സ്വകാര്യഭൂമിയിലെയും വനേതര ഭൂമിയിലേയും മരങ്ങള്‍ മുറിയ്‌ക്കുന്നതിനും കടത്തിക്കൊണ്ടുപോകുന്നതിനുമായി നിയമം വരുന്നു. ഇതിന്റെ മുന്നോടിയായി 2011 ജൂലൈയില്‍ ബന്‍സാല്‍ കമ്മറ്റിയെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിയോഗിച്ചിരുന്നു. 2013 മാര്‍ച്ചില്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതില്‍ പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം നിര്‍ദ്ദേശിക്കണമെങ്കില്‍ 2013 ഏപ്രില്‍ 15 വരെ സമയം അനുവദിച്ചിരിക്കയാണ്. പശ്ചിമഘട്ട വന നാശത്തിന്റെയും റിസര്‍വ് ഭൂമിയിലെ പട്ടയവിതരണത്തിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലും നെല്ലിയാമ്പതി വനമേഖല പാട്ടക്കരാറുകാര്‍ക്ക് തീറെഴുതുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലുണ്ടായ തര്‍ക്കം കേരളത്തിലെ വനംമന്ത്രിയെ താഴെയിറക്കുന്നതിന് ആക്കം കൂട്ടിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന നിയമനിര്‍മാണമാണ് നടക്കാന്‍ പോകുന്നത്. പാട്ട വനഭൂമിയെ സ്വകാര്യ വനഭൂമിയായും വനേതരഭൂമിയായും കണക്കാക്കി മരം മുറിയ്‌ക്കാവുന്ന അവസ്ഥയിലെത്തിയ്‌ക്കുന്നതിനും ഈ നിയമത്തിനാകും. സര്‍ക്കാര്‍ വനഭൂമി വനേതര ആവശ്യങ്ങള്‍ക്കായി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയിട്ടുള്ളതും വനേതര ഭൂമിയാണ്. സാമൂഹ്യവനവല്‍ക്കരണത്തിന്റെ പേരില്‍ വനമാക്കിമാറ്റിയ ഭൂമിയും ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടും. നിലവിലെ മരംമുറി നിയമങ്ങള്‍ക്ക് വ്യക്തത ഉണ്ടാക്കുന്നതിനാണ് 2013 ലെ സ്വകാര്യ സ്ഥലത്തെ മരംമുറിയും തടികടത്തി കൊണ്ടുപോകലും നിയമം ഉണ്ടാക്കുന്നത് എന്നാണ് പറയുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പ് ഭാരതത്തില്‍ ആദ്യമായി വനനയം ഉണ്ടാക്കുന്നത് 1894 ല്‍ ആണ്. കാലാവസ്ഥാ നിയന്ത്രിയ്‌ക്കുന്നതിനും മലയടിവാരങ്ങളിലെ കൃഷി സംരക്ഷിക്കുന്നതിനുമായിരുന്നു അന്ന് വനങ്ങള്‍ സംരക്ഷിച്ചു പോന്നിരുന്നത്. വിലകൂടിയ മരങ്ങള്‍ ലഭിക്കുന്നതിനും ഫലപുഷ്ടമായ കൃഷി ഭൂമി ലഭിക്കുന്നതിനും വനങ്ങള്‍ ഉപയോഗിച്ചു പോന്നിരുന്ന കാലമായിരുന്നു അത്. സംസ്ഥാനങ്ങള്‍ക്ക് വനങ്ങളില്‍ അവകാശം ലഭിക്കുന്നത് 1927 ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് വഴിയാണ്. സ്വാതന്ത്ര്യാനന്തരം 1952 ല്‍ ആദ്യ നാഷണല്‍ ഫോറസ്റ്റ് പോളിസി വരുന്നതുവരെയും ഈ നില തുടര്‍ന്നു. ഒന്നാം വനനയം ആധാരമാക്കിയത് ആറ് കാര്യങ്ങളാണ്. ഭൂവിനിയോഗവും വനസംരക്ഷണവും പരിപൂരകവും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതുമായിരിക്കണം. മലകളും കുന്നുകളും നദികളും അരുവികളും നിലനിര്‍ത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വനങ്ങള്‍ നിലനില്‍ക്കണം. അതിനായി കൂടുതല്‍ വനമേഖലകള്‍ രൂപപ്പെടണം.
ജനങ്ങള്‍ക്ക് കത്തിയ്‌ക്കുവാന്‍ വിറക്, കാര്‍ഷിക ഉപകരണങ്ങള്‍ക്ക് ചെറിയ തടികള്‍, കന്നുകാലികള്‍ക്ക് മേയാന്‍ പുല്‍ത്തകിടികള്‍ എന്നിവ ലഭ്യമാകണമെങ്കില്‍ വനഭൂമി വേണം. പ്രതിരോധം, വാര്‍ത്താവിനിമയം, വ്യവസായം എന്നീ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ വനങ്ങള്‍ നിലനിര്‍ത്തണം. രാജ്യത്തിന് റവന്യൂ വരുമാനം വര്‍ധിക്കുവാനും വനങ്ങള്‍ അത്യന്താപേക്ഷിതമാണ്. 1976 ല്‍ നാഷണല്‍ കാര്‍ഷിക കമ്മീഷനെ നിയമിക്കുന്നതുവരെ ഒന്നാം വനനയം മാറ്റമില്ലാതെ തുടര്‍ന്നു. നാഷണല്‍ കാര്‍ഷിക കമ്മീഷന്‍ വനനയത്തില്‍ പത്ത് കാതലായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. അന്ന് രാജ്യം നേരിട്ടുകൊണ്ടിരുന്ന ജനസംഖ്യാ വര്‍ധനവിന്റേയും ഭക്ഷ്യസുരക്ഷയില്ലായ്മയുടെയും പശ്ചാത്തലത്തിലായിരുന്നു നിര്‍ദ്ദേശങ്ങള്‍.
വനഭൂമികള്‍ അത്യന്താപേക്ഷിതമായ ചുറ്റുപാടില്‍ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും നഷ്ടപരിഹാരമായി വനമേഖല പുനഃസൃഷ്ടിക്കണം. ഇത് പിന്നീട് വനമേഖലയില്‍ തോട്ടങ്ങളായി നിലനിര്‍ത്തിയാലും മതി എന്നാക്കി മാറ്റി. മഞ്ഞള്‍, ഇഞ്ചി, ഏലം എന്നീ കൃഷികള്‍ക്കായി സംരക്ഷിത വനത്തിലെ അടിക്കാടുകള്‍ വെട്ടിത്തെളിയ്‌ക്കാവുന്നതാണ്. ഈ നിര്‍ദ്ദേശാനുസരണമാണ് ഏലമല കാടുകള്‍ കേരളത്തില്‍ രൂപം കൊള്ളുന്നത്. വനമേഖലയിലെ ആദിവാസി സമൂഹങ്ങള്‍ക്ക് ചെറിയ തടികളും ചെറുകിട വന ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനും വിറക് എടുക്കുന്നതിനും അനുവാദംനല്‍കണം. വന ഉല്‍പ്പന്നങ്ങള്‍ ആധാരമാക്കിയുള്ള വ്യവസായങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ മുള, ഈറ്റ, ചൂരല്‍ തുടങ്ങിയവ ലഭ്യമാക്കണം. വന ഉല്‍പന്നങ്ങള്‍ കൃത്യമായും കാര്യമാത്ര പ്രസക്തമായും കാര്യക്ഷമമായും ഉപയോഗിക്കപ്പെടണം. വന്യജീവി സംരക്ഷണം ഉറപ്പാക്കണം. വനനയം ശക്തമായ വനനിയമങ്ങള്‍ വഴി സുദൃഢമാക്കണം. വനപ്രദേശത്തിന് സമീപമുള്ള ആളുകളെ വനസംരക്ഷണത്തില്‍ പങ്കാളികളാക്കുവാന്‍ സാമൂഹ്യ വനവല്‍ക്കരണം പരിപാടി നടപ്പാക്കണം. കൃഷിഭൂമിയില്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേയ്‌ക്ക് സാമൂഹ്യ വനവല്‍ക്കരണം വ്യാപിപ്പിക്കണം. ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയിലെ വനങ്ങള്‍ സംസ്ഥാനങ്ങളുടെ സംരക്ഷണത്തിലായിരുന്നു. ഇത് വനമേഖലയുടെ ഭീകരമായ ശോഷണത്തിലാണ് കലാശിച്ചത്. എന്നാല്‍ 1976ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് 42-ാം ഭേദഗതിയിലൂടെ വനവും വന്യമൃഗങ്ങളും ഏഴാം ഷെഡ്യൂള്‍ പ്രകാരം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും കേന്ദ്ര സര്‍ക്കാരിന് വനസംരക്ഷണത്തില്‍ കാര്യമായ ചുമതല വന്നുചേരുകയും ചെയ്തു.
വനേതര ആവശ്യങ്ങള്‍ക്ക് വനം ഉപയോഗിക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ഭാരതസര്‍ക്കാരിന്റെ അനുമതിവേണമെന്ന നിലവന്നത് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണഘടനയുടെ 42-ാം ഭേദഗതി നിമിത്തമാണ്. വനപ്രദേശത്ത് അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിനും റോഡുകള്‍ നിര്‍മിക്കുന്നതിനും കെട്ടിടങ്ങളും റിസോര്‍ട്ടുകളും റസ്റ്റ് ഹൗസുകളും നിര്‍മിക്കുന്നതിനും ഇന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം വേണം. 1988 ലാണ് രണ്ടാം നാഷണല്‍ വനനയം രൂപീകൃതമാകുന്നത്. ജനസംഖ്യാ വര്‍ധന, ഭക്ഷ്യസുരക്ഷ, വര്‍ധിച്ച തടി ആവശ്യം, വന ഉല്‍പ്പന്നങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങള്‍, (പേപ്പര്‍, തീപ്പെട്ടി, പ്ലൈവുഡ്, റയോണ്‍, ടാനിന്‍, ചന്ദനത്തൈലം തുടങ്ങിയവ) എന്നിവയെല്ലാം വനഭൂമിയുടെ വ്യാപ്തി കുറച്ചുകൊണ്ടുവന്നതാണ് രണ്ടാം വനനയത്തിന് കാരണമായത്. രണ്ടാം വനനയത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ താഴെപ്പറയുന്നവയാണ്. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുക. നിലവിലുള്ള വനഭൂമിയുടെ സംരക്ഷണം ഉറപ്പാക്കല്‍, വനനശീകരണം തടയല്‍, വനഭൂമി രൂപാന്തരം തടയല്‍, ഖാനനം, പാറമടകള്‍, കുന്നിടിയ്‌ക്കല്‍ എന്നിവയുടെ നിയന്ത്രണം, ആദിവാസി ഊരുകളുടേയും കുടികളുടെയും സംരക്ഷണം, നാഷണല്‍ പാര്‍ക്കുകള്‍, വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍, ബയോറിസര്‍വുകള്‍ സ്ഥാപിക്കുക, നദീസംരക്ഷണം ഉറപ്പാക്കുക, വനനശീകരണം നിര്‍ത്തുക, വന ഉല്‍പ്പന്നങ്ങള്‍ കൊണ്ടുള്ള വ്യവസായങ്ങളുടെ നിലനില്‍പ്പ് പൊതുജന ബോധവല്‍ക്കരണം, വനഗവേഷണം തുടങ്ങിയവയാണവ. 1986ലാണ് കേരള വൃക്ഷ സംരക്ഷണ ആക്ട് നിലവില്‍ വരുന്നത്. ഈ നിയമപ്രകാരം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ താഴെ പറയുന്ന മരങ്ങള്‍ മുറിയ്‌ക്കുവാന്‍ പാടില്ലാത്തതാകുന്നു.
ചന്ദനമരം, തേക്ക്, വീട്ടി, ഇരുള്‍, തേന്മാവ്, കമ്പകം, ചെമ്പകം, ചടച്ചി, ചന്ദനവേമ്പ്, ചീറി എന്നിവയായിരുന്നു അവ. സ്വകാര്യഭൂമിയിലാണെങ്കില്‍ പോലും ഈ മരങ്ങള്‍ മുറിയ്‌ക്കണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി തേടണം. ഇതിനുശേഷം സ്വകാര്യ സ്ഥലങ്ങളില്‍ കൂടുതല്‍ വനമുണ്ടാക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന ഭേദഗതി ആക്ട് 2007 ല്‍ നിലവില്‍ വന്നു. ചന്ദനമൊഴികെ സ്വകാര്യ ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് കടത്തിക്കൊണ്ടുപോകുവാന്‍ അനുവദിക്കുന്ന വനനിയമത്തിലെ ഭേദഗതിയാണ് 2007 ല്‍ നിലവില്‍ വന്നത്.
2010 ല്‍ വനം-വന്യജീവി വകുപ്പ് പുറപ്പെടുവിച്ച (68/2010) ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ആഫീസുകള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു നിയമപ്രകാരം ഉള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിലനില്‍ക്കുന്ന മരങ്ങള്‍ മുറിയ്‌ക്കുവാന്‍ അനുവാദം ലഭിക്കണമെങ്കില്‍ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം പ്രത്യേകം രൂപീകരിച്ചിട്ടുള്ള വിദഗ്‌ദ്ധ സമിതികളില്‍നിന്നും അനുമതി വാങ്ങേണ്ടതാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായാലും മരങ്ങള്‍ അപകടാവസ്ഥയിലായാലും ഇത്തരം സ്ഥലങ്ങളിലെ മരം മുറിയ്‌ക്കുന്നതിന് കമ്മറ്റിയുടെ അനുവാദം വേണം. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍, പഞ്ചായത്ത് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന കമ്മറ്റി അന്വേഷണം നടത്തിയാണ് അനുമതി നല്‍കുക. എന്നാല്‍ കേരളത്തില്‍ സ്ഥാപിതമായിട്ടുള്ള പലമരം മുറികമ്മറ്റികളുടെയും പ്രവര്‍ത്തനങ്ങളില്‍ അപാകതകള്‍ ഉള്ളതായി പരാതികളുണ്ട്. പല സ്ഥലങ്ങളിലും കമ്മറ്റികള്‍ വേണ്ടവിധത്തില്‍ പരിശോധന നടത്താതെ വ്യാപകമായ രീതിയില്‍ മരംമുറി നടക്കുന്നതായാണ് റിപ്പോര്‍ട്ടുകളുള്ളത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സ്വകാര്യ-വനേതര പ്രദേശങ്ങളിലെ മരം മുറിയ്‌ക്കുന്നതിന് രാജ്യവ്യാപകമായ നിയമം കൊണ്ടുവരുന്നത്. ഭാരതത്തില്‍ മൊത്തം 78.29 ദശലക്ഷം ഹെക്ടര്‍ ഭൂമിയുള്ളതില്‍ ഇന്ന് 23.8 ശതമാനമാണ് കാട്.
ലോകത്തിലെ വനമേഖലയുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം പത്താമതാണ്. നമുക്ക് 16 തരം കാടുകളാണുള്ളത്. നമ്മുടെ 200 ദശലക്ഷം ആളുകള്‍ ഉപജീവനത്തിന് വനങ്ങളെയാണ് ആശ്രയിക്കുന്നത്. മദ്ധ്യ ഇന്ത്യ, ഹിമാലയന്‍ കാടുകള്‍, പശ്ചിമഘട്ടം, ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായാണ് ഇന്ത്യന്‍ കാടുകള്‍ വ്യാപിച്ചുകിടക്കുന്നത്. നമ്മുടെ കാടുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണെങ്കിലും വനമേഖലയില്‍ വനേതര ആവശ്യങ്ങള്‍ക്കായി പാട്ടത്തിന് സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കിയിരിക്കുന്നത് പതിനായിരക്കണക്കിന് ഹെക്ടറാണ്. ഇടുക്കി, വയനാട്, ജില്ലകളിലും നെല്ലിയാമ്പതിയിലും കാണുന്ന ചായ, കാപ്പി, ഏലമലക്കാടുകള്‍, യൂക്കാലി വനങ്ങള്‍, റബര്‍തോട്ടങ്ങള്‍, ഓറഞ്ച് തോട്ടങ്ങള്‍ തുടങ്ങിയവയില്‍ ചിലതുമാത്രം.
പുതിയ നിയമം സ്വകാര്യ ഭൂമിയിലെ മരംമുറി ഉദ്ദേശിച്ചാണെങ്കിലും സാമൂഹ്യ വനവല്‍കൃത മേഖലകള്‍ പാട്ടഭൂമികള്‍ എസ്റ്റേറ്റുകള്‍ എന്നിവയും അതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ പല സംസ്ഥാനങ്ങളിലും സ്വകാര്യ ഭൂമിയിലെ 48 തരം മരങ്ങള്‍ വരെ മുറിയ്‌ക്കുന്നതിന് നിലവില്‍ വിലക്കുണ്ട്. കേരളത്തില്‍ പത്ത് തരം മരങ്ങള്‍ വരെമുറിയ്‌ക്കുന്നതിന് വിലക്കുണ്ടായിരുന്നു. പുതിയ നിയമം സ്വകാര്യഭൂമിയിലെ മരം മുറിയ്‌ക്കുള്ള വിലക്കുകള്‍ പൂര്‍ണമായും എടുത്തു കളയുന്നു. കൂടാതെ ഇപ്പോള്‍ തന്നെ ദല്‍ഹി, ഗോവ, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ മുറിയ്‌ക്കുന്ന മരത്തിലധികം മരങ്ങള്‍ നിര്‍ബന്ധമായും നട്ടുപിടിപ്പിച്ച് സംരക്ഷിക്കണമെന്ന വ്യവസ്ഥയുണ്ട്. ഈ നിബന്ധന എടുത്തു കളയുകയാണ് പുതിയ നിയമത്തില്‍.
ഒരു പ്രദേശത്തിന്റെ പ്രാദേശിക കാലാവസ്ഥയില്‍ മരങ്ങള്‍ മുറിയ്‌ക്കുമ്പോള്‍ മാറ്റമുണ്ടാകുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും പകരം നടുവാനുള്ള നിബന്ധനകള്‍ എടുത്തുകളയുമ്പോള്‍ തീര്‍ച്ചയായും ഗ്രാമങ്ങളിലും പട്ടണങ്ങളിലും മലമ്പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനവും കുടിവെള്ള ദൗര്‍ലഭ്യവും സൃഷ്ടിക്കപ്പെടുമെന്നത് ഏതാണ്ടുറപ്പാണ്. ഇന്ത്യയിലെ നിലവിലെ 23 ശതമാനം വനമേഖല 33 ശതമാനമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുമെന്ന് പറയുന്ന 2013 ലെ സ്വകാര്യ സ്ഥലത്തെ മരംമുറിയും തടി കടത്തിക്കൊണ്ടുപോകലും നിയമം പുതിയ വനമേഖല സൃഷ്ടിയ്‌ക്കുമെന്ന് പറയുന്നത് പ്രഹസനമാണ്. പാട്ടഭൂമികളിലും സ്വകാര്യഭൂമികളിലും നിലവിലുള്ള മരങ്ങള്‍ കൂടി വെട്ടിവില്‍ക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന നിയമം രാജ്യത്തെ വരള്‍ച്ചയിലേയ്‌ക്കും കുടിവെള്ള ക്ഷാമത്തിലേയ്‌ക്കും കൃഷി നാശത്തിലേയ്‌ക്കും കാലാവസ്ഥാ വ്യതിയാനത്തിലേയ്‌ക്കും നയിക്കും. ഈ നിയമത്തിന് പുറകില്‍ ശക്തമായ സ്വകാര്യ ലോബിയുണ്ടെന്നത് വളരെ വ്യക്തമാണ്. രാജ്യത്തിന്റെ ഒന്നാം വനനയവും രണ്ടാം വനനയവും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. പരിസ്ഥിതി സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന രീതിയില്‍ വനനിയമത്തില്‍ പഴുതുകള്‍ സൃഷ്ടിയ്‌ക്കുന്നത് നാടിനാപത്താണ്. പാട്ടഭൂമിയുടെ അഞ്ച് ശതമാനം വിനോദസഞ്ചാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന കേരള സര്‍ക്കാരിന്റെ നയവൈകല്യവും ഈ നിയമനിര്‍മാണവും കൂട്ടിവായിക്കാവുന്നതാണ്.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക