Categories: Kerala

‘ജീവദായിനി’ക്ക്‌ ഈ മാസം തുടക്കം

Published by

തിരുവനന്തപുരം: അടിയന്തര ഘട്ടത്തില്‍ രക്തം ആവശ്യമുള്ളവര്‍ക്ക്‌ സാമ്പത്തിക ബാധ്യതയുമില്ലാതെ രക്തം ലഭ്യമാക്കുന്ന ‘ജീവദായിനി’ പദ്ധതി വരുന്നു.
അടിയന്തരഘട്ടങ്ങളില്‍ സുരക്ഷിതവും സൗജന്യവുമായി ആവശ്യക്കാര്‍ക്ക്‌ രക്തം ലഭ്യമാക്കുക എന്നതാണ്‌ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി രക്തം ആവശ്യമുള്ളവര്‍ക്ക്‌ ബന്ധപ്പെടാന്‍ ടോള്‍ ഫ്രീ കാള്‍ സെന്റര്‍ ആരംഭിക്കും. കൂടാതെ രക്തദാതാക്കളുടെ ഡേറ്റാ ബാങ്ക്‌ രൂപീകരിക്കുകയും ഓണ്‍ലൈനായി ഡേറ്റാ ലഭ്യമാക്കുകയും രക്തബാങ്കില്‍ ആവശ്യാനുസരണം രക്തം ലഭ്യമാക്കുകയും ചെയ്യും. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ അഭിമുഖ്യത്തിലാണ്‌ ‘ജീവദായിനി’ പദ്ധതി നടപ്പിലാക്കുന്നത്‌.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ ജില്ലകളില്‍ നടപ്പിലാക്കുന്ന പദ്ധതി ക്രമേണ മറ്റു ജില്ലകളിലേക്കും വ്യാപിക്കനാണ്‌ സര്‍ക്കാര്‍ ഉദ്യേശിക്കുന്നത്‌. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ 13.50 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌. അടിസ്ഥാന സൗകര്യങ്ങളും നടപടിക്രമവും പൂര്‍ത്തിയാകുന്ന മുറക്ക്‌ ഈ മാസം തന്നെ പദ്ധതി ആരംഭിക്കും. യുവജന ക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള യൂത്ത്‌ ക്ലബുകളും കോളേജുകളിലെ എന്‍സിസി, എന്‍.എസ്‌.എസ്‌ യൂണിറ്റുകളുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ ബ്ലഡ്‌ ബാങ്ക്‌, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ ആന്റ്‌ ടെക്നോളജി, എയ്ഡ്സി കണ്‍ട്രോള്‍ സൊസൈറ്റിയുടെ ബ്ലാഡ്‌ ബ്ലാങ്ക്‌ യൂണിറ്റ്‌ എന്നിവയാണ്‌ പദ്ധതിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുക. എറണാകുളം ജില്ലയില്‍ ഐഎംഐ ബ്ലഡ്‌ ബാങ്ക്‌, കോഴിക്കോട്‌ ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ ബ്ലഡ്‌ ബാങ്ക്‌ ജനറല്‍ ഹോസ്പിറ്റല്‍ ബ്ലഡ്‌ ബാങ്ക്‌ എന്നീ സ്ഥാപനങ്ങളുമാണ്‌ പദ്ധതിയുമായി സഹകരിക്കുന്നത്‌.

രക്തദാനത്തെ പരമാവധി പ്രല്‍സാഹിപ്പിക്കുന്നതിനൊപ്പം രക്തം സ്വീകരിക്കുന്നയാളുടെയും ദാനം ചെയ്യുന്ന ആളുടെയും ആരോഗ്യ സുരക്ഷിത്വം ജീവദായിനി പദ്ധതിയിലൂടെ ഉറപ്പു വരുത്താന്‍ സാധിക്കും. രക്തദാനത്തിനെ കുറിച്ചുള്ള ബോധവത്കരണം കൂടിയായി പദ്ധതി നടപ്പാക്കപ്പെടുന്നു. പൊതുസമൂഹത്തിലും യുവാക്കളുടെ ഇടയിലും രക്തദാനം വ്യാപകമായി പ്രല്‍സാഹിപ്പിക്കാന്‍ പദ്ധതിക്ക്‌ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇത്തവണത്തെ ബജറ്റിലാണ്‌ ജീവദായിനി പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനമുണ്ടായത്‌.

ആദ്യഘട്ടത്തില്‍ ഒരു ജില്ലയില്‍ 80ല്‍ കൂടുതല്‍ രക്തദാന ക്യാമ്പുകളിലൂടെ 5000 യൂണിറ്റ്‌ രക്തം ലഭ്യാമിക്കാനും അങ്ങനെ മൂന്ന്‌ ജില്ലകളിലായി 15000 യൂണിറ്റ്‌ രക്തം ഓരോ മാസവും ലഭ്യമാക്കാനുമാണ്‌ ലക്ഷ്യമിടുന്നത്‌. സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാകുമ്പോള്‍ 70000 യൂണിറ്റ്‌ രക്തം ഓരോ മാസവും ലഭ്യമാക്കാമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 25 ലക്ഷം രൂപയാണ്‌ പദ്ധതിയുടെ നടത്തിപ്പിനായി വേണ്ടി വരുന്ന ചെലവ്‌.

കെ.വി. വിഷ്ണു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by