ന്യൂദല്‍ഹി: സോളാര്‍ തട്ടിപ്പില്‍ അറസ്റ്റിലായ സരിത നായരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്വകാര്യം പറയുന്ന രീതിയിലുള്ള ചിത്രം പുറത്തുവിട്ടുകൊണ്ട് വിവാദം സൃഷ്ടിക്കാനുള്ള നീക്കം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചാണെന്നു യുഡിഎഫ് എംപിമാര്‍.
എല്‍ഡിഎഫ് സമരത്തിനു നാടകീയത സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് നേരത്തെതന്നെ അഭ്യൂഹം പ്രചരിപ്പിച്ചിരുന്നവര്‍ ചിത്രവുമായി രംഗത്തെത്തിയത്. ഇതിനെക്കാള്‍ വിവാദമായ ചിത്രങ്ങളും പുകയുന്ന വാര്‍ത്തകളും തങ്ങളുടെ കൈയിലുമുണ്ടെന്ന് ഇതൊക്കെ പുറത്തിറക്കുന്നവര്‍ ഓര്‍ക്കണമെന്നും പി.സി. ചാക്കോ എംപി പറഞ്ഞു.
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംസാരിക്കാനും സ്റ്റേജിലോ ചെവിയിലോ പറയാനുള്ള സ്വാതന്ത്ര്യവും നല്‍കുന്നയാളാണ് ഇപ്പോഴുള്ള മുഖ്യമന്ത്രി. ചിത്രം പുറത്തിറക്കുന്നതിനു പിന്നില്‍ ആരുടെ ബുദ്ധിശക്തിയാണു പ്രവര്‍ത്തിച്ചതെന്ന് അന്വേഷിക്കണമെന്നും ചാക്കോ പറഞ്ഞു.
ഒരു രാഷ്‌ട്രീയപാര്‍ട്ടികളും ചെയ്യില്ലെന്നു ധാരണയിലെത്തിയ കാര്യങ്ങളാണ് കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് ഇന്നലെ ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ നടത്തിയതെന്നും യുഡിഎഫ് ആരോപിച്ചു. തീര്‍ത്തും കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബാനറുകളുമായി എത്തിയത് സഭാമര്യാദയുടെ ലംഘനമാണെന്നും ഏതുരീതിയിലും ഈ സംഭവങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും പി.സി ചാക്കോ പറഞ്ഞു.
കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, എംപിമാരായ എന്‍. പീതാംബര കുറുപ്പ്, ജോസ് കെ. മാണി, കെ.പി. ധനപാലന്‍, പി.ടി. തോമസ്, ആന്റോ ആന്റണി, ജോയ് എബ്രഹാം, ചാള്‍സ് ഡയസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക