Categories: World

ടൂത്ത്‌ പേസ്റ്റ്‌ ബോംബ്‌: ജാഗ്രത വേണമെന്ന്‌ അമേരിക്ക

Published by

വാഷിങ്ങ്ടണ്‍: റഷ്യയിലേക്കുള്ള വിമാനങ്ങളില്‍ ടൂത്ത്‌ പേസ്റ്റ്‌ ബോംബ്‌ ഉപയോഗിച്ച്‌ ആക്രമണത്തിനു സാധ്യതയെന്ന്‌ അമേരിക്കന്‍ മുന്നറിയിപ്പ്‌. കഴിഞ്ഞ ദിവസം മുതല്‍ റഷ്യയില്‍ വിന്റര്‍ ഒളിംമ്പിക്സ്‌ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പിനെ അതീവ ഗൗരവത്തോടെയാണ്‌ അധികൃതര്‍ കാണുന്നത്‌. അമേരിക്ക, റഷ്യയുള്‍പ്പെടെയുള്ള വിദേശ എയര്‍ലൈന്‍സുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വിമാനത്തിലൂടെ ടൂത്ത്‌ പേസ്റ്റ്‌ കവറുകളില്‍ എത്തിച്ച്‌ സ്ഫോടനം നടത്താനുള്ള സാധ്യതയുണ്ടെന്ന്‌ ഒരു മുതിര്‍ന്ന യുഎസ്‌ ഓഫീസര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

റഷ്യയിലെ സോച്ചിയില്‍ ഇന്ന്‌ തുടങ്ങുന്ന വിന്റര്‍ ഒളിംപിക്സ്‌ ലക്ഷ്യമിട്ടാണ്‌ ഭീകരര്‍ പദ്ധതിയൊരുക്കുന്നതെന്ന്‌ യുഎസിന്റെ ആഭ്യന്തര-സുരക്ഷാ വിഭാഗം വ്യക്തമാക്കി. ജാഗ്രതാ മുന്നറിയിപ്പുകള്‍ അമേരിക്ക ഇതിന്‌ മുമ്പും പല രാജ്യങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്‌. എന്നാല്‍ റഷ്യയില്‍ ഒളിമ്പിക്സ്‌ നടക്കുന്ന സാഹചര്യത്തില്‍ കുറേക്കൂടി ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന്‌ യുഎസ്‌ സുരക്ഷാ വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചു.

ടൂത്ത്‌ പേസ്റ്റ്‌ ബോംബിന്റെ ഭീഷണിയുള്ള പശ്ചാത്തലത്തില്‍ ഒളിമ്പിക്സ്‌ മത്സരം കാണാന്‍ പോകുന്ന അമേരിക്കന്‍ യാത്രികരോട്‌ ജാഗ്രത പാലിക്കാന്‍ യുഎസ്‌ ആഭ്യന്തര വകുപ്പ്‌ നിര്‍ദ്ദേശിച്ചു. അതേ സമയം 23, 30 വയസുള്ള രണ്ട്‌ വനിതകളെ ഫ്രാന്‍സില്‍ നിന്നും ചൊവ്വാഴ്‌ച്ച അറസ്റ്റ്‌ ചെയ്തതായി ഒരു സ്വതന്ത്ര വാര്‍ത്ത ഏജന്‍സി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്‌ പുറത്ത്‌ വിട്ടിരുന്നു. പിടിയിലായവര്‍ റഷ്യന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ചെചന്‍ വംശജരാണെന്നും പറയുന്നു. ഇസ്ലാമിസ്റ്റ്‌ ഭീകരര്‍ക്ക്‌ സ്വാധീനമുള്ള പ്രവിശ്യയുടെ ഒരു ഭാഗമാണ്‌ ഒളിമ്പിക്സ്‌ നടക്കുന്ന സോച്ചി. യാതൊരു തരത്തിലുള്ള ദ്രാവകവും കഴിഞ്ഞ മാസം അവസാനത്തോടെ സസ്യങ്ങളില്‍ പ്രയോഗിക്കരുതെന്ന്‌ കര്‍ശന നിര്‍ദ്ദേശം റഷ്യന്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.

അതേസമയം, ഏഴു മുതല്‍ 23 വരെ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സിന്‌ റഷ്യ കനത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കഴിഞ്ഞ ഡിസംബറില്‍ വോള്‍ഗൊഗ്രാഡിലുണ്ടായ ചാവേര്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണിത്‌. നിലവില്‍ 3 മുതല്‍ 4 ഔണ്‍സ്‌ ദ്രാവകരൂപത്തിലുള്ള പദാര്‍ത്ഥങ്ങള്‍ മാത്രമെ കവറുകളില്‍ കൊണ്ട്‌ വരാന്‍ യാത്രക്കാര്‍ക്ക്‌ അനുമതിയുള്ളു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by