഹാരം എന്ന നിലയിലാണ് 2014 ല്‍ സെല്‍ഫി സ്റ്റിക് പുറത്തിറക്കിയത്. സെല്‍ഫി സ്റ്റിക്കിന്റെ അറ്റത്ത് മൊബൈല്‍ ഫോണ്‍ ഘടിപ്പിച്ച് ഫോട്ടോ എടുക്കേണ്ട വ്യക്തിക്കുനേരെ ഉയര്‍ത്തി സ്റ്റിക് ഹാന്‍ഡിലിലുള്ള ബട്ടണ്‍ അമര്‍ത്തുകയേ വേണ്ടു, ഫോട്ടോ റെഡി.
സെല്‍ഫി സ്റ്റിക്കിന് പിന്നാലെ രംഗത്തെത്തിയിരിക്കുന്നത് ഒരു സ്പൂണാണ്. സെല്‍ഫി സ്പൂണ്‍. ഇനി ഭക്ഷണം കഴിക്കുമ്പോഴും സെല്‍ഫിയെടുക്കാം. ആഹാരം കഴിച്ചുകൊണ്ട് തന്നെ സെല്‍ഫിയെടുക്കാനായി സ്റ്റികിന്റെ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്നതാണ് സെല്‍ഫി സ്പൂണ്‍. സെല്‍ഫി സ്റ്റിക്കിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണിത്. ഇത്തരത്തില്‍ സെല്‍ഫിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പുത്തന്‍ സാങ്കേതികവിദ്യകള്‍ നിരീക്ഷിച്ച് പരീക്ഷിക്കുകയാണ് നിര്‍മാതാക്കളും സെല്‍ഫി പ്രേമികളും. എന്തൊക്കെയായാലും സെല്‍ഫിയിങ്ങനെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അവനവന്‍ അവനവനെത്തന്നെ കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നതിനുദാഹരണമാണിത്. ഈ പ്രവണത നല്ലതോ ചീത്തയോ എന്ന് വേര്‍തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. വിവേകത്തോടെ ഫോട്ടോകള്‍ ഉപയോഗിക്കാന്‍ സാധിക്കേണ്ടതുണ്ട്. സന്ദര്‍ഭം നോക്കി സെല്‍ഫിയെടുക്കാനുള്ള ഔചിത്യബോധവും കാണിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക