പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പഞ്ചായത്തിലാണ് പ്രസിദ്ധമായ ചിലന്തിക്ഷേത്രം. പള്ളിയറ ക്ഷേത്രമെന്നും പറയപ്പെടുന്നു. ഫലഭൂയിഷ്ഠമായ പ്രദേശമാണ് കൊടുമണ്‍. കൃഷിയ്‌ക്കും മലഞ്ചരക്ക് വ്യാപാരത്തിനും പ്രസിദ്ധമായ ഈ ജില്ലയ്‌ക്ക് ചിലന്തി അമ്പലത്തിന്റെ പേരില്‍ രാജ്യാന്തരപ്രശസ്തിയുണ്ട്. ക്ഷേത്രത്തിനടുത്ത് റോഡരുകില്‍ ഗോപുരം. തൊട്ടടുത്ത് മഹാകവി ശക്തിഭദ്രന്റെ സ്മാരകം. സാംസ്കാരികകേന്ദ്രവും മഹാകവിയുടെ പ്രതിമയും ഉണ്ട്. ശക്തിഭദ്രന്‍ ചെന്നീര്‍ക്കര സ്വരൂപത്തിലെ അംഗമായിരുന്നു. പണ്ട് ഈ ക്ഷേത്രവും ചെന്നീര്‍ക്കര സ്വരൂപത്തിന്റെതായിരുന്നു. കൊടുമണ്‍ വില്ലേജില്‍ ചന്ദനപ്പള്ളിയായിരുന്നു ചെന്നീര്‍ക്കര സ്വരൂപത്തിന്റെ ആസ്ഥാനം.
ആചാര്യചൂഡാമണി എന്ന സംസ്കൃത നാടക രചനയിലൂടെ ശക്തിഭദ്രന്‍ ഭാരതത്തിലെങ്ങും അറിയപ്പെട്ടു. അദ്ദേഹം ജഗദ്ഗുരു ശ്രീ ശങ്കരന്റെ സമകാലീനനായിരുന്നുവത്രേ. ആചാര്യചൂഡാമണി ശങ്കരാചാര്യസ്വാമികളെ വായിച്ചുകേള്‍പ്പിച്ചു. അതുകേട്ട മൗനവ്രതത്തിലായിരുന്ന സ്വാമികള്‍ ഒന്നും പറഞ്ഞഞ്ഞില്ല. അതിനാല്‍ നിരാശനായ ശക്തിഭദ്രന്‍ തന്റെ നാടകം ചുട്ടുകളയുകയാണുണ്ടായത്. മാസങ്ങള്‍ക്കുശേഷം ഒരു ദിവസം ശങ്കരാചാര്യ സ്വാമികള്‍ ശക്തിഭദ്രനെ കാണാനിടയായി. ആ നാടകത്തിന്റെ മഹത്വം സ്വാമികളുടെ നാമില്‍ നിന്നുതിര്‍ന്നപ്പോള്‍ നാടകം നശിപ്പിച്ചതില്‍ മനംനൊന്ത് മഹാകവി വല്ലാതെ വേദനിച്ചു. ശങ്കരാചാര്യര്‍ തന്റെ ഓര്‍മ്മിയില്‍ നിന്നും നാടകം പറഞ്ഞുകൊടുത്തുവത്രേ. ശക്തിഭദ്രന്‍ പ്രതിഷ്ഠിച്ചുവെന്ന് കരുതുന്ന വൈകുണ്ഠപുരം ക്ഷേത്രവും ഇതിനടുത്താണ്.
പടിഞ്ഞാറോട്ട് ദര്‍ശനമാണ് ഈ ക്ഷേത്രം. പ്രധാന വാതിലിനുമുന്‍പില്‍ കല്‍വിളക്കുകള്‍. അതിനടുത്ത് കല്‍ത്തൂണുകള്‍. കൊത്തുപണികളുടെ വൈദഗ്ധ്യം തെളിയിക്കുന്നവ. ചുറ്റുമതിലിനകത്ത് ശിഖരങ്ങള്‍ നീട്ടി നില്‍ക്കുന്ന നെന്മേനിവാക, ശ്രീകോവിലില്‍ നിറയെ ചെറുതും വലുതുമായ ചിലന്തികള്‍. ക്ഷേത്രത്തിനടുത്ത് നിന്നാല്‍ ചിലന്തികളുടെ ശബ്ദം കേള്‍ക്കുകയുമാകാം.
ചെന്നീര്‍ക്കര സ്വരൂപത്തിലെ ഒരു രാജകുമാരിയെ എന്തോ കാരണത്താല്‍ അറയില്‍ അടച്ചിട്ട് ശിക്ഷിച്ചു. പോരെങ്കില്‍ ചിലന്തി അരിച്ചുപോകട്ടെ എന്ന് ശപിക്കുകയും ചെയ്തു. ആ സ്ത്രീയുടെ ശരീരത്തെ പൊതിഞ്ഞ് ചിലന്തികളുണ്ടായിരുന്നു. കുളിക്കാന്‍ പോകേണ്ടിവരുമ്പോള്‍ മക്കളെ എനിക്ക് കുളിക്കണം എന്ന് പറഞ്ഞാല്‍ മതി ചിലന്തികളെല്ലാം ഇറങ്ങിപ്പോകും. കുളിച്ചുകഴിയുമ്പോള്‍ വീണ്ടും അവയെല്ലാം ദേഹത്തെത്തുകയും ചെയ്യും. ഇതായിരുന്നു പതിവ്. ഒടുവില്‍ അവര്‍ തന്നെ ഒരു വലിയ ചിലന്തിയായി മാറി. അവിടെ ദേവീസാന്നിധ്യം കണ്ടെത്തുകയും ക്ഷേത്രം പണിയുകയും ചെയ്തു. എന്നാല്‍ രാജകുമാരി തപസ്സിരുന്നതാണെന്നും ഐതിഹ്യത്തില്‍ വ്യത്യാസമുണ്ട്.
ക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തി ദുര്‍ഗയാണ്. ഭഗവതിയെ ദര്‍സിച്ചശേഷം സന്നിധാനത്തെ പ്രദക്ഷിണം വയ്‌ക്കുമ്പോള്‍ ശിവനും രക്ഷസ്സും ഉണ്ട്. മൂന്നുപൂജ. പ്രധാന വഴിപാടുകള്‍ക്കുപുറമെ ചിലന്തി വിഷത്തിന് മലര്‍നിവേദ്യമാണ്. രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഈ ക്ഷേത്രത്തില്‍ നിരവധി ഭക്തജനങ്ങള്‍ എത്താറുണ്ട്. ഈ പ്രദേശത്തുള്ളവര്‍ ദേവിയെ സങ്കല്‍പിച്ചുകൊണ്ട് ഭസ്മം ശരീരത്തിലിട്ടാല്‍ ചിലന്തിവിഷം പമ്പകടക്കുമെന്ന് അനുഭവസ്ഥര്‍. ഈ പ്രദേശത്ത് ജനിച്ചവര്‍ക്ക് ചിലന്തിവിഷം ഏല്‍ക്കാറില്ല. ചിലന്തികളെ അവര്‍ കൊല്ലുകയുമില്ല.
വൃശ്ചികമാസത്തിലെ കാര്‍ത്തികയ്‌ക്കാണ് ഉത്സവം. അനേകനൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചെന്നീര്‍ക്കര സ്വരൂപത്തിന്റേയിരുന്നു ക്ഷേത്രം. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റേതാണ്.
പെരിനാട് സദാനന്ദന്‍ പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: