സര്‍വാഭീഷ്ട പ്രദായിനിയായ ദുര്‍ഗാ ഭഗവതിയെ ഇവിടെ കന്യകാസങ്കല്‍പ്പത്തിലാണ് ആരാധിക്കുന്നത്. ദേവിക്ക് അഞ്ചുഭാവങ്ങള്‍. വെളുപ്പിന് സരസ്വതി, രാവിലെ മഹാലക്ഷ്മി, പന്തീരടിപൂജയ്‌ക്ക് പാര്‍വതി, ഉച്ചപൂജയ്‌ക്ക് ദുര്‍ഗ, വൈകിട്ട് വനദുര്‍ഗ. അഞ്ജനശിലയിലാണ് വിഗ്രഹം. ആരുടെ മനസിലും ഭക്തിയുടെ നിറച്ചാര്‍ത്തണിയുന്ന ചതുര്‍ബാഹുക്കളുള്ള ശ്രീ കാര്‍ത്ത്യായനി. ഉപദേവപ്രതിഷ്ഠകളില്‍ വൃത്താകാരത്തിലുള്ള ശ്രീകോവിലില്‍ ശിവനും ഭദ്രകാളിയും മണ്ഡപത്തൂണില്‍ മണിഭൂഷണുമാണ്. മണിഭൂഷണ്‍ ശാസ്താവെന്ന് സങ്കല്‍പം. പണ്ട് പ്രാധാന്യം ശിവനായിരുന്നു. പിന്നീട് ശിവന്‍ ഉപദേവനായി. പുറപ്പെടാ ശാന്തിയാണ് അഞ്ചുപൂജയും മൂന്നുശീവേലിയുമുള്ള ഇവിടം തന്ത്രം കടിയക്കോല്‍ ആണ്.
ഇരുപത്തിനാല് തിരിയിട്ട് തൊളുത്തുന്ന ഭദ്രദീപം വിശേഷപ്പെട്ടവഴിപാടാണ്. ഇവിടെ ദീപാരാധന അത്താഴപൂജയോടുകൂടിയാണ് അപ്പോള്‍ ത്രിമൂര്‍ത്തി സാനിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. കുമാരനല്ലൂരെ മഞ്ഞള്‍ പ്രസാദം പ്രസിദ്ധമാണ്. ദേവിക്ക് പ്രിയ മഞ്ഞള്‍പ്പൊടികൊണ്ടുള്ള അഭിഷേകം. മഞ്ഞള്‍ നീരാട്ടമെന്ന് ഇതിന് പ്രസിദ്ധി. ഭക്തര്‍ വാങ്ങിക്കൊടുക്കുന്ന മഞ്ഞള്‍ ക്ഷേത്രത്തില്‍ തന്നെ പൊടിച്ചെടുക്കുകയാണ് പതിവ്. പുഷ്പാഞ്ജലി മറ്റൊരു വഴിപാട്. സാധാരണ പുഷ്പാജ്ഞലിക്കുപുറമെ സ്വയംവര പുഷ്പാജ്ഞലിയും നടക്കാറുണ്ട്. എന്നാല്‍ പിന്തീരായിരം പുഷ്പാഞ്ജലി എന്ന വിശേഷ വഴിപാട് ഇവിടെ മാത്രമുള്ളതാണ്. ഈ പന്തീരായിരം അര്‍ച്ചന രാവിലെ തുടങ്ങി പന്തീരടിക്ക് അവസാനിക്കും. മൂന്നുകിലോ പൂവെങ്കിലും വേണം ഈ വഴിപാടിന്. ദേവിക്ക് പട്ടും താലിയും അര്‍പ്പിക്കുന്ന വഴിപാടുമുണ്ട്. ദമ്പതിമാരുടെ ഐശ്വര്യപൂര്‍ണമായ ദാമ്പത്യ ജീവിതത്തിനുവേണ്ടിയാണിത്. ഭദ്രകാളിക്ക് വഴിപാടായി ഗുരുതി ഉണ്ട്. ഭജനമിരിക്കാനെത്തുന്നവരും അനവധിയാണ്. വൃശ്ചികമാസത്തിലെ കാര്‍ത്തിക പള്ളിവേട്ടയ്‌ക്കായി പത്തുദിവസത്തെ ഉത്സവം. രണ്ടാം ദിവസം മുതല്‍ ഒന്‍പതാം ദിവസം വരെ നിത്യവും രാവിലെ ആറാട്ടുനടക്കുന്ന അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ആറാട്ട് മീനച്ചിലാറിലാണ്. ഈ ആറാട്ടിന് കേരളത്തിനകത്തും പുറത്തും ഒരുപോലെ പ്രശസ്തി.
- പെരിനാട് സദാനന്ദന്‍ പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: