Categories: Varadyam

വിവര്‍ത്തനം വലിയൊരു ചരിത്രമാകുമ്പോള്‍

Published by

വിവര്‍ത്തന വഴി

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കേരള പാണിനി എ. ആര്‍. രാജരാജവര്‍മ്മ, ആറ്റൂര്‍ കൃഷ്ണ പിഷാരടി, കെ. പി. നാരായണ പിഷാരടി, കുട്ടികൃഷ്ണമാരാര്‍, അങ്ങനെ വിവര്‍ത്തനത്തിലൂടെയും വ്യാഖ്യാനത്തിലൂടെയും വിശ്വകവി കാളിദാസനെ സംസ്‌കൃത കാവ്യ ലോകത്തെ മലയാളിക്ക് പരിചയപ്പെടുത്തിയവര്‍ ഏറെയാണ്. മലയാളത്തിലെ കവിതകളിലും ഗാനങ്ങളിലും ഗീതങ്ങളിലും കഥകളിലും കല്‍പ്പനകളിലും പ്രസംഗങ്ങളിലും കലാരൂപങ്ങളിലും ചലച്ചിത്രങ്ങളിലും മറ്റുംമറ്റുമായി കാളിദാസ സാന്നിദ്ധ്യം നിറച്ചവരെല്ലാം ഒരര്‍ത്ഥത്തില്‍ കാളിദാസന്റെ വിവര്‍ത്തകര്‍തന്നെയാണല്ലോ. എന്നാല്‍, അതിനൊക്കെ മേലേ നില്‍ക്കുന്നുണ്ട് കാളിദാസകൃതികള്‍ സമ്പൂര്‍ണ്ണമായി മലയാളത്തിലവതരിപ്പിച്ച കവി കുറിശ്ശേരി ഗോപാല കൃഷ്ണപിള്ള.

കാളിദാസകവിയെ മലയാളിക്കു പരിചതനാക്കിയവരില്‍ പ്രമുഖന്‍ സുധാംശു ചതുര്‍വേദിയായിരുന്നു. ഉത്തരേന്ത്യക്കാരനായ അദ്ദേഹം കാളിദാസ സാഹിത്യ സര്‍വസ്വം 1973-ല്‍ മലയാളത്തിന് നല്‍കിയെങ്കിലും മലയാളത്തനിമയില്‍ ചാലിച്ചെടുത്ത കാളിദാസ ഭാവനയെ സമ്പൂര്‍ണമായി ആവിഷ്‌കരിക്കുവാന്‍ ആരും മുതിര്‍ന്നില്ല. അങ്ങനെയൊരു തപസ്യ കേരളത്തില്‍ നടന്നുവെന്ന് മാലോകര്‍ക്കറിയാന്‍ 2015 ഏപ്രില്‍ മാസത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഭാഷാകാളിദാസ സര്‍വസ്വം എന്ന കൃതി പുറത്തിറങ്ങുംവരെ കാത്തിരിക്കേണ്ടിവന്നു. അപ്പോള്‍ അത് മലയാളസാഹിത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുകയായിരുന്നു.

ചരിത്രത്തിലേക്ക് പൈതൃകത്തിലൂടെ

കാളിദാസന്റെ സമ്പൂര്‍ണ്ണ കൃതികള്‍ മലയാളത്തിലേക്ക് ആദ്യമായി വിവര്‍ത്തനം ചെയ്ത കവിയായി കുറിശ്ശേരി ഗോപാലകൃഷ്ണപിള്ള ചരിത്രത്തിലിടം നേടി. കുറിശ്ശേരി എന്ന പേര് ചരിത്രരേഖകളില്‍ മുമ്പും ഇടംപിടിച്ചിട്ടുണ്ട്. കുറിശ്ശേരിയുടെ പിതാവായ വിദ്വാന്‍ കുറിശ്ശേരി നാരായണപിള്ളയാണ് കണ്ണശ്ശകവികളെക്കുറിച്ച് മലയാളത്തിലാദ്യമായി ആധികാരിക ഗ്രന്ഥം എഴുതിയത്. (കണ്ണശ്ശന്മാരും എഴുത്തച്ഛനും എന്ന ആ കൃതി ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്) കഥകളി മുദ്രകളെക്കുറിച്ച് സ്വന്തം വരകളോടുകൂടി അദ്യമായി ഒരു പുസ്തകം മലയാളത്തില്‍ രചിച്ചതും വിദ്വാന്‍ കുറിശ്ശേരിയായിരുന്നു. വിദ്വാന്റെ ഇളയ സഹോദരനായ കുറിശ്ശേരി ഗോപാലപിള്ള എഴുതിയ കേരളഗൗതമീയമാണ് മലയാളത്തിലെ ആദ്യത്തെ തര്‍ക്കശാസ്ത്രഗ്രന്ഥം. പൈതൃക വഴിയില്‍ പുതിയ ചരിത്രം കുറിക്കുകയാണ് ഇപ്പോള്‍ വിദ്വാന്‍ കുറിശ്ശേരിയുടെ മകന്‍ കുറിശ്ശേരി ഗോപാലകൃഷ്ണപിള്ളയും; കാളിദാസനിലൂടെ.

പതിനെട്ടുവര്‍ഷം നീണ്ട സാധനയിലൂടെയാണ് കാളിദാസന്റെ എല്ലാ കൃതികളും കുറിശ്ശേരി പച്ചമലയാളത്തിലേയ്‌ക്ക് പരിഭാഷപ്പെടുത്തിയത്. ശാകുന്തളം, മേഘസന്ദേശം, മാളവികാഗ്നിമിത്രം, വിക്രമോര്‍വശീയം, രഘുവംശം, കുമാരസംഭവം, ഋതുസംഹാരം എന്നീ കൃതികള്‍ തനിമലയാളത്തിലെത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും സാഹിത്യാസ്വാദകര്‍ക്കും മാത്രമല്ല, പുത്തന്‍തലമുറയിലെ ബ്ലോഗ് ആസ്വാദകര്‍ക്കും, കാലാതീതമായ കാളിദാസ ഭാവന ഇഷ്ടമാകുമെന്നതില്‍ തര്‍ക്കമില്ല.

തന്റെ ഏറ്റവും വലിയ സ്വപ്‌നം സാഫല്യത്തിലെത്തിയതിന്റെ ആഹ്ലാദവുമായി എണ്‍പത്തിമൂന്നുകാരനായ കുറിശ്ശേരി ഗോപാലകൃഷ്ണപിള്ള ശാസ്താംകോട്ടയിലെ കുറിശ്ശേരിയില്‍ വീട്ടിലിരുന്ന് ജന്മഭൂമിയോട് ജീവിതവഴികള്‍ പങ്കുവച്ചു. കാര്‍ത്ത്യായനിയമ്മയുടെയും വിദ്വാന്‍ കുറിശ്ശേരി നാരായണപിള്ളയുടെയും നാലു മക്കളില്‍ രണ്ടാമനായി 1933 ല്‍ പന്മനയില്‍ ഗോപാലകൃഷ്ണപിള്ള ജനിച്ചു. ഗോപാലന് പതിനൊന്ന് വയസ്സുള്ളപ്പോഴാണ് പിതാവിന്റെ മരണം. 1944 ല്‍ നാല്‍പത്തിയാറാം വയസ്സില്‍ വിദ്വാന്‍കുറിശ്ശേരി തന്റെ വിപ്ലവജീവിതവും ഈ ലോകവും ഉപേക്ഷിച്ച് മടങ്ങുമ്പോള്‍ സ്വാതന്ത്ര്യ സമരസേനാനി, പ്രഭാഷകന്‍, ചിത്രകാരന്‍, കവി, അധ്യാപകന്‍, ഗവേഷകന്‍ തുടങ്ങിയ വിവിധ വിശേഷണങ്ങള്‍ മാത്രമായിരുന്നു ശേഷിപ്പ്. സ്വന്തം എന്ന പദം ആ വിപ്ലവകാരിയ്‌ക്ക് അന്യമായിരുന്നു. പരാര്‍ത്ഥമായിരുന്നു ആ ജീവിതം. സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത കുറിശ്ശേരിയെ സ്‌കൂള്‍ അധികാരികള്‍ വിലക്കിയപ്പോള്‍ സര്‍വീസ്ബുക്ക് കീറിയെറിഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രതിഷേധിച്ചത്.

ചവറയിലെ തൊഴിലാളി സമരം ചോരക്കളമായി എന്നറിഞ്ഞപ്പോള്‍ മരുന്നു കുപ്പികള്‍ തട്ടിയെറിഞ്ഞ് ഇതൊന്നും എനിയ്‌ക്ക് വിധിച്ചിട്ടില്ലാ എന്നു പറഞ്ഞ് സമരത്തീയിലേക്ക് കുതിച്ച അച്ഛന്‍ പിന്നെ ജീവിതത്തിലേക്ക് തിരികെ വന്നില്ലെന്ന് ഓര്‍മ്മിക്കുമ്പോള്‍ ഈ പ്രായത്തിനും കുറിശ്ശേരി ഗോപാലകൃഷണപിള്ളയുടെ കണ്ണു നനയുന്നു. 1919 ല്‍ കുമ്പളത്ത് ശങ്കുപ്പിള്ള പന്മനയില്‍ വായനശാല ഉണ്ടാക്കിയപ്പോള്‍ ഒപ്പം നിന്നവരില്‍ ഒരാള്‍ വിദ്വാന്‍ കുറിശ്ശേരി ആയിരുന്നു. 1924 ല്‍ ആ വായനശാലയില്‍വച്ച് ചട്ടമ്പിസ്വാമികള്‍ സമാധിയായപ്പോള്‍ സമാധിഫോട്ടോ അച്ഛന്‍ ക്യാമറയിലാക്കിയതിലൂടെയും ആ ഫോട്ടോയിലൂടെയുമാണ് പില്‍ക്കാലത്ത് അച്ഛനെ പലരും ഓര്‍ക്കുന്നതെന്നും ഗോപാലകൃഷ്ണപിള്ള പറയുന്നു.

പ്രതിസന്ധികള്‍ക്കെതിരേ

കാസരോഗം ബാധിച്ച് പിതാവ് മരണമടഞ്ഞപ്പോള്‍ കൊച്ചുഗോപാലന് അന്ന് പതിനൊന്ന് വയസ്സ്. ദുരിത പ്രതിസന്ധികളിലൂടെയാണ് പിന്നെ വളര്‍ന്നത്. വേണ്ടപ്പെട്ട പലരും സഹായിച്ചില്ല. എങ്കിലും പിതാവ് പകര്‍ന്നു തന്ന പ്രചോദനം ഒപ്പമുണ്ടായിരുന്നു. കൊല്ലം പെരിനാട് ശ്രീനാരായണ വിലാസം സംസ്‌കൃത ഹൈസകൂളിലും പന്മന മനയില്‍ ശ്രീ ബാലഭട്ടാരവിലാസം സംസ്‌കൃതം ഹൈസ്‌കൂളിലുമായിരുന്നു പഠനം. സംസ്‌കൃതത്തില്‍ ഉപരിപഠനത്തിനായി 1953 ല്‍ തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ ചേര്‍ന്നു. അവിടെ നിന്ന് സംസ്‌കൃത സാഹിത്യത്തില്‍ ബിരുദം നേടി പുറത്തിറങ്ങിയ കുറിശ്ശേരി 1960-ല്‍ തേവലക്കര ഹൈസ്‌കൂളില്‍ അധ്യാപകനായി.

