Categories: Varadyam

എഴുത്തും വായനയും നമ്മള്‍ ചെയ്യുന്നതും

Published by

എഴുത്തും വായനയും അറിയാവുന്നവര്‍ എന്നത്‌ ഒരു പ്രയോഗമാണ്‌. മാന്യതയുടെ ഏറ്റവും മഹത്തായ മുഖം. എഴുത്തോ വായനയോ ആദ്യമുണ്ടായതെന്ന കാര്യത്തില്‍ അത്ര വലിയ തര്‍ക്കത്തിനും ന്യായമില്ലെന്നു തോന്നുന്നു. ആദ്യാക്ഷരം കുറിക്കുമ്പോള്‍ ഹരിഃശ്രീഗണപതയേനമഃ എന്ന്‌ എഴുതിച്ച്‌ അത്‌ വായിപ്പിക്കലാണല്ലോ രീതി. ആദ്യാക്ഷരം കുറിക്കല്‍ ആരാധനാപൂര്‍ണമായ ഒരു സംസ്ക്കാരകര്‍മത്തില്‍നിന്ന്‌ ആഘോഷപൂര്‍ണമായ സാംസ്ക്കാരികമേളയായപ്പോള്‍ ‘ഹരിഃശ്രീ….’യുടെ അര്‍ത്ഥവ്യാപ്തി ഇല്ലാതായില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിസര്‍ഗമില്ലാത്ത ‘ഹരി’ക്ക്‌ അര്‍ത്ഥം വേറെയാണല്ലോ.

പ്രവേശനോത്സവത്തിനു കിട്ടുന്ന പ്രാധാന്യം എന്തുകൊണ്ട്‌ അതിനും ഏറെ മുമ്പുള്ള പ്രാരംഭത്തിനു കിട്ടുന്നില്ല എന്നതും ഒരു സംശയമാണ്‌. വിദ്യാരംഭം മതപരവും പ്രദേശനം മതേതരവുമാക്കുന്നത്‌ ആരുടെ കുബുദ്ധിയാണ്‌. ഗുരുക്കന്മാരെ നിശ്ചിയിക്കുന്നത്‌ അവരുടെ സെലിബ്രിറ്റി നിലവാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കുന്ന കാലമാണല്ലോ ഇത്‌. കേരളത്തില്‍നിന്ന്‌ മൂകാംബിക വരെ കൊച്ചുകുട്ടിയേയും കൊണ്ട്‌ യാത്രചെയ്തിട്ട്‌ അവിടെ ടെലിവിഷന്‍കാര്‍ ഷൂട്ട്‌ ചെയ്യാനുള്ള സാധ്യതനോക്കി കുഞ്ഞിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ക്യൂ തെരഞ്ഞെടുക്കുന്ന അച്ഛനമ്മമാരുടെ വിഭ്രമകാലമാണല്ലോ ഇത്‌. പറഞ്ഞുവരുന്നത്‌ എഴുത്തും വായനയേയും കുറിച്ചാണ്‌.

വായന കുറയുന്നുവെന്ന ആശങ്കയ്‌ക്ക്‌ ഒരു കുറവുമില്ല. കവിതയുടെ കൂമ്പടഞ്ഞുവെന്നും കവിത മരിച്ചുവെന്നും ആശങ്കകള്‍ മുഴുത്തുവന്നതുപോലെ വായന മരിച്ചുവെന്ന്‌ നമ്മള്‍ മുറവിളിക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. പുസ്തകവായനയ്‌ക്ക്‌ കുറവുണ്ടായി എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ വായന കുറയുന്നതിന്‌ അനുപാതികമായി എഴുത്തു കുറയുന്നില്ല. എഴുതിയതിനുശേഷമാണ്‌ വായിക്കുന്നതെന്ന്‌ സമ്മതിച്ചുകൊണ്ടുതന്നെ പറയുന്നു, വായിക്കാനാളില്ലെങ്കില്‍ എഴുത്തിനു പ്രസക്തിയുണ്ടോ എന്ന സംശയതിനു പ്രസക്തിയുണ്ട്‌. എന്നാല്‍ വായിക്കപ്പെടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ശരി എഴുത്ത്‌ ഇവിടെ സജീവമാണ്‌.

പക്ഷേ എഴുതുന്നതെല്ലാം പുസ്തകമാകുന്നില്ലെന്നത്‌ മറ്റൊരു വാസ്തവമാണ്‌. എഴുത്തിന്റെ ലോകം സജീവമാണ്‌. എന്നല്ല എഴുത്തുകാര്‍ ഇത്രമാത്രം സജീവമായിട്ടുള്ള ഒരുകാലം ഇല്ല എന്നുതന്നെ പറയാം. എഴുത്തുകാര്‍ എന്നു പ്രയോഗിക്കുമ്പോള്‍ ആ സങ്കല്‍പ്പവും നിര്‍വചനവും മാറിയിരിക്കുന്നുവെന്നും പറയണം. ദന്തഗോപുരവാസികളായ, സാധാരണക്കാരുടെ ലോകത്തില്‍നിന്നു വ്യത്യസ്തമായ വ്യക്തിത്വവുമായി ജീവിച്ചുപോരുന്നവരോ തോളില്‍ സഞ്ചിയും തൂക്കി, തടിവളര്‍ത്തി അലഞ്ഞുതിരിഞ്ഞിരുന്നവരോ അല്ല ഇന്നത്തെ എഴുത്തുകാര്‍. അവര്‍ സാഹിത്യകാരന്മാര്‍ മാത്രം പോലുമല്ല. പരസ്യലോകത്ത്‌ പ്രത്യക്ഷപ്പെടുകയോ പൊതുവേദികളില്‍ പ്രസംഗിച്ച്‌ ജനങ്ങളെ പ്രബുദ്ധരാക്കുന്നവരോ അല്ല. അവരുടെ ലോകത്തുനിന്നു വ്യത്യസ്തമായ ഒരു എഴുത്തിന്റെ സാമ്രാജ്യം രൂപപ്പെട്ടിരിക്കുന്നു. അവിടെ സാമ്രാട്ടുകള്‍ ഏറെയുണ്ട്‌.

കുറച്ചുകൂടി കടത്തിപ്പറഞ്ഞാല്‍ കേരളത്തില്‍ വായന കുറഞ്ഞുപോയി എന്ന്‌ മുറവിളി ഉയര്‍ന്നുതുടങ്ങിയ കാലത്തെ തലമുറയാണ്‌ ഈ എഴുത്തുകാര്‍ എന്നതും ഒരു വിശേഷകാര്യമാണ്‌. അതായത്‌ ഇപ്പോഴത്തെ തലമുറ വായനയില്‍നിന്നും എഴുത്തില്‍നിന്നും അകന്നുപോയിരിക്കുന്നു, ഇവര്‍ ഭാഷയെ മറക്കുന്നു, സ്വന്തം മറവിയെ വിസ്മരിക്കുന്നുവെന്ന്‌ അന്നത്തെ മുതിര്‍ന്ന തലമുറ കുറ്റപ്പെടുത്തിയവരാണ്‌ ഇന്നത്തെ എഴുത്തുകാര്‍. ഇവര്‍ പ്രതിദിനം, നടത്തുന്ന രചനകള്‍ക്ക്‌ ഒരുപക്ഷേ ഇക്കാലത്ത്‌ പ്രതിമാസം പുറത്തിറങ്ങുന്ന പുസ്തകങ്ങളുടെ ഉള്ളടക്കത്തിനേക്കാള്‍ അളവുകൂടുതലുണ്ടാകും.

വായനയെയും എഴുത്തിനെയും ഞെക്കിക്കൊല്ലുന്നതാണ്‌ പുതിയ സാങ്കേതികയുഗം എന്ന്‌ അന്ന്‌ കുറ്റപ്പെടുത്തിയവര്‍ക്ക്‌ ഇന്ന്‌ ആ വിലയിരുത്തല്‍ തെറ്റിപ്പോയെന്ന്‌ സമ്മതിക്കേണ്ടിവരും കാര്യങ്ങള്‍ സൂക്ഷ്മമായി അവലോകനം ചെയ്താല്‍. ഇന്റര്‍നെറ്റിന്റേയും കമ്പ്യൂട്ടറിന്റേയും വിശേഷ ഉപയോഗമാണ്‌ ഈ എഴുത്തുകാരെ സൃഷ്ടിച്ചിരിക്കുന്നത്‌ എന്നറിയുമ്പോള്‍ കൂടുതല്‍ അത്ഭുതം ജനിക്കും. അതെ, ഈ എഴുത്തുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ആധുനിക എഴുത്തുകാരാണ്‌, പുതിയ തലമുറ എഴുത്തുകാരാണ്‌. കേരളത്തില്‍ ശരാശരി മലയാളിക്ക്‌, ആധുനിക ആശയവിനിയമ സാങ്കേതിക സംവിധാനങ്ങള്‍ വിനിയോഗിക്കുന്ന മലയാളിക്ക്‌, കുറഞ്ഞത്‌ ഒരു ബ്ലോഗ്‌ എങ്കിലും ഇല്ലാതെവരില്ല. അല്ലെങ്കില്‍ ഒരു ഫേസ്‌ ബുക്‌ പേജ്‌, അഥവാ ഒരു ട്വിറ്റര്‍ അക്കൗണ്ട്‌. അതിലൂടെ പ്രതിദിനം അവര്‍ ഓരോരുത്തരും നടത്തുന രചനകളാണ്‌ എഴുത്തിനെ ഇത്രയും സജീവവും വ്യാപ്തിയുള്ളതുമാക്കുന്നത്‌.

ഒരു വിശകലനം നടത്തിയാല്‍ കാണാം, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, പ്രതികരണങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ആത്മകഥകള്‍, യാത്രാ വിവരണങ്ങള്‍, ലഘുനാടകങ്ങള്‍ എന്നുവേണ്ട ബ്ലോഗുകളിലും സോഷ്യല്‍ മുജിയകളിലും കൂടി കൈകാര്യം ചെയ്യപ്പെടാത്ത വിഷയമില്ല. അതിനു ഭാഷാപരമായ വിലക്കുകളുമില്ല. ഇംഗ്ലീഷ്‌ എഴുതുന്ന മലയാളി എഴുത്തുകാര്‍ എത്രയെത്രയെന്നോ സോഷ്യല്‍ മീഡിയകളില്‍. ഒരുപക്ഷേ മലയാളത്തില്‍ നാലക്ഷരം കൂട്ടിച്ചേര്‍ത്ത്‌ തെറ്റില്ലാതെ എഴുതാന്‍ കഴിയാത്തവര്‍പോലും കമ്പ്യൂട്ടര്‍ സഹായത്തോടെ രചന നടത്തുന്നു. പക്ഷേ അവിടെയും ഒരു പ്രശ്നമുണ്ട്‌, ബ്ലോഗുകളും സോഷ്യല്‍ മീഡിയാ രചനകളും വേണ്ടത്ര വായിക്കപ്പെടുന്നില്ല. ഈ മേഖലയില്‍ എഴുത്തുകാര്‍ ധാരാളം. പക്ഷേ വായിക്കുന്നവരേക്കാള്‍ കൂടുതല്‍ എഴുത്തുകാരാണ്‌. അതാണ്‌ അടിസ്ഥാന പ്രശ്നവും.

എന്നാല്‍ എന്തെല്ലാം പറഞ്ഞാലും വായനയുടെ മാധ്യമം എങ്ങനെയെല്ലാം മാറിയാലും പുസ്തക വായനയുടെ സുഖം അതൊന്നു വേറേതന്നെയാണ്‌. എന്നാല്‍ ജനിച്ചു വീഴും മുമ്പേ മൊബെയില്‍ഫോണും ടാബ്ലറ്റും കുട്ടികളെ ‘വിഴുങ്ങി’ക്കുകയും കുഞ്ഞിന്റെ ഫേസ്‌രൂപപ്പെടും മുമ്പ്‌ അതിന്റെ പേരില്‍ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ തുറക്കുകയും ചെയ്യുന്ന ആധുനിക രക്ഷിതാക്കളുടെ കുട്ടികള്‍ക്ക്‌ പുസ്തകങ്ങള്‍ പരിചയപ്പെടുത്തിക്കൊടുക്കുക ഒരു ആനുകാലിക

‘സാഹസ പ്രവൃത്തി’യാണ്‌. അതിന്‌ വര്‍ഷത്തില്‍ ഒരാഴ്ചയില്‍ നടത്തുന്ന വായനാ വാരാചരണം മതിയോ എന്നതാണ്‌ അടിസ്ഥാന ചോദ്യം. പോരാ പോരാ എന്നുത്തരവും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by