കാലികമായ നവീകരണവും ശുദ്ധികലശവും ജീവിതശൈലീ രൂപരേഖയിലൂടെ സാധ്യമാക്കിക്കൊണ്ട് സമന്വയിപ്പിച്ചെടുത്ത ജീവിതപദ്ധതിയാണ് ഭാരതീയ സംസ്‌കാരം. നന്മയുടെ വേരുകള്‍ വെന്തൊടുങ്ങാന്‍ തുടങ്ങുമ്പോഴൊക്കെയും അതിന്റെ മറുമരുന്നുകള്‍ സ്വയം ഉല്‍പ്പാദിപ്പിച്ച്, നന്മയെ നിലനിര്‍ത്തിക്കൊണ്ട് അസ്തമിക്കാത്ത ധാര്‍മികത ഉറപ്പുവരുത്താന്‍ ഭാരതത്തിന് കാലമിത്രയും കഴിഞ്ഞിട്ടുണ്ട്. അവതാരവിശേഷങ്ങളായാലും മഹദ്‌വ്യക്തി സാന്നിദ്ധ്യങ്ങളായാലും സംഘടിത ശക്തികളായാലും കാലാകാലങ്ങളില്‍ ഭാരതസംസ്‌കാരത്തിന് കവചിത സുരക്ഷ നല്‍കിയതായിക്കാണാം. ആദ്ധ്യാത്മികതയുടെ ജ്ഞാനഗവേഷണ ശേഷി സമൂഹത്തിന് പ്രാപ്യമാക്കിക്കൊണ്ടാണ് മരിക്കാത്ത അറിവിന്റെ അവസാനവാക്കായി ഭാരതം
ഈശ്വരദര്‍ശനത്തിലെത്തിയത്. സാധാരണക്കാരന്റെ ഹൃദയശുദ്ധിയും കര്‍മശുദ്ധിയും കൈമോശം വരാതെ സൂക്ഷിക്കാന്‍ ഈശ്വരവിശ്വാസത്തിന്റെയും ക്ഷേത്രസംസ്‌കാരത്തിന്റെയും വഴികള്‍ക്ക് സാധിച്ചുപോന്നു. തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രങ്ങളും അനുബന്ധജീവിതവും വഴിതെളിച്ചത്, ശാസ്ത്രവും ആധ്യാത്മികതയും ചേര്‍ന്ന അനന്യവും അന്യൂനവുമായ ഒരു സമഞ്ജസ സമ്മേളനത്തിലേക്കാണ്. ആ വഴിയുടെ ഇങ്ങേയറ്റത്ത്, ആദ്ധ്യാത്മികതയെയും സമൂഹജീവിതത്തെയും വിളക്കിച്ചേര്‍ക്കുന്ന സംഘടനയാണ്, കേരള ക്ഷേത്ര സംരക്ഷണ സമിതി.
നാമജപപുണ്യത്തിന്റെ പവിത്രഭൂമിയില്‍നിന്ന് ‘നമഃശിവായ’യിലൂടെ ജന്മമെടുത്ത ആദ്ധ്യാത്മിക സംഘടനയാണിത്. തകര്‍ന്നടിഞ്ഞ അങ്ങാടിപ്പുറം തളിക്ഷേത്ര ഭൂമി, അന്യാധീനപ്പെട്ട് കേവലം മത്സ്യച്ചന്തയായി മാറിയപ്പോള്‍ നൊമ്പരപ്പെട്ട ഹിന്ദു തദ്ദേശീയര്‍ക്ക് പ്രതികരിക്കാതിരിക്കാനായില്ല. ക്ഷേത്രവും ക്ഷേത്രഭൂമിയും ആരാധനാ സ്വാതന്ത്ര്യവും തിരിച്ചുപിടിക്കാനുള്ള ഭക്തജനങ്ങളുടെ വെമ്പല്‍ ഒരു സമരമുഖമായി മാറിയപ്പോള്‍ അതിന് നേതൃത്വം നല്‍കാന്‍ കേളപ്പജി, സി.പി.ജനാര്‍ദ്ദനന്‍, യശോദാ മാധവന്‍, ഭാനുമതി തുടങ്ങി ഒരു വലിയ സ്ത്രീ-പുരുഷ നിര തന്നെ സജ്ജമായി. പോലീസ് വലയം ഭേദിച്ച്, യശോദാ മാധവന്‍ ശിവലിംഗത്തിനടുത്തെത്തി ഭക്തിസാന്ദ്രമായി ‘ഓം നമഃശിവായ’ എന്നുറക്കെ ജപിച്ചപ്പോഴാണ് നൂറുകണക്കിന് ഭക്തര്‍ ഒന്നടങ്കം നാമജപത്തോടെ ക്ഷേത്രാങ്കണം തിരിച്ചുപിടിച്ചത്. പിന്നീട് കോടതി ഉത്തരവും കൂടി അനുകൂലമായതോടെ, തളിക്ഷേത്ര സമരം ആരാധനാ സ്വാതന്ത്ര്യത്തിനുള്ള ഹിന്ദുവിന്റെ അജയ്യമായ ആദ്യ കാല്‍വെയ്‌പ്പായി മാറി. ഇതിന്റെ പിന്നാമ്പുറ ശക്തിയായ മലബാര്‍ ക്ഷേത്രസംരക്ഷണ സമിതിയാകട്ടെ, പ്രാദേശിക മേല്‍വിലാസത്തില്‍ നിന്നുയര്‍ന്ന്, കേരള ക്ഷേത്രസംരക്ഷണ സമിതിയായി വികസിക്കുകയും ചെയ്തു. ഹിന്ദുവിന്റെയും വിശ്വാസത്തിന്റെയും ദൈന്യതയുടെ കണ്‍കാഴ്ചയായി മാറിയ തളി, ഹൈന്ദവ ജഡതയുടെ പരിഛേദത്തില്‍നിന്നാണ് ആത്മവീര്യത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിലേക്ക് നടന്നുകയറിയത്. ഇതിന്റെ തുടര്‍ച്ച ഇന്ന് ക്ഷേത്ര കേരളത്തിന്റെ മുഖമുദ്രയാണ്. തകര്‍ന്നും തകര്‍ക്കപ്പെട്ടും നിലംപരിശായ ക്ഷേത്രങ്ങളുടെ ആദ്ധ്യാത്മിക ശ്മശാന പര്‍വങ്ങളില്‍, ഇന്ന്, വിഗ്രഹചൈതന്യത്തിന്റെയും നിറദീപാലങ്കാരത്തിന്റെയും നാമ മന്ത്രോച്ചാരണങ്ങളുടെയും നിറവാണ് തെളിയുന്നത്. ഈ പരിണാമത്തിന്റെ ചുക്കാന്‍പിടിച്ച ക്ഷേത്രസംരക്ഷണസമിതിയാകട്ടെ, അമ്പതാം വര്‍ഷത്തിന്റെ പ്രവര്‍ത്തന പ്രൗഢിയിലെത്തി നില്‍ക്കുന്നു.
ഒരു സംഘടനയുടെ ദൃഢതയും കാഴ്ചപ്പാടും അതിന്റെ താത്വികാടിത്തറയെ ആധാരമാക്കിയാണ്. ആദ്ധ്യാത്മിക ചൈതന്യവും സൈദ്ധാന്തികമായ വിജ്ഞാനവും ഒരുപോലെ സമാര്‍ജിച്ച മാധവ്ജിയുടെ ദീര്‍ഘദര്‍ശിത്വമാണ് സമിതിയുടെ പ്രവര്‍ത്തന വഴി നിര്‍ണയിച്ചത്. സാമൂഹ്യവും സാംസ്‌കാരികവും രാജനൈതികവുമായ കാഴ്ചപ്പാടുകളെ സ്ഫുടം ചെയ്തു രൂപീകരിച്ചതാണ് സമിതിയുടെ ശൈലി. സമൂഹത്തിന്റെ സര്‍വതല സ്പര്‍ശിയായ രീതിയില്‍ ഭക്തിയും ജ്ഞാനവും ആരാധനയും സാമൂഹ്യപ്രവര്‍ത്തനവും സമന്വയിപ്പിക്കുന്ന ഷഡ്തല പ്രവര്‍ത്തനം, യഥാര്‍ത്ഥത്തില്‍ സമൂഹത്തെ വികാസത്തിന്റെ ആറാം പടിയിലെത്തിക്കുന്ന ഊര്‍ജതന്ത്രം തന്നെയാണ്. മാതൃസമിതി സേവ, ദേവസ്വം, മതപാഠശാല, സത്സംഗം, സാമൂഹ്യാരാധന എന്നീ ആറു പ്രവര്‍ത്തന തലങ്ങള്‍, ആറുമുഖങ്ങള്‍ തന്നെയായിട്ടാണ് ഷണ്‍മുഖ ഭാവത്തില്‍ നില്‍ക്കുന്നത്. അതെ, ജ്ഞാനപ്പൊരുളായ ഷണ്‍മുഖന്റെ ഭാവഗാംഭീര്യം തന്നെയാണ് സമിതിയുടെ പ്രവര്‍ത്തനത്തിന്റെ ഉള്ളടക്കം. സ്ത്രീ ശക്തിയും അജയ്യതയും സഫലതയും മനസ്സിലാക്കിക്കൊണ്ട് മാധവ്ജി തന്നെയാണ്, പ്രത്യേക പ്രാധാന്യത്തോടെ മാതൃസമിതിക്ക് രൂപം കൊടുത്തത്. ആശയങ്ങളിലും അവയുടെ അവലോകനത്തിലും പ്രായോഗികതയിലും അതിസൂക്ഷ്മമായ അവഗാഹയാണ് മാധവ്ജിയുടെ പ്രത്യേകത. ക്ഷേത്രസങ്കല്‍പ്പത്തിന്റെ ഉള്ളറകള്‍ തുറന്നിട്ടുകൊണ്ട് മാധവ്ജി രചിച്ച ‘ക്ഷേത്ര ചൈതന്യരഹസ്യം’ ഒരു സമ്പൂര്‍ണ സംശയനിവാരിണി തന്നെയത്രെ. മാത്രമല്ല, കേരളത്തിലെ നിയമപീഠങ്ങളംഗീകരിച്ച ഒരു റഫറന്‍സ് ഗ്രന്ഥവും കൂടിയാണത്. ക്ഷേത്രോന്മുഖമായി ജീവിതം നയിക്കാന്‍ ഹിന്ദുവിനെ പ്രേരിപ്പിക്കുന്ന, സമിതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനം വിജയിച്ചുകഴിഞ്ഞിരിക്കെ, ഇനി മാധവ്ജി ആഗ്രഹിച്ചതുപോലെ സമൂഹസേവയുടെ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ് ക്ഷേത്രസംരക്ഷണ സമിതി.
ക്ഷേത്രവിശ്വാസത്തിനും ഹിന്ദുവിനും എതിരെ രാഷ്‌ട്രീയ, സാമൂഹ്യ ഇടപെടലുകള്‍ സംഭവിക്കുമ്പോഴൊക്കെയും അതിനെതിരെ ആഞ്ഞടിക്കാന്‍ സമിതിക്കായിട്ടുണ്ട് എന്ന് ചരിത്രം സമ്മതിക്കും. ശബരിമല പൂങ്കാവനത്തിലെ ക്രിസ്ത്യന്‍ കടന്നുകയറ്റത്തിന് തടയിടാനായത് സമിതിയുടെ വിജയത്തൂവലാണ്. പൂജാപഠനം അബ്രാഹ്മണനു കൂടി പ്രാപ്യവും അര്‍ഹവുമാക്കുകയെന്ന സദുദ്ദേശ്യത്തോടെ ചരിത്രം കുറിച്ച ‘പാലിയം വിളംബരം’ നടത്താന്‍ തന്ത്രിവര്യന്മാരെയും ആചാര്യന്മാരെയും പ്രേരിപ്പിച്ചതും മാധവ്ജിയുടെയും സമിതിയുടെയും കര്‍മവിജയമാണ്.
ക്ഷേത്രവും സമൂഹവും കുടുംബവും അനുഷ്ഠാനവും സമിതിയുടെ പ്രവര്‍ത്തനമേഖലയാണ്. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ ക്രിയാത്മകമായ ഒട്ടേറെ പദ്ധതികള്‍ സമിതി ആവിഷ്‌കരിച്ചിട്ടുണ്ട്. സമൂഹത്തിലെ അപകടകരമായ സാംസ്‌കാരിക ജീര്‍ണതയ്‌ക്കെതിരെ ജനമനസ്സുകളില്‍ മൂല്യബോധം വളര്‍ത്തുന്ന അനുഷ്ഠാന ശിബിരങ്ങള്‍ പഞ്ചായത്തുതോറും നടത്താനാണ് തീരുമാനം. കുടുംബജീവിതത്തിന്റെ സ്‌നേഹാര്‍ദ്രമായ അന്തരീക്ഷവും അച്ചടക്കവും കൈമോശം വരാതെ സൂക്ഷിക്കാന്‍ പ്രേരണ നല്‍കുകയാണ് സമിതിയുടെ ഒരു ലക്ഷ്യം. വിവാഹമോചനത്തിന്റെ ഈ പെരുമഴക്കാലത്ത്, കുടുംബ ഭദ്രതയ്‌ക്കായി, വിവാഹപൂര്‍വകൗണ്‍സിലിങ്ങുകള്‍ക്കുള്ള കേന്ദ്രങ്ങളും സമിതിയുടെ ഭാവനയിലുണ്ട്.
ക്ഷേത്രം, സംരക്ഷണം, സമിതി എന്നീ തലങ്ങളില്‍ നിന്നുകൊണ്ടാണ് ആദ്ധ്യാത്മിക-സാമൂഹ്യ-ആചരണ മേഖലകളില്‍ ഊന്നിക്കൊണ്ടുള്ള മൂന്ന് സംസ്ഥാനതല പരിപാടികള്‍ക്ക് മാതൃസമിതി പദ്ധതിയിടുന്നത്. ഭഗവദ് ചൈതന്യം സമാഹരിച്ച് ക്ഷേത്രങ്ങളില്‍ നിന്നാരംഭിക്കുന്ന ”ലളിതാസഹസ്രനാമ ജപയജ്ഞ”മായിരുന്നു ഒന്നാമത്തേത്. ഒക്‌ടോബര്‍ രണ്ടിന് കേരളത്തിലെ എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത ഒരു ക്ഷേത്രത്തില്‍ വെച്ച് ആയിരത്തിലധികം ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ജപയജ്ഞം നടക്കുകയുണ്ടായി.
ദേവീ നാമജപം നല്‍കുന്ന ഊര്‍ജം സമൂഹസുരക്ഷക്കുവേണ്ടി ഉപയോഗിക്കുമ്പോഴേ സമിതിയുടെ ലക്ഷ്യം പൂര്‍ണമാവൂ. ഇന്ന് സമൂഹത്തില്‍ സ്ത്രീയുടെ അവസ്ഥ പരിതാപകരവും അപകടകരവും ഒപ്പം ആശങ്കാകുലവുമാണ്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും ശിശുപീഡനങ്ങളും സമൂഹത്തെ വേദനിപ്പിക്കുന്നുണ്ട്. സ്‌നേഹോഷ്മളവും സുരക്ഷിതവുമായ പഴയകാലത്തിന്റെ ഓര്‍മ പുനരുജ്ജീവിപ്പിക്കാന്‍, ‘മാതൃദേവോഭവ’ എന്ന സന്ദേശവുമായി ഒരു ‘സ്ത്രീ സ്വാഭിമാന്‍യാത്ര’ നടത്താനാണ് തീരുമാനം. ‘ജയ് മാതാ’ എന്ന അഭിവാദ്യത്തോടെ സ്ത്രീയെ സമീപിക്കാനും അമ്മ എന്ന രീതിയില്‍ സ്ത്രീയെ ആദരിക്കാനും ഉള്ള ഒരു ബോധവല്‍ക്കരണ യാത്ര കൂടിയാണിത്. സ്ത്രീയെ അമ്മയും സഹോദരിയുമായി ആദരിക്കാനുള്ള പുരുഷമനസ്സ് സംജാതമാക്കുന്നതോടൊപ്പം, ആദരവര്‍ഹിക്കുന്ന മാതൃത്വാഭിമാനത്തിലേക്ക് സ്ത്രീയും ഉയരണം. അത്തരം അമ്മമാരിലൂടെ മൂല്യബോധവും ആദര്‍ശാചാരനിഷ്ഠകളുമുള്ള ഒരു പുതിയ തലമുറ വളര്‍ന്നുവരികയും വേണം. 2016 ജനുവരിയില്‍ കാസര്‍കോടുനിന്നാരംഭിച്ച് 15 ദിവസംകൊണ്ട് തിരുവനന്തപുരത്തു സമാപിക്കുന്ന ഈ യാത്രയില്‍ സ്ത്രീകളുടെ പൂര്‍ണസഹകരണവും സാന്നിദ്ധ്യവുമാണ് പ്രതീക്ഷിക്കുന്നത്. ഈ സാമൂഹ്യ മനംമാറ്റത്തിന്റെ മുന്നണിപ്പോരാളികളായി സംസ്‌കാരബോധമുള്ള പുരുഷന്മാരും പങ്കെടുക്കുന്നതോടെ, ഈ രഥയാത്ര ഒരു ഹിന്ദുമുന്നേറ്റമായി മാറേണ്ടത് ഇന്നിന്റെ ആവശ്യവുമാണ്.
സാമൂഹ്യസുരക്ഷയുടെ രഥയാത്രക്കുശേഷം സാമൂഹ്യ സമരസതയുടെ പ്രകടനമായി, പതിനായിരത്തോളം സ്ത്രീകള്‍ അണിനിരക്കുന്ന ഒരു തിരുവാതിരകളി ഫെബ്രുവരി മാസത്തില്‍ തൃശൂരില്‍ വെച്ചു നടത്തും. ആചാരബദ്ധമായ ഹിന്ദുജീവിതത്തിന്റെ അടയാളപ്പെടുത്തല്‍ മാത്രമല്ല, സാമ്പത്തിക-ജാതി വ്യത്യാസങ്ങളില്ലാത്ത സമതയുടെയും മമതയുടെയും പ്രകടനം കൂടിയാണ് ഈ മഹാതിരുവാതിര. കുടുംബശ്രേയസ്സിനോടൊപ്പം ദേശീയതയുടെ ജാഗരണം കൂടിയായി ഈ പരിപാടി മാറുമെന്നാണ് പ്രതീക്ഷ.
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അമ്പതാം പിറന്നാള്‍ സാംസ്‌കാരിക-ആദ്ധ്യാത്മിക-സാമൂഹ്യ കേരളത്തിന് സേവനരംഗവും കര്‍മരംഗവുമായി മാറട്ടെ. സംസ്ഥാന അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, സംസ്ഥാന ജന: സെക്രട്ടറി കെ.എസ്.നാരായണന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ടി.യു.മോഹനന്‍, ട്രഷറര്‍ നാരായണന്‍ കുട്ടി, മാതൃസമിതി അദ്ധ്യക്ഷ പ്രൊഫ.വി.ടി.രമ, സെക്രട്ടറി ശാന്ത എസ്.പിള്ള എന്നിവരാണ് സമിതിയുടെ പ്രധാന ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക