പത്തനംതിട്ട: ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ശബരീശന് പമ്പയില്‍ ആറാട്ട്. ഇന്നലെ രാവിലെ 8മണിയോടെയാണ് ആറാട്ട് പുറപ്പാടിനുള്ള ചടങ്ങുകള്‍ ആരംഭിച്ചത്. തന്ത്രി കണ്ഠര് മഹേശ്വരുടെ മുഖ്യകാര്‍മികത്വത്തില്‍ ആറാട്ട് ബലിതൂകി ഭഗവത് ചൈതന്യം നിറഞ്ഞ തിടമ്പുമായി മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരി പതിനെട്ടാംപടിയിറങ്ങി. ആറാട്ട് ഘോഷയാത്ര ശരംകുത്തി, മരക്കൂട്ടം, നീലിമല വഴിയിലൂടെ പമ്പയിലെത്തി. ഉച്ചയ്‌ക്ക് 12.30 ന് പമ്പയിലെത്തിയ ആറാട്ടുഘോഷയാത്രയെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍നായര്‍, ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, പി.കെ.കുമാരന്‍ ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍, ശബരിമല സ്പെഷ്യല്‍ അയ്യപ്പസേവാസംഘം പ്രസിഡന്ത്തെന്നല ബാലകൃഷ്ണപിള്ള, കെ.ബാബു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് ആറാട്ടുകടവിലേക്‌ക്‍ആനയിച്ചു. ഗണപതികോവിലില്‍ ആനപ്പുറത്തുനിന്നും തിടമ്പിറക്കി ഘോഷയാത്രയായാണ് ശ്രീബലിബിംബം ആറാട്ട് കടവില്‍ എത്തിച്ചത്.
ശബരിമല തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തിലും ശബരിമല, പമ്പ, മാളികപ്പുറം എന്നീ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരുടെ സഹകാര്‍മികത്വത്തിലും പമ്പയാറ്റിലെ ആറാട്ടുകടവില്‍ അയ്യപ്പസ്വാമിയുടെ തിരുവാറാട്ടു നടന്നു. തുടര്‍ന്ന് പമ്പാഗണപതിക്ഷേത്രസന്നിധിയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി അയ്യപ്പവിഗ്രഹം എഴുന്നള്ളിച്ചിരുത്തി അവിടെ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ നിറപറ അര്‍പ്പിച്ചു. പതിനായിരക്കണക്കിന് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തി. വൈകുന്നേരം 4 മണിയോടെ ആറാട്ട് തിരിച്ചെഴുന്നള്ളി നിലവിളക്കും നിറപറയുമായി വഴിനീളെ അയ്യപ്പഭക്തന്മാരും കച്ചവടക്കാരും വിവിധ ഓഫീസ് ജീവനക്കാരും ഭഗവാനെ സ്വീകരിച്ചു. സന്നിധാനത്തെത്തി കൊടിയിറക്കിയശേഷം പൂജകള്‍ പൂര്‍ത്തിയാക്കി തിരുനടയടച്ചു.
വിഷുപ്രമാണിച്ച് നാളെ പുലര്‍ച്ചെ 4ന് തിരുനട തുറക്കും. 4 മുതല്‍ 7 മണിവരെ വിഷുക്കണി ദര്‍ശനം, തുടര്‍ന്ന് നെയ്യഭിഷേകം നടക്കും. ശബരിമല തന്ത്രി, മേല്‍ശാന്തി, മാളികപ്പുറം, പമ്പാക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ എന്നിവര്‍ ഭക്തജനങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കും. കണികാണുന്നതും കൈനീട്ടം വാങ്ങുന്നതും അടുത്ത ഒരു വര്‍ഷംവരെ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. ഇന്ന് അത്താഴപൂജ കഴിഞ്ഞ് ഭക്തജനങ്ങള്‍ ഒഴിഞ്ഞശേഷം നട അടയ്‌ക്കുന്നതിന് തൊട്ടുമുമ്പായി തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് വിഷുക്കണി ഒരുക്കിവയ്‌ക്കും. വാല്‍ക്കണ്ണാടി, കൊന്നപ്പൂവ്, കുങ്കുമച്ചെപ്പ്, വസ്ത്രം, പട്ട്, സ്വര്‍ണം, നെല്ല്, നാളികേരം, നിറനാഴിയില്‍ അരി എന്നിവയും ചക്ക, മാങ്ങ, വെള്ളരിക്ക മുതലായ കാര്‍ഷിക വിഭവങ്ങള്‍, ആപ്പിള്‍, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ എന്നിവ വലിയ ഓട്ടുരുളിയിലും നാണയത്തുട്ടുകള്‍ ചെറിയ ഉരുളിയിലും ഒരുക്കിവച്ചശേഷം നട അടയ്‌ക്കും. നാളെ രാവിലെ തിരുനട തുറന്ന് ആദ്യം ഭഗവാനെ കണികാണിക്കും. തുടര്‍ന്ന് ഭക്തജനങ്ങളെ കണികാണാന്‍ അനുവദിക്കും. വിഷു പൂജകള്‍ പൂര്‍ത്തിയാക്കി 18ന് രാത്രി 10ന് തിരുനട അടയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക