അതിര്‍ത്തിത്തര്‍ക്കം അതെപ്പോഴും ഒരു തലവേദനയാണ്. ഗ്രാമപ്രദേശങ്ങളില്‍ പണ്ടെല്ലാം അതു പതിവായിരുന്നു. അതിര്‍ത്തിത്തര്‍ക്കം മനസുകളേയും തമ്മില്‍ അകറ്റും. നേരെ കണ്ടാല്‍ മുഖം തിരിച്ചുകടന്നുപോകും ഈ അയല്‍ വീട്ടുകാര്‍. ഇതൊന്നും ഗ്രാമങ്ങളിലും നഗരങ്ങളിലും മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല. രാജ്യങ്ങള്‍ തമ്മിലും ഇത്തരം അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പലതും വര്‍ഷങ്ങളുടെ പഴക്കമുള്ളവ. പലരും ശ്രമിച്ചിട്ടും പരിഹാരം കാണാന്‍ കഴിയാത്തവ. പക്ഷേ, ചിലര്‍ വരുമ്പോള്‍ ചരിത്രവും വഴിമാറും, പുതുചരിത്രത്തിന് വഴിതുറക്കും. ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണയ കരാര്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ സംഭവിച്ചതും അതാണ്, ഒരു ചരിത്ര നിമിഷത്തിന്റെ പിറവി.
നാല് പതിറ്റാണ്ടായി ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കുന്നു. പ്രശ്‌നപരിഹാരത്തിനുള്ള സാധ്യത വിദൂരതയില്‍പോലും ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം. ഈ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ തങ്ങളുടെ വേര് ഏത് രാജ്യത്ത് ഉറപ്പിക്കണമെന്നറിയാതെ പ്രതിസന്ധിയിലായി. ഇക്കാലമത്രയും രാജ്യം ഭരിച്ചിരുന്നവര്‍ ആ പ്രദേശങ്ങളില്‍ വസിക്കുന്നവരേയും അവരുടെ പ്രശ്‌നങ്ങളേയും നിരാകരിക്കുകയായിരുന്നു.
ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുനാള്‍ നീണ്ടുനിന്ന ബംഗ്ലാദേശ് പര്യടനം ഒരര്‍ത്ഥത്തില്‍ ആ ഒറ്റപ്പെട്ട ജനതയ്‌ക്കുവേണ്ടിയായിരുന്നു. അന്യരാജ്യത്തിനകത്തുള്ള ഭൂപ്രദേശങ്ങളില്‍ 50,000 പേരാണ് താമസിക്കുന്നത്. അതിര്‍ത്തി പുനര്‍നിര്‍ണയ കരാര്‍ സാക്ഷാത്കരിക്കപ്പെട്ടതോടെ ഏകദേശം 4096 കി.മി. ദൈര്‍ഘ്യമുള്ള ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയിലെ 111 പ്രദേശങ്ങള്‍ ഭാരതം ബംഗ്ലാദേശിനും 51 പ്രദേശങ്ങള്‍ ബംഗ്ലാദേശ് ഭാരതത്തിനും കൈമാറും. ഇതുപ്രകാരം 500 ഏക്കര്‍ ബംഗ്ലാദേശ് ഭൂമി ഭാരതത്തിനും 10000 ഏക്കര്‍ ഭാരതഭൂമി ബംഗ്ലാദേശിനും ലഭിക്കും. അഭിമാനത്തോട ഏത് രാജ്യത്തെ പൗരന്മാരാണെന്ന് പറയുന്നതിനുള്ള സ്വാതന്ത്ര്യമാണ് ഈ കരാറോടെ ഒരു വന്‍ ജനാവലിക്കു ലഭിച്ചിരിക്കുന്നത്. അത് അത്ര നിസാരകാര്യമല്ലല്ലോ?
41 വര്‍ഷമായി ഒരു ജനത അവഗണനയുടെ ലോകത്താണ് കഴിഞ്ഞിരുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റപ്പെടാതെ, ദൂരിതപൂര്‍ണമായിരുന്നു അവരുടെ ജീവിതം. ബംഗ്ലാദേശിയോ ഭാരതീയനോ എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം പറയാനാവാത്ത നിസ്സഹായത. ഭൂമിയുടെ പേരിലുള്ള തര്‍ക്കവും നിയമവിരുദ്ധമായ കുടിയേറ്റവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു. ഇരുരാജ്യവും തമ്മിലുള്ള ബന്ധത്തെ അത് പ്രതികൂലമായി ബാധിച്ചിരുന്നെങ്കിലും ഇക്കാര്യം രമ്യതയിലെത്തിക്കുന്നതിനോട് ഭരണാധികാരികള്‍ മുഖം തിരിച്ചുനിന്നു. അതിര്‍ത്തിക്ക് ഇപ്പുറത്തേക്ക് ഒരുകാല്‍ വച്ചാല്‍ പോലും ജയിലഴിക്കുള്ളിലാകുന്ന അവസ്ഥ. രാജ്യാതിര്‍ത്തിലംഘനം ഒരു കാരണവശാലും അനുവദനീയമല്ല എന്നതുതന്നെ കാരണം. മതിയായ രേഖകളില്ലാതെ ഒരാള്‍ക്കും മറ്റൊരു രാജ്യത്തേക്ക് കടക്കാനാവില്ലല്ലോ.
1974 ല്‍ ഭാരതവും ബംഗ്ലാദേശും തമ്മില്‍ അതിര്‍ത്തി ഭൂമി കരാറില്‍ ഒപ്പിട്ടിരുന്നു. ഭാരത പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് മുജീബുര്‍ റഹ്മാനും തമ്മിലാണ് കരാറുണ്ടാക്കിയത്. പ്രതിപക്ഷ പാര്‍ട്ടിയായിരുന്ന ജനസംഘം അന്ന് ആ തീരുമാനങ്ങള്‍ക്ക് പിന്തുണ കൊടുത്തു. ഇരു രാജ്യത്തിനകത്തുള്ള മറു രാജ്യത്തിന്റെ ഗ്രാമങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനുവേണ്ടിയുള്ള ഉടമ്പടിയായിരുന്നു ഇത്. പക്ഷേ 1975 ല്‍ കരാറില് ഒപ്പിട്ട മുജീബുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കരാര്‍ നടപ്പാക്കാനായില്ല. തുടര്‍ സര്‍ക്കാരുകള്‍ അതിനു വേണ്ടത്ര ഗൗരവം കൊടുത്തുമില്ല. ബംഗ്ലാദേശ് സര്‍ക്കാര്‍ വര്‍ഷങ്ങളായി നിയമം പാസാക്കി കാത്തിരുന്നിട്ടും…
ചരിത്രത്തിലേക്ക്…
നാട്ടുരാജാക്കന്മാരുടെ കാലം, ബംഗാള്‍ രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ ഭരിച്ചിരുന്നത് രണ്ട് രാജാക്കന്മാരായിരുന്നു. കൂച്ച് ബീഹാറില്‍ രാജവംശവും രംഗ്പൂരില്‍ നവാബുമാണ് ഭരിച്ചിരുന്നത്. ഇരുപ്രദേശങ്ങളിലേയും ഭരണാധിപന്മാരാവട്ടെ കടുത്ത ചൂതാട്ടക്കാരും. കളിയില്‍ പണയം ഗ്രാമങ്ങളായിരുന്നു. അങ്ങനെ പന്തയത്തില്‍ വിജയിക്കുന്നയാള്‍ ഗ്രാമങ്ങള്‍ സ്വന്തമാക്കും. ഇത്തരത്തില്‍ ഓരോ ഭാഗത്തും മറുരാജ്യത്തിന് അധികാരമുള്ള 162 എന്‍ക്ലേവുകള്‍ രൂപംകൊണ്ടു. ഇത്തരത്തില്‍ ഒരു പ്രത്യേക സ്ഥിതിവിശഷം ഉടലെടുത്ത സാഹചര്യത്തില്‍ 1711 ലും 1713 ലും ഇരുകൂട്ടരും ധാരണാ ഉടമ്പടികളില്‍ ഏര്‍പ്പെട്ടു.
അതിനുശേഷം മൂന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറം ഭാരതം സ്വാതന്ത്ര്യം നേടുകയും പാക്കിസ്ഥാന്‍ വിഭജിക്കപ്പെടുകയും ചെയ്തപ്പോള്‍, ഇരുരാജ്യങ്ങളേയും വേര്‍തിരിച്ചുനിര്‍ത്തിയത് റാഡ്ക്ലിഫ് രേഖയാണ്. ഈ രേഖതെന്നയാണ് 1971 ല്‍ ബംഗ്ലാദേശ് സ്വതന്ത്രമായപ്പോഴും ഭാരതവുമായുള്ള അതിര് നിര്‍ണയിക്കുന്നത്. വിഭജനശേഷം രംഗ്പൂര്‍ കിഴക്കന്‍ പാക്കിസ്ഥാന്റെ ഭാഗമായി. കൂച്ച് ബീഹാര്‍ ഭാരതവുമായും ലയിച്ചു.
ബ്രിട്ടീഷ് കോളനിവാഴ്ചകാലത്ത് ഉടലെടുത്ത പ്രശ്‌നം തുടര്‍ന്നിങ്ങോട്ടും പരിഹരിക്കപ്പെടാതെ കിടന്നു. സ്വതന്ത്ര ഭാരതത്തില്‍ അധികാരം പതിറ്റാണ്ടുകളോളം കൈവശം വച്ച കോണ്‍ഗ്രസും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു എന്നുവരുത്താന്‍ ചില കാട്ടിക്കൂട്ടലുകള്‍ നടത്തിയതല്ലാതെ അതിനായി നിരന്തരം പരിശ്രമിച്ചില്ല എന്നതിന് തെളിവാണ് നീണ്ട ഈ 41 വര്‍ഷം.
ഒരു ഭരണകൂടം ഉള്ളതിന്റേതായ യാതൊരു അടയാളവും അന്യരാജ്യഗ്രാമങ്ങളിലില്ല. സ്‌കൂളോ, ആശുപത്രികളോ, വൈദ്യുതിയോ എന്തിനേറെ ക്രമസമാധാനപാലനത്തിനായി പോലീസിന്റെ സേവനമോ ഇവിടെ ലഭ്യമല്ല. മരിജുവാന പോലുള്ള കഞ്ചാവ് ചെടികളുടെ കൃഷി ഇവിടെ വ്യാപകമാണ്. പൗരത്വം തെളിയിക്കാന്‍പോലും സാധിക്കാതെ തൊഴില്‍ രഹിതരായി ജീവിക്കുന്ന നിരവധിപേരും ഇവിടെയുണ്ട്. ഏതെങ്കിലും മാര്‍ഗത്തില്‍ വിദ്യാഭ്യാസം നേടിയവരാണെങ്കില്‍ക്കൂടി വ്യക്തിത്വം തെളിയിക്കുന്നതിന് മതിയായ രേഖകളില്ലാത്തവര്‍. ഇവിടെയുള്ളവര്‍ക്ക് തൊഴില്‍ അവസരങ്ങളും കുറവാണ്. കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നവരാണ് അധികവും. ഇത്തരത്തില്‍ അരക്ഷിതാവസ്ഥയില്‍ ജീവിക്കുന്ന ഒരു വിഭാഗം ജനതയ്‌ക്കുവേണ്ടി ശബ്ദിക്കുവാന്‍ ആരും മുന്നോട്ടുവന്നുമില്ല.
ഏത് രാജ്യത്തിന്റെ ഭാഗമാണ് എന്നറിയാത്ത പതിനായിരങ്ങള്‍ക്ക് താന്‍ ഇന്ന രാജ്യത്തെ പൗരനാണെന്ന് അഭിമാനത്തോടെ പറയുന്നതിന് ഇനി സാധിക്കും. ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണയ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചതോടെ ഏത് രാജ്യത്തെ പൗരത്വം വേണമെങ്കിലും തിരഞ്ഞെടുക്കുന്നതിന് അവര്‍ക്ക് അവകാശമുണ്ടായിരിക്കും. ഇത്തരത്തിലൊരു സുപ്രധാന നീക്കത്തിന് നാന്ദികുറിക്കുന്നതിന്റെ ഭാഗമായി 2015 മെയ് ആറിനാണ് ഭരണഘടനാ ഭേദഗതിക്ക് രാജ്യസഭ അംഗീകാരം നല്‍കുന്നതും പാര്‍ലമെന്റ് അതിര്‍ത്തിഭൂമി കൈമാറ്റ കരാര്‍ പാസാക്കുന്നതും.
ഭാരതവും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും ഇപ്പോള്‍ വഴി തുറിരിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ രണ്ട് ബസ് സര്‍വീസുകള്‍, ബംഗ്ലാദേശിന് 12600 കോടി രൂപയുടെ ധനസഹായം ഇതെല്ലാം ഭാരതവും ബംഗ്ലാദേശിനും ഇടയില്‍ നിലവിലുള്ള കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കുമെന്ന് ഉറപ്പ്. കൂടാതെ ബംഗ്ലാദേശില്‍ 4600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാന്‍ റിലയന്‍സ്, അദാനി ഗ്രൂപ്പ് കമ്പനികള്‍ ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡുമായി കരാര്‍ ഒപ്പുവച്ചു. 32,000 കോടി രൂപയുടെ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിനാണ് കരാര്‍. അദാനി ഗ്രൂപ്പ് രണ്ട് കല്‍ക്കരി വൈദ്യുതി നിലയങ്ങളും സ്ഥാപിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പുകളാണ് ഇതെല്ലാം.
ബംഗ്ലാദേശിന് 17160 ഏക്കര്‍ പ്രദേശം വിട്ടുകൊടുക്കുന്നതിലൂടെ ഭാരതത്തിന് 10,000 ത്തോളം ഏക്കര്‍ കൃഷിഭൂമി നഷ്ടമാകുമെന്നത് ഒരു യാഥാര്‍ത്ഥ്യം. പക്ഷേ, എത്രയേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയാലും നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമേ ചിലര്‍ കൊട്ടിഘോഷിക്കുകയുള്ളു. ഇതിന് പ്രധാനമന്ത്രി വ്യക്തമായ മറുപടിയും നല്‍കി. രാജ്യത്തെ ഭൂവിസ്തൃതിയല്ല, വികസനമാണ് പ്രധാനമെന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പതിനായിരത്തോളം വരുന്ന വ്യക്തികളുടെ ജീവിതമാണ്, പതിനായിരം ഏക്കറേക്കാളും വലുതെന്ന് ചിന്തിക്കുന്നവര്‍ ഒരിക്കലും ഇത്തരത്തിലുള്ള നഷ്ടങ്ങളുടെ കണക്ക് പറയില്ല.
പണ്ട് നമ്മുടെ നാട്ടുരാജാക്കന്മാര്‍ ഭൂവിസ്ൃതി വികസിപ്പിക്കുന്നതിന് വേണ്ടിയാണ് വെട്ടിപ്പിടിക്കലുകള്‍ ഏറെയും നടത്തിയിട്ടുള്ളത്. അവിടെ ഒരിക്കലും വിട്ടുവീഴ്ച മനോഭാവം ഉണ്ടായിരുന്നില്ല. പക്ഷേ ഭാരതത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരം ത്യാഗമാണെന്ന് 10,000 ത്തോളം ഏക്കര്‍ വിട്ടുനല്‍കിക്കൊണ്ട് ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ തെളിയിക്കാന്‍ നമുക്ക് സാധിച്ചു. രാജ്യത്തിനകത്തായാലും പുറത്തായാലും മനസുകളുടെ ഐക്യമാണ് പ്രധാനമെന്ന് കരുതുന്നവര്‍ ചിലപ്പോള്‍ അര്‍ഹമായതും വിട്ടുനല്‍കും. അതും രാജ്യത്തിന്റെ പുരോഗതി മുന്നില്‍ കണ്ടുകൊണ്ടാവും. ഇത് രാഷ്‌ട്രതന്ത്രത്തില്‍ ഇതുവരെ ദര്‍ശിക്കാത്ത പുതിയ പാഠം. അതുമല്ലെങ്കില്‍ സ്വരാഷ്‌ട്രത്തിനായി ജീവിതം സമര്‍പ്പിച്ച ഒരു വ്യക്തിക്ക് മാത്രം ചെയ്യുവാന്‍ സാധിക്കുന്ന ത്യാഗനിരതമായ കര്‍ത്തവ്യമായും ഇതിനെ വിശേഷിപ്പിക്കാം.
ഈ കരാര്‍ യാഥാര്‍ത്ഥ്യമാക്കുകവഴി സാധിക്കുന്നത് വിവിധ തലത്തിലുള്ള നേട്ടങ്ങളാണ്. അതിര്‍ത്തിയില്‍ സമാധാനം. അറിയാതെ മറികടക്കുന്ന അതിരുകളില്‍ ഇരു രാജ്യത്തെ പൗരന്മാര്‍ക്കും ഇനി ഔദ്യോഗിക സുരക്ഷാ നടപടികളുടെ ഭയത്തില്‍ ജീവിക്കേണ്ടിവരില്ല. കൃത്യമായി അതിര്‍ത്തി വിഭജിച്ചതോടെ നുഴഞ്ഞുകയറ്റവും കടന്നുകയറ്റവും തടയാന്‍ അനാവശ്യ കാവലിന് സൈനികരെ ഇരു രാജ്യത്തിനും വിന്യസിക്കേണ്ടതില്ല. ഇഷ്ടമുള്ള രാജ്യം തിരഞ്ഞെടുക്കുന്ന പൗരന്മാര്‍ക്ക് ഇനി സുരക്ഷിതമായ നവജീവിതം തുടങ്ങാനാകും. കൃഷി ചെയ്യുന്നത് സ്വന്തം രാജ്യത്താണെന്ന വിശ്വാസത്തില്‍ അര്‍പ്പണത്തോടെ കൃഷിചെയ്യാം, വിളവെടുക്കാം.
ഈ പ്രദേശങ്ങളില്‍ അതത് രാജ്യത്തെ സര്‍ക്കാരുകള്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താം. വിദ്യാഭ്യാസ-ആരോഗ്യ രക്ഷാ സൗകര്യങ്ങള്‍ക്കു തുടക്കം കുറിക്കാം. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ കൂടുതല്‍ സൗഹാര്‍ദ്ദമുണ്ടാക്കാം.
40 വര്‍ഷത്തിലേറെ തീരുമാനമാകാതെ കിടന്നിരുന്ന ഈ അതിര്‍ത്തി പ്രശ്‌ന പരിഹാരത്തിന് ഭാരതം മുന്‍കൈ എടുത്തതോടെ അന്താരാഷ്‌ട്രതലത്തില്‍ മോദി സര്‍ക്കാര്‍ നേടിയ നയതന്ത്രം വലുതാണ്. ന്യായയുക്തവും നീതിഭരിതവുമായ നിലപാടുകള്‍ക്ക് ഭാരതം എന്നും തയ്യാറാണ് എന്ന സന്ദേശം ലോകത്തിനു നല്‍കാനായി. അതിര്‍ത്തികളിലെ വിട്ടുവീഴ്ചകള്‍ക്ക് ഇത്രത്തോളം തയ്യാറുള്ള രാജ്യം ചില അതിരുകളില്‍ കടും പിടുത്തം കാണിക്കുന്നെങ്കില്‍ അതിന് അടിസ്ഥാനമുണ്ടെന്നു കൃത്യമായി അന്താരാഷ്‌ട്ര സമൂഹത്തെ ധരിപ്പിക്കാനും ഭാരതത്തിനായി.
മറ്റു ചില അയല്‍പക്കക്കാരുടെ, വളഞ്ഞ വഴിയിലെ അതിരുപുതുക്കല്‍ നടപടികള്‍, ഒരിക്കലും വിളയുകില്ലെന്ന് അവര്‍ക്ക് അന്ത്യശാസനം നല്‍കാന്‍കൂടി ഈ അതിരുപുതുക്കലിലൂടെ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: