Categories: Sports

രാംദിനെ നായകനാക്കി; സമ്മി ടെസ്റ്റ്‌ ക്യാപ്പ്‌ ഉപേക്ഷിച്ചു

Published by

ആന്റിഗ്വ: വെസ്റ്റിന്‍ഡീസ്‌ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റനായി വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേഷ്‌ രാംദിനെ നിയോഗിച്ചു. ഡാരന്‍ സമ്മിയെ നീക്കിയാണ്‌ രാംദിന്റെ നിയമനം. തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ സമ്മി ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ട്വന്റി20 ടീമിന്റെ നായക സ്ഥാനത്ത്‌ സമ്മി തുടരുമെന്ന്‌ വെസ്റ്റിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കി. ഇതോടെ ക്രിക്കറ്റിന്റെ മൂന്നു രൂപങ്ങളിലും വിന്‍ഡീസ്‌ വ്യത്യസ്തരായ ക്യാപ്റ്റന്‍മാരുടെ കിഴീലായി. ടെസ്റ്റില്‍ രാംദിനും ട്വന്റി20യില്‍ സമ്മിയും നയിക്കുമ്പോള്‍ ഏകദിനത്തില്‍ കപ്പിത്താന്റെ റോള്‍ ഡ്വെയ്ന്‍ ബ്രാവോയ്‌ക്കാണ്‌.

ടെസ്റ്റ്‌ ക്രിക്കറ്റിനോട്‌ വിടപറയാനുള്ള തീരുമാനം സമ്മി ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. എങ്കിലും ട്വന്റി20യില്‍ തുടരും, വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രസ്താവനയില്‍ അറിയിച്ചു. സമ്മിയിലെ ഊര്‍ജസ്വലനും ധീരനുമായ കളിക്കാരന്റെ സേവനം ടീമിന്‌ ഇനിയും വേണമെന്നും ബോര്‍ഡ്‌ കൂട്ടിച്ചേര്‍ത്തു.

38 ടെസ്റ്റുകളില്‍ വിന്‍ഡീസിനുവേണ്ടി പാഡ്‌ കെട്ടിയിട്ടുള്ള സമ്മി ഒരു സെഞ്ച്വറിയും അഞ്ച്‌ അര്‍ധശതകവുമടക്കം 1323 റണ്‍സും 84 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്‌. 2010ല്‍ ക്രിസ്‌ ഗെയ്‌ലില്‍ നിന്നാണ്‌ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്‌. 30 കളികളില്‍ ടീമിനെ നയിച്ചു. എട്ടെണ്ണത്തില്‍ ജയം നേടിയപ്പോള്‍ 12 മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞു. പത്തെണ്ണം സമനിലയായി. ന്യൂസിലാന്റിനെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്‌ക്കു മുന്‍പായാണ്‌ സമ്മിയെ പുറത്താക്കിയത്‌. ജൂണ്‍ എട്ടിന്‌ സ്വന്തം നാട്ടിലാരംഭിക്കുന്ന ഈ പരമ്പര തന്നെയാണ്‌ രാംദിന്റെ മുന്നിലെ ആദ്യ വെല്ലുവിളിയും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by