മുളങ്കുന്നത്തുകാവ്: ആയിരക്കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭിക്കുന്നില്ല. രോഗികള്‍ വലയുന്നു. അപസ്മാരം, പ്രമേഹം, മാനസികാരോഗ്യം, അസ്ഥിരോഗം, ഗര്‍ഭിണികള്‍ക്കുള്ള അയേണ്‍ ഗുളികകള്‍ എന്നിവയാണ് വിതരണം ചെയ്യാതിരിക്കുന്നത്. അപസ്മാരത്തിനുള്ള സോഡിയം വോള്‍പറേറ്റ് എന്ന ഗുളികയും സിറപ്പും വിതരണം ചെയ്യുന്നില്ല.
സൈക്യാട്രി വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് നല്‍കുന്ന കോണോട്രിം, ഉറക്കക്കുറവിനുള്ള ലോറാസിപാം, ആല്‍പ്രസോളം, ഡയാസിപാം തുടങ്ങിയ ഇനങ്ങളിലുള്ള ഗുളികകളും സ്റ്റോക്കില്ല. ഗര്‍ഭിണികള്‍ക്ക് സൗജന്യമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് പോലും ലഭിക്കുന്ന അയേണ്‍, ഫോളിക് ആസിഡ് തുടങ്ങിയവയ്‌ക്കും വലിയ ക്ഷാമമാണ്. കാല്‍സ്യം ഗുളികകളും ലഭിക്കുവാനില്ല. അസ്ഥിരോഗ വിഭാഗവും യൂറോളജിയിലെത്തുന്ന രോഗികള്‍ക്കും കാല്‍സ്യം ഗുളികകള്‍ അത്യാന്താപേക്ഷിതമാണ്.
പ്രമേഹത്തിനുള്ള മെറ്റ്‌ഫോര്‍മിന്‍ ഗുളികകളാണ് വിതരണത്തിന് ഇല്ലാത്ത മറ്റൊരിനം. ബി.കോംപ്ലക്‌സ് ഗുളികകളുടെയും വിതരണം നിലച്ചു. രോഗികള്‍ അന്വേഷിച്ചെത്തുമ്പോള്‍ ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂവെന്ന് പറഞ്ഞാണ് ജീവനക്കാര്‍ പരിഹാരം കണ്ടെത്തുന്നത്. ഡോക്ടര്‍മാര്‍ എഴുതിയ കുറിപ്പുമായി ഫാര്‍മസിക്ക് മുന്നില്‍ എത്തുന്ന രോഗികള്‍ മണിക്കൂറുകളോളം വരി നിന്ന ശേഷമാണ് ഗുളികകള്‍ ഇല്ലെന്ന് അറിയുന്നത്. മരുന്ന് വലിയ വില നല്‍കി പുറത്ത് നിന്ന് വാങ്ങിക്കേണ്ട സ്ഥിതിയാണ്. നൂറ് കണക്കിന് രോഗികളാണ് മരുന്നില്ലാത്തതിന്റെ പേരില്‍ നിരാശരായി മടങ്ങുന്നത്. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് നല്‍കേണ്ട 105 ഇനം മരുന്നുകളുടെ വിതരണം കെഎംഎസ്‌സിഎല്‍. നിര്‍ത്തിവെച്ചതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
രോഗികള്‍ക്ക് സ്ഥിരം കഴിക്കേണ്ടി വരുന്ന ഗുളികകളാണ് ആശുപത്രിയില്‍ നിന്ന് കിട്ടാതെ വരുന്നത്. പല ഇനങ്ങളും സ്റ്റോറില്‍ എത്തുന്നത് പോലുമില്ല. ക്ഷാമം പറയുമ്പോള്‍ എച്ച്ഡിഎസ് വഴി ലോക്കല്‍ പര്‍ച്ചേയ്‌സ് നടത്തുന്നതാണ് രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: