ബൈബിള്‍ എന്ന വാക്കുണ്ടായത് ഗ്രീക്ക് ഭാഷയിലെ ‘ബിബ്ലോസ്’ എന്ന വാക്കില്‍നിന്നാണ്. പുസ്തകം എന്നാണതിന് അര്‍ത്ഥം. നെയില്‍നദീ തീരത്ത് സമൃദ്ധമായി വളരുന്ന ‘പാപ്പിറസ്’ എന്ന ചെടിയുടെ തണ്ട് അടിച്ചുപരത്തി കൂട്ടിച്ചേര്‍ത്ത് വെയിലത്തുണക്കി അതിലാണ് ആദ്യകാലങ്ങളില്‍ ബൈബിള്‍ എഴുതിയിരുന്നത്. സത്യം ഇതായിരിക്കെ, കുറവിലങ്ങാട്ടുകാരന്‍ എം.കെ.തോമസ് ചോദിക്കുന്നത് ‘സുവിശേഷം’ എന്നും ‘സത്യവേദ പുസ്തകം’ എന്നും ബൈബിളിന് ആര് പേര് നല്‍കിയെന്നാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം മറ്റനേകം ചോദ്യങ്ങളിലേക്ക് നീളുന്നു. അവയുടെ ഉത്തരങ്ങള്‍ തേടിയ തോമസ് വിശ്വാസത്തില്‍നിന്നും ചരിത്രത്തിലേക്ക് മാനസാന്തരപ്പെടുകയായിരുന്നു. സോഫ്റ്റ് വെയര്‍ അദ്ധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനും ഭാഷാ പണ്ഡിതനുമൊക്കെയായ ഈ അമ്പത്തിയാറുകാരന് പറയാനുള്ളത് അപ്രിയസത്യങ്ങളുടെ സുവിശേഷമാണ്.
ബൈബിളിലെ ദൈവസങ്കല്‍പ്പത്തിന് ആത്മീയതയുമായല്ല ബന്ധമെന്ന് തോമസ് തെളിവുകള്‍ വെച്ച് വാദിക്കുന്നു. ‘പഴയ നിയമം’, ‘പുതിയ നിയമം’ എന്ന വിഭജനം അശാസ്ത്രീയമാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു.
ഈശ്വരന്‍, ആത്മാവ് എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍ ഭാരതീയ ദര്‍ശനങ്ങള്‍ വിവക്ഷിക്കുന്ന ഗോഡ് അല്ല, ഉടയതമ്പുരാനെന്നും ഭൂമിക്കുടയോനെന്നും അര്‍ത്ഥം വരുന്ന ‘ലോഡ് ഗോഡ്’ ആണ് ബൈബിളിലേത്. ഒരു അടിമ-ഉടമ വ്യവസ്ഥിതിയുടെ ചിത്രമാണ് ബൈബിളിന്റെ ആദ്യഭാഗത്ത് വിവരിക്കപ്പെട്ടിരിക്കുന്നത്. തമ്പുരാന്‍ എല്ലാം ഉണ്ടാക്കിയതാണെന്ന അവകാശവാദമാണുള്ളത്. സൂര്യനും ചന്ദ്രനും നദികളുമെല്ലാം തമ്പുരാക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നും പണിക്കാര്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ലെന്നുമാണ് ബൈബിളില്‍ കാണുന്നത്. ‘ഓള്‍ഡ് ടെസ്റ്റ്മെന്റ്’ എന്നത് ‘പഴയനിയമം’ എന്ന് തര്‍ജ്ജമ ചെയ്യാനാവില്ല. ‘ടെസ്റ്റ്മെന്റ്’ എന്നാല്‍ ഉടമ്പടി എന്നാണര്‍ത്ഥം. ‘ന്യൂ ടെസ്റ്റ്മെന്റ്’ പുതിയ ഉടമ്പടിയും.
ബൈബിളിലെ പ്രതിപാദ്യം ആദം-ഹവ്വയില്‍നിന്ന് മക്കളായ കായേനിലും ആബേലിലുമെത്തുമ്പോഴും ക്രൈസ്തവ സഭകളുടെ പ്രചാരണവുമായി പൊരുത്തപ്പെടുന്നില്ലെന്ന് തോമസ് കണ്ടെത്തുന്നു.
‘തമ്പുരാക്കന്മാരെപ്പോലെ’എന്ന് സര്‍പ്പവും ‘നമ്മിലൊരുവനെപ്പോലെ’ എന്ന് തമ്പുരാനും നല്‍കുന്ന സൂചനയില്‍നിന്ന് തമ്പുരാക്കന്മാര്‍ പലരുണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. പണിക്കാരായവരുടെ പുത്രിമാര്‍ സുന്ദരിമാരായാതിനാല്‍ തമ്പുരാക്കന്മാരുടെ പുത്രന്മാര്‍ അവരില്‍ ഇഷ്ടമുള്ളവരെ ഭാര്യമാരായി സ്വീകരിച്ചു എന്നും പറയുന്നുണ്ട്. അതുപോലെ കായേനും തമ്പുരാനും തമ്മില്‍ സംസാരിക്കുമ്പോള്‍ മറ്റ് മനുഷ്യര്‍ കായേനെ കൊന്നുകളയുമെന്ന് പറയുന്നു. അങ്ങനെ മറ്റാളുകള്‍ കൊല്ലാതിരിക്കാനായി കായേനില്‍ അടയാളം പതിച്ചു എന്നും കാണുന്നു. ഇതില്‍നിന്നും മനസ്സിലാക്കാനാവുന്നത് ആദവും ഹവ്വയും ആദിമ മനുഷ്യരല്ലെന്നും അവര്‍ക്കിടയില്‍ മറ്റ് മനുഷ്യര്‍ ഉണ്ടായിരുന്നുവെന്നുമാണ്. എന്നുമാത്രമല്ല, തമ്പുരാക്കന്മാര്‍ക്കായി കുടിയാന്മാര്‍ വാഗ്ദാനം ചെയ്തിരുന്ന പാട്ടം കായേനും ആബേലും കൊടുത്തിരുന്നതായും ബൈബിള്‍ രേഖപ്പെടുത്തിയിരിക്കുന്നു. തമ്പുരാന്റെ മരണശേഷം ഭൂമി മുഴുവന്‍ അയാളുടേതാണെന്ന നിഗമനത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന പാട്ടം തമ്പുരാന്റെ അടുക്കലെത്തിച്ചിരുന്ന ഇടനിലക്കാരുടെ ജോലി പൗരോഹിത്യമായി രൂപാന്തരപ്പെട്ടു. ഈ പ്രക്രിയ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.
ആദത്തേയും ഹൗവ്വയേയും കേന്ദ്രീകരിച്ച് മനുഷ്യോത്ഭവത്തെക്കുറിച്ച് ബൈബിള്‍ പറയുന്നതുമായി ക്രൈസ്തവ സഭകള്‍ പ്രചരിപ്പിക്കുന്നതിന് ബന്ധമില്ലെന്ന് തോമസ് ചൂണ്ടിക്കാട്ടുന്നു.
യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടമായ ഏദനില്‍ തമ്പുരാന്‍ ഒരു തോട്ടമുണ്ടാക്കി. തോട്ടത്തില്‍ കൃഷി ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമായി ആദത്തെയും ഹവ്വയെയും ആക്കിയെന്നല്ലാതെ സഭകള്‍ പഠിപ്പിക്കുന്നതുപോലെ സര്‍വവിധ സുഖങ്ങളുമുള്ള പറുദീസായിലാക്കിയെന്ന് ബൈബിളില്‍ കാണുന്നില്ല. ഏദന്‍തോട്ടത്തിന്റെ നടുവിലായി ഉണ്ടായിരുന്ന നന്മയും തിന്മയും തിരിച്ചറിയുന്ന വൃക്ഷത്തിന്റെ പഴം തിന്നതുകൊണ്ട് ആദത്തേയും ഹവ്വയേയും തോട്ടത്തില്‍നിന്നും പുറത്താക്കിയെന്നും ബൈബിളില്‍ ഇല്ല. തോട്ടത്തിന്റെ നടുവിലായി നിന്നിരുന്ന മറ്റൊരു വൃക്ഷത്തിന്റെ പഴം (ജീവവൃക്ഷത്തിന്റെ പഴം) തിന്നാതിരിക്കാനായി തോട്ടത്തിനു പുറത്താക്കിയെന്നാണ് ഉള്ളത്. തമ്പുരാന്‍ സൃഷ്ടിച്ച വന്യജീവിയാണ് സര്‍പ്പം എന്നല്ലാതെ പിശാചാണെന്ന് കാണുന്നില്ല. ആറു ദിവസത്തെ സൃഷ്ടികളുടെ കൂടെ പിശാചോ നരകമോ സൃഷ്ടിച്ചതായും കാണുന്നില്ല. ആറാം ദിവസംകൊണ്ട് സൃഷ്ടി നിര്‍ത്തുകയും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്തു.
സര്‍പ്പം പറഞ്ഞത് ശരിയാണെന്നും തമ്പുരാന്‍ പറഞ്ഞത് തെറ്റാണെന്നും തമ്പുരാന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നന്മതിന്മവൃക്ഷത്തിന്റെ പഴം തിന്ന് കല്‍പ്പന ലംഘിച്ചതുകൊണ്ട് ഉത്ഭവപാപമുണ്ടായെന്നോ ആ പാപം മാറ്റാനായി ഒരു രക്ഷകനെ അയയ്‌ക്കാമെന്ന് വാഗ്ദാനം ചെയ്തെന്നോ ഒന്നും ബൈബിളില്‍ കാണുന്നില്ല. അതിനാല്‍ മാമോദീസ ഉത്ഭവപാപത്തിന്റെ പരിഹാരത്തിനല്ല. ഉത്ഭവപാപം മാറ്റാനായി യേശു മനുഷ്യനായി അവതരിച്ചു എന്നു പഠിപ്പിക്കുന്നത് ബൈബിള്‍ വിരുദ്ധമാണ്.
പെസഹാ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസാചരണമാണ്. എന്നാല്‍ ഇതിന്റെ ബൈബിള്‍ സാക്ഷ്യം വ്യത്യസ്തമാണെന്ന് തോമസ് പറയുമ്പോള്‍ ഒരു വിശ്വാസിക്കുപോലും അത് നിഷേധിക്കാനാവില്ല.
തമ്പുരാനുമായി മല്ലടിച്ചു യാക്കോബ് ജയിച്ചപ്പോള്‍ അദ്ദേഹത്തിന് ഇസ്രായേല്‍ എന്ന പേര് ലഭിച്ചു. ഇസ്രായേലിന്റെ മകനായ ജോസഫിനെ സഹോദരന്മാര്‍ വിറ്റതുമൂലം ഈജിപ്തിലെത്തുകയും അവിടുത്തെ മന്ത്രിയായിത്തീരുകയും ക്ഷാമം വന്നപ്പോള്‍ ഫറവോന്റെ ക്ഷണമനുസരിച്ച് ഇസ്രായേല്‍ കുടുംബം ഈജിപ്തിലെത്തുകയും ചെയ്തു. ക്ഷാമം രൂക്ഷമായപ്പോള്‍ ഈജിപ്തിലെ ജനങ്ങളുടെ കൃഷിയിടങ്ങള്‍ മുഴുവന്‍ ഫറവോന് വേണ്ടി ജോസഫ് വാങ്ങിച്ചു. അങ്ങനെ ഈജിപ്തിലെ ജനങ്ങള്‍ മുഴുവന്‍ ഫലത്തില്‍ ഇസ്രായേലുകാരുടെ അടിമകളായിത്തീര്‍ന്നു. പക്ഷെ ഈജിപ്തുകാര്‍ ഇസ്രായേലുകാരെ അടിമയാക്കിയെന്നാണ് ആരോപിക്കുന്നത്. ഇസ്രായേല്‍കാരുടെ സംഖ്യ ക്രമാതീതമായി പെരുകി ഈജിപ്തിന്റെ നിലനില്‍പ്പിന് ഭീഷണിയായപ്പോള്‍ ഒരു ഫറവോന്‍ അവര്‍ വെറുതെയിരുന്നു തിന്നുന്നതു കൊണ്ടാണ് പെരുകുന്നതെന്നാരോപിച്ച്് അവരെ കഠിനാധ്വാനം ചെയ്യിപ്പിച്ചു. അവര്‍ പെരുകിയതിനു ശേഷം അല്‍പകാലം മാത്രമുള്ള ഈ കഠിനാധ്വാനത്തെ അടിമത്തമായി ആരോപിച്ച് സൈന്യങ്ങളുടെ കര്‍ത്താവ് മോശയുടെ നേതൃത്വത്തില്‍ ഈജിപ്തുകാരെ കൊന്നു കൊള്ളയടിച്ച് കാനാന്‍ ദേശത്തേയ്‌ക്ക് അധിനിവേശത്തിനു പോകുന്ന ഓര്‍മ്മയാചരണമാണ് പെസഹാ.
കുരിശുമരണം എന്ന മിഥ്യ
യേശുവിന്റെ കുരിശുമരണത്തെക്കുറിച്ച് തോമസ് സ്ഥാപിക്കുന്ന കാര്യങ്ങള്‍ ക്രൈസ്തവ സഭകളെ പിടിച്ചുകുലുക്കാന്‍ പോന്നതാണ്. വിശ്വാസവുമായല്ല മറിച്ച് അധികാരവുമായാണ് കുരിശുമരണം ബന്ധപ്പെട്ടിരിക്കുന്നതെന്ന് തോമസ് വ്യക്തമാക്കുന്നു.
ഇസ്രയേല്‍കാരെ മരുഭൂമിയില്‍ യുദ്ധം അഭ്യസിപ്പിക്കുകയും മോശയുടെ ഭാര്യവീട്ടുകാരുടേതുള്‍പ്പെടെയുള്ള പ്രദേശത്തെ തദ്ദേശീയരെ അന്യരായിക്കരുതി കൊന്നൊടുക്കി കയ്യടക്കി ഇസ്രയേല്‍ രാജ്യം സ്ഥാപിക്കുകയും ചെയ്തു. രാജ്യം സ്ഥാപിക്കുമ്പോള്‍ നടപ്പിലാക്കേണ്ട ഭരണഘടന ബൈബിളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആദ്യകാലത്ത് ന്യായാധിപന്മാരും, പിന്നീട് രാജാക്കളും ഭരിച്ചു. അതിനുശേഷം വിദേശ അടിമത്തത്തിലായിത്തീര്‍ന്നു. അക്കാലത്ത് ഉടന്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള കാര്യങ്ങള്‍ പറയുന്ന നായകന്മാരാണ് പ്രവാചകന്മാര്‍. കാലക്രമേണ ആ രാജ്യം മോശയുടെ ഗോത്രമായ പുരോഹിത ഗോത്രത്തിന്റെ അടിമത്തത്തിലും റോമിന്റെ അധീനതയിലും ആയിത്തീര്‍ന്നു. അതിനുശേഷം മറ്റ് പ്രവാചകന്മാര്‍ ആരോപിച്ചതനുസരിച്ച് ഇസ്രായേലിന്റെ പാപം മൂലമാണ് അടിമത്തമെന്ന് പറഞ്ഞ് സ്നാപകയോഹന്നാന്‍ ഈ അടിമത്തത്തില്‍നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ചു. അയാളെ ഇസ്രായേലുകാര്‍ രാജാവാക്കാന്‍ ശ്രമിച്ചപ്പോള്‍ അതില്‍നിന്നും ഒഴിവാകാനായി യേശുവിനെ നിര്‍ദേശിച്ചു. അപ്പോള്‍ ജനം യേശുവിനെ രാജാവാക്കാന്‍ ശ്രമിച്ചു. യേശു ആദ്യം രക്ഷപ്പെടുകയും പിന്നീട് സിനഗോഗില്‍ വെച്ച് രക്ഷകന്‍വന്ന് തടവുകാരെ മോചിപ്പിക്കുമെന്നും ദുഃഖിതരെ ആശ്വസിപ്പിക്കുമെന്നുമുള്ള ലിഖിതം വായിച്ചപ്പോള്‍ രക്ഷകനാകാനുള്ള ആശയം രൂപപ്പെടുകയും രാജാവാകാന്‍ ശ്രമിക്കുകയും ചെയ്തു.
ഇസ്രയേലിന്റെ രാജാവായി സ്വയം അഭിഷേകം ചെയ്ത യേശുവിന്റെ വിമോചനസമര ചരിത്രമാണ് പുതിയ ഉടമ്പടിയെന്നും ഇതിനെ ‘പുതിയ നിയമം’ എന്ന് വിളിക്കുന്നത് ചരിത്ര വിരുദ്ധമാണെന്നും തോമസ് വിശദീകരിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് സ്വീകാര്യമാകില്ലെങ്കിലും ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് അത് പുതിയൊരു അറിവായിരിക്കും.
നാനൂറ്റി അന്‍പതോളം വര്‍ഷത്തോളമുള്ള ഇസ്രായേലിന്റെ അടിമത്തത്തില്‍നിന്നും ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളുടെയും പ്രതിനിധിയായ രാജാവിനെ അഭിഷേകം ചെയ്ത് അധികാരം കയ്യടക്കാനുള്ള ശ്രമത്തിന്റെ ചരിത്രമാണ് പുതിയ ഉടമ്പടി. ‘പഴയ ഉടമ്പടി’യായ മോശെയുടെ ഭരണഘടന അടിമത്ത സാഹചര്യത്തില്‍ കാലോചിതമായി പരിഷ്ക്കരിച്ച് ദൈവം തെരഞ്ഞെടുത്തെന്ന് അവകാശപ്പെടുന്ന ജനത്തിന്റെ നഷ്ടപ്പെട്ടുപോയ രാജ്യം പുനഃസ്ഥാപിക്കാനാണ് യേശു ശ്രമിച്ചത്. അപ്പോഴത്തെ ഇസ്രായേലിന്റെ അടിമത്ത സാഹചര്യത്തില്‍ അപ്രായോഗികമായ നിയമങ്ങളുടെ കുറവ് പരിഹരിച്ച് രാജ്യവും പഴയനിയമങ്ങളുടെ ഭരണഘടനയും പുനഃസ്ഥാപിക്കാനായിരുന്നു ശ്രമം. പുതിയ ഉടമ്പടിയിലെ ആദ്യ വാചകം തന്നെ അതു പഴയ ഉടമ്പടിയുടെ പിന്തുടര്‍ച്ചയാണെന്നു കാണിക്കുന്നു. ഭരണസിരാകേന്ദ്രമായ യറുശലെം ദേവാലയം തന്റെ സ്വന്തം പിതാവിന്റെ (അത്യുന്നതനായ ചക്രവര്‍ത്തിയുടെ) സ്വത്തായിരിക്കെ അത് അംഗീകരിക്കാത്ത പുരോഹിത വര്‍ഗത്തെ റോമാക്കാരാല്‍ കൊലപ്പെടുത്തി അധികാരം കയ്യടക്കാന്‍ വേണ്ടി മെനഞ്ഞെടുത്ത് നടപ്പാക്കിയ സാങ്കേതികതന്ത്രമാണ് യേശുവിന്റെ കുരിശുമരണം. അതൊരു നാടകമായിരുന്നു.
ഒറ്റുകാരനല്ലാത്ത യൂദാസ്
ഇതിന് തെളിവായി തോമസ് ചൂണ്ടിക്കാട്ടുന്ന ബൈബിള്‍ വസ്തുതകള്‍ യൂദാസിനെ ഒറ്റുകാരനല്ലാതാക്കുന്നു. പീലാത്തോസ് തെറ്റുകാരനല്ലെന്നും വരുന്നു.
യഹൂദരാല്‍ ശ്രദ്ധിക്കപ്പെടാത്ത പെസഹായുടെ ഒരുക്കത്തിന്റെ നാളില്‍ ‘കുരിശുമരണം’ നടപ്പിലാക്കുവാനുള്ള ദിവസ സമയക്രമീകരണത്തിനാണ് ഒറ്റിക്കൊടുക്കാനായിട്ട് യൂദാസിനെ ഏല്‍പ്പിച്ചത്. യേശുവിനെ രക്ഷപ്പെടുത്താനായി ന്യായാധിപനായ പീലാത്തോസ് പരമാവധി ശ്രമിച്ചിട്ടും യേശു കോടതിവിസ്താരത്തിന് സഹകരിച്ചില്ല. ബൈബിളിലെ വാചകങ്ങള്‍ കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ യേശു കുരിശില്‍ മരിച്ചതായി കാണുന്നില്ല. അതു സാധിച്ചത്് ഭരണസ്വാധീനമുള്ള യഹൂദ പ്രമാണിയും അതേസമയംതന്നെ യേശുവിന്റെ ചാരനുമായ നിക്കാദേമോസിന്റെയും സഹപ്രവര്‍ത്തകരുടെയും അരിമത്യാക്കാരന്‍ ജോസഫിന്റെയും സഹായത്താലാണ്. യേശു പീഡാനുഭവശേഷവും താന്‍ ജീവിച്ചിരിക്കുന്നതായി ശിഷ്യന്മാര്‍ക്ക് മതിയായ തെളിവുകള്‍ നല്‍കുന്നുണ്ട്.
യേശു പന്ത്രണ്ട് പ്രതിനിധികളെ ശിഷ്യന്മാരായി തെരഞ്ഞെടുത്തത് പഴയ ഉടമ്പടിയില്‍ അനുശാസിക്കുന്നതുപോലെ ഇസ്രയേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളുടെ പ്രതിനിധികളായിട്ടാണ്. അവരെ ഇസ്രയേല്‍ രാജ്യം സ്ഥാപിക്കുമ്പോള്‍ പഴയനിയമത്തില്‍ ഉണ്ടായിരുന്നതുപോലുള്ള ന്യായാധിപന്മാരായി നിയമിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പതിമൂന്നാമത് പ്രതിനിധിയായി പൗലോസ് സ്വയമാണ് അയാളെ നിയമിച്ചത്. അയാളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ മൂലം അക്കാലം മുതല്‍ തന്നെ സഭകള്‍ പലതായിപ്പിരിഞ്ഞു തുടങ്ങി. പൗലോസ് യേശുവിന്റെ അനുയായികളുടെ പീഡകനായിരുന്നു. കുതിരപ്പുറത്തുനിന്നും വീണ് കണ്ണു കാണാതായപ്പോള്‍ പഴയപടി പീഡനം സാധിക്കാതാവുകയും, താന്‍ വധിക്കപ്പെടുമെന്ന് ഭയപ്പെട്ട് യേശുവിന്റെ ശബ്ദം കേട്ടെന്നു കഥയുണ്ടാക്കി പത്രോസിന്റെ അടുത്തുചെന്നു. പക്ഷെ അയാള്‍ കപടനാണെന്ന് പത്രോസ് മനസിലാക്കുകയും അയാളെ ഒഴിവാക്കുകയും ചെയ്തു. പത്രോസ് ആരാണെന്ന് മനസിലാക്കുവാന്‍ അയാള്‍ പത്രോസിന്റെ അടുത്തു ചെന്നതായിരിക്കാം. പൗലോസ് യേശുവിന്റെ ശിഷ്യന്മാര്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചു. പത്രോസിനെ പരസ്യമായി എതിര്‍ത്തെന്ന് പൗലോസ് തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. യേശുവിന്റെ പ്രധാന അപ്പോസ്തലനായ പത്രോസിനെ ഒരു വിവരദോഷിയായി പൗലോസ് ചിത്രീകരിച്ചു. യേശു പഠിപ്പിച്ചതിന് വിരുദ്ധമായി പൗലോസ് പഠിപ്പിച്ചതിനാല്‍ യഹൂദ ക്രിസ്ത്യാനികള്‍ പൗലോസിനെ യറുശലെം ദേവാലയത്തില്‍നിന്നും വധിക്കാനായി പിടിച്ചു. എന്നാല്‍ വധശ്രമത്തില്‍നിന്ന് പൗലോസ് രക്ഷിക്കപ്പെടുകയും കോടതി സംവിധാനത്തില്‍ അപ്പീലിന് ആവശ്യപ്പെടുകയും അതിനുള്ള യാത്രയില്‍ കപ്പല്‍ തകര്‍ന്ന് അയാള്‍ രക്ഷപ്പെടുകയും ചെയ്തതായി സഹപ്രവര്‍ത്തകനായിരുന്ന ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. റോമായിലെ വാസത്തിനിടയില്‍ അയാള്‍ യേശുവിന്റെ പ്രവര്‍ത്തനത്തെ തെറ്റിദ്ധരിപ്പിച്ച് അവിടെ പൗലോസ് ക്രിസ്ത്യാനികളെ രൂപീകരിച്ചു. പൗലോസ് സ്വയം പ്രധാന പുരോഹിതനായി അവരോധിച്ച് യേശുവിനെ ഒരു ബലിമൃഗമായി തരംതാഴ്‌ത്തി. പൗലോസിന്റെ പഠിപ്പിക്കലുകളുടെ അടിസ്ഥാനത്തിലാണ് ലോകത്തിലുള്ള സഭകളെല്ലാം തന്നെ പ്രവര്‍ത്തിക്കുന്നത്. അവയുടെയെല്ലാം അടിസ്ഥാനം പത്രോസിന്റെ പാറയിലല്ല. മതപീഡനങ്ങളില്‍ തീര്‍ത്ത പൗലോസിന്റെ തെറ്റിദ്ധരിപ്പിക്കലുകളിലാണ്.
ബൈബിള്‍, ബൈബിള്‍, ബൈബിള്‍ സര്‍വത്ര ബൈബിള്‍. ലോകത്തിലുള്ള മിക്കവാറും എല്ലാ ഭാഷകളിലേയ്‌ക്കും ബൈബിള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ബൈബിളിന്റെ ഒടുവിലായി ഇതിനോട് ഒന്നും കൂട്ടിച്ചേര്‍ക്കരുതെന്നും ഒന്നും കുറയ്‌ക്കരുതെന്നും വിലക്കിയിട്ടുണ്ട്. ലോകത്തില്‍ ഇന്ന് നിലവിലുള്ള ആറായിരത്തിലധികം വരുന്ന ബൈബിളുകളിലെങ്ങുമില്ലാത്ത കാര്യങ്ങളാണ് നിലവിലുള്ള രണ്ടായിരത്തിലധികമുള്ള സഭകള്‍ പഠിപ്പിക്കുന്നത്. അതിനോട് കൂട്ടുകയും കുറയ്കുകയും ചെയ്തതനുസരിച്ച് പലതരം വിശ്വാസവിഭാഗങ്ങളും, ദുര്‍വ്യാഖ്യാനങ്ങള്‍ അടിസ്ഥാനമാക്കി പലതരം സഭകളും പരമ്പരാഗതമായി രൂപപ്പെട്ടിരിക്കുന്നു. അവര്‍ അതിലുണ്ടെന്ന് പറഞ്ഞു പഠിപ്പിക്കുന്നവ മിക്കതും ബൈബിളില്‍ കാണുന്നില്ല. അതില്‍ കാണുന്നത് പലതും പഠിപ്പിക്കുന്നുമില്ല. ലോകത്തിലെ വലിയ ജനവിഭാഗങ്ങള്‍ ബൈബിള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അവരൊന്നുംതന്നെ ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്നവ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ മനസിലാക്കിയിട്ടില്ല.
ബൈബിള്‍ ഇസ്രയേലിന്റെ ചരിത്രമാണ്. ഈ വസ്തുത അവഗണിക്കപ്പെടുകയും മതപരമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം, അടിമത്തം, ജന്മി-കുടിയാന്‍ വ്യവസ്ഥിതികള്‍, പൗരോഹിത്യം, പട്ടാളസംവിധാനങ്ങള്‍, ലോകമഹായുദ്ധങ്ങള്‍ തുടങ്ങിയവ പഴയനിയമത്തിലുള്ള ഏകാധിപത്യ ചരിത്രങ്ങളുടെ പിന്തുടര്‍ച്ചയാണ്. പതിനേഴ് വര്‍ഷത്തെ ശ്രമഫലമായി തോമസ് രചിച്ചിട്ടുള്ള ബൈബിളിന്റെ സത്ത്; പാരമ്പര്യങ്ങളുടേയും ലോകചരിത്രത്തിന്റെയും വൈരുദ്ധ്യങ്ങള്‍ (A Rally of Contradictions to Traditions and the World History) എന്ന ഗ്രന്ഥം അപ്രിയ സത്യങ്ങളുടെ ആധികാരിക രേഖയാണ്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: