Categories: Travel

മണ്ണാറശാല മാഹാത്മ്യം

Published by

ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന മണ്ണാറശ്ശാലക്കാവ്‌. അതിനുളളില്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും സര്‍പ്പയക്ഷിയുടെയും നാഗചാമുണ്ഡിയുടെയും ക്ഷേത്രങ്ങള്‍. ഇല്ലത്ത്‌ നിലവറ അവിടെ ചിരംജീവിയായി വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന സര്‍പ്പമുത്തച്ഛന്‍. ധര്‍മശാസ്താവിന്റെയും ഭദ്രയുടെയും ശ്രീകോവിലുകള്‍ , ക്ഷേത്രപരിസരത്തുതന്നെ കുടുംബാംഗങ്ങളും എല്ലാറ്റിനേയും കാവ്‌ പൊതിഞ്ഞുനില്‍ക്കുന്നു. ഭക്തര്‍ക്കും പരിസ്ഥിതി സ്നേഹികള്‍ക്കും മണ്ണാറശ്ശാല എന്നും വിസ്മയമാണ്‌. പരശുരാമന്‍ പ്രതിഷ്ഠിച്ചതാണ്‌ ക്ഷേത്രമെന്ന വിശ്വാസം. അവിടത്തെ മൂത്തകാരണവര്‍തന്നെ ആദ്യനാളുകളില്‍ പൂജ കഴിച്ചുപോരുന്നു.

ഇല്ലത്തെ ദമ്പതികളായ വസുദേവനും ശ്രീദേവിയും സന്താനമില്ലാത്തതിന്റെ ദുഃഖം. ഇവര്‍ സകലതും ഈശ്വരനില്‍ സമര്‍പ്പിച്ച്‌ ഭഗവാനായ സര്‍പ്പരാജാവിനെ പൂജിച്ചു കൊണ്ട്‌ കാലംകഴിച്ചു. ഈ സമയത്താണ്‌ നാഗരാജവിന്റെ അധിവാസത്തിനു ചുറ്റുമുളള വനത്തില്‍ അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്‌. കാട്ടുതീ ആ കൊടുംകാട്ടില്‍ കത്തിപ്പടര്‍ന്നു. സകലതും നശിക്കുന്ന അന്തരീക്ഷം. അഗ്നിയില്‍ സര്‍പ്പങ്ങള്‍ വീര്‍പ്പുമുട്ടി. ജീവനുവേണ്ടി കേണു. ആ കാഴ്ചകണ്ട്‌ ദമ്പതികള്‍ പരിഭ്രമിച്ചു. തങ്ങളുടെ മുന്നിലേയ്‌ക്ക്‌ ഇഴഞ്ഞുവന്ന സര്‍പ്പങ്ങളെ അവര്‍ പരിചരിച്ചു.

രാമച്ച വിശറികൊണ്ട്‌ വീശി. തേനും എണ്ണയും കലര്‍ത്തിയ നെയ്യുകൊണ്ട്‌ അഭിഷേകം ചെയ്തു. സര്‍പ്പങ്ങളെ ആശ്വസിപ്പിച്ചു. അഗ്നിയില്‍നിന്ന്‌ രക്ഷപെട്ട അരയാല്‍ വൃക്ഷങ്ങളുടെ ചുവടുകളിലും പേരാല്‍ത്തറകളിലും ആല്‍മരങ്ങളുടെ പോടുകളിലും സര്‍പ്പങ്ങളെ ഇരുത്തി. സിദ്ധമന്ത്രങ്ങള്‍ ജപിച്ച്‌ ദിവ്യൗഷധങ്ങള്‍ പ്രയോഗിച്ച്‌ സര്‍പ്പങ്ങളുടെ വ്രണങ്ങള്‍ ഉണക്കി. പഞ്ചഗവ്യാദി തീര്‍ത്ഥങ്ങള്‍കൊണ്ട്‌ അഭിഷേകം ചെയ്തു. കമുകിന്‍ പൂക്കുലകള്‍, സുഗന്ധ പുഷ്പങ്ങള്‍, ജലഗന്ധധൂപകുസുമാദികളോടു കൂടിയുളള പൂജകള്‍ നടത്തി. നെയ്യ്‌ ചേര്‍ത്ത നിവേദ്യം, പാല്‍പ്പായസം, അരവണ, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, കരിക്കിന്‍വെളളം, കദളിപ്പഴം, നെയ്യ്‌, പശുവിന്‍ പാല്‌ എന്നിവ കലര്‍ത്തിയ നൂറുംപാലും സര്‍പ്പദേവതകളുടെ മുന്നില്‍ സമര്‍പ്പിച്ചു. ദമ്പതികളുടെ പരിചരണത്തില്‍ സര്‍പ്പദൈവങ്ങള്‍ സന്തുഷ്ടരായി.

