Categories: Vicharam

സൂര്യനസ്തമിക്കുന്ന ‘സാമ്രാജ്യം’

Published by

സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം. ഒരുകാലത്ത്‌ ബ്രിട്ടന്‍ അതായിരുന്നു. തെക്കും വടക്കും പടിഞ്ഞാറും കിഴക്കുമെല്ലാം കോളനികളുണ്ടാക്കി അടക്കി വാണ രാജ്യം. കയ്യിലിരുപ്പുകൊണ്ട്‌ എന്നുതന്നെപറയാം. എല്ലാം കൈവിട്ടു. ഇന്നിപ്പോള്‍ “ന്റുപ്പുപ്പാക്ക്‌ ഒരാനയുണ്ടാര്‍ന്ന്‌” എന്നപോലെ ഊറ്റംകൊണ്ടിരിക്കുന്നു.
നിലനില്‍പ്പിനുപോലും ക്ലേശിക്കുകയാണ്‌. പണ്ടത്തെപ്പോലെ പണവുമില്ല, തുണയുമില്ല. കച്ചവടമാകട്ടെ നന്നേ കുറവ്‌. പഴയ കോളനികളില്‍ താവളംതേടി അലയേണ്ട സ്ഥിതി. അതിന്റെ ഭാഗമായിരിക്കാം ഇന്നത്തെ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോണ്‍ സഞ്ചാരത്തിലാണ്‌. അങ്ങിനെ ഇന്ത്യയിലുമെത്തി. ഇന്ത്യയുമായി കൂടുതല്‍ വ്യാപാരം വേണം. നിക്ഷേപവും വേണം. മൂന്നുദിവസം ഇതിനായി ദല്‍ഹിയില്‍ തങ്ങി. കാണാന്‍ പറ്റുന്നവരെയെല്ലാം കണ്ടു. യജമാന ഭക്തികാണിക്കാന്‍ ദല്‍ഹിയിലെ ഭരണകര്‍ത്താക്കളും ശ്രദ്ധിച്ചു. പ്രധാനമന്ത്രി സിക്കുകാരനായതിനാലാകാം പഞ്ചാബിലൊന്നു പോകണം, സുവര്‍ണ ക്ഷേത്രത്തിലൊന്നു കയറണമെന്ന്‌ കലശലായ പൂതി. ആചാരങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ സുവര്‍ണ ക്ഷേത്രത്തിലെത്തി. പാചകപ്പുരയിലും കയറി. സമൂഹ പാചകശാലയില്‍ ചപ്പാത്തിയുണ്ടാക്കി ഒരു വാര്‍ത്താചിത്രത്തിന്‌ വകയും സൃഷ്ടിച്ചു. ഇത്രയുംമാത്രം പോര കച്ചവടം കൊഴുപ്പിക്കാന്‍ എന്ന്‌ തോന്നിയതുകൊണ്ടാകാം ജാലിയന്‍വാലാബാഗുവരെ വച്ചുപിടിച്ചു. ജാലിയന്‍വാലാബാഗ്‌ എന്നപേര്‌ മുന്നേ കേട്ടിരിക്കണം. കാമറോണിന്റെ മൂത്താപ്പമാരുടെ ക്രൂരകൃത്യങ്ങളുടെ ജ്വലിക്കുന്ന ഓര്‍മയാണല്ലോ ജാലിയന്‍വാലാബാഗ്‌. 1800ല്‍പരം സ്വാതന്ത്ര്യസമര യോദ്ധാക്കളെ ചുട്ടുകൊല്ലുകയും അത്രതന്നെ ജനക്കൂട്ടത്തെ വെടിയുണ്ടയുടെ ചൂടനുഭവിപ്പിക്കുകയും ചെയ്തതാണല്ലോ ആ സംഭവം.

1919 ഏപ്രില്‍ 13നായിരുന്നു ജാലിയന്‍വാലാബാഗ്‌ കൂട്ടക്കുരുതി. 1919 മാര്‍ച്ചില്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കരിനിയമമായ “റൗലറ്റ്‌ ആക്ട്‌” പ്രകാരം വാറന്റ്‌ കൂടാതെ ആരെയും അറസ്റ്റ്‌ ചെയ്യാം. വിചാരണകൂടാതെ തടങ്കലിലിടാം. ഇത്‌ സഹിക്കാന്‍ അന്നത്തെ ആത്മാഭിമാനമുള്ള ദേശീയ ജനത തയ്യാറായില്ല. പഞ്ചാബിലെ സ്വാതന്ത്ര്യസമരത്തിന്‌ നേതൃത്വം നല്‍കിയ ഡോ.സത്യപാല്‍ സെയ്ഫുദ്ദീന്‍ കിച്ച്ലു എന്നിവരെ പുതിയ നിയമപ്രകാരം പിടിച്ച്‌ തുറുങ്കിലിട്ടു. ഇത്‌ നാട്ടിലാകെ അമര്‍ഷമുണ്ടാക്കി. പ്രതിഷേധം പരന്നു. ഏപ്രില്‍ 10ന്‌ പഞ്ചാബില്‍ ഹര്‍ത്താല്‍ ആചരിച്ചു. ജനങ്ങളാകെ തെരുവിലിറങ്ങി. അമൃതസര്‍ ഡപ്യൂട്ടി കമ്മീഷണറുടെ വീട്ടിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ഇന്നത്തെപോലെ പോലീസുമായി ഒത്തുതീര്‍പ്പുണ്ടാക്കി പോവുന്ന പതിവായിരുന്നില്ല അന്ന്‌. റാലിയെ പോലീസ്‌ തടഞ്ഞു. അടിതുടങ്ങി. പിന്നെ ജനക്കൂട്ടത്തിന്‌ നേരെ വെടിവയ്പ്‌. അതോടെ പ്രശ്നം ഗുരുതരമായി. അമര്‍ഷം പേറിയ ജനക്കൂട്ടം സര്‍ക്കാര്‍ ഓഫീസുകള്‍ക്കെതിരെ തിരിഞ്ഞു. ബാങ്കുകളും ഒഴിവാക്കപ്പെട്ടില്ല. സംഘര്‍ഷത്തില്‍ അഞ്ച്‌ യൂറോപ്യന്മാര്‍ മരണപ്പെട്ടു. ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ നിറത്തോക്കിനുമുന്നില്‍ വിരിമാര്‍ കാട്ടി ഇരുപത്‌ സമരക്കാര്‍ക്കും ജീവന്‍ പോയി. തുടര്‍ന്ന്‌ ഏപ്രില്‍ 13ന്‌ പഞ്ചാബ്‌ മുഴുവന്‍ പട്ടാളനിയമത്തിന്‌ കീഴിലായി. പൊതുയോഗം നടത്താന്‍ വിലക്ക്‌. പ്രകടനം നടത്തിക്കൂടാ. ജനങ്ങള്‍ കൂട്ടംകൂടുന്നതറിഞ്ഞാല്‍ പട്ടാളനടപടി ഉറപ്പ്‌. ‘ആകെ മുങ്ങിയാല്‍ പിന്നെന്ത്‌ കുളിര്‌’ എന്ന അവസ്ഥയിലായി ജനത.

ഏപ്രില്‍ 13 സിക്കുകാരുടെ വൈശാഖി ഉത്സവദിനമായിരുന്നു. പോലീസ്‌ അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ അത്‌ അവസരമാക്കി. ജാലിയന്‍വാലാബാഗില്‍ ജനങ്ങള്‍ ഒത്തുകൂടി. ആയിരക്കണക്കിനാളുകളാണ്‌ എത്തിചേര്‍ന്നത്‌ ഏതാണ്ട്‌ ഇരുപതിനായിരം. ഫെയ്സ്ബുക്കും, എസ്‌എംഎസും, എംഎംഎസും, മൊബെയില്‍ ഫോണും, ടെലിവിഷന്‍ ചാനലുകളില്‍ തത്സമയവാര്‍ത്തകളുമൊന്നുമില്ലാത്ത കാലത്തെ സംഭവമാണിത്‌. അത്രമാത്രം സ്വാതന്ത്ര്യവാഞ്ചയും അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും സര്‍വോപരി വെള്ളക്കാരന്റെ കൊള്ളരുതായ്മക്കറുതി വരുത്താനുള്ള നിശ്ചയദാര്‍ഢ്യവും ഒത്തുവന്നപ്പോഴാണ്‌ ജനക്കൂട്ടം ഒഴുകിയെത്തിയത്‌. ഇതിനെതിരെ ആസൂത്രിത നീക്കമാണ്‌ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയത്‌. അന്ന്‌ അമൃതസറിലെ സൈനിക കമാണ്ടറായിരുന്നു ജനറല്‍ റജിനാള്‍ഡ്‌ ഡയര്‍ ബ്രിട്ടന്റെ തീരുമാനം നടപ്പാക്കാന്‍ ഉറച്ചിറങ്ങി. 90 അംഗങ്ങള്‍ വരുന്ന ചെറിയ സായുധസേനയുമായി. ജാലിയന്‍വാലാബാഗ്‌ മൈതാനം ഇവര്‍ വളഞ്ഞു. നിറയൊഴിക്കാന്‍ നിര്‍ദ്ദേശവും നല്‍കി. പട്ടാളക്കാര്‍ ആളെ കൊല്ലാന്‍ വാശിയോടെ മത്സരിച്ചു. തോക്കുകളിലൂടെ വെടിയുണ്ടകള്‍ തീതുപ്പി. മെഷീന്‍ഗണ്ണുകള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. വെടിക്കോപ്പ്‌ തീരുംവരെ വെടിയൊച്ച നിലച്ചില്ല. മൈതാനമാകെ ചോരച്ചാല്‍. ചോരയില്‍ മുങ്ങി മൃതദേഹങ്ങള്‍. വെറും 379 പേരെ മരിച്ചുള്ളൂ എന്നാണ്‌ അന്ന്‌ ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്‌. എന്നാലത്‌ 1800 പേരാണെന്നത്‌ വസ്തുത. ആയിരക്കണക്കിന്‌ ആളുകള്‍ ഉണ്ട തുളച്ച ദേഹവുമായി കുറച്ചുകൂടി ജീവിച്ചു.

കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച്‌ രവീന്ദ്രനാഥ ടാഗോര്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ നല്‍കിയ ‘സര്‍’ സ്ഥാനം ഉപേക്ഷിച്ചു. ജാലിയന്‍വാലാബാഗില്‍ വെടികൊണ്ട്‌ പിടഞ്ഞുമരിച്ചവര്‍ക്കായി സ്മാരകം പണിയാന്‍ സ്വാതന്ത്ര്യം ലഭിച്ചിട്ടും പതിനഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. 1963-ല്‍ അമേരിക്കന്‍ വാസ്തുശില്‍പ്പി ബഞ്ചമിന്‍ പോള്‍ക്ക്‌ രൂപകല്‍പ്പന ചെയ്ത സ്മാരകം അന്നത്തെ രാഷ്‌ട്രപതി ഡോ.രാജേന്ദ്രപ്രസാദാണ്‌ ഉദ്ഘാടനം ചെയ്തത്‌. ജാലിയന്‍വാലാബാഗില്‍ കൂട്ടക്കുരുതിക്ക്‌ ദൃക്‌സാക്ഷിയാവുകയും വെടിയേറ്റ്‌ പരിക്ക്‌ പറ്റുകയും ചെയ്ത ഉദ്ദംസിംഗ്‌ അതേ നാണയത്തില്‍ ബ്രിട്ടീഷുകാര്‍ക്ക്‌ മറുപടി നല്‍കി. ജനറല്‍ ഡയറിന്റെ ക്രൂരതയ്‌ക്ക്‌ അംഗീകാരം നല്‍കിയ അന്നത്തെ ലഫ്റ്റനന്റ്‌ ഗവര്‍ണര്‍ മൈക്കിള്‍ ഒഡയറിനെ തോക്കിനിരയാക്കി. ലണ്ടനിലെ കാസ്റ്റണ്‍ഹാളില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെ നടത്തിയ ഈ ധീരകൃത്യത്തിന്‌ സമ്മിശ്രപ്രതികരണമായിരുന്നു. 1940 മാര്‍ച്ച്‌ 13ന്‌ നടന്ന സംഭവത്തെ അപലപിക്കാന്‍ പലരും തയ്യാറായി. എന്നാല്‍ ജനങ്ങള്‍ പരക്കെ ധീരകൃത്യത്തെ അംഗീകരിക്കുന്ന കാഴ്ചയാണ്‌ കണ്ടത്‌. അമൃതബസാര്‍ പത്രികപോലുള്ള പത്രങ്ങളും അനുമോദിക്കാനാണ്‌ തയ്യാറായത്‌.
വിചാരണവേളയില്‍ ഉദ്ദംസിംഗ്‌ താന്‍ചെയ്തത്‌ തന്റെ മാതൃഭൂമിക്ക്‌ വേണ്ടിയുള്ള മികച്ച കൃത്യമെന്നാണ്‌ അഭിമാനത്തോടെ പ്രതികരിച്ചത്‌.

“അയാള്‍ അത്‌ അര്‍ഹിക്കുന്നു. അയാളാണ്‌ യഥാര്‍ത്ഥ കുറ്റവാളി. ഈ മികച്ച കൃത്യം ചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്‌. ബ്രിട്ടീഷ്‌ ഭരണത്തില്‍ രാജ്യവും ജനതയും അനുഭവിക്കുന്ന അടിമത്തം നേരിട്ടറിയുന്ന എനിക്ക്‌ രാജ്യത്തിനുവേണ്ടി ഏത്‌ ശിക്ഷയും ഏറ്റുവാങ്ങാന്‍ സന്തോഷമേയുള്ളൂ”. 1940 ജൂലായ്‌ 31ന്‌ ഉദ്ദംസിംഗിനെ ബ്രിട്ടീഷ്‌ ഭരണകൂടം തൂക്കിലേറ്റി. 1952-ല്‍ പ്രധാനമന്ത്രി നെഹ്‌റു ഉദ്ദംസിംഗിനെ ‘രക്തസാക്ഷി’എന്ന്‌ വിശേഷിപ്പിച്ചു. എന്നാല്‍ ഉദ്ദംസിംഗിന്റെ കൃത്യത്തെ അപലപിക്കാനും തയ്യാറായി.

1961ലും 83ലും ഇന്ത്യാ സന്ദര്‍ശനം നടത്തിയ ബ്രിട്ടീഷ്‌ രാജ്ഞി ‘ജാലിയന്‍വാലാബാഗ്‌’ സംഭവത്തില്‍ മൗനം പാലിച്ചു. എന്നാല്‍ എലിസബത്ത്‌ രാജ്ഞി 1997 ഒക്ടോബര്‍ 14ന്‌ ജാലിയന്‍ വാലാബാഗ്‌ സന്ദര്‍ശിച്ചു. രാജ്ഞി ധരിക്കാന്‍ തെരഞ്ഞെടുത്ത വസ്ത്രങ്ങളുടെ നിറം കാവിയായിരുന്നു. സ്മാരകത്തില്‍ കയറും മുന്‍പ്‌ പാദരക്ഷ ഊരിവച്ചു. അരമിനുട്ട്‌ മൗനപ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ‘ദുഃഖകരമായ സംഭവം’ എന്നാണ്‌ അന്ന്‌ രാജ്ഞി പറഞ്ഞത്‌. ചരിത്രം തിരുത്തിയെഴുതാന്‍ കഴിയില്ല. ദുഃഖസ്മരണയില്‍ നിന്നും സുഖകരമായ അവസ്ഥ സൃഷ്ടിക്കുകയാണ്‌ വേണ്ടതെന്നും രാജ്ഞി അഭിപ്രായപ്പെട്ടിരുന്നു.

ബ്രിട്ടീഷ്‌ ചരിത്രത്തിലെ നാണംകെട്ട സംഭവം എന്നാണ്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത്‌. രാക്ഷസീയം എന്ന്‌ പണ്ട്‌ ചര്‍ച്ചില്‍ പറഞ്ഞതിനെ കാമറോണ്‍ ശരിവച്ചുകൊണ്ട്‌ സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചിടുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ മാപ്പുപറയണമെന്ന്‌ രാജ്ഞിക്കും തോന്നിയില്ല പ്രധാനമന്ത്രിക്കും തോന്നിയില്ല. ഇപ്പോഴത്തെ നിലപാടാകട്ടെ വെറും കച്ചവടക്കണ്ണുമാത്രം. കാര്യം നേടാന്‍ ആരുടെകാലും നക്കുക എന്ന സമീപനം. ഈസ്റ്റിന്ത്യാ കമ്പനി ചെയ്തതും അതുതന്നെ. സാമ്രാജ്യം കെട്ടിപ്പടുക്കാനും വിസ്തീര്‍ണം കൂട്ടാനും കയ്യൂക്കിന്റെ ഭാഷ പ്രയോഗിച്ചത്‌ തുലോം കുറവാണല്ലോ. നാട്ടുരാജ്യങ്ങളെ വശത്താക്കാന്‍ യുദ്ധത്തേക്കാള്‍ നയപരമായ സമീപനമല്ലെ സ്വീകരിച്ചത്‌. രാഷ്‌ട്രീയവും നയപരവും തന്ത്രപരവുമായ നീക്കം. പുതിയ കച്ചവടത്തിന്‌ കാമറോണ്‍ സ്വീകരിക്കുന്നതും പഴയ വിദ്യ.

ഇന്ത്യയുമായുള്ള ബന്ധം ഭേദപ്പെടണം. അതിന്‌ ബ്രിട്ടന്റെ ഹുങ്കിനുമുന്നില്‍ ചങ്കുറപ്പോടെ പൊരുതി വീരമൃത്യു മരിച്ചവരുടെ സ്മാരകത്തിന്‌ മുന്നില്‍ചെന്ന്‌ മാപ്പപേക്ഷിക്കുന്നതിനുപകരം ഖേദം പ്രകടനം നടത്തി കാര്യം നേടാന്‍ നോക്കുന്നത്‌ മദാമ്മയ്‌ക്കുമുന്നില്‍ തലകുനിക്കുന്നവര്‍ സായിപ്പിന്റെ മുന്നില്‍ എങ്ങിനെ നെഞ്ചുറപ്പോടെ തലയുയര്‍ത്തിനില്‍ക്കും!

കെ. കുഞ്ഞിക്കണ്ണന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by