Categories: Samskriti

പിതൃകര്‍മ്മങ്ങളുടെ പ്രസക്തി

Published by

ഒരു വ്യക്തി മാതാപിതാക്കളോടാണ്‌ ഏറ്റവും കടപ്പെട്ടിരിക്കുന്നത്‌. അതിനെ പിതൃകടം എന്നുപറയും. അവരുടെ ജീവാത്മാവിന്‌ ശാന്തിയും മോക്ഷവും കിട്ടാന്‍ മക്കള്‍ അനുഷ്ഠിക്കേണ്ടുന്ന കര്‍മ്മമാണ്‌ പിതൃകര്‍മ്മങ്ങള്‍.

മരിച്ചുപോയ പിതൃക്കള്‍ക്ക്‌ നിഗ്രഹാനുഗ്രഹ ശക്തി ഉണ്ടെങ്കിലും സ്വയം കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള സ്ഥൂലശരീരമില്ല. അതിനാല്‍ അവരുടെ ജീവകലകളെ വഹിക്കുന്ന മക്കള്‍ സുകൃതകര്‍മ്മം ചെയ്ത്‌ അവരിലെത്തുന്നു.

പഞ്ചപ്രാണങ്ങള്‍ ചേര്‍ന്നതാണ്‌ സൂക്ഷ്മശരീരം. മരിക്കുമ്പോള്‍ ജീവന്‍ സ്ഥൂലശരീരത്തെവിട്ട്‌ സൂക്ഷ്മശരീരമവലംബിച്ച്‌ പ്രേതാവസ്ഥയെ പ്രാപിക്കുന്നു. ആ അവസ്ഥയില്‍ ജീവന്‌ സ്ഥൂലശരീരമില്ലെങ്കിലും ഗൃഹാദികളിലും ബന്ധുജനങ്ങളിലും മറ്റുമുള്ള ബന്ധങ്ങള്‍ വിടുന്നില്ല. കര്‍മ്മവാസനകളും നിലനില്‍ക്കുന്നു. അപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ നിന്നും പലതും പ്രതീക്ഷിക്കുന്നു.

സൂക്ഷ്മശരീരമാകയാല്‍ അതിന്‌ സ്ഥൂലദേഹികളും മേല്‍ നിഗ്രഹാനുഗ്രഹശക്തികളുണ്ട്‌. മൃതനായവന്റെ ജീവന്‍ സ്വധാകാരന്മാരുടെ (കര്‍മ്മാധികാരികളുടെ) സ്വധയെ (പിതൃകര്‍മ്മങ്ങളെ) ആശ്രയിച്ച്‌ ചിരിക്കുന്നു എന്നതാണ്‌ പ്രമാണം. കര്‍മ്മാധികാരികള്‍ യഥാവിധി ചെയ്യുന്ന പിതൃകര്‍മ്മങ്ങളെകൊണ്ടാണ്‌ ആ ആത്മാവിന്‌ ഊര്‍ദ്ധഗതിയുണ്ടാകുന്നത്‌. ആ കര്‍മ്മങ്ങള്‍ പ്രേതാവസ്ഥയില്‍ വര്‍ത്തിക്കുന്ന ജീവനെ ശുദ്ധീകരിച്ച്‌ പിതൃലോകത്തെത്തിക്കുന്നു.

പിതൃക്രിയകള്‍ വിധിയാംവണ്ണം ചെയ്യപ്പെടാത്ത ജീവന്‍ പിശാചായി സഞ്ചരിക്കുന്നുവെന്നാണ്‌ വിശ്വാസം. അതൃപ്തനും നിഗ്രഹശക്തിയുള്ളവനുമായ ഇവരില്‍ നിന്നും പിന്‍ഗാമികള്‍ക്ക്‌ ഉപദ്രവങ്ങളുണ്ടാകുന്നു. വേണ്ടവിധത്തിലുള്ള പിതൃക്രിയകള്‍ കൊണ്ട്‌ പിതൃലോകത്തെ പ്രാപിച്ചവരില്‍ നിന്നും പിന്‍ഗാമികള്‍ക്ക്‌ ശ്രേയസ്സും സമാധാനവും ഉണ്ടാകുന്നു. നമ്മള്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ അര്‍ത്ഥവും ആന്തരികത്വവും അറിയാത്തതുകൊണ്ട്‌ ഇന്ന്‌ എല്ലാം ഒരു ചടങ്ങായി ചെയ്യുന്നു. അര്‍ത്ഥംകൂടി അറിഞ്ഞ്‌ ചെയ്താല്‍ അതിന്‌ ഒരു ആത്മസംതൃപ്തിയെങ്കിലും ഉണ്ടാകും.

പുംന്നാകമാകുന്ന നരകത്തില്‍ നിന്ന്‌ പിതൃക്കളെ ത്രാണനം ചെയ്യുന്നവനാണ്‌ പുത്രന്‍ (മരിച്ചുപോയാല്‍ പിതൃകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആളില്ലാതെയോ, മക്കള്‍ ചെയ്യാതെ ഇരിക്കുന്ന ജീവാത്മാവ്‌ ചെന്ന്‌ പതിക്കുന്ന നരകമാണ്‌ പുംന്നാകം) പിതൃക്കള്‍ക്ക്‌ പുത്രന്‍ ചെയ്യേണ്ട പ്രധാന യജ്ഞമാണ്‌ പിതൃകര്‍മ്മങ്ങള്‍. പിതൃബലികൊണ്ട്‌ പിതൃബലികൊണ്ട്‌ പിതൃക്കള്‍ക്ക്‌ സദ്ഗതിയും തദ്വാര അവരുടെ അനുഗ്രഹത്താല്‍ പിന്‍ഗാമികള്‍ക്ക്‌ ശ്രേയസ്സും ഉണ്ടാകുന്നു.

പിതൃകടം തീര്‍ന്നാല്‍ തീരാത്തതാണെന്നും അത്‌ എവിടെയെങ്കിലും കൊണ്ട്‌ സമര്‍പ്പിച്ചാല്‍ തീരുന്നതല്ലെന്നും, നമുക്ക്‌ ജന്മം തന്ന മാതാപിതാക്കളെ കൊല്ലത്തിലൊരിക്കലെങ്കിലും സ്മരിക്കേണ്ടത്‌ മക്കളുടെ കടമയാണ്‌.

മരിച്ചുപോയ അച്ഛനോ അമ്മയ്‌ക്കോ വേണ്ടി എല്ലാ കൊല്ലവും മരിച്ചനാളില്‍ ഊട്ടുന്ന ശ്രാദ്ധത്തിനെയാണ്‌ ഏകോദിഷ്ഠശ്രാദ്ധം എന്നുപറയുന്നത്‌. പിതൃപിതാമഹപ്രപിതാ മഹന്മാരടങ്ങിയ പിതൃഗണത്തെ ഉദ്ദേശിച്ചുനടത്തുന്ന ശ്രാദ്ധമാണ്‌ ബഹുദിഷ്ടശ്രാദ്ധം. അത്‌ അമാവാസിനാളിലാണ്‌ നിര്‍വ്വഹിക്കേണ്ടത്‌.

ഭുവര്‍ലോകത്ത്‌ ദേവന്മാരോടൊപ്പം സഹവസിക്കുന്ന പിതൃക്കള്‍ക്ക്‌ അവരുടെ ഒരു ദിവസം മനുഷ്യരുടെ ഒരു വര്‍ഷത്തിന്‌ തുല്യമായിരിക്കും. അതുകൊണ്ട്‌ വാര്‍ഷികമായി മനുഷ്യരൂട്ടുന്ന ഏകോദിഷ്ടശ്രാദ്ധം അവര്‍ക്കുമുടങ്ങാതെയുള്ള നിത്യഭക്ഷണമായിരിക്കും.

ശ്രാദ്ധകര്‍മ്മങ്ങള്‍ക്ക്‌ ശ്രദ്ധയും ശുദ്ധിയും ആവശ്യമാണ്‌. ശ്രാദ്ധകര്‍ത്താവിന്‌ ദേഹശുദ്ധിയും, മനശുദ്ധിയും വാക്സംയമനവും ഉണ്ടായിരിക്കണം. തലേദിവസം ഒരിക്കല്‍ ശുദ്ധിയോടെ ചെയ്യണം.

രക്ഷസ്സുകള്‍ ശ്രാദ്ധത്തെ അലങ്കോലപ്പെടുത്താതിരിക്കാന്‍ ഒരു ദേവസാന്നിധ്യം ഉറപ്പാക്കാന്‍ വേണ്ടി അഗ്നിദേവ സാന്നിദ്ധ്യത്തിനായി ഒരു നിലവിളക്ക്‌ കൊളുത്തിവയ്‌ക്കുന്നു.

ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കുമാണെങ്കില്‍ വിശ്വദേവ സങ്കല്‍പത്തില്‍ സാത്വികനും, വേദജ്ഞനുമായ ഒരു ബ്രാഹ്മണനെ പ്രഥമപദവി നല്‍കി കാലുകഴുകിച്ച്‌, ആ പാദതീര്‍ത്ഥം ശ്രാദ്ധകര്‍ത്താവ്‌ മുഖത്തുതളിച്ച്‌, ആ ബ്രാഹ്മണനെ ആദരിച്ചിരുത്തി ഭക്ഷണം കൊടുത്ത്‌, പ്രീതിപ്പെടുത്തി, ഏകോദിഷ്ഠമായി അച്ഛനെയോ അമ്മയെയോ ആവാഹിച്ച്‌ ശ്രാദ്ധ പിണ്ഡംവച്ച്‌, എള്ള്‌, വെള്ളം ജലഗന്ധപുഷ്പം ചാര്‍ത്തി വസ്ത്രത്തിന്‌ പകരം പിണ്ഡത്തെ നൂലുചുറ്റിച്ച്‌ ഉദ്വസിച്ച്‌, മറ്റുപിതൃക്കള്‍ക്കെല്ലാവര്‍ക്കും കൂടി ഉച്ഛിഷ്ടബലിയും നടത്തി, ആ ബ്രാഹ്മണന്‌ ധനം, വസ്ത്രം ദാനങ്ങള്‍ കൊടുത്ത്‌, ബലിചോറിനെ പിതൃക്കളുടെ വാഹനമായി കരുതുന്ന കാക്കകള്‍ക്ക്‌ കൊടുത്ത്‌, പിതൃക്കള്‍ക്ക്‌ തെക്കോട്ട്‌ നമസ്കരിച്ച്‌ ബാക്കിവരുന്ന ചോറ്‌ പിണ്ഡകര്‍ത്താവുകൂടി കഴിച്ചാലേ ഈ പിതൃകര്‍മ്മം പൂര്‍ത്തിയാവൂ.

ശ്രാദ്ധമൂട്ടുന്ന ആള്‍ എപ്പോഴും തെക്കോട്ട്‌, പിതൃക്കളുടെ അധിപനായ, യമന്റെ ദിശയിലേക്ക്‌ തിരിഞ്ഞിരുന്നുവേണം പിതൃകര്‍മ്മങ്ങള്‍ ചെയ്യാന്‍.

പണിയ്‌ക്കത്ത്‌ അപ്പുനമ്പൂതിര്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by