പടനായര്‍കുളങ്ങര പുതുവീട്ടില്‍ ഇന്ദിരയമ്മയെയാണ് വിവാഹം കഴിച്ചത്. ആ ദാമ്പത്യത്തില്‍ മൂന്നു മക്കളുണ്ടായി. ഇതിനിടയില്‍ അപ്രതീക്ഷിതമായി എത്തിയ രോഗബാധ കുറിശ്ശേരിയുടെ ജീവിത പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചു. ജീവിതം തീരാന്‍ പോകുന്നു എന്ന ഭയത്തോടെ മരണത്തെ കാത്തിരുന്ന നാളുകള്‍. പക്ഷേ, കാലം കുറിശ്ശേരിയ്‌ക്കായി മാറ്റി വച്ച ചില നിയോഗങ്ങളുണ്ടായിരുന്നു. രോഗം തോറ്റു പിന്മാറി. പാരമ്പര്യത്തിന്റെ സുകൃതമായിക്കിട്ടിയ കാവ്യപ്രതിഭയെ തന്റെ ജീവിതാഭിലാഷത്തിന് വേണ്ടി സമര്‍പ്പിക്കാന്‍ കുറിശ്ശേരി തീരുമാനിക്കുകയായിരുന്നു.

പതിനെട്ടു വര്‍ഷം നീണ്ട അധ്വാനം കാളിദാസ ഭാവനയുടെ നിഗൂഢതകളും സങ്കീര്‍ണതകളും ഇടംവലം നിന്ന് മനസ്സിനെ മഥിച്ച കാലം. വിവര്‍ത്തനം കീറാമുട്ടിയായിത്തീര്‍ന്ന വേളകള്‍. എങ്കിലും പിന്‍മാറിയില്ല. കാളിദാസന്റെ കൃതികളെ മുഴുവനും മലയാളത്തിലാക്കാനുള്ള ശ്രമത്തെ അസാധ്യമെന്നും അസംബന്ധമെന്നും നിഷ്പ്രയോജനമെന്നും പറഞ്ഞ് ചിലര്‍ നിരുത്സാഹപ്പെടുത്താന്‍ നോക്കി. എന്നാല്‍ അതൊന്നും കുറിശ്ശേരിയെ തളര്‍ത്തിയില്ല. ഇതാര് പ്രസിദ്ധീകരിക്കും എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. ഈ സംശയങ്ങള്‍ക്കൊന്നിനും കുറിശ്ശേരിയുടെ പരിശ്രമത്തെ തല്ലിക്കെടുത്താനായില്ല.

പരമ്പര ഇടമുറിയാതെ

ഇതിനിടയില്‍ 2012 ല്‍ കുറിശ്ശേരിയും മകന്‍ ഹരി കുറിശ്ശേരിയും ചേര്‍ന്ന് രചിച്ച വിരഹി എന്ന കൃതി പുറത്തുവന്നു. മേഘസന്ദേശത്തിന്റെ പദ്യവിവര്‍ത്തനം അച്ഛനും ഗദ്യവിവര്‍ത്തനം മകനും ചേര്‍ന്ന് നിര്‍വ്വഹിച്ച അപൂര്‍വ്വ സാഹിത്യ വിസ്മയമായിരുന്നു അതും. രചനയുടെ രീതി നോക്കുമ്പോള്‍ അതും മലയാളസാഹിത്യ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടേണ്ടതുതന്നെ. 2013ല്‍ വിരഹിയ്‌ക്ക് ഇ.വി. സാഹിത്യപുരസ്‌കാരം ലഭിച്ചതോടെ കുറിശ്ശേരിയുടെ സാഹിത്യസപര്യ ചര്‍ച്ചാവിഷയമായി. എഴുതി പൂര്‍ത്തിയാക്കിവച്ചിരുന്ന ഭാഷാകാളിദാസ സര്‍വസ്വത്തിന്റെ കൈയെഴുത്തുപ്രതി സാഹിത്യ ഗവേഷകനായ സുരേഷ്മാധവിന്റെ ശ്രദ്ധയില്‍പെട്ടത് വഴിത്തിരിവായി. പ്രസ്തുത കൃതിയുടെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞ കേരളഭാഷാ ഇന്‍സ്റ്റിസ്റ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. കൃഷ്ണകുമാറാണ് ഡോ. എം.ആര്‍. തമ്പാന്റെ മുന്നില്‍ ഈ കൃതി വച്ചത്. ക്ലാസിക്കല്‍ ഭാഷാ പദവിയുടെ പ്രഭാവലയത്തില്‍ നില്‍ക്കുന്ന മലയാളത്തിന് പച്ചമലയാളത്തിലെഴുതിയ ഈ കൃതിയുടെ പ്രസാധനം സന്ദര്‍ഭോചിതവും അഭിമാനജനകവുമാണെന്ന് ഭാഷാസ്‌നേഹിയായ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ മനസിലാക്കിയതുകൊണ്ടാണ് വിചാരിച്ചതിലും വേഗത്തില്‍ ഭാഷാകാളിദാസ സര്‍വസ്വം പുറത്തിറങ്ങിയതെന്ന് കുറിശ്ശേരി പറയുന്നു. ഹിന്ദി പരിഭാഷകളെ അടിസ്ഥാനമാക്കി മലയാളത്തില്‍ സമ്പൂര്‍ണ്ണ കാളിദാസകാവ്യ വിവര്‍ത്തനം ഉണ്ടായിട്ടുണ്ടെങ്കിലും കവിയും സംസ്‌കൃത പണ്ഡിതനുമായ ഒരു മലയാളി നിര്‍വഹിക്കുന്ന ആദ്യത്തെ വിവര്‍ത്തനമാണിത് എന്ന് പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ പ്രസാധകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവര്‍ത്തനവഴിയിലെ പ്രവര്‍ത്തനം

സംസ്‌കൃത പണ്ഡിതനായ നവകിഷോര്‍ ശര്‍മയുടെ സംസ്‌കൃത വ്യാഖ്യാനമാണ് വിവര്‍ത്തനത്തിനുവേണ്ടി കുറിശ്ശേരി ആശ്രയിച്ചത്. വിവര്‍ത്തന സിദ്ധാന്തങ്ങളുടെ നിയമം പിന്‍പറ്റിയല്ല കുറിശ്ശേരിയുടെ തര്‍ജ്ജമയെന്നു പറയാം. കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ചങ്ങമ്പുഴയും ഏആറുമൊക്കെ സ്വീകരിച്ച വിവര്‍ത്തന സ്വാതന്ത്ര്യം കുറിശ്ശേരിയും ഉപയോഗിക്കുന്നു. സാധാരണക്കാരനായ ഒരു മലയാളി വായനക്കാരനെയാണ് അദ്ദേഹം മുന്നില്‍ കാണുന്നത്. വിപുലമായ അര്‍ത്ഥങ്ങളെയും ആശയങ്ങളെയും ഉള്‍ക്കൊള്ളാനുളള ശേഷി നമ്മുടെ മലയാളത്തിനുണ്ടെന്ന വിശ്വാസമാണ് തര്‍ജ്ജമയില്‍ ഉടനീളം കാണുന്നത്.

ജനകീയ വായനയെ മുന്‍നിര്‍ത്തിയുളള പരിഭാഷയ്‌ക്ക് വ്യാഖ്യാന സ്വഭാവമുളള വിവര്‍ത്തനമാണ് നല്ലത് എന്ന ധാരണയാണ് അനുഷ്ടുപ്പ് വൃത്തം സ്വീകരിക്കാന്‍ കുറിശ്ശേരിയെ പ്രേരിപ്പിച്ചത്. കാളിദാസനും അനുഷ്ടിപ്പിനോട് പ്രിയം ഉണ്ടായിരുന്നു എന്ന സാധൂകരണവും കുറിശ്ശേരിക്കുണ്ട്. വൃത്ത പരീക്ഷണങ്ങള്‍ ഒഴിവാക്കിയതിലൂടെ വിവര്‍ത്തനത്തെ ലളിതമാക്കാനും കഴിഞ്ഞു എന്നത് ഭാഷാകാളിദാസ സര്‍വസ്വത്തിന്റെ വിജയമാണ്. വേദവൃത്തം എന്നു പ്രസിദ്ധമായ അനുഷ്ടുപ്പ് വൃത്തത്തിലാണ്  കുറിശ്ശേരി കാളിദാസസാഹിത്യം പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ഗദ്യവായനയൂടെ സുഖം നല്‍കുന്ന വൃത്തമാണ് അനുഷ്ടുപ്പ് എന്നതിനാല്‍ ആര്‍ക്കും മനസിലാക്കാവുന്ന ലാളിത്യം വരികളിലുണ്ട് എന്ന ആത്മവിശ്വസം കുറിശ്ശേരി പ്രകടിപ്പിക്കുന്നു.

സൈബര്‍ മലയാളിയ്‌ക്കും വേണ്ടി

കാളിദാസനെ വായിച്ചു മനസ്സിലാക്കാന്‍ ആര്‍ക്കും സമയം കിട്ടാത്ത ഇക്കാലത്ത് കുറിശ്ശേരി അവതരിപ്പിക്കുന്ന കാളിദാസവിവര്‍ത്തനം പഴയ മലയാളികളെയും പുതിയ സൈബര്‍ മലയാളികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു എന്നതാണ് അനുഭവസാക്ഷ്യം. സുരേഷ്മാധവിന്റെ ആമുഖപഠനത്തിനൊപ്പം ഡോ.എന്‍.വി.ഉണ്ണി, ഡോ. പൂജപ്പുര കൃഷണന്‍നായര്‍, പ്രൊഫ. ജി. ശ്രീനിവാസന്‍, ഡോ. കെ. വിജയന്‍ എന്നിവരുടെ പഠനങ്ങളും ഭാഷാകാളിദാസ സര്‍വസ്വത്തെ ആധികാരികമാക്കുന്നു. ആമുഖപഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ കാളിദാസകൃതികളുടെ സാര്‍വജനിക വായനയാണ് കുറിശ്ശേരിയുടെ ലക്ഷ്യം.

ശ്രേഷ്ഠ മലയാളഭാഷയുടെ വിനിമയ ലോകം വിശാലമാണ് എന്നു വിളിച്ചു പറയുന്ന ഭാഷാസ്‌നേഹിയായ മലയാളിയെ കൂടിയാണ് ഭാഷാസാഹിത്യ സര്‍വ്വസ്വത്തില്‍ കാണുന്നത്. വേഗത്തില്‍ വായിച്ചു പോകാവുന്ന വിധത്തില്‍ സൈബര്‍ വായനാ സംസ്‌കാരത്തെയും  ഒപ്പം നിര്‍ത്തുന്ന ശൈലിയാണ് കാവ്യാവതരണത്തില്‍ സ്വീകരിച്ചിട്ടുള്ളത്.

വരമൊഴിയേക്കാള്‍ വാമൊഴിക്ക് ഊന്നല്‍ നല്‍കുന്ന രചനാരീതി കാളിദാസ കലയെ കൂടുതല്‍ ജനകീയമാക്കാന്‍ പര്യാപ്തമാണെന്ന്  കുറിശ്ശേരി ചൂണ്ടിക്കാണിക്കുന്നു. കാളിദാസന്റെ അര്‍ഥാന്തര ധ്വനികള്‍ മലയാള ഭാഷയുടെ മാധുര്യത്തിലേക്ക് എത്തുമ്പോള്‍ വലുപ്പം കൂടുന്നത് ശ്രേഷ്ഠ മലയാള പദവിക്കു കൂടിയാണ്. പതിനെട്ടു വര്‍ഷം നീണ്ട സപര്യയിലൂടെ കാലത്തെ മറികടക്കുന്ന ഒരു സര്‍ഗലോകം സൃഷ്ടിക്കാന്‍ കുറിശ്ശേരിക്ക് കഴിഞ്ഞിരിക്കുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ സൗന്ദര്യതലം ലോകമറിഞ്ഞത് കാളിദാസനിലൂടെയാണ്. ഭാരതീയ കലകളുടെ ഭാവതലങ്ങളുടെ പൂര്‍ണത ഉള്‍ക്കൊള്ളുന്ന കാളിദാസ ഭാവനയെ മലയാളത്തിലേക്ക് ആവാഹിച്ചെടുത്ത കുറിശ്ശേരി ഭാരതീയ ദേശീയത എന്ന വികാരത്തെയാണ് ഭാഷയിലേക്ക് രൂപാന്തരപ്പെടുത്തിയത്.

ഹന്ത ഭാഗ്യം ജനാനാം

ഭാരതീയ ഋഷി പരമ്പരയെ സാഷ്ടാംഗം പ്രണമിച്ചു കൊണ്ട് ഓരോ ദിവസവും തുടങ്ങുന്ന കുറിശ്ശേരിയുടെ മാനസ ഗുരുക്കന്മാര്‍ ചട്ടമ്പിസ്വാമികളും നാരായണഗുരുദേവനും മാതാ അമൃതാനന്ദമയിയുമാണ്. ലോകമെമ്പാടുമുളള ആത്മീയ മണ്ഡലങ്ങളില്‍ ഒരു സ്ത്രീ ആത്മീയഗുരുവായി ആരാധിക്കപ്പെടുന്നത് ഭാരതീയ ദര്‍ശനത്തിന്റെ മഹത്വം കൊണ്ടാണന്ന് കുറിശ്ശേരി ചൂണ്ടിക്കാണിക്കുന്നു. അമ്മയാണ് സര്‍വസ്വം എന്നാണ് കുറിശ്ശേരിയുടെ മതം.

ഹന്ത ഭാഗ്യം ജനാനാം, വൈകി വിടര്‍ന്ന പൂവ്, മൃച്ഛകടികം വ്യാഖ്യാനം തുടങ്ങിയ കൃതികള്‍ രചിച്ച കുറിശ്ശേരി ഭഗവദ്ഗീതയ്‌ക്ക് വ്യാഖ്യാനമെഴുതിയിട്ടുണ്ടെങ്കിലും അത് പുറത്തു വന്നിട്ടില്ല. എണ്‍പത്തിമൂന്നാം വയസ്സില്‍ കാളിദാസന്‍ കൊണ്ടെത്തിച്ച പ്രശസ്തിയുടെ സാഫല്യം  നുണഞ്ഞുകൊണ്ട്, ശാസ്താംകോട്ടയില്‍ മകനോടൊപ്പം കഴിയുന്ന കുറിശ്ശേരി ഇന്ന് സംതൃപ്തനാണ്. സഹധര്‍മ്മിണി നേരത്തെ വിടപറഞ്ഞെങ്കിലും മക്കളായ സോഹയും ശുഭയും ഹരിയും അച്ഛന്റെ വാക്കിന്റെ തുമ്പത്ത് എപ്പോഴുമുണ്ട്.

രോഗം ആക്രമിച്ചിട്ടും നിയോഗമാണ് തന്നെ ഇപ്പോഴും നിലനിര്‍ത്തുന്നതെന്ന് കുറിശ്ശേരി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഭാരതീയ സാഹിത്യത്തെ വിശ്വോത്തരമാക്കിയ കാളിദാസനെ മലയാളികള്‍ക്ക് മുന്നില്‍ സമഗ്രമായി അവതരിപ്പിച്ച കുറിശ്ശേരിയെ പുരസ്‌കാരങ്ങള്‍ കാത്തിരിക്കുന്നു. അതിനു തുടക്കമായി പന്മനയിലെ സാംസ്‌കാരിക കൂട്ടായ്മ  നല്‍കുന്ന വിദ്യാധിരാജ പ്രതിഭാപുരസ്‌കാരം കുറിശ്ശേരിയെ തേടി എത്തിയിരിക്കുകയാണ്. വാര്‍ധക്യത്തെ ചെറുപ്പമാക്കുന്ന ഈ സ്‌നേഹത്തിന് മുന്നില്‍ കുറിശ്ശേരി വിനയാന്വിതനാവുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by