Categories: Kerala

നാടിന്റെ പുരോഗതിക്ക് റോഡ് വികസനം പ്രധാനപ്പെട്ടത്: നിതിന്‍ ഗഡ്കരി

Published by

ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണോദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി നിര്‍വഹിക്കുന്നു. മന്ത്രിരായ വി.കെ.ഇബ്രാഹീംകുഞ്ഞ്, രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സമീപം

ആലപ്പുഴ: നാടിന്റെ പുരോഗതിക്ക് റോഡ് വികസനം പ്രധാനപ്പെട്ടതാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡ് സൗകര്യമില്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 30 ശതമാനം ഡ്രൈവിങ് ലൈസന്‍സും വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പരിഹാരം കാണാന്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 348.43 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിവര്‍ഷം അഞ്ചുലക്ഷം റോഡപകടങ്ങളിലായി ഒന്നരലക്ഷം പേരാണ് മരിക്കുന്നത്. റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കലാണ് തടസം സൃഷ്ടിക്കുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്‌ട്രങ്ങളായ ചൈന, റഷ്യ എന്നിവിടങ്ങളില്‍ പോലും ഭൂമിയേറ്റെടുക്കുന്നതിന് പ്രായോഗികമായി നിയമം പരിഷ്‌കരിച്ചു. റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം ലഭ്യമാക്കും. ഭൂമിയുടെ നിലവിലെ വിലയുടെ നാലിരട്ടി വരെ കുടിയൊഴിപ്പിക്കുപ്പെടുന്നവര്‍ക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനത്തിന് ആവശ്യമായ ഭൂമിയേറ്റെടുത്ത് നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു.

സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ കേരളത്തില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മിക്കുന്നതിനും കേന്ദ്രം തയ്യാറാണ്. ജൈവ ഇന്ധനവും പ്രകൃതി വാതകവും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം. പത്ത് വര്‍ഷത്തിനകം ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു.

ജൈവ ഇന്ധനമോ പ്രകൃതി വാതകമോ ഉപയോഗിക്കുന്ന നിലയിലേക്ക് ഇവ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയില്‍ ജൈവഇന്ധനമുപയോഗിച്ചുള്ള ആദ്യ എസി ബസ് സര്‍വീസ് ആരംഭിച്ചു. ഈഥൈല്‍ ഇന്ധനമാക്കിയുള്ള 100 ബസുകളും പ്രകൃതി വാതകം ഇന്ധനമാക്കിയുള്ള 100 ബസുകളും ഇവിടെ നിര്‍മാണ ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ ഡീസല്‍ മാറ്റി പ്രകൃതി വാതകം ഉപയോഗിക്കാന്‍ സംവിധാനമുണ്ടാക്കണം. രാജ്യത്ത് പുതുതായി 101 ദേശീയ ജലപാതകള്‍ക്ക് അംഗീകാരം നല്‍കിയതില്‍ എട്ടെണ്ണം കേരളത്തിലാണ്. ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടിപ്പുഴ, കല്ലട, കോരപ്പുഴ, മീനച്ചില്‍, പമ്പ, വളപട്ടണം പുഴ എന്നിവയാണ് കേരളത്തിന് പുതുതായി അംഗീകാരം നല്‍കിയ ജലപാതകള്‍. വിദേശ രാജ്യങ്ങളില്‍ ചരക്കുനീക്കത്തിന്റെ അമ്പത് ശതമാനം വരെ ജലപാതകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ 3.3 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. ഇതിന് മാറ്റം വരണമെന്നും ഗഡ്കരി പറഞ്ഞു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷത വഹിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by