തൃശൂര്‍ നഗരത്തില്‍ നിന്ന് പത്തു കിലോമീറ്റര്‍ വടക്കു കിഴക്കു മാറി കുറിച്ചിക്കരയില്‍ താണിക്കൂടം പുഴയോരത്താണ് താണിക്കൂടം ഭഗവതി കുടികൊള്ളുന്നത്. ശ്രീകോവിലിന് ചുറ്റും മതില്‍ കെട്ടി അതിനുള്ളില്‍ നില്‍ക്കുന്ന വലിയ വൃക്ഷച്ചുവട്ടിലാണ് മൂല പ്രതിഷ്ഠ നിലകൊള്ളുന്നത്. അത് പണ്ട് താണിമരമായിരുന്നത്രെ. ഇന്ന് കാണുന്നത് പൂവ്വമരമാണ്. മരച്ചുവട്ടിലുള്ള രൂപമില്ലാത്ത ശിലാഖണ്ഡത്തില്‍ നിന്നാണ് ആദിദ്രാവിഡര്‍ ദേവിക വിളി ആദ്യം കേട്ടത്. ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഈ മൂലസ്ഥാനം കാണാന്‍ കഴിയില്ല. ഇതിന്റെ കിഴക്കുഭാഗത്ത് കരിങ്കല്ല് കൊണ്ട് താന്ത്രിക വിധിയനുസരിച്ച് മേല്‍പ്പുരയില്ലാത്ത ശ്രീകോവില്‍ നിര്‍മിച്ച് ശിലയില്‍ തീര്‍ത്ത കണ്ണാടിവിഗ്രഹം പ്രതിഷ്ഠിച്ചു. പിന്നീട് ശ്രീമൂലസ്ഥാനവും ശ്രീകോവിലിനകത്തെ പ്രതിഷ്ഠയും തമ്മില്‍ ഭിത്തിയിലുള്ള ഒരു ദ്വാരം വഴി ബന്ധിപ്പിച്ചു. ഭിത്തിയിലെ കല്ലുവിളക്ക് തെളിയുമ്പോള്‍ ആ പ്രകാശധാരയിലൂടെ വിഗ്രഹങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് ചൈതന്യം പ്രവഹിക്കുന്നു.
നായന്മാരുടെ നിയന്ത്രണത്തിലായിരുന്ന ക്ഷേത്രം കൊല്ലവര്‍ഷം 1074-ലാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 18 ദേശക്കാര്‍ ചേര്‍ന്നതാണ് താണിക്കൂടം ക്ഷേത്രത്തിന്റെ തട്ടകം. തട്ടകക്കാരുടെ യോഗമാണ് പരമാധികേന്ദ്രം. അബ്രാഹ്മണര്‍ വേദമന്ത്രങ്ങള്‍ കേള്‍ക്കുവാന്‍ കുടി അധികാരമില്ലാത്ത കാലത്ത് താണിക്കുടം ക്ഷേത്രത്തിന്റെ പൂജാരിമാര്‍ നായന്മാരായിരുന്നു. പിന്നീട് പൂജാക്രമങ്ങള്‍ ബ്രാഹ്മണീകരിച്ചപ്പോള്‍ നായന്മാരുടെ പൂജ ചുറ്റമ്പലത്തിന് പുറത്ത് ബല്ലിക്കല്ലിനടുത്തായി. തട്ടകത്തിലെ വേല സമുദായക്കാര്‍ മിഥുനമാസത്തില്‍ കലശം കഴിച്ച് മലവാഴിദൈവത്തെ പ്രീതിപ്പെടുത്തി മതില്‍ക്കെട്ടിന് പുറത്തിരുന്ന് ദേവിയെ പൂജിക്കുന്നു. മകരച്ചൊവ്വനാള്‍ പറ പുറപ്പെട്ട് കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിച്ച് ദേവി ജാതിഭേദമെന്ന്യെ ഭക്തന്മാരെ അനുഗ്രഹിച്ച് ദേശങ്ങളില്‍ അനുഗ്രഹാശിസുകള്‍ ചൊരിഞ്ഞ് സഞ്ചരിക്കുന്നു.
മുമ്പ് ക്ഷേത്രത്തിലുണ്ടായിരുന്നത് ഒരേയൊരു ഉപപ്രതിഷ്ഠ ക്ഷേത്രപാലകന്റേതായിരുന്നു. പീന്നീട് ചീനി അയ്യപ്പനെയും മാളികപ്പുറത്തമ്മയേയും നാഗരാജാവിനെയും നാഗയക്ഷിയെയും പ്രതിഷ്ഠിച്ചു. ദേവീ പ്രീതിക്കുവേണ്ടി തട്ടകത്തിലെ ദേശങ്ങള്‍ തോറും നടത്തുന്ന ചടങ്ങുകളാണ് പാനയും ഗുരുതിയും. ഭക്തര്‍ ആ ചടങ്ങ് വര്‍ഷത്തിലൊരിക്കല്‍ വളരെ ആഘോഷമായിത്തന്നെ നടത്തിവരുന്നു. ക്ഷേത്രത്തിലെ പ്രധാന ഉത്സവം വിഷുസംക്രമ വേലയാണ്. വേലയ്‌ക്ക് ദേശങ്ങളില്‍ നിന്ന് കുതിരകളെ കെട്ടി എഴുന്നെള്ളിച്ചുകൊണ്ട് വന്ന് ക്ഷേത്ര സങ്കേതത്തില്‍ വാദ്യഘോഷങ്ങളോടെ ഉത്സവം നടത്തുന്നു.
ക്ഷേത്രത്തില്‍ മണ്ഡലമാസം പ്രധാനമാണ്. അക്കാലത്ത് തന്ത്രിപൂജയും നനഗവും പഞ്ചഗവ്യവും പതിവുണ്ട്. കൂടാതെ ദേവിയുടെ കളമെഴുതി കുറുപ്പിന്റെ നേതൃത്വത്തില്‍ കളമെഴുത്തു പാട്ടുണ്ട്. ക്ഷേത്രത്തില്‍ ഉത്സവമോ ആറാട്ടോ ഇല്ല. എന്നാല്‍ പ്രകൃതിദേവി നദിയിലൂടെ കൊത്തിയൊഴുകി എത്തി ക്ഷേത്ര സങ്കേതത്തില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ച് ദേവിക്ക് ആറാട്ട് നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: