Categories: Palakkad

തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ എക്‌സൈസ് വകുപ്പും ജാ്രഗതയില്‍

Published by

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത സ്പിരിറ്റിന്റെയും മദ്യത്തിന്റെയും വില്‍പനയും ഒഴുക്കും തടയാന്‍ എക്‌സൈസ് വകുപ്പ് ഇന്ന് മുതല്‍ സ്‌പെഷല്‍ ഡ്രൈവ് ആരംഭിക്കും. തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനിക്കുന്ന നവംബര്‍ ഏഴു വരെ നീളുന്നതാകും സ്‌പെഷല്‍ ഡ്രൈവ് എന്ന് എക്‌സൈസ് കമ്മിഷണറുടെ സര്‍ക്കുലറില്‍ പറഞ്ഞു. അതിര്‍ത്തി ജില്ലകളില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എക്‌സൈസ് സേനയ്‌ക്കുള്ള നിര്‍ദേശം. കള്ളു ചെത്തുന്ന തെങ്ങിന്‍ തോപ്പുകളില്‍ വിശദ പരിശോധനയും നടത്തും.

വാളയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന ചെക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ദൗത്യസേന സംഘങ്ങളെയും വാഹനങ്ങളും മറ്റു നല്‍കി തയാറാക്കി നിര്‍ത്തും. പൊതുജനങ്ങളില്‍ നിന്നു വിവരങ്ങള്‍ സ്വീകരിക്കാനും അവ ദൗത്യസേനയ്‌ക്കു കൈമാറാനുമായി ജില്ലാതലങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാനത്തെ മുഴുവന്‍ ഡിസ്റ്റലറികളും വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജീവനക്കാരെല്ലാം സേവനത്തിലായിരിക്കണമെന്നും കഴിയുന്നത്ര അവധിയെടുക്കരുതെന്നും നിര്‍ദേശമുണ്ട്. പാലക്കാട് ജില്ല അതിര്‍ത്തികളിലെ ചെക്‌പോസ്റ്റുകളിലും പ്രധാന റോഡുകളിലും തമിഴ്‌നാട് പൊലീസ് ക്യാമറകള്‍ സ്ഥാപിച്ചത് ഇപ്പോള്‍ എക്‌സൈസിനും ഗുണം ചെയ്യുന്നുണ്ട്. സംശയമുള്ള വാഹനവും റജിസ്‌ട്രേഷന്‍ നമ്പറിനും പുറമെ ഡ്രൈവറെയും തിരിച്ചറിയാന്‍ സഹായകരമാകുന്ന തരത്തിലുള്ള ക്യാമറകളാണ് തമിഴ്‌നാട് സ്ഥാപിച്ചിരിക്കുന്നതെന്ന് എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by