കാട്ടുതീ അണഞ്ഞു. മണ്ണാറിയശാല മണ്ണാറശ്ശാലയായി. സര്‍പ്പങ്ങള്‍ക്ക്‌ അഭയം ലഭിച്ച പുണ്യസ്ഥലമായി. മന്ദാര തരുക്കള്‍ നിറഞ്ഞ ശാല മണ്ണാറശ്ശാലയെന്നും വിശ്വാസം. ശ്രീദേവി അന്തര്‍ജനം ഇരട്ടപെറ്റു. അഞ്ചുതലയുളള സര്‍പ്പശിശുവും ഒരു മനുഷ്യശിശുവും. സഹോദരങ്ങള്‍ ഒന്നിച്ചു വളര്‍ന്നു. മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക്‌ കടന്നു. സ്വതസിദ്ധരായ സര്‍പ്പരൂപത്തില്‍ തനിക്ക്‌ ഇല്ലത്ത്‌ സഞ്ചരിക്കുവാന്‍ കഴിയില്ലെന്ന്‌ മാതാവിനോട്‌ അപേക്ഷിച്ച നാഗരാജാവ്‌ ശാന്തമായ ഏകാന്ത സങ്കേതത്തിലേയ്‌ക്ക്‌ നീങ്ങി. അതാണ്‌ ഇന്നും കാണുന്ന നിലവറ. അവിടെ നാഗരാജാവ്‌ ചിരംജീവിയായി വാഴുന്നു എന്ന്‌ തലമുറകള്‍ വിശ്വസിക്കുന്നു. നിലവറയില്‍ വാണരുളുന്ന നാഗരാജനെ ഇല്ലത്തുളളവര്‍ മുത്തച്ഛന്‍ എന്നും അപ്പൂപ്പനെന്നും വിളിക്കുന്നു.നിലവറയില്‍ വാഴുന്ന മുത്തച്ഛനെ വര്‍ഷത്തിലൊരിക്കല്‍ നേരിട്ടുകാണാന്‍ മാതാവിന്‌ അവസരം നല്‍കാന്‍ അതുണ്ടാക്കിയതിന്റെ ഓര്‍മയ്‌ക്കാണ്‌ ഇന്നും ആയില്യം നാള്‍ അമ്മ ഇവിടെ പൂജ നടത്തുന്നു. ക്ഷേത്രപൂജയ്‌ക്കുള്ള അനുമതിയും അമ്മയ്‌ക്ക്‌ കിട്ടുന്നത്‌ മുത്തച്ഛനില്‍നിന്നാണെന്ന്‌ വിശ്വാസം. അന്നുമുതല്‍ ക്ഷേത്രപൂജാരിണിയായി വലിയമ്മ തുടരുന്നു.

സന്താന സൗഭാഗ്യത്തിന്‌ ഉരുളികമഴ്‌ത്ത്‌

സന്താനസൗഭാഗ്യത്തിനായി നിരവധി ഭക്തജനങ്ങളാണ്‌ മണ്ണാറശ്ശാലയിലെത്തുന്നത്‌. ഉരുളി കമഴ്‌ത്തുന്നതാണ്‌ ഇതിനായുളള വഴിപാട്‌. വ്രതം അനുഷ്ഠിച്ചുകൊണ്ട്‌ ദമ്പതികള്‍ ക്ഷേത്രത്തിലെത്തുന്നു. ഓടുകൊണ്ട്‌ നിര്‍മിച്ച ഉരുളി ക്ഷേത്രത്തില്‍നിന്നും ഇവര്‍ക്കു നല്‍കുന്നു. ദമ്പതികള്‍ താളമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന്‌ മൂന്ന്‌ പ്രദക്ഷിണം വെച്ച്‌ ഉരുളി നാഗരാജാവിന്റെ നടയ്‌ക്കു വെയ്‌ക്കണം. മേല്‍ശാന്തി പറഞ്ഞുകൊടുക്കുന്ന പ്രാര്‍ത്ഥന ഇവര്‍ ഏറ്റുചൊല്ലണം. തുടര്‍ന്ന്‌ ദമ്പതികള്‍ ഇല്ലത്തു ചെന്ന്‌ അമ്മയെ ദര്‍ശിച്ച്‌ ഭസ്മം വാങ്ങണം. ഇവര്‍ നട്‌യ്‌ക്കു വെച്ച ഉരുളി പിന്നീട്‌ അമ്മ നിലവറയില്‍ കമഴ്‌ത്തിവെയ്‌ക്കുന്നു. എല്ലാശിവരാത്രിയുടെയും പൈറ്റ്ദിവസം ഉരുളി കമഴ്‌ത്തിയ സ്ഥാനത്ത്‌ അമ്മ പൂജ കഴിക്കുന്നു. സന്താനസൗഭാഗ്യം തേടി ദമ്പതിമാര്‍ കുഞ്ഞുമായി എത്തുമ്പോഴാണ്‌ ഉരുളി നിവര്‍ത്തുന്നത്‌. ജാതി- മത ഭേദമെന്യേ നിരവധി ഭക്തരാണ്‌ ഉരുളി കമഴ്‌ത്തിനായി ക്ഷേത്രത്തിലെത്തുന്നത്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts