Categories: Cricket

ഓസീസിന്‌ 270 റണ്‍സ്‌ വിജയലക്ഷ്യം

Published by

ബര്‍മിംഘാം: ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ്‌ എയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന്‌ ഭേദപ്പെട്ട സ്കോര്‍. ആദ്യം ബാറ്റ്‌ ചെയ്ത ഇംഗ്ലണ്ട്‌ 50 ഓവറില്‍ 6 വിക്കറ്റ്‌ നഷ്ടത്തില്‍ 269 റണ്‍സെടുത്തു. 91 റണ്‍സെടുത്ത ഇയാന്‍ ബെല്ലിന്റെയും 46 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന രവി ബൊപ്പാറയുടെയും 43 റണ്‍സെടുത്ത ട്രോട്ടിന്റെയും 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെയും പ്രകടനമാണ്‌ ഇംഗ്ലണ്ടിന്‌ മികച്ച സ്കോര്‍ സമ്മാനിച്ചത്‌.

മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ഓസ്ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ 34.1 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 128 റണ്‍സെടുത്തിട്ടുണ്ട്‌. 43 റണ്‍സോടെ ബെയ്‌ലിയും റണ്ണൊന്നുമെടുക്കാതെ മിച്ചല്‍ മാര്‍ഷുമാണ്‌ ക്രീസില്‍. 9 റണ്‍സെടുത്ത വാര്‍ണര്‍, 24 റണ്‍സെടുത്ത ഷെയ്ന്‍ വാട്സണ്‍, 30 റണ്‍സെടുത്ത ഹ്യൂഗ്സ്‌, 15 റണ്‍സെടുത്ത വോഗ്സ്‌ എന്നിവരെയാണ്‌ ഓസ്ട്രേലിയക്ക്‌ നഷ്ടമായത്‌.

-->

നേരത്തെ ടോസ്‌ നേടിയ ഇംഗ്ലീഷ്‌ നായകന്‍ കുക്ക്‌ ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ച്‌ ഭേദപ്പെട്ട തുടക്കം ടീമിന്‌ നല്‍കാനും ഓപ്പണര്‍മാര്‍ക്ക്‌ കഴിഞ്ഞു. ഒന്നാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ 57 റണ്‍സ്‌ കുക്കും ഇയാന്‍ ബെല്ലും ചേര്‍ന്ന്‌ കൂട്ടിച്ചേര്‍ത്തു. 42 പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറിയോടെ 39 റണ്‍സെടുത്ത കുക്കിനെ വാട്സണ്‍ വിക്കറ്റ്‌ കീപ്പര്‍ വെയ്ഡിന്റെ കൈകളിലെത്തിച്ചാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. തുടര്‍ന്ന്‌ ക്രീസിലെത്തിയ ട്രോട്ട്‌ ബെല്ലിന്‌ മികച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ ട്രോട്ടും ബെല്ലും ചേര്‍ന്ന്‌ 111 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഇയാന്‍ ബെല്‍ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 70 പന്തുകളില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയടക്കമാണ്‌ ബെല്‍ 50ലെത്തിയത്‌. പിന്നീട്‌ 56 പന്തുകളില്‍ നിന്ന്‌ 43 റണ്‍സെടുത്ത ട്രോട്ടിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ വെയ്ഡ്‌ പിടികൂടിയതോടെ രണ്ടാം വിക്കറ്റും വീണു. അധികം വൈകാതെ സെഞ്ച്വറിയിലേക്ക്‌ കുതിക്കുകയായിരുന്ന ബെല്‍ മടങ്ങി. 115 പന്തുകളില്‍ നിന്ന്‌ 7 ബൗണ്ടറികളോടെ 91 റണ്‍സെടുത്ത ബെല്ലിനെ ഫള്‍ക്നര്‍ ക്ലീന്‍ ബൗള്‍ഡാക്കി. സ്കോര്‍: 3ന്‌ 189. ഇതേ സ്കോറില്‍ തന്നെ റൂട്ടും മടങ്ങി. 12 റണ്‍സെടുത്ത റൂട്ടിനെ മക്കായിയുടെ പന്തില്‍ ബെയ്‌ലി പിടികൂടി. തുടര്‍ന്ന്‌ ക്രീസിലെത്തിയവരില്‍ രവി ബൊപ്പാറ മാത്രമാണ്‌ മികച്ച പ്രകടനം നടത്തിയത്‌. എട്ട്‌ റണ്‍സെടുത്ത മോര്‍ഗനെ മക്കായും ഒരു റണ്‍സെടുത്ത ബട്ട്ലറെ ഫള്‍ക്നറും ബൗള്‍ഡാക്കിയതോടെ രണ്ടിന്‌ 168 എന്ന ശക്തമായ നിലയില്‍ നിന്ന്‌ 6ന്‌ 213 എന്ന നിലയിലേക്ക്‌ വീണു. പിന്നീട്‌ 37 പന്തുകളില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 46 റണ്‍സെടുത്ത ബൊപ്പാറയും 19 റണ്‍സെടുത്ത ബ്രസ്നനും ചേര്‍ന്നാണ്‌ സ്കോര്‍ 269-ല്‍ എത്തിച്ചത്‌. ഓസ്ട്രേലിയക്ക്‌ വേണ്ടി മകായും ഫള്‍ക്നറും രണ്ട്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by