ഒരു കാലത്ത് വലിയ പൊട്ടുകളായിരുന്നു സ്ത്രീകളുടെ ഹരം. അന്നൊക്കെ വട്ടപ്പൊട്ടുകള്‍ സ്ത്രീ സൗന്ദര്യത്തിന്റെ അടയാളം കൂടിയായിരുന്നു. കാലം മാറിയതനുസരിച്ച് കല്ലും സ്വര്‍ണവും രത്‌നവും പതിപ്പിച്ച പൊട്ടുകള്‍ വിപണി കീഴടക്കി. ഓരോ വേഷത്തിനും ഇണങ്ങുന്ന പല നിറത്തിലുള്ള ഇത്തരം പൊട്ടുകളുടെ കാലമായിരുന്നു പിന്നീടിങ്ങോട്ട്.
ചുവന്ന കുപ്പിയില്‍ ലഭിച്ചിരുന്ന ശിങ്കാര്‍ പൊന്നുപോലെ സൂക്ഷിച്ചിരുന്ന സ്ത്രീകള്‍ പല നിറങ്ങളുള്ള ഡിസൈനര്‍ പൊട്ടുകളുടെ പിറകെ പോയി. വട്ടപ്പൊട്ട് എന്ന സങ്കല്‍പം ഡിസൈനര്‍ പൊട്ടുകള്‍ വന്നതോടെ ഇല്ലാതായി. അഞ്ച് രൂപയ്‌ക്ക് ലഭിച്ചിരുന്ന ശിങ്കാറ് ഉപയോഗിച്ചിരുന്നവര്‍ 200 രൂപ വരെ വിലയുള്ള ഡിസൈനര്‍ പൊട്ടുകള്‍ വാങ്ങിക്കൂട്ടി.
എന്നാല്‍ വട്ടപ്പൊട്ടുകള്‍ മടങ്ങിവരികയാണ്. സിനിമാലോകമാണ് ഈ മടങ്ങിവരവിന് സാക്ഷ്യം വഹിച്ചത്. വിദ്യാബാലന്‍, റാണിമുഖര്‍ജി, കത്രീനകൈഫ്, കരീന കപൂര്‍, സൊനാക്ഷി സിന്‍ഹ, ഹേമ മാലിനി, ബിപാഷ ബസു എന്നിവരാണ് വട്ടപൊട്ടുകളുടെ മടങ്ങിവരവിന് പിന്നില്‍. ബോളിവുഡിലെ താര റാണിമാരുടെ വട്ടപൊട്ടിനോടുള്ള പ്രണയം മലയാള സിനിമയും ഏറ്റെടുത്തു കഴിഞ്ഞു. വട്ടപൊട്ട് ന്യൂജനറേഷന്‍ ട്രെന്റായി മാറിയിരിക്കുന്നു.
ഫോര്‍മല്‍, ട്രഡീഷണല്‍, എത്‌നിക് വസ്ത്രങ്ങള്‍ക്ക് ഏറെ യോജിക്കുന്ന വട്ടപ്പൊട്ടുകള്‍ വീണ്ടും വിപണി കീഴടക്കുകയാണ്. പട്ടുസാരി, ചോളി, ലഹംഗ, കുര്‍ത്തി എന്നിവയ്‌ക്കൊപ്പവും വട്ടപ്പൊട്ടുകള്‍ പുതിയ ഫാഷനായി മാറുകയാണ്. ചുവപ്പും കറുപ്പും വെളുപ്പും മാത്രമല്ല, എണ്ണമറ്റ നിറങ്ങളില്‍ നിറഞ്ഞാടുകയാണ് ഇന്ന് വട്ടപ്പൊട്ടുകള്‍. സില്‍വര്‍ കളര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. ചാന്ത് പൊട്ട് 12 നിറങ്ങളില്‍ മിതമായ വിലയില്‍ ലഭ്യമാണ്. സ്റ്റിക്കര്‍ പൊട്ടും ലഭിക്കും മിക്ക കളര്‍ ഷേഡിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: