മാനവരാശിയുടെ ദുഖമകറ്റാന്‍ ഭൂജാതനായ ഗൗതമ ബുദ്ധന്റെ ജന്മദിനമാണ് ബുദ്ധപൗര്‍ണമി. ക്രി. മുമ്പ് 568 ല്‍ കപിലവസ്തുവിലെ ശുദ്ധോദന രാജാവിന്റേയും മായാദേവിയുടേയും പുത്രനായി ജനിച്ച കുമാരനാണ് പില്‍ക്കാലത്ത് ലോകപ്രശസ്തനായ ബുദ്ധനായിത്തീര്‍ന്നത്.
ഗൗതമ എന്നത് രാജകുടുംബപ്പേരാണ്. ഐതിഹാസികമായ ഒട്ടേറെ സംഭവങ്ങള്‍ക്കും ത്യാഗപൂര്‍ണമായ ജീവിതത്തിനും ഇദ്ദേഹം മുന്‍പന്തിയില്‍ നിന്നതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2500 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും ഗൗതമ ബുദ്ധന്റെ ദര്‍ശനങ്ങളും തത്വചിന്തകളും മാനവരാശിക്ക് ഉള്‍ക്കാഴ്ചയേകുന്നുണ്ട്.
ശ്രീബുദ്ധന്റെ ആകര്‍ഷകമായ വ്യക്തിത്വവും ഉപദേശങ്ങളുടെ ലാളിത്യവും യുക്തിഭദ്രമായ പ്രമാണങ്ങളും ജനങ്ങളെ ഏറെ ആകര്‍ഷിച്ചു. വര്‍ണാശ്രമ ധര്‍മ്മങ്ങളെ അംഗീകരിക്കാതിരിക്കുന്നതും ലിംഗഭേദം കല്പിക്കാതിരുന്നതും ബുദ്ധന്റെ ദര്‍ശനങ്ങളുടെ ശക്തിശ്രോതസ്സുകളായിയെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
”രാഗോ ദ്വേഷശ്ച ലോഭശ്ച
ത്രയ ഏതോ മഹാവിഷാ:
നിര്‍വിഷോ ഭഗവാന്‍ ബുദ്ധ
രാഗാദ്യായേന നാശിതാം”
അത്യാസക്തി, കോപം, ദുരാഗ്രഹം എന്നീ മൂന്ന് വിഷയങ്ങളെ ഒഴിവാക്കിയാല്‍ പ്രാപഞ്ചിക ദുഖ ശമനവും ശാശ്വതശാന്തിയും കൈവരിക്കാമെന്ന് ശ്രീബുദ്ധന്‍ സമര്‍ത്ഥിച്ചു. ഈ മതപ്രചരണാര്‍ത്ഥം സര്‍വസംഗ പരിത്യാഗികളായ ബുദ്ധഭിക്ഷുക്കള്‍ ഭാരത്തിലെമ്പാടും പര്യടനം നടത്തുകയും ചെയ്തു. ബുദ്ധഭിക്ഷുക്കളില്‍ ശ്രേഷ്ഠനും അഗ്രേസരനുമായിരുന്നു ആനന്ദഭിക്ഷു. ആനന്ദഭിക്ഷു ബുദ്ധദേവന്റെ രക്തബന്ധത്തിലുള്ളവനായിരുന്നു. ബുദ്ധന്‍ ആദ്ധ്യാത്മിക തത്വപ്രചാരണം തുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ ആനന്ദന്‍ അദ്ദേഹത്തിന്റെ ശിഷ്യനായെത്തുകയും ചെയ്തു.
ശ്രീബുദ്ധനും ആനന്ദഭിക്ഷുവും തമ്മിലുള്ള ഗുരു-ശിഷ്യ ബന്ധം ദൃഢതരവുമായിരുന്നു. ഒരിക്കല്‍ ആനന്ദഭിക്ഷു തനിക്ക് അത്ഭുതങ്ങള്‍ കാട്ടുവാനുള്ള സിദ്ധി തരണമെന്ന് ബുദ്ധനോട് ആവശ്യപ്പെട്ടു. പക്ഷേ ബുദ്ധന്‍ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, സിദ്ധികള്‍ പില്‍ക്കാലത്ത് മനസമാധാനം ഇല്ലാതാക്കുമെന്ന് ഉപദേശിക്കുകയും ചെയ്തു.
പ്രഥമശിഷ്യന്റെ നിരന്തരമായ അപേക്ഷ ശ്രീബുദ്ധനെ ഒടുവില്‍ അതിന് പ്രേരിപ്പിച്ചു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവ് ആനന്ദന് നല്‍കി. കുറേക്കാലങ്ങള്‍ക്ക് ശേഷം ശ്രീബുദ്ധന്റെ അടുത്തുചെന്ന് ആനന്ദഭിക്ഷു തന്റെ മനശാന്തി നഷ്ടപ്പെട്ടകാര്യം പറഞ്ഞുവെന്ന് ചരിത്രകാരന്മര്‍ സൂചിപ്പിക്കുന്നുണ്ട്. ആത്യാഗ്രഹങ്ങളാണ് മനുഷ്യന്റെ മനസമാധാനം കെടുത്തുന്നതെന്ന ശ്രീബിദ്ധ ദര്‍ശനം ഈ കഥയില്‍ അനാവരണം ചെയ്യപ്പെടുന്നു.
വളരെ ലളിതമായി കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുവാനുള്ള ബുദ്ധന്റെ കഴിവിന് മറ്റൊരുദാഹരണം എഡ്വിന്‍ ആര്‍ണോള്‍ഡ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘വേല ഹശഴവ േീള മശെമ’ എന്ന ഗ്രന്ഥത്തില്‍. ഒരിക്കല്‍ ഒരു സ്ത്രീ പാമ്പുകടിയേറ്റുമരിച്ച തന്റെ മകന്റെ മൃതദേഹവുമായി ബുദ്ധന്റെയടുത്തുവന്ന്, തന്റെ മകന് ജീവന്‍ കൊടുക്കണമെന്ന് കരഞ്ഞുപറഞ്ഞു. ശ്രീബുദ്ധന്‍ വളരെ ലാഘവത്തോടെ ആ സ്ത്രീയെ അരികില്‍ വിളിച്ച് ഇങ്ങനെ പറഞ്ഞു. ”മരണം ഉണ്ടാകാത്ത ഒരു വീട്ടില്‍ നിന്നും കുറെ കടുക് വാങ്ങിക്കൊണ്ടുവരൂ.
ഞാന്‍ കുട്ടിക്ക് ജീവന്‍ നല്‍കാം”. സന്തോഷത്തോടെ ആ സ്ത്രീ കുട്ടിയുടെ മൃതശരീരം അവിടെകിടത്തിയിട്ട് കടുക് വാങ്ങുവാന്‍ പോയി. സന്ധ്യയോടെ അവര്‍ തിരിച്ചുവന്നു. ”ദേവാ എല്ലാ വീട്ടിലും മരണം നടന്നിട്ടുണ്ട്. സാരമില്ല, നാളെ ഞാന്‍ വാങ്ങിക്കൊണ്ടുവരാം.” അവരുടെ പ്രതീക്ഷയില്‍ അദ്ദേഹം വിരുദ്ധാഭിപ്രായം പറഞ്ഞില്ല. മൂന്നാല് ദിനങ്ങള്‍ അവര്‍ അങ്ങനെ നടന്നു. ഒടുവില്‍ ശ്രീബുദ്ധന്‍ ആ സ്ത്രീയെ ഉപദേശിച്ചത് ഇങ്ങനെയാണ്. ”ജനനമുണ്ടായാല്‍ മരണം സുനിശ്ചിതമാണ്. അതില്‍ ദുഖിച്ചിട്ടുകാര്യമില്ല.
മരണം മനുഷ്യന്റെ മാത്രമല്ല ജന്തുക്കളുടെ നിഴലായും പിറകെയുണ്ട്. ആശ്വസിക്കുക. നീയും ഞാനും മരിക്കുകതന്നെ ചെയ്യും”. പില്‍ക്കാലത്ത് ആ സ്ത്രീ ബുദ്ധ ഭിക്ഷുകിയായിത്തീര്‍ന്നെന്ന് ചരിത്രകാരന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സിദ്ധാര്‍ത്ഥന്റെ ജന്മസമയത്തുതന്നെ, അവന്‍ പില്‍ക്കാലത്ത് മഹാപരിത്യാഗിയായിത്തീരുമെന്ന് അസിത മഹര്‍ഷി പ്രവചിച്ചു. അവനെ പില്‍ക്കാലത്ത് രാജാവാക്കുവാനും രാജപരമ്പര നിലനിര്‍ത്തുവാനുമാണ് രാജാവ് താല്‍പ്പര്യപ്പെട്ടത്. രാജകുമാരനെ പുറത്തേക്കെങ്ങും വിട്ടില്ല. ഒരു വൈരാഗിയായി ആ കുമാരന്‍ മാറുമെന്ന ഭയമായിരുന്നു പിതാവിനുണ്ടായിരുന്നത്. ഒരിക്കല്‍ രാജകുമാരന്‍ രഥത്തില്‍ നാടുകാണാനിറങ്ങി. എങ്ങും ഉത്സവലഹരി. രാജവീഥികള്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു.
ആബാലവൃദ്ധവും സുഖത്തോടെ രാജവീഥിക്കരികില്‍ കാണപ്പെട്ടു. അതില്‍ത്തന്നെ കുമാരന്‍ മറ്റൊരു കാഴ്ചയും കാണാനിടയായി. ഒരു പട്ടിണിപ്പാവത്തിനെ. കുമാരന്റെ മനസ്സ് തളര്‍ന്നു. രണ്ടുദിവസം കഴിഞ്ഞു. ഒരു രാത്രി രാജകുമാരന്‍ ആരോരുമറിയാതെ തെരുവിലൂടെ പ്രച്ഛന്നവേഷനായി നടന്നു. അത്രനാള്‍ക്കണ്ട കാഴ്ച കുമാരന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ലോകത്തിന് ശാന്തിയും സമാധാനവും നല്‍കാന്‍ അദ്ദേഹം കൊട്ടാരമുപേക്ഷിച്ചു. രാജപത്‌നിയായ യശോധരയേയും മകനേയും ഉപേക്ഷിച്ച് അദ്ദേഹം അലഞ്ഞു തിരിഞ്ഞുനടന്നു. ഒടുവില്‍ അവന് ബോധദയം ഉണ്ടാവുകയും ബുദ്ധനായിത്തീരുകയും ചെയ്തു.
പരിശുദ്ധമായ ജ്ഞാനമാണ് ഞാന്‍ വിതയ്‌ക്കുന്ന വിത്ത്എന്റെ സദ്പ്രവര്‍ത്തി മഴയായി വയലിനെ നനക്കുന്നു ഈ വളക്കൂറുള്ള മണ്ണില്‍ ഞാന്‍ വിതയ്‌ക്കുന്ന വിത്തുകള്‍ മുളയ്‌ക്കുന്നു
നല്ല ബലമുള്ള കരിയുടെ കൊഴുവായ് വിവേകമാണ് ഞാന്‍ ഉപയോഗിക്കുന്നത്. അതിന്റെ പിടിയാണ് ധര്‍മ്മം. സുദൃഢമായ വിശ്വാസമാണ് കാള. ഞാന്‍ പൂട്ടുന്ന നിലത്തുനിന്നും ആഭിലാഷങ്ങളാകുന്ന കളകള്‍ ഉന്മലനം ചെയ്യപ്പെടുന്നു. അതിനാല്‍ എനിക്ക് കിട്ടുന്നത് നിര്‍വാണം എന്ന മികവുറ്റ വിളവാണ്
ശ്രീബുദ്ധന്റെ ഉല്‍കൃഷ്ടമായ തത്വോപദേശത്തിന്റെ സാരാംശമായി ലോകം ഈ വാക്യങ്ങളെയാണ് ദര്‍ശിക്കുന്നത്. ഗൗതമബുദ്ധന്റെ ജനനവും അത്യപൂര്‍വമായിട്ടാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കപില വസ്തുവിലെ രാജാവും ശാക്യരാജാവുമായ ശുദ്ധോദരന് സന്താനഭാഗ്യമുണ്ടായില്ല. മഹാസാധ്വിയും പതിവ്രതയുമായ മായാദേവിയും ഇതില്‍ ഏറെ ദുഖിച്ചു. അങ്ങനെയിരിക്കെയാണ് അസിത മഹര്‍ഷി കൊട്ടാരം സന്ദര്‍ശിച്ചത്. തങ്ങളുടെ ദുഖം ആ രാജദമ്പതികള്‍ അദ്ദേഹത്തെ അറിയിച്ചു.
ആദ്ദേഹം ഉപദേശിച്ചതനുസരിച്ച് വ്രതം നോക്കി അസിത മഹര്‍ഷി കൊടുത്ത മാമ്പഴം മായാദേവി ഭക്ഷിച്ചു. ആ സാധ്വി ഗര്‍ഭിണിയായി. രാജാവും പ്രജകളും ആനന്ദത്താല്‍ ഉത്സാഹഭരിതരായി. പൂര്‍ണ ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവിനെ അവര്‍ ഒരു ആഗ്രഹം അറിയിച്ചു. തനിക്ക് തന്റെ അച്ഛനെ കാണണം. മനസ്സില്ലാമനസ്സോടെ ശുദ്ധോദന രാജാവ് അനുവാദം കൊടുത്തു.
പല്ലക്കിലേറി അവള്‍ പിതാവിന്റെ രാജ്യമായ വ്യാഘ്രപുരിയിലേക്ക് പുറപ്പെട്ടു. വഴി മദ്ധ്യേ അവള്‍ക്ക് പേറ്റുനോവുണ്ടായി. അങ്ങിനെ നേപ്പാള്‍ അതിര്‍ത്തിയിലുള്ള ലുംബിനി തോട്ടത്തിലെ സാലമരച്ചുവട്ടില്‍വെച്ച് വൈശാഖ പൗര്‍ണമി ദിവസം മായാദേവി പ്രസവിച്ചു. ആ കുമാരനാണ് ലോകത്തിന്റെ ദുഖമകറ്റാന്‍ പിറവിയെടുത്ത ശ്രീബുദ്ധന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക