Categories: Kerala

നേപ്പാള്‍ ദുരിതബാധിതര്‍ക്ക് കേരളത്തിന്റെ ധനസഹായം രണ്ട് കോടി

Published by

തിരുവനന്തപുരം: നേപ്പാളില്‍ ഭൂചലനത്തിലകപ്പെട്ട ദുരിതബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാര്‍ 10,000 രൂപവീതം സഹായ നിധിയിലേക്ക് നല്‍കും. നേപ്പാളിനെ സഹായിക്കാനുള്ള ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നേപ്പാളില്‍ മരിച്ച രണ്ട് മലയാളി ഡോക്ടര്‍മാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി. ഇന്നലെ വൈകിട്ടോടെ മൃതദേഹങ്ങള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ദല്‍ഹിയിലെത്തിച്ചു. ഇന്ന് നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഭൂചലനത്തില്‍ പരിക്കു പറ്റിയ ഡോ. അബിന്‍ സൂരിയെ ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ആവശ്യമായ ചികിത്സകള്‍ നല്‍കി വരികയാണ്. കാഠ്മണ്ഡുവില്‍ കുടുങ്ങിയ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്താനായിട്ടുണ്ട്. മിലിട്ടറിയുടെ വിമാനങ്ങള്‍ക്ക് പുറമേ എയര്‍ ഇന്ത്യയുടെ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായിട്ടുണ്ട്. എല്ലാവരെയും ഇന്നത്തോടെ രക്ഷപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by