“മലയാള സാഹിത്യത്തില്‍ ദൈവികമായ പരിവേഷത്തോടുകൂടിയാണ് തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ പരിലസിക്കുന്നത്. സഹൃദയര്‍ മാത്രമല്ല, കവികളും ആ ആചാര്യന്റെ പാദങ്ങളില്‍ പ്രണാമമര്‍പ്പിച്ചു പോരുന്നു.”- ഈ വരികള്‍ തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിന് സാനുമാഷ് എഴുതിയ വ്യാഖ്യാനത്തിന്റെ മുഖവുരയില്‍ പറഞ്ഞിട്ടുള്ളതാണ്. ഭാഷാപിതാവിനോട് ഇത്രയും ആദരവു പുലര്‍ത്തുന്ന സാനുമാഷിന് 2013-ലെ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ല. എന്തുകൊണ്ടും എഴുത്തച്ഛന്‍ പുരസ്കാരത്തിന് മാഷ് അര്‍ഹനാണ്. അമ്മ മലയാളം ശ്രേഷ്ഠ ഭാഷാ പദവിയിലെത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കേരളപ്പിറവി ദിവസം തന്നെ ഈ പുരസ്കാരം സാനു മാഷിനെ തേടിയെത്തിയത് അദ്ദേഹത്തിന്റെ കര്‍മഫലം കൊണ്ടുതന്നെയാണ്. അധ്യാപകന്‍, നിരൂപകന്‍, സാമൂഹ്യചിന്തകന്‍, പത്രാധിപര്‍, പൊതുപ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ ബഹുതലങ്ങള്‍ സാനുമാഷിന്റെ വ്യക്തിത്വത്തിനുണ്ട്.
സാനുമാഷിന്റെ രചനാലോകം ഗഹനവും വിപുലവുമാണ്. ഏതു വിഷയവും അതര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുകയും അവതരിപ്പിക്കുകയും ചെയ്തിരുന്നു മാഷ്. സാഹിത്യത്തെ മറ്റേതു വിഷയത്തെപ്പോലെയും വളരെ ഗൗരവമുള്ള വിഷയമായിട്ടാണ് സാനു മാഷ് കാണുന്നത്. തന്റെ ആത്മാവിഷ്കരണത്തിനുവേണ്ടി സാനുമാഷ് നിരൂപണമാണ് തെരഞ്ഞെടുത്തിരുന്നത്. നിരൂപണമെന്നപോലെ ജീവചരിത്രരംഗത്തും ചരിത്രം സൃഷ്ടിച്ച എഴുത്തുകാരനാണ് സാനുമാഷ്. അദ്ദേഹം ഈ രണ്ടുമേഖലയേയും സര്‍ഗാത്മകമാക്കാന്‍ ശ്രദ്ധിച്ചിരുന്നു.
മലയാള ജീവചരിത്രശാഖയെ സമ്പന്നമാക്കിയത് സാനുമാഷാണ്. മാസ്റ്ററുടെ ജീവചരിത്രങ്ങളെ അയ്യപ്പപ്പണിക്കര്‍ ‘സാനു ചരിതങ്ങള്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനകം മാഷ് വളരെയധികം ജീവചരിത്രങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ആദ്യത്തേത് കേരളീയനല്ലാത്ത മഹാനായ ആല്‍ബര്‍ട്ട് ഷ്വൈറ്റ്സറെക്കുറിച്ചുള്ള ജീവചരിത്ര കൃതിയായ ‘അസ്തമിക്കാത്ത വെളിച്ചം’ ആണ്. അതിനുശേഷം ശ്രീനാരായണഗുരുദേവനെക്കുറിച്ചും സഹോദരന്‍ അയ്യപ്പനെക്കുറിച്ചുമുള്ള ജീവചരിത്രങ്ങള്‍ എഴുതി. ഇ.കെ.നായനാര്‍ സാനുമാഷിന്റെ ജീവചരിത്രങ്ങളെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്:- “ജീവചരിത്രരംഗത്ത് പ്രൊഫ. സാനുവാകട്ടെ, വളരെ മുമ്പുതന്നെ തന്റെ അസാധാരണമായ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നിവരുടേയും ജീവചരിത്രം അദ്ദേഹം എഴുതിയിട്ടുണ്ട്. ഇവ ഓരോന്നും അദ്ദേഹത്തിന്റെ സര്‍ഗാത്മക മനസ്സിന്റെ സ്പര്‍ശമുള്ളവയാണ്.
അതുകൊണ്ടുതന്നെ കേവലമായ വസ്തുതാവിവരണഗ്രന്ഥങ്ങളോ, സ്ഥലകാല പ്രതിപാദന ഗ്രന്ഥങ്ങളോ ആയി പരിമിതപ്പെട്ടു പോയിട്ടില്ല ഇവയൊന്നും. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തന്റെ മനസ്സിലേക്ക് കടന്നുവരികയും അവിടെ സ്ഥാനമുറപ്പിക്കുകയും ചെയ്ത മഹത്തുക്കളുടെ ജീവചരിത്രമെഴുതാനേ അദ്ദേഹം ശ്രമിച്ചിട്ടുള്ളൂ എന്നതാണ്. ജീവചരിത്രരചനയ്‌ക്കു വേണ്ടിയുള്ള ജീവചരിത്രരചനയല്ല അദ്ദേഹം നടത്തുന്നത്. മനസ്സുകൊണ്ട് താന്‍ കടപ്പെട്ടിട്ടുള്ളവര്‍ക്ക് ഒരു പ്രണാമം അര്‍പ്പിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം കരുതുന്നു എന്നു തോന്നുന്നു. അത്തരമൊരു പ്രണാമമാണ്, കടമയുടെ പൂര്‍ത്തീകരണത്തിനുള്ള താല്‍പര്യമാണ്, ശ്രീനാരായണഗുരുദേവന്‍ തൊട്ട് കുമാരനാശാന്‍ വരെയുള്ളവരുടെ ജീവചരിത്രമെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.”
നാടകവിമര്‍ശനത്തില്‍ തനതു വ്യക്തിമുദ്ര പതിപ്പിച്ച ആചാര്യസ്ഥാനീയനുമാണ് സാനുമാഷ്. ഷേക്സ്പിയര്‍ നാടകങ്ങളൊഴിച്ചുള്ള പാശ്ചാത്യനാടകങ്ങളെല്ലാം തന്നെ സാനുമാഷ് നാടകചര്‍ച്ചയ്‌ക്കായി എടുത്തിട്ടുണ്ട്. നാടകം ഒരു കഥയല്ല സൃഷ്ടിക്കുന്നത്, മറിച്ച് വലിയൊരു രംഗവേദിയിലെ മനുഷ്യന്റെ പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത് എന്ന സത്യമാണ് മാഷ് നാടകചര്‍ച്ചയിലൂടെ സ്ഥാപിക്കുന്നത്. ദുരന്ത നാടകങ്ങളോട് അദ്ദേഹത്തിന് പ്രത്യേകമായ ഒരാഭിമുഖ്യം തന്നെയുണ്ട്. ട്രാജഡികളാണ് നാടകങ്ങളുടെ ആഴം മനസ്സിലാക്കാന്‍ ഉത്തമം എന്ന അഭിപ്രായം അദ്ദേഹം പുലര്‍ത്തുന്നുണ്ട്. അതുകൂടാതെ ട്രാജിക് കഥാപാത്രങ്ങളെ മനുഷ്യമഹത്വത്തിന്റെ നെടുംതൂണുകളായാണ് കാണുന്നത്. പ്രഭാദര്‍ശനത്തിലെ ‘ഒരു ട്രാജിക് കഥാപാത്രം, ചുമരിലെ ചിത്രങ്ങളിലെ ‘എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങള്‍’,രാജവീഥിയിലെ നാടകസാഹിത്യം, അനുഭൂതിയുടെ നിറങ്ങളിലെ അജയ്യതയുടെ ശൃംഗങ്ങള്‍, എന്റെ വഴിയമ്പലങ്ങളിലെ മൗനത്തിനു സ്വര്‍ണനിറം എന്നിവ നാടകത്തെ സംബന്ധിക്കുന്നവയാണ്.
ഇതിനകം സാനുമാഷിന്റെ എട്ട് ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ‘ശ്രീനാരായണഗുരുദേവന്‍’. ‘ശ്രീനാരായണഗുരു’, ‘ജീവിതസാനുവില്‍’ എന്നിവയാണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ലളിതമായ ഭാഷയും അവതരണരീതിയുമെല്ലാം കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന രീതിയിലുള്ളവയാണ്.
വിവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ഉള്ള വ്യക്തിയാണ് സാനുമാഷ്. വിവര്‍ത്തനത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഭാഷയുടെ മൗലികതയാണ് അതിന്റെ മികവ്. ആ മികവ് സാനുമാഷിന്റെ വിവര്‍ത്തനങ്ങളിലുണ്ട്. അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടത് ഡോ. എസ്. രാധാകൃഷ്ണന്റെ ‘വിശ്വാസത്തിലേക്കു വീണ്ടും’, ആര്‍.കെ. നാരായണന്റെ ‘ഗൈഡ്’, മര്‍ക്കസ് കണ്‍ലീഫിന്റെ ‘അമേരിക്കന്‍ സാഹിത്യം, സാറാ ബോള്‍ട്ടണിന്റെ ‘അഞ്ചു സാഹിത്യനായകന്മാര്‍’ എന്നിവയാണ്.
ചെറുകഥാരംഗത്തും സാനുമാഷ് തന്റെ സര്‍ഗവൈഭവം തെളിയിച്ചിട്ടുണ്ട്. ഒഴുക്കിനു മീതെ പാലം, വിശേഷബുദ്ധി, ആത്മഹത്യ ചെറിയ മനുഷ്യനും വലിയ മനുഷ്യനും, വചനം, ലക്ഷ്യബോധമില്ലാത്ത ഏകാകി, പൊട്ടിയകണ്ണാടി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചെറുകഥകള്‍.
അധ്യാപനവൃത്തിയെ വളരെ പാവനമായ ഒരു കര്‍മമായി കാണുന്ന ആചാര്യവര്യനാണ് സാനുമാഷ്. മുപ്പത്തിയഞ്ചുവര്‍ഷം അധ്യാപനരംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹത്തിന് അധ്യാപനം ഒരു ലഹരിയായിരുന്നു. “ഇനിയൊരു ജന്മമുണ്ടെങ്കില്‍ അധ്യാപകനായി ജീവിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുക’ എന്നു സാനുമാഷ് പറഞ്ഞിട്ടുണ്ട്.
പത്രപ്രവര്‍ത്തനരംഗത്തും സാനുമാഷ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വിവേകോദയം, ഗുരുദേവന്‍, വ്യതിയാനം എന്നീ മാസികകളുടെ പത്രാധിപസമിതിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും അവയിലൂടെ കുറേ നല്ല എഴുത്തുകാരേ സൃഷ്ടിക്കുകയും ചെയ്തു. കുങ്കുമം വാരികയിലാണ് ഒരു മുഴുവന്‍ സമയ പത്രാധിപരായി പ്രവര്‍ത്തിച്ചത്. 1991 മുതല്‍ 1998 വരെ ‘കുങ്കുമം’ വാരികയില്‍ സാനുമാഷ് എഴുതിയ എഡിറ്റോറിയലുകള്‍ വളരെയധികം ശ്രദ്ധയാകര്‍ഷിച്ചു. കൂടാതെ ‘വഴിയമ്പലത്തിലെ പകല്‍ക്കിനാവുകള്‍’ എന്ന ഒരു സ്ഥിരം പംക്തിയും സാനുമാഷ് കുങ്കുമം വാരികയില്‍ എഴുതിയിരുന്നു.
സാനുമാസ്റ്ററുടെ വിമര്‍ശനഭാഷയുടെ സവിശേഷത കാവ്യാത്മകതയാണ്. ‘അവധാരണം’ എന്ന പുസ്തകത്തിലൊരിടത്ത് അദ്ദേഹം പറയുന്നുമുണ്ട്- ‘വാക്കുകളെക്കൊണ്ട് സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും സൃഷ്ടിക്കുക. അതാണ് എഴുത്തുകാരന്റെ ലക്ഷ്യം എന്ന്. ഓരോ എഴുത്തുകാരനും അവനവന്റെ ഭാഷ സൃഷ്ടിക്കുന്നുണ്ട്. അത് സൃഷ്ടിക്കാതെ അയാള്‍ക്ക് സാഹിത്യത്തില്‍ തുടരാനും ബുദ്ധിമുട്ടാണ്.’ ലാളിത്യവും ഊര്‍ജസ്വലതയും ഭാഷയില്‍ എങ്ങനെ സമന്വയിക്കാം എന്നതിന്റെ മികച്ച നിദര്‍ശനമാണ് സാനു മാസ്റ്ററുടെ ശൈലി.
സാനുമാഷ് നല്ലൊരു പ്രാസംഗികനുമാണ്. അദ്ദേഹം സാഹിത്യസംബന്ധമായ പ്രസംഗങ്ങളാണ് കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും സമൂഹവും സംസ്കാരവും രാഷ്‌ട്രീയവുമെല്ലാം പ്രിയമേഖലകളായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളെല്ലാം വിചാരങ്ങളെ ശക്തമായി ശ്രോതാവിലേക്ക് പകരാന്‍ കഴിവുള്ളതാണ്. സാനുമാഷിന്റെ പ്രസംഗങ്ങള്‍ ശ്രോതാക്കള്‍ക്ക് ഉണര്‍വ് പ്രദാനം ചെയ്യുന്നതരത്തിലായതുകൊണ്ടുതന്നെയാണ് ഇന്നും അവയ്‌ക്ക് ശ്രോതാക്കളുടെ എണ്ണം കുറയാതിരിക്കുന്നത്.
അധ്യാപനം, എഴുത്ത്, പ്രസംഗം എന്നിവയ്‌ക്കു പുറമേ മറ്റു ചില മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എസ്.പി.സി.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ 1987-ല്‍ എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.
2013-ല്‍ എഴുത്തച്ഛന്‍ പുരസ്കാരത്തിനര്‍ഹനായ സാനുമാഷ് ഇതിനു മുമ്പും വളരെയധികം ബഹുമതികള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. 2011-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, വൈലോപ്പിള്ളി അവാര്‍ഡ്, 2009-ല്‍ കമലദളം അവാര്‍ഡ്, എം.കെ. രാഘവന്‍ പുരസ്കാരം, 1999-ല്‍ ശ്രീനാരായണ സാംസ്കാരിക സമിതി അവാര്‍ഡ്, 1992-ലെ വയലാര്‍ രാമവര്‍മ അവാര്‍ഡ് എന്നിവ കൂടാതെ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണത്തിനും സമഗ്ര സംഭാവനയ്‌ക്കുമുള്ള പുരസ്കാരങ്ങള്‍, സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, വൈലോപ്പിള്ളി അവാര്‍ഡ്, പി.കെ. പരമേശ്വരന്‍ സ്മാരക അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, ജയന്തി അവാര്‍ഡ് എന്നിവയുള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി.
കെ. ആര്‍. സരിതകുമാരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: