രണ്ടുവര്‍ഷം മുമ്പ്, 2013- ല്‍, നടന്ന അഗ്നിഷ്‌ടോമസോമയാഗത്തിനു ശേഷം ശുകപുരം ശ്രീ ദക്ഷിണാമൂര്‍ത്തി ക്ഷേത്രപരിസരം വീണ്ടും ഒരു യജ്ഞത്തിനുകൂടി സാക്ഷിയാകുന്നു. 2015 മാര്‍ച്ച് 20 മുതല്‍ 31 വരെ പന്ത്രണ്ടുദിവസം നീളുന്ന സാഗ്നികം അതിരാത്രമാണ് ഈ പുണ്യഭൂമിയില്‍ ഇനി നടക്കുന്നത്. ഏകദേശം 1500 വര്‍ഷം മുമ്പ് ബുദ്ധമതത്തിന്റേയും മറ്റും സ്വാധീനം മൂലം യാഗങ്ങള്‍ വളരെ കുറഞ്ഞു തുടങ്ങിയ കാലത്തായിരുന്നു മേഴത്തോള്‍ അഗ്നിഹോത്രി 99 യാഗങ്ങള്‍ സ്വയം ചെയ്യുകയും ഓരോ ഇല്ലത്തും ഓരോ തലമുറയില്‍ ഒരാളെങ്കിലും യാഗം ചെയ്യണമെന്ന് നിശ്ചയിക്കുകയും ചെയ്തത്. അത് ബ്രാഹ്മണമേധാവിത്വം സമൂഹത്തില്‍ സ്ഥാപിക്കുന്നതിനുള്ള നിശ്ചയമായിരുന്നില്ല. യാഗങ്ങള്‍ ചരാചരങ്ങള്‍ക്ക് എത്രമാത്രം ആവശ്യമാണെന്ന് അറിഞ്ഞുകൊണ്ടുള്ളതായിരുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് യാഗങ്ങള്‍.
ഈ നൂറ്റാണ്ട് ആരംഭിച്ചശേഷം ശുകപുരം, പെരുമനം, ഇരിങ്ങാലക്കുട, തളിപ്പറമ്പ്, കരിക്കാട്, പന്നിയൂര്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ നൂറ്റമ്പതോളം യാഗങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഈ കാലഘട്ടത്തില്‍ നടന്ന അതിരാത്രങ്ങള്‍ വളരെ കുറവാണ്. വിരലിലെണ്ണാവുന്ന മാത്രമേ നടന്നിട്ടുള്ളൂ. അതില്‍ നാലെണ്ണം നടന്നിട്ടുള്ളത് അനുഗൃഹീത ഭൂമികയായ പാഞ്ഞാളിലാണ്. പന്നിയൂര്‍ ഗ്രാമക്കാരനായ പനമണ്ണ കാവുംപുറത്ത് വാസുദേവന്‍ സോമയാജിപ്പാടിനാണ് ഈ ശുകപുരം അതിരാത്രത്തിന്റെ യജമാനസ്ഥാനം.
വിമര്‍ശനങ്ങള്‍ ഇനിയും ഉയരാം
കേരളത്തില്‍ യാഗഭൂമിയില്‍നിന്ന് ഹോമപ്പുക ഉയരും മുമ്പേ വിവാദപ്പുക ഉയരും. യാഗത്തിനു മറയാണാധാരമെങ്കില്‍ വിവാദങ്ങള്‍ക്കു പുകമറയാണെന്നു മാത്രം. യാഗശാലയില്‍നിന്ന് വേദപ്പുകച്ചുരുള്‍ പൊങ്ങുന്നതോടൊ വാദത്തില്‍ വിജയിച്ചോ പരാജയപ്പെട്ടോ എന്നു പോലും വിധിപറയാതെ വിവാദക്കാര്‍ കെട്ടൊടുങ്ങും. ആ പതിവ് ഇത്തവണയും തെറ്റില്ല…
എന്താണ് യാഗങ്ങള്‍കൊണ്ടുദ്ദേശിക്കുന്നത്. ‘ലക്ഷങ്ങള്‍ വെറുതെ ചെലവാക്കുക. ഏഴോ പന്ത്രണ്ടോ ദിവസം ബ്രാഹ്മണരെ തീറ്റിപ്പോറ്റുക. ലോക്കറ്റും ഏലസ്സും കൊടുത്ത് വിശ്വാസികളെ വിഡ്ഢികളാക്കുക.
വിണ്ടും ബ്രാഹ്മണമേധാവിത്വം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തുക. അതിലൂടെ സംഘാടകര്‍ക്ക് നല്ലൊരു വരുമാനം കീശയിലുമാക്കാം.’ ഇങ്ങനെ കേള്‍ക്കാം ഏതു യാഗം തുടങ്ങുന്നതിനു മുമ്പുംവിമര്‍ശനം. ഇവിടെയും മറിച്ചല്ല സ്ഥിതി. ഒരു പരിധിവരെ അതു പറയുന്നവരെ കുറ്റം പറയാന്‍ കഴിയില്ല. കാരണം അവര്‍ മനസ്സിലാക്കിയിരിക്കുന്നത് അത്തരത്തിലാണ്. അതിന് ചിലര്‍ വഴിവെച്ചുകൊടുക്കുകയും ചെയ്യുന്നു.
യാഗശാലകളില്‍ വിതരണം ചെയ്യുന്ന ഏലസ്സോ ലോക്കറ്റുകളോ വിശ്വാസമുള്ളവര്‍ വാങ്ങിക്കോട്ടെ. ഇത്രയും ലക്ഷങ്ങള്‍ ചെലവാക്കി ഒരു സദ്കര്‍മ്മം ചെയ്യുമ്പോള്‍ അത് മനസ്സിലാക്കി സ്വയം മുന്നോട്ടുവന്ന് അതിനുവേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ആരും വരാത്തിടത്തോളംകാലം ഇത് നടത്തിക്കൊണ്ടുപോകാന്‍ മാര്‍ഗം കണ്ടെത്തേണ്ടതുമുണ്ട്.
ഹിന്ദുവിന്റെ സംസ്‌കാരം ബ്രാഹ്മണമേധാവിത്വം തിരിച്ചുകൊണ്ടുവരുന്നതാണോ? എന്നൊക്കെ വീണ്ടും ചോദ്യശരങ്ങള്‍ ഉയര്‍ന്നുവരുന്നിടത്താണ് യുക്തിവാദി യുക്തിപരമായി ചിന്തിക്കുന്നില്ല എന്നതിന്റെ തകരാറ്. അല്ലെങ്കില്‍ അവന് ചിന്തിക്കാനുള്ള അവസരം കൊടുക്കുന്നില്ല.
ഒരു വസ്തു മുകളിലേയ്‌ക്ക് എറിഞ്ഞാല്‍ അത് താഴേക്കുതന്നെ വീഴുന്നത,് താഴെ ഒരു ഭൂതം അത് വലിച്ചിടുന്നതുകൊണ്ടാണെന്നു പറഞ്ഞാല്‍ ഇന്നാരും വിശ്വസിക്കില്ല. കാരണം, ഭൂഗുരുത്വ സിദ്ധാന്തം തെളിയിക്കപ്പെട്ടുകഴിഞ്ഞു എന്നതുകൊണ്ടാണ്. എന്നാല്‍, തന്റെ സംസ്‌കാരത്തേയും മതവിഷയങ്ങളേയും ആധികാരികമായി തെളിയിക്കാന്‍ ഇന്നും ഹിന്ദുവിനുള്ള പോരായ്മയാണ്, അല്ലെങ്കില്‍ അതു വിശദീകരിച്ചാല്‍ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയാത്തതാണ്, അതിനുമേല്‍ കുതിരകയറാനുള്ള അനുമതി മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. ഇന്നും ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നു നമ്മുടെ വൈദിക സാഹിത്യത്തെക്കുറിച്ച്.
അതുകൊണ്ടു തന്നെയാണ് വേദങ്ങള്‍ക്ക് ഇത്ര പ്രാധാന്യവും. പക്ഷേ, വേദങ്ങളെക്കുറിച്ചറിയാന്‍ നമുക്ക് താത്പര്യമില്ല. കുറച്ച് ബ്രാഹ്മണര്‍ക്കല്ലാതെ. അതാണ് മൂല്യച്യുതിയും.
യജ്ഞഃ കര്‍മ്മ സമുദ്ഭവഃ
ഗീതാകാരന്‍ പറഞ്ഞിരിക്കുന്നത് അങ്ങനെയാണ്. യജ്ഞമാണ് അടിസ്ഥാനം. അതിനെ യാഗമെന്നു വിളിക്കുമ്പോള്‍ ചിലര്‍ക്കു വിളറിപിടിക്കുന്നുവെന്നു മാത്രം. പക്ഷേ, അടിസ്ഥാനം കര്‍മ്മമാണെന്നും, അതല്ല, സദ്കര്‍മ്മമാണെന്നും, നിഷ്‌കാമ കര്‍മ്മമാണെന്നും തിരിച്ചറിയുന്നവരെ തിരുത്താനിറങ്ങുന്നവരും ചെയ്യുന്നത് കര്‍മ്മംതന്നെ. പക്ഷേ അതു സദ്കര്‍മ്മമോ എന്നതാണ് പ്രശ്‌നം.
എല്ലാ വേദങ്ങളും ഉപയോഗപ്പെടുത്തുന്നത് യാഗങ്ങളിലാണ്. ആ മന്ത്രശക്തി അറിയുന്നത് അവിടെയാണ്. വേദങ്ങള്‍ നിലനില്‍ക്കാന്‍ യാഗങ്ങളും യാഗങ്ങള്‍ക്ക് വേദങ്ങളും അത്യാവശ്യമാണ്. പാരമ്പര്യമായി വേദം പഠിച്ചത് ബ്രാഹ്മണരാണ്. അതുകൊണ്ട് യാഗങ്ങള്‍ അവര്‍ അനുഷ്ഠിക്കുന്നു. വേദം സ്വായത്തമാക്കിയാല്‍ നമുക്കും അതില്‍ പങ്കുചേരാം. അതിനുദാഹരണമായിരുന്നു 2014 ഫെബ്രുവരിയില്‍ കശ്യപാശ്രമത്തിന്റെ നേതൃത്വത്തില്‍ എം.ആര്‍. രാജേഷ് കോഴിക്കോട് നടത്തിയ സോമയാഗം. അതില്‍ ബ്രാഹ്മണനെന്നോ ലിംഗവ്യത്യാസമോ ഉണ്ടായിരുന്നില്ല.
വേദം പഠിച്ച ബ്രഹ്മത്തെ അറിഞ്ഞ ഒരു കൂട്ടര്‍ നടത്തിയ സോമയാഗമായിരുന്നു അത്. അതിനെയും ഒരു വിഭാഗം എതിര്‍ത്തു. അപ്പോള്‍ ഇതിന്റെ പ്രശ്‌നം ബ്രാഹ്മണമേധാവിത്വമൊന്നുമല്ല. നമ്മുടെ സംസ്‌കാരം നിലനിര്‍ത്തുന്നതാണ് പ്രശ്‌നം. അത് നിലനില്‍ക്കരുത്. അതാണ് ആവശ്യം. സനാതനമായ ഭാരതീയ സംസ്‌കാരങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ ഇന്നു മാത്രമല്ല യുഗയുഗാന്തരങ്ങളായി നാം നേരിട്ടുകൊണ്ടിരിക്കുന്നതാണ്. എന്നിട്ടും അതില്‍ നിന്നെല്ലാം ഉയിര്‍ത്തെഴുന്നേറ്റിട്ടുമുണ്ട്. ആ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഇന്നും നമുക്കാവശ്യം.
വേദങ്ങളിലേക്ക് മടങ്ങാനാണ് മഹര്‍ഷി ദയാനന്ദ സരസ്വതി പറഞ്ഞത്. വേദങ്ങളില്‍ നിന്നു തുടങ്ങാനാണ് സ്വാമി വിവേകാനന്ദന്‍ ആഹ്വാനം ചെയ്തത്. വേദങ്ങളാണ് അടിസ്ഥാനം.
വേദങ്ങള്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. യജ്ഞങ്ങള്‍ നില നില്‍ക്കുമ്പോള്‍ മാത്രമേ വേദങ്ങള്‍ കൂടി നിലനില്‍ക്കൂ എന്ന് നാം മനസ്സിലാക്കണം. വേദങ്ങളുടെ കര്‍മ്മകാണ്ഡമാണ് യജ്ഞങ്ങള്‍. ഇനി ഇതിന്റെ മറ്റൊരു വശത്തെക്കുറിച്ച് പറഞ്ഞാല്‍, നമുക്കറിയാം അമേരിക്കയിലെ ഹാര്‍വാര്‍ഡ്, ബല്‍ക്ക്‌ലി സര്‍വ്വകലാശാലകളും ഫിന്‍ലാന്‍ഡിലെ ഹെല്‍സിങ്കി സര്‍വ്വകലാശാലയും മുന്‍കൈയെടുത്ത് പാഞ്ഞാളില്‍ നടത്തിയ അതിരാത്രത്തെക്കുറിച്ച്.
സായിപ്പന്‍മാര്‍ ഒന്നും കാണാതെ നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് പഠിക്കാന്‍ വരില്ല എന്ന് ചരിത്രം പരിശോധിച്ചാല്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. പ്രകൃതിയോടിണങ്ങിയാണ് ഓരോ യജ്ഞങ്ങളും. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് പ്രകൃതി വിഭവങ്ങള്‍ യഥാവിധി മന്ത്രപൂര്‍വ്വം അഗ്നിക്കു സമര്‍പ്പിക്കുന്നു.
അവസാനം എല്ലാം പ്രകൃതിയില്‍ തന്നെ പ്രാപിക്കാനായി യജ്ഞശാല അഗ്നിയില്‍ സമര്‍പ്പിക്കുന്നു. പ്രകൃതിയില്‍ നിന്നെടുത്ത് പ്രകൃതിയ്‌ക്കുതന്നെ തിരിച്ചുകൊടുക്കുന്ന ഒരു ചടങ്ങ്. പ്രകൃതിയില്‍ നിന്നെടുത്ത വിവിധ പദാര്‍ത്ഥങ്ങള്‍ പ്രത്യേക അനുപാതത്തില്‍ അഗ്നിയിലര്‍പ്പിച്ചാല്‍ അന്തരീക്ഷത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ കാണാനാകുമെന്ന് യാഗങ്ങള്‍ തെളിയിക്കുന്നു. അത് പലപ്പോഴായി തെളിയിക്കപ്പെട്ടതുമാണ്.
യാഗത്തിന്റെ അവസാനദിനങ്ങളില്‍ നടക്കുന്ന പ്രവര്‍ഗ്ഗ്യം എന്ന ക്രിയയില്‍ ആട്ടിന്‍ പാല്‍ തിളച്ച നെയ്യിലേയ്‌ക്ക് ഒഴിക്കുമ്പോള്‍ ഉയരുന്ന തീ ഗോളം അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നു എന്ന് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. പിന്നെയും പഠനങ്ങള്‍ നിരവധി. കുറച്ചു പേര്‍ക്കെങ്കിലും ഒരു തെറ്റായ ധാരണയുണ്ട് യജ്ഞങ്ങള്‍ മഴപെയ്യിക്കാനാണ് എന്ന്. മഴ പെയ്യിക്കാനല്ല യജ്ഞം. സര്‍വ്വ ചരാചരങ്ങളുടേയും നന്മയ്‌ക്കുവേണ്ടിയാണ് യജ്ഞങ്ങള്‍. ചിലപ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനമനുസരിച്ച് മഴ പെയ്‌തെന്നു വരാം. നിര്‍ബന്ധമില്ല.
സകലനന്മയ്‌ക്കായി
സംസ്‌കാരത്തിന്റെ തുടര്‍പ്രക്രിയകൂടിയാണ് യജ്ഞങ്ങള്‍. ഇരുട്ടുകയറാതെ മച്ചകങ്ങളെ കാക്കുന്ന യാഗാഗ്‌നി സൂക്ഷിക്കുന്ന വിളക്കുകള്‍ ഒരു സംസ്‌കാരത്തിന്റെ ചിമിഴുകൂടിയാണ്. അതിന് ഇടയ്‌ക്കിടെ ജ്വലിച്ചേ മതിയാകൂ; ജ്വലിപ്പിച്ചേ മതിയാകൂ. അങ്ങനെയാണ് സ്വയം പ്രകാശിച്ച് മറ്റുള്ളവര്‍ക്കു പ്രകാശം പകരുന്നത്. അതുകൊണ്ടുതന്നെ അതത്കാലത്ത് അതിന് അവസരം ഉണ്ടായിക്കൊണ്ടിരിക്കും, ആര്‍ക്കെല്ലാം യോജിപ്പുണ്ടായാലും വിയോജിപ്പുയര്‍ന്നാലും….
അത്തരത്തില്‍ സകലരുടേയും നന്മകാംക്ഷിച്ചുകൊണ്ടാണ് ശുകപുരം ഒരതിരാത്രത്തിനു കൂടി സാക്ഷ്യം വഹിക്കുന്നത്. ശുകപുരം ഗ്രാമത്തിലെ സാമവേദികള്‍ക്ക് സ്വന്തം ഗ്രാമത്തില്‍ കൈവന്ന മറ്റൊരു പുണ്യം. 96 വര്‍ഷത്തിനു ശേഷം മേഖലയില്‍ നടക്കുന്ന അതിരാത്രമാണ് ശുകപുരത്തേത്. പന്ത്രണ്ടു ദിവസത്തെ ക്രിയകളാണ് അഗ്നിക്ക്. ഈ അതിരാത്രത്തിന്റെ മറ്റൊരു പ്രത്യേകത കേരളത്തിലെ യാഗം ചെയ്ത യജമാനന്മാരുടെ പത്‌നിമാരെ ഇതോടനുബന്ധിച്ച് ആദരിക്കുന്നു എന്നതുകൂടിയാണ്. കേരളത്തിലെ യജ്ഞസംസ്‌കാരത്തിനുള്ള ആദരവ്. ഒരു യാഗം ഒരാറ്റംബോംബിനെ നിര്‍വ്വീര്യമാക്കാന്‍ ശക്തിയുള്ളതാണ് എന്ന് മഹാകവി അക്കിത്തം എവിടെയോ പരാമര്‍ശിച്ചതുപോലെ, എന്നുവെച്ചാല്‍ യാഗം ചെയ്താല്‍ ആറ്റംബോംബ് നശിക്കുമെന്നല്ല അര്‍ത്ഥമാക്കുന്നത്. അതുണ്ടാക്കാനുള്ള മനുഷ്യന്റെ അക്രമ വാസനയെ, വിദ്വേഷത്തെ നശിപ്പിക്കാനാകും ഓരോ യജ്ഞത്തിനും എന്നാണ്. യഥാര്‍ത്ഥ ബ്രാഹ്മണ്യത്തെ അറിയാനുള്ള ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാകട്ടെ ഈ ശുകപുരം അതിരാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: