Categories: Kerala

പൂഞ്ചിറ ക്ഷേത്ര ഭാരവാഹികളെ കൊലപ്പെടുത്താന്‍ ശ്രമം; ആറുപേര്‍ക്ക് വെട്ടേറ്റു

Published by

തൊടുപുഴ: ഇലവീഴാപൂഞ്ചിറ ക്ഷേത്ര ഭൂമി കയ്യേറി സ്വകാര്യവക്തി കെട്ടിടം നിര്‍മ്മിച്ചത് ചോദ്യം ചെയ്ത ക്ഷേത്ര ഭാരവാഹികള്‍ക്ക് നേരെ ആക്രമണം. ആറുപേര്‍ക്ക് വെട്ടേറ്റു. പൂഞ്ചിറ സ്വദേശികളായ പാറേപ്പാക്കല്‍ പ്രസാദ്, കാനത്തില്‍ ബിജു കെ.എസ്., വെച്ചൂക്കരോട്ട് ബിനു, സിജി ഭവനില്‍ രഞ്ജിത്ത്, മടുക്കയില്‍ വിനീത്, ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

ചേന്നാട് സ്വദേശി ക്ഷേത്രത്തിന് സമീപം അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ക്ഷേത്ര ഭാരവാഹികള്‍ മേലുകാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കെട്ടിടം പണി നിര്‍ത്തിവയ്‌ക്കാന്‍ പോലീസ് പറഞ്ഞിരുന്നു. പോലീസിന്റെ നിര്‍ദ്ദേശം കാറ്റില്‍ പറത്തി കെട്ടിടം നിര്‍മ്മാണം തുടരുന്നതിനിടെയാണ് ക്ഷേത്രഭാരവാഹികള്‍ക്ക് നേരെ സംഘടിതമായ ആക്രമണം ഉണ്ടായത്.

ക്ഷേത്രപുരയിടത്തില്‍ നിന്ന ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രവര്‍ത്തകരെ ആസിഡ് ബള്‍ബും മുളകുപൊടിയും എറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി ഗുണ്ടകളും സ്വകാര്യ വ്യക്തികളും ചേര്‍ന്ന് തുരുതുരെ വെട്ടുകയായിരുന്നു. പരിക്കേറ്റവരെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്ഷേത്ര ഭാരവാഹികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി എന്നീ സംഘടനകള്‍ പ്രതിഷേധിച്ചു. ക്ഷേത്രഭൂമി കയ്യേറാനുള്ള സംഘടിത നീക്കത്തെ എന്തുവില കൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എസ്. പത്മഭൂഷണ്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by