Categories: Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 228-ാ‍ം ദിവസം

Published by

തമേവ ഭുക്തവിരസം വ്യാപാരൗഘം പുന: പുന:

ദിവസേ ദിവസേ കുര്‍വന്‍പ്രാജ്ഞ: കസ്മാന്ന ലജ്ജതേ

വസിഷ്ഠന്‍ തുടര്‍ന്നു:രാമാ, ഞാന്‍ മുന്‍പുപറഞ്ഞു തന്ന മാര്‍ഗ്ഗമല്ലെങ്കില്‍പ്പിന്നെ ബലിരാജാവ്‌ ചെയ്തതുപോലെ മനസ്സിന്റെ പരിവര്‍ത്തനത്തിലൂടെയും ഇതു സാദ്ധ്യമാണ്‌.. ഇനി ഞാന്‍ ബലിയുടെ കഥപറയാം. അതുകേട്ടാല്‍ നിനക്ക്‌ ശാശ്വതമായ സത്യത്തെക്കുറിച്ചുള്ള അറിവുണ്ടാകും. ലോകത്തിന്റെ മറ്റൊരു ഭാഗത്ത്‌ പാതാളം എന്നൊരു ലോകമുണ്ട്‌. അതിസുന്ദരികളായ രാക്ഷസസ്ത്രീകളും ഒന്നില്‍ക്കൂടുതല്‍ തലകളുള്ള വിചിത്ര സര്‍പ്പങ്ങളും, വലിയ ശരീരങ്ങളുള്ള രാക്ഷസന്മാരും, വലിയ ആനകളും അവിടെയുണ്ട്‌. മാലിന്യം നിറഞ്ഞതും എപ്പോഴും ഭീകരമായ കടകടാരവം നിറഞ്ഞതുമാണവിടം. അവിടെയുള്ള ഗുഹകളിലും ഖാനികളിലും വിലപിടിച്ച രത്നക്കല്ലുകളുണ്ട്‌. കപിലമുനിയുടെ പാവനമായ പാദപാംശുസ്പര്‍ശമേറ്റു പുണ്യമാര്‍ജ്ജിച്ച ഇടങ്ങളും അവിടെയുണ്ട്‌. സ്വര്‍ഗ്ഗവാസികളായ അപ്സരസ്സുകള്‍ പൂജിക്കുന്ന ഹാടകേശ്വരന്‍ പവിത്രമാക്കിയ ഇടവും പാതാളത്തിലാണ്‌. (കാലിഫോര്‍ണിയയാണ്‌ കപിലമുനി വസിച്ചിരുന്ന കപിലവനം എന്നു പറയുന്നവരുണ്ട്‌)

വിരോചനപുത്രനായ ബലി പാതാളത്തിന്റെ രാജാവായിരുന്നു. വിശ്വരക്ഷിതാവായ ശ്രീഹരിയാണു പാതാളത്തിന്റെയും ബലിയുടെയും രക്ഷകര്‍ത്താവ്‌. ദേവരാജനായ ഇന്ദ്രന്‍പോലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഈ ബലിരാജന്റെ പ്രഭാവത്തിന്റെ തിളക്കത്തില്‍ സമുദ്രങ്ങള്‍പോലും വറ്റിവരണ്ടെന്നപോലെ നിഷ്‌ പ്രഭമായി തോന്നിയിരുന്നു. അദ്ദേഹത്തിന്റെ വെറുമൊരു ദൃഷ്ടി കൊണ്ട്‌ മലകളെപ്പോലും നീക്കാനുള്ള പ്രാഭവം അദ്ദേഹത്തിനുണ്ടായിരുന്നു. ബലി ഏറെക്കാലം പാതാളലോകം ഭരിച്ചു. കാലക്രമത്തില്‍ തീവ്രമായ ഒരനാസക്തി അദ്ദേഹത്തെ ബാധിച്ചു. അദ്ദേഹമിങ്ങിനെ ആലോചിക്കാന്‍ തുടങ്ങി: ഞാന്‍ എത്രകാലം ഈ പാതാളം വാഴണം? എത്രകാലമീ ത്രിലോകങ്ങള്‍ ചുറ്റണം? ഈ രാജ്യം ഭരിച്ചിട്ടെനിക്കെന്തുനേടാന്‍? മൂന്നു ലോകങ്ങളിലുമുള്ള എല്ലാം നാശത്തിനു വിധേയമാണെന്നറിഞ്ഞ്‌ നാമെങ്ങിനെയാണു സന്തോഷത്തിനായി ആശിക്കുകപോലും ചെയ്യുക?

വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന വൃത്തികെട്ട സുഖാനുഭവങ്ങളും കര്‍മ്മങ്ങളും ദിനംതോറും സംഭവിക്കുന്നു. എന്നിട്ട്‌ ജ്ഞാനികള്‍ പോലും അതില്‍ ലജ്ജിക്കാത്തതെന്തേ? ദിനരാത്രങ്ങള്‍ക്ക്‌ വ്യത്യാസങ്ങള്‍ ഇല്ല. ചുഴിയിലേതുപോലെ ജീവിതമിങ്ങിനെ ചുറ്റുകയാണ്‌.. ഇതിങ്ങിനെ ദിവസവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതിനൊരന്തം കാണാന്‍ എങ്ങിനെയാണ്‌ സാധിക്കുക? ഈ ചുഴിയിലെ ചംക്രമണം നാമെത്രനാള്‍കൂടി തുടരണം? എന്താണതിന്റെ ഉദ്ദേശം?

അങ്ങിനെ ആലോചിച്ചിരിക്കേ അദ്ദേഹം ഓര്‍ത്തു: ആഹാ, എന്റെ ചോദ്യത്തിനുത്തരമായി അച്ഛന്‍ വിരോചനന്‍ പണ്ടിങ്ങിനെ പറഞ്ഞിരുന്നുവല്ലോ? അന്നു ഞാന്‍ ചോദിച്ചതിങ്ങിനെയാണ്‌: അച്ഛാ, ഈ പ്രത്യക്ഷ ലോകത്തിന്റെ ലക്ഷ്യമെന്താണ്‌?ഈ ചാക്രികമായ ആവര്‍ത്തനങ്ങളുടെ ഉദ്ദേശമെന്താണ്‌? എപ്പോഴാണിതവസാനിക്കുക? എപ്പോഴാണു മനസ്സിന്റെ ഭ്രമമടങ്ങുക? മറ്റൊന്നും തേടാതെ എന്തു നേടിയാലാണൊരുവന്‍ പരിപൂര്‍ണ്ണ തൃപ്തിയടയുക? ഈ ലോകത്തിലെ സുഖാനുഭവങ്ങളോ കര്‍മ്മാദികളോ നമ്മെ ഇതിനു പര്യാപ്തരാക്കുകയില്ല എന്നെനിക്കറിയാം. കാരണം അവ വിഭ്രമത്തെ കൂടുതല്‍ വഷളാക്കുകയേയുള്ളു. എങ്ങിനെയാണെനിയ്‌ക്ക്‌ പരമ പ്രശാന്തതയില്‍ അഭിരമിക്കാനാവുക എന്നു ദയവായി ഉപദേശിച്ചാലും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by