Categories: Vicharam

മഹിതമീ മലയാളം

Published by

മലയാളത്തിന്‌ കിട്ടിയ ശ്രേഷ്ഠഭാഷാ പദവി മലയാളികളുടെ മനസ്സില്‍ കുളിര്‍ കോരിയിടുന്ന വാര്‍ത്തയാണ്‌. മലയാളം എല്ലാംകൊണ്ടും ശ്രേഷ്ഠ ഭാഷാ പദവി അര്‍ഹിക്കുന്നു. ദക്ഷിണഭാരതത്തിലെ നാല്‌ ഗോത്രഭാഷകളില്‍ തമിഴിനും കന്നഡയ്‌ക്കും തെലുങ്കിനും ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടും മലയാളം അതര്‍ഹിക്കുന്നില്ലെന്ന നിലപാടില്‍ ഇത്രയും കാലം ‘മധുരം മലയാളം’ എന്ന്‌ നാം മലയാളികള്‍ നെഞ്ചോട്‌ ചേര്‍ത്ത്‌ വിളിയ്‌ക്കുന്ന മലയാളത്തിന്‌ ശ്രേഷ്ഠ ഭാഷാ പദവി നിരസിച്ചിരുന്നു. മലയാളത്തിലെ പ്രസിദ്ധ സാഹിത്യകാരന്മാരുടെ ചിരകാല ആവശ്യമായിരുന്നു ഈ പദവി. മഹത്തായ ഭാഷാപണ്ഡിതന്മാരുടെ സഹസ്രാബ്ദങ്ങളായുള്ള സംഭാവനകള്‍ക്കാണ്‌ ഇതിലൂടെ അംഗീകാരം ലഭിച്ചിരിക്കുന്നത്‌. തമിഴില്‍നിന്നും മലയാളം ഉത്ഭവിച്ചു എന്ന ധാരണയാകാം ഈ താമസത്തിന്‌ വഴിതെളിച്ചത്‌. ദ്രാവിഡ ഭാഷാ കുടുംബത്തിലെ അംഗമായ മലയാളത്തിന്റെ പൗരാണികതയെയോ പ്രാചീന സാഹിത്യ ശേഖരത്തെയോ ചോദ്യം ചെയ്യാന്‍ സാധ്യമല്ല. നാടിന്റെ പേരുപോലും ഒരിക്കല്‍ മലയാളമെന്നായിരുന്നു എന്ന്‌ മലയാളികള്‍ പോലും മറക്കുന്നു. വാസ്തവത്തില്‍ മലയാളത്തിന്‌ അര്‍ഹമായ പദവി ലഭിക്കാത്തതിന്റെ മുഖ്യകാരണം മലയാളി ഭാഷാ സ്നേഹിയല്ല എന്നതാണ്‌. മലയാളം മീഡിയത്തില്‍ പഠിപ്പിക്കാതെ പാവങ്ങള്‍ പോലും സ്വന്തം കുട്ടികളെ കഷ്ടപ്പെട്ടും ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളില്‍ ചേര്‍ക്കുന്നത്‌ ജോലി സാധ്യത പരിഗണിച്ചാണ്‌.

മലയാളം പത്താംതരം വരെ നിര്‍ബന്ധിതമാക്കണമെന്ന നിര്‍ദ്ദേശത്തോട്‌ അധ്യാപക-രക്ഷിതാക്കള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. മലയാള ഭാഷാധ്യാപകര്‍ക്ക്‌ പോലും സ്റ്റാറ്റസ്‌ കുറവായാണ്‌ കരുതപ്പെട്ടിരുന്നത്‌. യഥാര്‍ത്ഥത്തില്‍ വിവിധ ജാതി മതസ്ഥരായ മലയാളികളെ ഒന്നിച്ചുചേര്‍ക്കുന്ന പ്രധാന ഘടകം ഈ മാതൃഭാഷ തന്നെയായിരിക്കും. കോഴിക്കോട്ടും തിരുവനന്തപുരത്തും സംസാരിക്കുന്ന മലയാളം വിഭിന്നമാണെങ്കിലും മലയാള സാഹിത്യത്തിന്റെ മാധുര്യം ഒരുപോലെ ആസ്വദിക്കുന്നവരാണ്‌ എല്ലാവരും. മലയാളത്തിന്‌ ശ്രേഷ്ഠഭാഷാ പദവി നല്‍കിയ വസ്തുത അറിയിച്ച ധനമന്ത്രി പി.ചിദംബരം പറഞ്ഞത്‌ മലയാള ഭാഷാ പ്രോത്സാഹനത്തിന്‌ കേന്ദ്രസഹായം ലഭിക്കുമെന്നും മലയാളത്തിലെ രണ്ട്‌ പ്രമുഖ പണ്ഡിതര്‍ക്കായി വാര്‍ഷിക അന്താരാഷ്‌ട്ര അവാര്‍ഡ്‌ ഏര്‍പ്പെടുത്തുമെന്നും പഠന ഗവേഷണത്തിന്‌ മികവിന്റെ കേന്ദ്രം ആരംഭിക്കുമെന്നുമാണ്‌. യുജിസി മലയാളത്തിലെ മികച്ച പ്രതിഭകളുടെ പേരില്‍ ചെയര്‍ സ്ഥാപിക്കാനും കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളില്‍ ശ്രേഷ്ഠഭാഷകള്‍ക്ക്‌ നല്‍കുന്ന പരിഗണന ഇനി മലയാളത്തിനും ലഭ്യമാകും എന്നുമുള്ള വസ്തുത സന്തോഷകരമാണ്‌. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയുടെ കണക്കില്‍ മലയാളം 26-ാ‍ം സ്ഥാനത്താണ്‌. ഇംഗ്ലീഷിന്റെ കടന്നുകയറ്റമാണ്‌ മലയാളത്തിനെ യഥാര്‍ത്ഥത്തില്‍ പിന്‍തള്ളിയത്‌. ഡാഡി-മമ്മി സംസ്ക്കാരം മലയാളത്തെ സംസാരഭാഷ പോലും അല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു.

ശ്രേഷ്ഠ ഭാഷാ പദവി വലിയ ഉത്തരവാദിത്വമാണ്‌ മലയാളികളില്‍ ചുമത്തുന്നത്‌. ശ്രേഷ്ഠഭാഷാ പദവി നിലനിര്‍ത്തണമെങ്കില്‍ തീവശ്രമങ്ങളും നയരൂപീകരണങ്ങളും നടത്തണം. കോടതികളില്‍ ഇന്നും മലയാളം ബഹിഷ്ക്കരിക്കപ്പെട്ട ഭാഷയാണ്‌. സെക്രട്ടറിയറ്റിലും മലയാളം നിര്‍ബന്ധമാക്കിയത്‌ എതിര്‍പ്പ്‌ ക്ഷണിച്ചു വരുത്തിയിരുന്നു. മലയാളത്തിന്റെ ശ്രേഷ്ഠത നിലനിര്‍ത്താന്‍ ഏകീകൃതമായ പ്രവര്‍ത്തനവും സമഗ്രമായ മാതൃഭാഷാ നയവും ആവശ്യമാണ്‌. മലയാളികളിലെ ഭാഷാ സ്നേഹം ഉയര്‍ത്തിയതിന്‌ മലയാള സിനിമയ്‌ക്കും പാട്ടുകള്‍ക്കുമുള്ള റോള്‍ അംഗീകരിക്കപ്പെടേണ്ടതാണ്‌. പക്ഷെ മലയാള സാഹിത്യം ഇന്നും മലയാളികള്‍ക്ക്‌ അന്യമാണ്‌. എംടിയെയും മറ്റും അറിയുന്നത്‌ അദ്ദേഹത്തിന്റെ ശ്രേഷ്ഠ കൃതികളെക്കാള്‍ അദ്ദേഹത്തിന്റെ തിരക്കഥാ പുസ്തകങ്ങളില്‍ കൂടിയാണ്‌. മലയാളത്തിന്റെ പൈതൃകം തമിഴും കന്നഡയും തെലുങ്കും പോലെ പുരാതനമാണെങ്കിലും മലയാളത്തിന്റെ പഴക്കം പണ്ഡിതന്മാര്‍പോലും ചോദ്യം ചെയ്തിരുന്നു. ചിലപ്പതികാരത്തിന്റെ പൈതൃകം മലയാളത്തിനും അവകാശപ്പെട്ടതാണെന്ന വാദം നിരാകരിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിരിക്കുന്ന മലയാളത്തിന്റെ യശസ്സുയര്‍ത്താന്‍ തക്ക നടപടികള്‍ ആസൂത്രണം ചെയ്ത്‌ മാതൃഭാഷയ്‌ക്കും അര്‍ഹമായ സ്ഥാനവും ബഹുമാനവും കൊടുക്കാനും ഈ പദവിയില്‍ അഭിമാനിക്കാനും മലയാളികള്‍ തയ്യാറാകണം. പക്ഷെ മലയാളഭാഷയെ അന്യവല്‍ക്കരിച്ച ഈ തലമുറയില്‍ അത്‌ സാധ്യമാകുമോ?

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by