പെരിന്തല്‍മണ്ണ: നായാട്ടിനിറങ്ങിയ യുവാക്കളില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. അങ്ങാടിപ്പുറം പരിപുരം ചീരാട്ടമല കോട്ടപ്പറമ്പ് വള്ളിക്കാട് മായിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തില്‍ വിളയൂര്‍ വള്ളിയത്ത് ഷൗക്കത്തലി (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ്‍സംഭവം. ഷൗക്കത്തലിയും ബന്ധുവായ അബ്ദുല്‍കരീമും കൂടി ഞായറാഴ്ചരാത്രിയാണ് നായാട്ടിനായി തിരിച്ചത്.
12.30 വരെ കാട്ടുജീവികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇതെ തുടര്‍ന്ന് സമീപത്തുള്ള പറമടക്കരികില്‍ ഇരുവരും ഇരുന്നതായി ഷൗക്കത്തലിയുടെ ബന്ധുപോലീസിനോട് പറഞ്ഞു. ഇതിനിടയില്‍ തോക്ക് കൈവശമുണ്ടായിരുന്ന ഷൗക്കത്തലിയുടെ തോക്കില്‍ നിന്നും വെടിയുണ്ട ഏറ്റ് ഗുരുതരമായ പരുക്കുകളോടെ വീണതായും അബ്ദുല്‍കരീം പറയുന്നു. ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ അബ്ദുല്‍കരീം ഷൗക്കത്തലിയെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ ആറുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
അബ്ദുല്‍ കരീമിന്റെ പേരിലാണ് തോക്കിന് ലൈസന്‍സുള്ളത്. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നതിനെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. സൈഫുന്നീസയാണ് ഭാര്യ. ഒന്നര വയസുള്ള മകനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക