Categories: Kerala

സ്വദേശികള്‍ക്ക്‌ നാട്ടിലെത്താന്‍ കപ്പല്‍ ടിക്കറ്റില്ല

Published by

ലക്ഷദ്വീപ്‌: വോട്ടെടുപ്പില്‍ പങ്ക്ചേരാന്‍ നാട്ടിലേക്ക്‌ പോകാനൊരുങ്ങുന്ന ലക്ഷദ്വീപ്‌ സ്വദേശികള്‍ക്ക്‌ നാട്ടിലെത്താന്‍ സര്‍ക്കാര്‍ തടസ്സം സൃഷ്ടിക്കുന്നതായി ആരോപണം. കപ്പല്‍ മാര്‍ഗ്ഗം മാത്രമാണ്‌ ലക്ഷദ്വീപിലേക്ക്‌ പോകാനാകൂ എന്നിരിക്കെ യാത്രാടിക്കറ്റുകള്‍ അനധികൃതമായി തടഞ്ഞാണ്‌ യാത്രികരെ പീഡിപ്പിക്കുന്നത്‌. കൊച്ചിയില്‍ നിന്നുമാത്രമായി 6 ഓളം കപ്പലുകളും, 8 ഹൈസ്പീഡ്‌ വെസല്‍സും ഉണ്ടെന്നിരിക്കെ ടിക്കറ്റില്ല എന്ന മറുപടിയാണ്‌ ലക്ഷദ്വീപ്‌ സ്വദേശികള്‍ക്ക്‌ ലഭിക്കുന്നത്‌. ലക്ഷദ്വീപ്‌ അഡ്മിനിസ്ട്രേഷനിലെ കോണ്‍ഗ്രസ്‌ അനുകൂല സംഘടനയാണ്‌ ടിക്കറ്റ്‌ ക്ഷാമം അനധികൃതമായി സൃഷ്ടിക്കുന്നതെന്ന്‌ ആരോപണമുണ്ട്‌. കേരളത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്സുകാര്‍ അല്ലാത്തവര്‍ എത്തി വോട്ട്‌ ചെയ്താല്‍ അത്‌ തങ്ങള്‍ക്കെതിരാകുമെന്ന തിരിച്ചറിവാണത്രേ ഇതിന്റെ പിന്നില്‍. ലക്ഷദ്വീപിലെ 35% ത്തോളം ആളുകള്‍ കേരളത്തില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമാണ്‌. 300ല്‍പരം സീറ്റുകള്‍ ഉള്ള കപ്പലുകള്‍ പലതും കാലിയായാണ്‌ ലക്ഷദ്വീപിലെത്തുന്നത്്‌. കേരളത്തില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നാട്ടിലെത്തി വോട്ട്‌ ചെയ്താല്‍ അത്‌ കോണ്‍ഗ്രസ്സിനെതിരാകുമെന്ന ഭയപ്പാടാണ്‌ ഭരണകക്ഷിയെ കൊണ്ട്‌ ഈ കടുംകൈ ചെയ്യിക്കുന്നത്‌. മണിക്കൂറുകളോളം ക്യൂ നിന്ന്‌ വലയുന്ന ലക്ഷദ്വീപ്‌ സ്വദേശികള്‍ കോഴിക്കോടും, കൊച്ചിയിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌. കേരളത്തിലേത്‌ പോലെ ഏപ്രില്‍ 10ന്‌ തന്നെയാണ്‌ ലക്ഷദ്വീപിലും തിരഞ്ഞെടുപ്പ്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by