Categories: Kerala

മഹാകവി കുമാരനാശാന്റെ ജന്മസ്ഥലം വില്‍പ്പനയ്‌ക്ക്‌

Published by

ചിറയിന്‍കീഴ്‌: കവിത്രയങ്ങളില്‍ പ്രധാനിയായിരുന്ന മഹാകവി കുമാരനാശന്‍ ജന്മമെടുത്ത മണ്ണ്‌ വില്‍പ്പനക്ക്‌ വച്ചിരിക്കുന്നു. അഞ്ച്തെങ്ങ്‌ കായിക്കരയിലുള്ള കുടുംബവീട്‌ നിലനിന്നിരുന്ന തൊമ്മന്‍വിളാകമാണ്‌ അവകാശികള്‍ വില്‍പ്പനക്ക്‌ വച്ചിരിക്കുന്നത്‌. കായിക്കര ആശാന്‍ കാവ്യഗ്രാമത്തിനടുത്തായുള്ള തൊമ്മന്‍ വിളാകത്തെ അറുപത്തഞ്ച്സെന്റ്‌ സ്ഥലമാണ്‌ വില്‍പ്പനക്കെന്ന ബോര്‍ഡ്‌ തൂക്കിയിരിക്കുന്നത്‌.

തൊമ്മന്‍വിളാകത്തെ മൂന്നായി ഭാഗം വച്ച്‌ ഒരു ഭാഗം ആശാനും മറ്റ്‌ രണ്ട്‌ ഭാഗം സഹോദരിമാര്‍ക്കുമായി കുടുംബവീതം നല്‍കിയിരുന്നു. ആശാന്റെ കുടുംബഭാഗം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ വളരെ മുന്‍പ്‌ തന്നെ വിറ്റിരുന്നു. ആ വസ്തു ഇന്ന്‌ കൈമാറി കൈമാറി അഞ്ച്തെങ്ങ്‌ പള്ളി വക വസ്തുവായിട്ടാണ്‌ കിടക്കുന്നത്‌. കരുണ, ചണ്ഡാലഭിക്ഷുകി, വീണപൂവ്‌ തുടങ്ങിയ കാവ്യങ്ങള്‍ കൊണ്ട്‌ മലയാള കാവ്യശാഖയെ സമ്പന്നമാക്കിയ കവിയുടെ മണ്ണില്‍ നാളെ ചിലപ്പോള്‍ പള്ളിവക ശവക്കല്ലറകള്‍ ഉയര്‍ന്നേക്കാം. ഇടയ്‌ക്ക്‌ പള്ളിക്കാര്‍ ഈ ഭൂമി ആശാന്‍ സ്മാരകത്തിന്‌ കൈമാറാമെന്ന്‌ പറഞ്ഞെങ്കിലും അതുപാലിക്കപ്പെട്ടില്ല. അതിനുവേണ്ടിയാരും ശ്രമം നടത്തിയതുമില്ല. ബാക്കി ഭൂമിയാണ്‌ ഇന്ന്‌ അധീനതയിലുളളവര്‍ വില്‍പ്പനയ്‌ക്ക്‌ വച്ചിരിക്കുന്നത്‌.

ഇതുവരെ ഈ വസ്തു വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും അറിയില്ല മഹാകവിയുടെ വില. ആശാന്റെ കുടുംബത്തിനറിയില്ലെങ്കില്‍ പിന്നെ തങ്ങളെന്തിനറിയണമെന്നാണ്‌ നാട്ടുകാരുടേയും ഭാഷ്യം. ആശാന്‍ കാവ്യഗ്രാമ കമ്മിറ്റി ഇത്‌ ഇവരില്‍ നിന്നും വാങ്ങി സംരക്ഷിക്കുവാന്‍ ശ്രമിച്ചെങ്കിലും ഈ സ്ഥലത്തിനിട്ടിരിക്കുന്ന ഭീമമായ വില നല്‍കാന്‍ സമിതിയെക്കൊണ്ട്‌ കഴിയില്ല. ഒരു സെന്റ്‌ സ്ഥലത്തിന്‌ രണ്ട്‌ ലക്ഷം രൂപയാണ്‌ ഉടമകള്‍ ആശാന്റെ മണ്ണിനിട്ടിരിക്കുന്ന വില. വില്‍ക്കാനിട്ടിരിക്കുന്ന അറുപത്തഞ്ച്‌ സെന്റിന്‌ തന്നെ ഒരു കോടി മുപ്പതുലക്ഷം വേണം. ബാക്കി പുരയിടം കൂടി വാങ്ങി സംരക്ഷിച്ചെടുക്കണമെങ്കില്‍ ഏകദേശം രണ്ട്‌ കോടി അറുപത്‌ ലക്ഷം വേണം. ഇത്‌ ഇനി കൈമറിഞ്ഞ്‌ പോയാല്‍ ആശാന്റെ ജീവന്‍ തുടിക്കുന്ന മണ്ണ്‌ ഒരിക്കലും തിരിച്ചു കിട്ടാതെ സാംസ്കാരിക കേരളത്തിന്‌ നഷ്ടമാകും.

നാട്ടുകാരില്‍ പലര്‍ക്കും അറിയില്ല വില്‍പ്പനക്ക്‌ വച്ചിരിക്കുന്ന പുരയിടം ആശാന്‍ ജനിച്ച മണ്ണാണെന്ന്‌. തൊട്ടടുത്ത്‌ ആശാന്‍ സ്മാരകമുള്ളതുകൊണ്ട്‌ ജനനസ്ഥലം സംരക്ഷിച്ചെടുക്കണോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌. ആശാന്റെ ജന്മം കൊണ്ട്‌ ധന്യമായ മണ്ണിന്റെ പുണ്യം മറ്റൊരിടത്ത്‌ സ്മാരകം പണിതാല്‍ കിട്ടുമോ എന്ന മറുചോദ്യമാണ്‌ ആശാന്‍ സ്മാരക കമ്മിറ്റി ഉന്നയിക്കുന്നത്‌. സാംസ്കാരിക പരിപാടികള്‍ക്കായി കോടികള്‍ ചിലവാക്കുന്ന സംസ്ഥാന കേന്ദ്ര ഗവണ്‍മെന്റുകളോ കുമാരനാശാന്‍ സ്ഥാപിച്ച പ്രസ്ഥാനമോ ആശാന്റെ ജന്മംകൊണ്ട്‌ പുണ്യം നേടിയ മണ്ണ്‌ സംരക്ഷിക്കാന്‍ ശ്രമം നടത്തുന്നില്ലെന്നതാണ്‌ പ്രത്യേകത.

ഹരി . ജി. ശാര്‍ക്കര

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by