കോട്ടയം: കെഎസ്‌എഫ്‌ഇയെ വളര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ചിട്ടിവ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. സര്‍ക്കാരിന്റെ തെറ്റായ നയസമീപനങ്ങള്‍ മൂലം അയ്യായിരത്തോളം ചിട്ടി, കുറി കമ്പനികളും രണ്ടുലക്ഷത്തോളം ജീവനക്കാരും പ്രതിസന്ധിയിലാകുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്ന് ആള്‍കേരള അസോസിയേഷന്‍ ഓഫ് ചിറ്റ് ഫണ്ട്സ് സംസ്ഥാന പ്രസിഡന്റ് ടി.ജി.മാത്യു തെങ്ങുപ്ലാക്കല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംഘടന ദീര്‍ഘനാള്‍ നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്നാണ് കേന്ദ്രചിട്ടിനിയമം ഇവിടെ നടപ്പാക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ചിട്ടി രജിസ്ട്രേഷന്‍ ഫീസ് രണ്ടുശതമാനം വര്‍ദ്ധിപ്പിച്ച് നൂറുകോടി രൂപ വരുമാനം കണ്ടെത്താനുള്ള നീക്കം ഈ മേഖലയെ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമിത സാമ്പത്തിക ഭാരങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ ചിട്ടി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരും. സര്‍ക്കാരിന്റെ നടപടികള്‍ പലതും കള്ളച്ചിട്ടിക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അഴിമതിയും കൈക്കൂലിയും ഒഴിവാക്കാന്‍ രജിസ്ട്രേഷനും മറ്റുകാര്യങ്ങളും ഓണ്‍ലൈന്‍ മുഖേനയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറി സജി ജോണ്‍ കരപ്പാറ, സോണി ജോര്‍ജ്, സജി തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക