Categories: Varadyam

ഹന്ത! ഭാഗ്യം ജനാനാം

Published by

‘മത്സ്യം തൊട്ടുകൂട്ടുക.’ ഒരു ശുദ്ധ ബ്രാഹ്മണനോട്‌ ഇങ്ങനെ പറഞ്ഞാല്‍ അവഹേളിച്ചല്ലോ എന്നേ ധരിക്കൂ. പറഞ്ഞത്‌ തുഞ്ചത്തെഴുത്തച്ഛനും കേട്ടത്‌ മേല്‍പത്തൂര്‍ നാരായണന്‍ ഭട്ടതിരിയും. തുഞ്ചത്തെഴുത്തച്ഛന്‍ വെറുതെ പറയില്ല. മേല്‍പത്തൂര്‍ അതിന്റെ പൊരുള്‍ തേടിയപ്പോള്‍ ലഭിച്ചത്‌ മത്സ്യാവതാരം മുതലുള്ള ഭഗവാന്റെ ദശാവതാരം പഠിക്കാനുള്ള സന്ദേശം. അച്യുത പിഷാരടി എന്ന തന്റെ ഗുരുവിന്റെ വാതരോഗം യോഗബലത്താല്‍ മേല്‍പത്തൂര്‍ ഏറ്റെടുത്തതിന്റെ അവശത അറിയിച്ചപ്പോഴായിരുന്നു എഴുത്തച്ഛന്റെ ഉപദേശം. രോഗശമനത്തിനായി എഴുത്തച്ഛന്റെ നിര്‍ദ്ദേശാനുസരണം കൊല്ലവര്‍ഷം 761 (1587) ചിങ്ങം 19നാണ്‌ മേല്‍പത്തൂര്‍ ഗുരുവായൂരെത്തുന്നത്‌. 18000 ശ്ലോകങ്ങളുള്ള ഭാഗവതത്തിന്റെ ഉരുക്കഴിച്ച മേല്‍പത്തൂര്‍ ഭഗവാനോടുള്ള ഉള്ളുരുകിയ പ്രാര്‍ത്ഥനയായാണ്‌ നാരായണീയം രചിച്ച്‌ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചത്‌. ഭാഗവതത്തിന്റെ സാരാംശം ചോരാതെ ഒരുദിവസം പത്ത്‌ ശ്ലോകം എന്ന കണക്കിലാണ്‌ നാരായണീയം മുഴുമിപ്പിച്ചത്‌. ചില ദിവസങ്ങളില്‍ പത്തില്‍ കൂടി. അങ്ങനെ, 1036 ശ്ലോകങ്ങള്‍.

‘സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം’ എന്നു തുടങ്ങിയ ആദ്യശ്ലോകം അവസാനിക്കുന്നത്‌ ‘തത്താവദ്ഭാതി സാക്ഷാദ്‌ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം’എന്ന വരിയോടെയാണ.്‌ നൂറാം ദശകം പൂര്‍ത്തിയാക്കിത ‘സ്ഫീതം ലീലാവതാരൈരിദമിഹ കുരുതാമായുരാരോഗ്യസൗഖ്യം’ എന്ന വരിയോടെയും. 1587 നവംബര്‍ 27നാണ്‌ ‘ആയുരാരോഗ്യസൗഖ്യം’ എന്ന അവസാന വാക്ക്‌ എഴുതിചേര്‍ത്ത്‌ മേല്‍പത്തൂര്‍ ദശകത്തിന്‌ സമാപ്തി കുറിച്ചതെന്നാണ്‌ കണക്കാക്കുന്നത്‌. ഇത്‌ മേല്‍പത്തൂരിന്റെ 27-ാ‍ം വയസ്സിലും. അവസാന ദശകം എഴുതിയതും സമര്‍പ്പിച്ചതും ഭഗവാന്റെ അതിമനോഹരവും തേജസ്സുറ്റതുമായ ദര്‍ശനത്തോടെയാണ്‌. താന്‍ കണ്ട ഭഗവാന്റെ കേശാദിപാദം വര്‍ണനക്കുശേഷം ‘ഈ ഭക്തികാവ്യം ഈ ലോകത്തില്‍ ആയുസ്സും ആരോഗ്യവും സൗഖ്യവും പ്രദാനം ചെയ്യട്ടെ എന്നാശിച്ചുകൊണ്ടാണ്‌. അതോടെ മേല്‍പത്തൂരിന്‌ പൂര്‍ണ ആരോഗ്യം വീണ്ടുകിട്ടുകയും ചെയ്തു.

നാരായണീയം ഭക്തിനിര്‍ഭരമായ സ്തോത്രമാണ്‌. ഭക്തരില്‍ ശാശ്വതമായ സ്ഥാനം നാരായണീയത്തിനുണ്ടെങ്കിലും ഭാഗവതത്തെപോലെ രാമായണത്തെപോലെ പ്രചുര പ്രചാരം നാരായണീയത്തിന്‌ ലഭിച്ചോ എന്നത്‌ സംശയമാണ്‌. നൂറുദശകം ചൊല്ലുന്നതിനെക്കാള്‍ ഭക്തര്‍ക്കും പ്രഭാഷകര്‍ക്കും പ്രിയം 18000 ശ്ലോകങ്ങളുള്ള ഭാഗവതത്തോടാണെന്നത്‌ പരമാര്‍ത്ഥം.

അന്നത്തെ ഗുരുവായൂരല്ല ഇന്നത്തെ ഗുരുവായൂര്‍. ഗുരുവായൂരെത്ത്ന്ന ഭക്തര്‍ക്ക്‌ കയ്യും കണക്കുമില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാരായണീയ പാരായണമുണ്ടെങ്കിലും ഭാഗവത സത്രംപോലെ നാരായണീയം അവതരിപ്പിക്കാനുള്ള ആളും അറിവുമില്ലാത്ത അവസ്ഥയായിരുന്നു കാല്‍നൂറ്റാണ്ട്‌ മുമ്പുവരെയും. മഹാരാജാവിനുവേണ്ടി സാംബശിവ ശാസ്ത്രിയുടെ നാരായണീയ വ്യാഖ്യാനവും തോട്ടം കൃഷ്ണന്‍ നമ്പൂതിരിയുടെ പ്രഭാഷണങ്ങളും ഒഴിച്ചാല്‍ നാരായണീയത്തിന്‌ ഒരു ശൂന്യതയോ അവഗണനയോ നേരിട്ടിരുന്നു.

പാലക്കാട്‌ ജനിച്ച്‌ രണ്ടാം ഭാഷയായി സംസ്കൃതം പഠിച്ച്‌ തപാല്‍ വകുപ്പില്‍ ജോലി ലഭിച്ച്‌ മുംബൈയിലും തിരുവനന്തപുരത്തുമായി ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയ കെ. ഹരിദാസ്‌ എന്ന ഹരിദാസ്ജിക്ക്‌ ആ ശൂന്യത നികത്താന്‍ അവസരം ലഭിച്ചത്‌ ഒരു നിയോഗംപോലെ. സ്വാമി ചിന്മയാനന്ദന്റെ ഗീതാക്ലാസുകളിലൂടെ അത്‌ ഉറപ്പും ഈടുള്ളതുമാക്കി. ഹിമാലയം പ്രദേശിലെ സിദ്ധബാരി ആശ്രമത്തില്‍ സ്വാമി ചിന്മയാനന്ദജി നടത്തിയ 45 ദിവസത്തെ സമ്പൂര്‍ണ ഗീതാജ്ഞാന യജ്ഞത്തില്‍ പങ്കെടുത്തതോടെ ഹരിദാസ്ജിയുടെ ആത്മീയാത്ര സുഗമമായി. തിരുവനന്തപുരത്ത്‌ ചിന്മയാശ്രമത്തില്‍ ഗീതാക്ലാസ്സെടുത്തുകൊണ്ടിരുന്ന സ്വാമി പ്രബുദ്ധ ചൈതന്യ ഒരുമാസം സിദ്ധബാരിയിലായപ്പോള്‍ ഗീതാക്ലാസ്‌ എടുക്കാന്‍ നിയോഗിച്ചതോടെയാണ്‌ ഈ രംഗത്ത്‌ ഹരിദാസ്ജി ആര്‍ജിച്ച വൈഭവം ശ്രോതാക്കള്‍ തിരിച്ചറിഞ്ഞത്‌.

അമ്മയാണ്‌ ഹരിദാസ്ജിയുടെ ആദ്ധ്യാത്മികരംഗത്തെ ആദ്യ ഗുരു. അതിനെകുറിച്ച്‌ ഹരിദാസ്ജി പറയുന്നു. “കീര്‍ത്തനങ്ങളെ ഏറെ ഇഷ്ടപ്പെട്ട അമ്മയോട്‌ നാരായണീയത്തിന്റെ 69-100 ദശകങ്ങള്‍ പഠിക്കുന്നതും പാരായണം ചെയ്യുന്നതും നല്ലതാണെന്നാരോ പറഞ്ഞു. അമ്മയ്‌ക്ക്‌ എഴുതാനറിയില്ല. എന്നാല്‍ മലയാളം വായിക്കാനറിയാം. നാരായണീയം തരപ്പെടുത്തിയ അമ്മ നാലാം ക്ലാസില്‍ പഠിക്കുന്ന എന്നെക്കൊണ്ട്‌ ഈ രണ്ട്‌ ദശകങ്ങളും പകര്‍ത്തി എഴുതിക്കൊടുക്കാന്‍ പറഞ്ഞു. എഴുതുന്നതിനിടയില്‍ ഇതിലെ ചില ഭാഗങ്ങള്‍ ഹൃദയത്തില്‍ തറച്ചു. അന്ന്‌ പത്ത്‌ വയസ്സ്‌. നാരായണീയത്തിലെ ശ്ലോകമാണെഴുന്നതെന്നൊന്നും അന്നറിയില്ലായിരുന്നു. അമ്മയുടെ രാമായണം, നാരായണീയം പാരായണങ്ങള്‍ എന്നില്‍ ഏറെ സ്വാധീനം ചെലുത്തി എന്നുതന്നെ പറയാം.

പാലക്കാട്‌ ചിന്മയാനന്ദജിയുടെ ഗീതാപ്രഭാഷണം കേട്ടതോടെയാണ്‌ വഴിത്തിരിവായത്‌. ആധ്യാത്മികം തന്നെയാണ്‌ എന്റെ പാതയെന്ന്‌ തിരിച്ചറിഞ്ഞു. അന്ന്‌ വയസ്സ്‌ 24. ജോലിയില്‍ സ്ഥലം മാറ്റം കിട്ടി മുംബൈയിലെത്തിയപ്പോള്‍ ഈ രംഗം കുറച്ചുകൂടി മെച്ചപ്പെടുത്താനായി. തിരുവനന്തപുരത്ത്‌ എത്തി ഗീതാക്ലാസുകളിലും ഭാഗവത സപ്താഹത്തിലുമെല്ലാം സജീവമായപ്പോഴാണ്‌ ഹരിദാസ്ജി ‘നാരായണീയ’ ത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിര്‍ദ്ദേശം പ്രബുദ്ധ ചൈതന്യയില്‍ നിന്നുണ്ടായത്‌. പിന്നത്തെ നീക്കം ആവഴിക്ക്‌. വാഞ്ചേശ്വര ശാസ്ത്രികള്‍, സാംബശിവ ശാസ്ത്രികള്‍ എന്നിവരുടെ നാരായണീയവ്യാഖ്യാനവും പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ ഗീതാവ്യാഖ്യാനം എന്നിവയില്‍നിന്ന്‌ കരുത്താര്‍ജിച്ച്‌ ‘നാരായണീയ’ത്തിന്റെ പാതയിലൂടെ ഉറച്ച ചുവടുവയ്പ്‌.

ഇക്കഴിഞ്ഞ നവംബര്‍ പതിനൊന്നിനായിരുന്നു ഹരിദാസ്ജിയുടെ 81-ാ‍ം ജന്മദിനം. മനസ്സിനും ശരീരത്തിനും വാര്‍ധക്യത്തിന്റെ ആലസ്യമോ അലോസരങ്ങളോ ഇല്ലാതെ 18ന്റെ ഊര്‍ജസ്വലതതോടെ കര്‍മമണ്ഡലത്തില്‍ സജീവം.

നാരായണീയത്തെകുറിച്ച്‌ 15 ക്ലാസുകള്‍ ഇപ്പോള്‍ തുടരുന്നു. ഇതിനുപുറമെ അമ്പലങ്ങള്‍, ആശ്രമങ്ങള്‍, ഭവനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രഭാഷണങ്ങള്‍, ഏകദിന പാരായണങ്ങള്‍. ഹരിദാസ്ജി തിരക്കിലാണ്‌. എന്താണീ ആരോഗ്യ രഹസ്യം എന്നാരാഞ്ഞാല്‍ ‘ഭഗവദ്ചിന്ത’ അതില്‍ മുങ്ങിയാല്‍, മുഴുകിയാല്‍ അല്ലലില്ല, അലട്ടില്ല. ലഭിക്കും ആയുരാരോഗ്യസൗഖ്യം എന്നു മറുപടി.

നാരാണീയത്തിന്റെ സമ്പൂര്‍ണ വ്യാഖ്യാനം പൂര്‍ത്തിയാക്കി (രണ്ട്‌ ഭാഗം), കൂടാതെ ‘നാരായണീയ പര്യടന’മെന്ന വേറിട്ട ഗ്രന്ഥവും. തിരുവനന്തപുരത്തെ പ്രമാണിമാരുടെ വാസസ്ഥലമെന്ന്‌ അറിയപ്പെടുന്ന പിടിപി നഗറിലെ ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്ന ഹൈമാഞ്ജലി ഭവനത്തില്‍ ലളിതജീവിതവും ഉന്നതചിന്തയുമായി കഴിയുന്ന ഹരിദാസ്ജിയ്‌ക്ക്‌ ചുവടുവയ്‌ക്കാനുണ്ട്‌ ഇനിയും അധികദൂരം. അതിനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹത്തിന്റെ പഠന, രചനാ മുറിയില്‍ കയറിയാല്‍ നമുക്കനുഭവപ്പെടും.

ഭഗവദ്ഗീത, ഭാഗവതം, നാരായണീയം, രാമായണം, ഉപനിഷത്തുകള്‍, സംസ്കൃത വ്യാകരണം എന്നീ വിഷയങ്ങളെ പുരസ്കരിച്ച്‌ ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും ഗൃഹസദസ്സുകളിലുമായി നടത്തിവരുന്ന ക്ലാസുകളിലൂടെ ഭക്തജനങ്ങളെ പഠിപ്പിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുവാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തുകൊണ്ട്‌ കാല്‍നൂറ്റാണ്ടായി ഒരു ആദ്ധ്യാത്മിക വിപ്ലവത്തിന്‌ ഹരിദാസ്ജി നേതൃത്വം നല്‍കിവരുന്നു. തിരുവനന്തപുരം നഗരത്തില്‍മാത്രം നൂറില്‍ അധികം കേന്ദ്രങ്ങളില്‍ ആദ്ധ്യാത്മിക ക്ലാസുകള്‍ നടന്നുവരുന്നു. പതിനായിരത്തിലധികം പേര്‍ നാരായണീയപഠിതാക്കളായി മാറികഴിഞ്ഞിരിക്കുന്നു. കേരളത്തിനകത്തും പുറത്തും ഹരിദാസ്ജിയുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധേയമായി.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷം ഡിസംബര്‍ 29 മുതല്‍ അടുത്ത ജനുവരി അഞ്ചുവരെ നടക്കുന്ന നാരായണീയാഘോഷത്തിന്റെ ഭാഗമായി 60 ദിവസത്തെ നരായണീയ ജഞ്ഞാനയജ്ഞം നടന്നു വരികയാണ്‌. ഇതിന്റെ ഉള്‍പ്പെടെ 100-ല്‍ അധികം നാരായണീയ ജ്ഞാന യജ്ഞങ്ങള്‍ കേരളത്തിനകത്തും പുറത്തും നടക്കുന്നതിന്റെ യജ്ഞാചാര്യന്‍ ഹരിദാസ്ജിയാണ്‌.

ദിവംഗതരായ സി. ശിവരാമന്‍ നായരുടെയും കെ. കുട്ടിയമ്മു അമ്മയുടെയും മകനായി 1932 ഒക്ടോബര്‍ 31ന്‌ പാലക്കാട്‌, കുത്തന്നൂരില്‍ കുപ്പത്തില്‍ വീട്ടിലാണ്‌ ജനനം. സഹധര്‍മ്മിണി ശാന്താദാസ്‌, മക്കള്‍ എ. വാസുദേവന്‍, എ. ശിവറാം നായര്‍, എ. ഹൈമ സോമശേഖന്‍ നായര്‍. 1980-ല്‍ തിരുവനന്തപുരത്ത്‌ ചീഫ്‌ പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍നിന്നും വെല്‍ഫെയര്‍ ഓഫീസറായാണ്‌ വിരമിച്ചത്‌.

പ്രൊഫ. ജി. ബാലകൃഷ്ണന്‍നായരുടെ പ്രഭാഷണങ്ങളും ആദ്ധ്യാത്മിക ഗ്രന്ഥവ്യാഖ്യാനങ്ങളും ആണ്‌ തന്റെ മനസ്സില്‍ പരമാത്മാവിനെക്കുറിച്ചുള്ള വ്യക്തമായ ബോധം മായാത്തവിധത്തില്‍ സൃഷ്ടിച്ചതെന്ന്‌ അദ്ദേഹം നിസ്സന്ദേഹം പറയുന്നു.

മാതാ അമൃതാനന്ദമയി ദേവിയുടെ ഉപദേശങ്ങളില്‍ ആകൃഷ്ടനായി സേവനതല്‍പരതയോടെ, ബോംബെയിലുള്ള ഭക്തര്‍ക്ക്‌ വേണ്ടി 1987-ല്‍ ഗീതാക്ലാസ്‌ തുടങ്ങി. കേരളത്തില്‍, പ്രത്യേകിച്ച്‌ തിരുവനന്തപുരത്ത്‌ നാരായണീയത്തിന്‌ ഇന്ന്‌ കാണുന്ന വലിയ പ്രചാരം ലഭിച്ചത്‌ ഹരിദാസ്ജിയുടെ ക്ലാസ്സുകളിലുടെയാണ്‌.

1994 മുതല്‍ ആറ്റുകാല്‍ ചട്ടമ്പിസ്വാമി സ്മാരകമന്ദിരത്തില്‍ എല്ലാ ഇംഗ്ലീഷ്‌ മാസവും മൂന്നാമത്തെ തിങ്കളാഴ്ച സമ്പൂര്‍ണ ഏകദിന നാരായണീയ പാരായണ പ്രഭാഷണ യജ്ഞം നടത്തുന്നതോടൊപ്പം നിരവധി ഭാഗവത-രാമായണ-നാരായണീയസത്രങ്ങളും ഗീതാജ്ഞാനയജ്ഞങ്ങളും നടത്തിവരുന്നുണ്ട്‌. 2000-ല്‍ കാഞ്ഞങ്ങാട്‌ ആനന്ദാശ്രമത്തില്‍ നാരായണീയ സപ്താഹം നടത്തി. തിരുമല ആനന്ദാശ്രമത്തില്‍ 15 വര്‍ഷമായി ഹരിദാസ്ജിയുടെ ജന്മദിനം ആഘോഷിച്ചുവരുന്നു. അഞ്ചുവര്‍ഷമായി ജന്മദിനത്തോടനുബന്ധിച്ച്‌ നാരായണീയ സത്രം നടത്തിവരുന്നു.

ആറ്റുകാല്‍ ക്ഷേത്രട്രസ്റ്റ്‌ 1997-ല്‍ നാരായണീയശ്രീ എന്ന ബഹുമതിപത്രവും 2005-ല്‍ വിജയദശമി പുരസ്കാരവും നല്‍കി ആദരിച്ചു. 2011-ല്‍ ഗാന്ധാരിയമ്മന്‍കോവില്‍ ട്രസ്റ്റ്‌ നാരായണീയ ഹംസം എന്ന ബഹുമതി നല്‍കുകയുണ്ടായി.

കെ. കുഞ്ഞിക്കണ്ണന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by