യോഗയുടെ ആരോഗ്യപരവും ചികിത്സാപരവുമായ ഗുണങ്ങള്‍ എണ്ണമറ്റതാണ്. ആധുനിക കാലത്തെ മിക്ക രോഗങ്ങളും ജീവിതശൈലജന്യ രോഗങ്ങള്‍, മാനസീക സമ്മര്‍ദ്ദ രോഗങ്ങള്‍ എന്നീ രണ്ടു വിഭാഗങ്ങളില്‍പ്പെടുന്നു. പ്രമേഹം, ഹൈപ്പര്‍കൊളസ്ട്രീമിയ, കാന്‍സര്‍, പൊണ്ണത്തടി, ഡിപ്രഷന്‍, ഡിമന്‍ഷ്യ, ഓട്ടിസം, ഉറക്കമില്ലായ്മ, ഹൃദയാഘാതം, പക്ഷാഘാതം എന്നീ രോഗങ്ങളെല്ലാം ഈ രണ്ടു വിഭാഗങ്ങള്‍പ്പെടുന്നവയാണ്.
കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാകും എന്ന് പറഞ്ഞാല്‍ ഒരു പത്തുവര്‍ഷം മുമ്പുവരെ ആരും വിശ്വസിക്കില്ലായിരുന്നു. എന്നാല്‍ പിരിമുറുക്കം നിറഞ്ഞ കുടുംബാന്തരീക്ഷത്തിലും അണുകുടുംബങ്ങളിലും വളരുന്ന കുട്ടികള്‍ക്ക് പലപ്പോഴും മാനസികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഓട്ടിസം, എഡിഎച്ച്ഡി(attention deficit hyperactivity disorder) എന്നിവ.
മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാനും യാഥാര്‍ത്ഥ്യബോധത്തോടെ ജീവിതത്തെ നേരിട്ട് സ്വസ്ഥത, ശാന്തി, സന്തോഷം, സമാധാനം, ഉത്സാഹം, എന്നിവയോടുകൂടി ജീവിക്കാനും യോഗ സഹായകമാകുന്നു.
വ്യായാമത്തിനുപകരമായി യോഗ ചെയ്താല്‍ മതിയാകും എന്ന് പലരും ധരിക്കുന്നു. ഇത് തെറ്റാണ്. ശരീരത്തെ ആരോഗ്യപൂര്‍വ്വം നിലനിര്‍ത്തുന്നതിന് വ്യായാമത്തിനും യോഗയ്‌ക്കും തുല്യപങ്കാണുള്ളത്. ഒന്നില്‍ ശരീരത്തിന് കൂടൂതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ മറ്റൊന്നില്‍ മനസ്സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ജീവിതചര്യയില്‍ വ്യായാമവും യോഗയും ഒരുപോലെ സമീകരിച്ചാല്‍ മാത്രമേ അയാള്‍ക്ക് സമ്പൂര്‍ണ ആരോഗ്യം അനുഭവിക്കാന്‍ സാധിക്കൂ.
യോഗപരിശീലിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ആദ്യം അറിയേണ്ടത് യമ നിയമങ്ങളാണ്. സാമൂഹികവും വ്യക്തിപരവുമായ എന്തെല്ലാം സദ്ഗുണങ്ങള്‍ പരിശീലിച്ചാല്‍ സ്വസ്ഥജീവിതം നയിക്കാന്‍ കഴിയും എന്ന് മനസിലാക്കി ശീലിക്കേണ്ട മാനസിക ചര്യകളാണ് യമനിയമങ്ങള്‍. അഹിംസ, സത്യം, മോഷ്ടിക്കായ്ക, ബ്രഹ്മചര്യം, ക്ഷമ, വിവേകബുദ്ധി, ദയ, ധാര്‍മികമായ ആര്‍ജ്ജവം, മിതാഹാരം, വൃത്തി എന്നിവ യമത്തില്‍പെടുന്നു. തപസ്സ് അല്ലെങ്കില്‍ ഏകാഗ്രത, സന്തോഷം, ദൈവവിശ്വാസം, ദാനം, ഈശ്വരാരാധന, ഉത്തമവാക് ശ്രവണം, ലജ്ജ, ബുദ്ധി എന്നിവ നിയമങ്ങളില്‍പെടുന്നു. ഒന്ന് വ്യക്തിപരമായ ധര്‍മവും മറ്റൊന്ന് സാമൂഹികമായ ധര്‍മങ്ങളുമാകുന്നു. ഇവ രണ്ടും നിഷ്ഠയോടെ പരിശീലിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ മൂന്നാമത്തെ മാര്‍ഗമായ ആസനങ്ങളിലേക്ക് പ്രവേശിക്കാന്‍ അര്‍ഹനും വിജയിക്കാന്‍ സാധ്യതയുള്ളവനും.
ജീവന്റെ ആധാരം ഓരോ ജീവിയുടേയും ഉള്ളിലിരിക്കുന്ന പ്രാണശക്തിയാണ്. മനുഷ്യന്റെ തലയില്‍ നിന്നും നട്ടെല്ലിനുള്ളിലെ സുഷുമ്‌നാകാണ്ഡത്തിലേക്ക് നീണ്ടുകിടക്കുന്ന ബുദ്ധിയുടേയും മനസ്സിന്റേയും പ്രഭവകേന്ദ്രമാണ് നമ്മുടെ ബോധാബോധനാ നാഡീമണ്ഡലം. ശരീരത്തിന്റെ എല്ലാ കോശങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നത് ഇവയാണ്. ശരീരം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ലക്ഷക്കണക്കിന് ഞരമ്പുകളിലൂടെയാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്.
ബോധമനസ് കൂടുതല്‍ വ്യാപരിക്കുന്നത് തലച്ചോറിലെ നാഡീവ്യൂഹത്തിലൂടെയാണെങ്കിലും മനുഷ്യന്റെ അബോധമായ എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത് സുഷുമ്‌നാകാണ്ഡത്തില്‍ നിന്നും ഉത്ഭവിക്കുന്ന നാഡീവ്യൂഹങ്ങളിലൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക