Categories: Kerala

ഫറൂക്ക് കോളജില്‍ താലിബാനിസം ; ക്ലാസില്‍ ഒരുമിച്ചിരുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കി

Published by

കോഴിക്കോട്: ക്ലാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാര്‍ത്ഥികളെ പുറത്താക്കി. മുജാഹിദ് ഔദ്യോഗിക വിഭാഗം നേതാവും വ്യവസായിയുമായ പി.കെ. അഹമ്മദ് മാനേജരായ കോഴിക്കോട് ഫാറൂഖ് കോളജിലാണ് താലിബാന്റെ കേരള പതിപ്പ് അരങ്ങേറിയത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെയാണ് മലയാളം ക്ലാസില്‍ നിന്നും അദ്ധ്യാപകന്‍ പുറത്താക്കിയത്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നത് കണ്ട മലയാള അധ്യാപകന്‍ മന്‍സൂര്‍ ഇങ്ങനെ ഇരിക്കാന്‍ അനുവദിക്കില്ലെന്നറിയിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെയാണ് ക്ലാസില്‍ നിന്നു പുറത്താക്കിയത്. മലയാള വകുപ്പ് മേധാവിക്കും പ്രിന്‍സിപ്പലിനും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയെങ്കിലും രക്ഷിതാക്കളെ കൂട്ടിവന്നതിനുശേഷം മാത്രമേ കോളജില്‍ പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് പ്രിന്‍സിപ്പല്‍ എടുത്തത്. ഒമ്പത് പേരെ ക്ലാസില്‍ നിന്ന് പുറത്താക്കിയെങ്കിലും എട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാനാണ് കോളജ് അധികൃതര്‍ നീക്കം നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് മാത്രമല്ല സംസാരിക്കുന്നതിന് പോലും ക്യാമ്പസില്‍ വിലക്കുണ്ട്. നേരത്തെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ കോളജിന്റെ സല്‍പ്പേര് കളയരുതെന്നായിരുന്നു പ്രിന്‍സിപ്പല്‍ യോഗത്തില്‍ ആവശ്യപ്പെട്ടതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കോളജ് കാന്റീനിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സീറ്റുകള്‍ക്ക് നടുവിലായിട്ടാണ് കോളജ് അദ്ധ്യാപകര്‍ക്കും സ്റ്റാഫിനും ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.

കോളജ് ലൈബ്രറിക്ക് സമീപം തയാറാക്കിയ വിശ്രമസ്ഥലത്തൂം പ്രവേശനം ആണ്‍കുട്ടികള്‍ക്ക് മാത്രം എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കോളജ് അധികൃതര്‍ ബോര്‍ഡ് മാറ്റുകയായിരുന്നു. പുറത്താക്കപ്പെട്ടവരില്‍ പെണ്‍കുട്ടികളുമുണ്ട്. കോളജ് അധികൃതരുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം നടപടികള്‍ സംസ്‌കാരത്തെ രക്ഷിക്കാനാണെന്നാണ് ഒരുവിഭാഗം അദ്ധ്യാപകരുടെ നിലപാട്. കോളജ് അധികൃതര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by